ഏതാവും കവിത ?
ചുണ്ടില്‍ ഒലിവിലയുമായി
തിരികെ പറന്ന പ്രാവ് പറഞ്ഞവയോ ?
വിധിവിഹിതമായ,
ഹൃദയം പിളര്‍ക്കുന്ന വാള്‍മുനകളോ?
വെറിപൂണ്ടവര്‍ക്ക് നേരെ ചൂണ്ടപ്പെടുന്ന
വിറകൊള്ളുന്ന വിരലടയാളമോ ?
ഇരുളില്‍ മറഞ്ഞ
ഏകാന്ത പഥികന്റെ കാലൊച്ചകളോ?
കനല്‍ക്കാടുകളിലെക്കുള്ള മടക്കയാത്രയോ ?
മനസു മുറിഞ്ഞോഴുകിയ ചോരപ്പാടുകള്‍
ഒച്ചയില്ലാതെ കുറിച്ചെടുത്തതോ ?
സങ്കടക്കടലില്‍ ചുട്ടെടുത്ത
ആത്മാവിന്‍റെ ദീര്‍ഘ നിശ്വാസമോ ?
ആകാശത്തിന്റെ മാറില്‍ തല ചായ്ച്ചു മരിച്ചവനോ ?
ഒരാളില്‍ നിന്നു കവിത ജനിക്കുന്നു
ഇനിയൊരാള്‍
കവിതയില്‍ നിന്നും പിറവി കൊള്ളുന്നു
ഞാനുമൊരു കവിതയാണ്
എന്നെങ്കിലുമോരിക്കല്‍
തുമ്പു മടക്കാത്ത തൂശനിലയില്‍
അതെഴുതപ്പെട്ടേക്കാം
ആ വാഴയില ചൂടി പോകുന്ന ഭ്രാന്തനില്‍
മഴയായ് ഇറ്റുവീണേക്കാം
പെയ്തൊഴിയുന്ന
ഓരോ തുള്ളിയുടെയും മുഖം
കൈക്കുമ്പിളില്‍ കോരിയെടുത്തു നോക്കുക ,
നിന്നെയോ എന്നെയോ കണ്ടേക്കാം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ