2014, ഫെബ്രുവരി 21, വെള്ളിയാഴ്‌ച

വിരാമങ്ങള്‍ :

ഒരുചിരി ,അല്ലെങ്കിലൊരു ചിത്രം !!
കവിതയോ ,ചിന്തയോ , കഥയോ  ആകട്ടെ .....!
 അര്‍ദ്ധ വിരാമത്തില്‍ നിര്‍ത്തണം ...
പൂര്‍ണവിരാമങ്ങള്‍
പിന്നെയൊരു സാധ്യതയുമവശേഷിപ്പിക്കുന്നില്ല !!

നിങ്ങള്‍ക്കെന്ന പോലെയെനിക്കും..
ഇനിയുമൊരു
മഴ നനയാനുണ്ട്!!
വെയില്‍ പുത്യ്ക്കാനുണ്ട്..!!
ചെളി കുഴച്ചു
തീക്ഷ്ണ മതിയായൊരു  
മനുഷ്യനെയുള്ളില്‍ ചുട്ടെടുക്കാനുണ്ട് ...

ഇരുണ്ട തെരുവുകളില്‍
നക്ഷത്രവിളക്കുകള്‍  തൂക്കാനുണ്ട് !!
കരിനിറഞ്ഞ ചുമരുകളില്‍ നിന്നേതോ
ചിത്രത്തെ കഴുകിയെടുക്കേണ്ടതുണ്ട് !!

ഒഴിഞ്ഞ കോപ്പകളില്‍ വീഞ്ഞും
കളപ്പുരകളില്‍  ധാന്യവും നിറയ്ക്കാനുമുണ്ട്!!
അതിനാല്‍
വഴിയില്‍
പുഴയില്‍
കടലില്‍
വയലില്‍
ആകാശത്തിന്‍റെ കണ്ണില്‍
സ്വയമുപേക്ഷിക്കുക.....

ഇനിയുമാരോ  വരാനുണ്ട് .....
വിട്ടുപോയതൊക്കെ  ഇതിലും സുന്ദരമായി
പൂരിപ്പിക്കാന്‍ ....
ചേരും പടി ചേര്‍ത്തെഴുതാന്‍.....
ഒരുചിരി ,അല്ലെങ്കിലൊരു ചിത്രം !!
കവിതയോ  കഥയോ  ആകട്ടെ .....!
 അര്‍ദ്ധ വിരാമത്തില്‍ നിര്‍ത്തണം;

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ