2017, ജൂൺ 24, ശനിയാഴ്‌ച

കയ്പ്‌

ഞാനിപ്പോഴും
കനം കൂടി വരുന്നയിരുട്ടിൽ
മഴ നനയുകയാണു

നിങ്ങളുടെ വിളക്കിന്റെ
വെളിച്ചത്തിൽ
എത്ര  ഈയാമ്പാറ്റകൾ
ഒരു നിമിഷമെങ്കിലും
ജീവിതമാസ്വദിക്കുന്നു

ഞാനതിന്റെ അരണ്ട
പ്രകാശത്തിൽ നിന്നുപോലും
എത്രയകലെയാണു
ആരുമെന്തെ
എന്നെ തിരഞ്ഞു വന്നില്ല?

നിങ്ങളുടെ മകൾ
മഴ നനയുകയാണു
അഭയാർത്ഥിയെപ്പോലെ
ജീവിതത്തിന്റെ നാലുകോണുകളും
തന്നിലേക്കു വലിച്ചുകെട്ടി
അവൾ പുറത്തെവിടെയോ ഉണ്ട്‌

നിങ്ങളുടെ മധുരപലഹാരങ്ങളിൽ
അവളുടെ കണ്ണുനീർത്തുള്ളികൾ
ഉപ്പായിരിക്കട്ടെ,
കയ്പാകാതിരിക്കട്ടെ
,

2017, ജൂൺ 23, വെള്ളിയാഴ്‌ച

രഹസ്യം

കാലിൽ ചങ്ങലയിട്ടു പൂട്ടി നിർത്തിയിരിക്കുകയാണയാളെ, കൈകൾ പിറകിലേക്ക്‌ പിണച്ചു കെട്ടിയിട്ടുമുണ്ട്‌. രാജ്യദ്രോഹമാണു ചുമത്തപ്പെട്ട കുറ്റം.വിധി പറയാൻ ന്യായാധിപതി എത്തിക്കഴിഞ്ഞു. തെളിവുകളെല്ലാം അയാൾക്കെതിരാണു. ഒരു സഹായവും അയാൾക്കിനി ഉണ്ടാകാൻ പോകുന്നില്ല .മരണത്തിലേക്കുള്ള ദൂരം മാത്രം അറിഞ്ഞാൽ മതി.
ഒരു നിമിഷം . അയാൾ ശിരസുയർത്തി വിശാലവും അനന്തവുമായ ആകാശത്തെ നോക്കി , ചക്രവാളത്തിലേക്കൊരു കിളി പറക്കുന്നു . അയാൾ ഒന്നു പുഞ്ചിരിച്ചു.
ന്യായാധിപനരികിലിരുന്ന
രാജകുമാരൻ നെറ്റി ചുളിച്ചു.
താങ്കൾക്കെതിരായി സർവ്വസാഹചര്യങ്ങളും നിലനിൽക്കുന്ന ഈ അവസരത്തിൽ പ്രതീക്ഷിക്കാനൊന്നുമില്ലാതിരിക്കെ നിങ്ങളെന്തിനാണു പുഞ്ചിരിച്ചത്‌?
തടവുകാരൻ നിശബ്ദനായി നീതിപീഠത്തിനു നേരെ തിരിഞ്ഞു നിന്നു. ചോദ്യം ആവർത്തിക്കപ്പെട്ടു.
അതൊരു രഹസ്യമാണു ഈ ശിക്ഷയിൽ നിന്ന് നിരുപാധികം എന്നെ വിട്ടയയ്ക്കുമെങ്കിൽ  ഞാനതു പറയാം .
ഉന്നതസ്ഥാനങ്ങളിൽ നിന്നുള്ള ഒരു ചോദ്യത്തിനു ഇത്ര നിസാരമായ മറുപടിയൊ? നീരസം കലർന്ന അധികാര വാക്കുകൾ .
ഇതിലുമപ്പുറം എനിക്കെന്ത്‌ ഭയക്കാനാണു,ഞാൻ നിങ്ങളുടെ കൈകളിൽ ആണല്ലൊ ,
സദസ്‌ നിശബ്ദം.
താങ്കളെ നിരുപാധികം കുറ്റവിമുക്തനാക്കിയിരിക്കുന്നു . ഇനി ആ രഹസ്യം പറയൂ.
കാലുകളിൽ നിന്നു ചങ്ങലയഴിഞ്ഞു
സ്വതന്ത്രമായ കൈകൾ വിരിച്ചു പിടിച്ച്‌ അയാൾ പറഞ്ഞു.എത്ര മുള്ളുകൾക്ക്‌ നടുവിലാണൊരു പൂ വിരിയുന്നത്‌, അത്ര മുള്ളുകളിലും തൊടാതെ എത്ര പക്ഷികൾ തേൻ കുടിക്കുന്നു. ഒരു മനുഷ്യനെന്നാൽ ചിന്തകളിൽ ചിറകും വ്യാപാരങ്ങളിൽ വിഹായസും അടങ്ങിയവനാകുന്നു. അവനെ ഒരു തുരുമ്പിച്ച ചങ്ങല തടയുമൊ?

അതിനെന്താണു തെളിവ്‌??
ഒരു പുഞ്ചിരി എന്റെ ജീവൻ രക്ഷിക്കാൻ കാരണമായി എന്നതു തന്നെ.

ശിക്ഷ
കേൾക്കാൻ കാത്തുനിന്നവർക്കു പിറകിലായി അയാൾക്ക്‌ പുഞ്ചിരി സമ്മാനിച്ചൊരു കുഞ്ഞ്‌ അപ്പോഴും ഒരു ചിത്രശലഭത്തെ പിടിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു

2017, ജൂൺ 16, വെള്ളിയാഴ്‌ച

ഒരു പേരിലെന്തിരിക്കുന്നു

വസന്തകാലം ക്ഷാമകാലത്തെ
കണ്ടുമുട്ടുമ്പോൾ
ഒരു പേരു പറയും
വസന്തത്തിന്റെ വിത്തുകളെ കാറ്റിനു നൽകിയവന്റെ പേരു

യുദ്ധകാലം ശാന്തകാലത്തോട്‌
പറയുന്ന പേരു
അശാന്തിയുടെ കുതിരകളുടെ
കടിഞ്ഞാണറുത്തവന്റേതായിരിക്കും

കലാപങ്ങളുടെ കാട്ടുതീ
ജാലാശയങ്ങളോടൊരു
പേരു പറഞ്ഞേക്കാം
തണുപ്പിനെ ഉടലിലാവാഹിച്ചു
നെരുപ്പിലൂടെ പോയവന്റെ
പേരാവുമത്‌

ചരിത്രം പറയുന്ന പല കാലങ്ങളും
ചിരപരിചിതമായ ഒരു പേരു കൊണ്ടാവും നാമളന്നെടുക്കുക

ഒരു പേരിലെന്തിരിക്കുന്നു, അല്ലെങ്കിൽ എന്തു തന്നെ ഇല്ലാതിരിക്കുന്നില്ല

2017, ജൂൺ 14, ബുധനാഴ്‌ച

നേരിന്റെ ഒരില

നേരിന്റെ ഒരിലയെടുക്കുക
ആവരണങ്ങൾ പൊടിഞ്ഞ്‌
ഞരമ്പുകൾ എഴുന്നുനിൽക്കുമ്പോഴും
ആകൃതി നിലനിർത്തുമത്‌

ഭൂമി ഉറഞ്ഞുപോകുന്ന
തണുപ്പിൽ ഇലയുപേക്ഷിക്കപ്പെട്ടാലും
ശതകോടി വർഷങ്ങളെ
അതിജീവിച്ച്‌
ഇലയടയാളങ്ങൾ
ഉണ്ടാവുമെന്നോർക്കുക.

ജീവരഹിതമാണു ചില തണുപ്പ്‌
മനുഷ്യത്വരഹിതമാണു ചില ഇരിപ്പുകളും

2017, ജൂൺ 1, വ്യാഴാഴ്‌ച

വീടുകൾ

ഓരോ  മനുഷ്യരും
ഓരോ വീടുകളാണു
ആരെങ്കിലും വന്ന് തുറന്നു കയറും വരെ
അടുക്കും ചിട്ടയുമില്ലാതെ
ഓരോ മഴയിലും
ചോർന്നൊലിച്ച്‌, ചിതലരിച്ചു
നിൽക്കുന്ന വീടുകൾ

നഗരവീഥികൾ മുഴുവൻ
അറിഞ്ഞിരുന്നാലും
തെരുവിലനാഥമായി
നിൽക്കാറുണ്ട്‌ ചിലപ്പോഴെങ്കിലും നാം

സ്വന്തമെന്ന് കരുതുന്ന
ഒരാളിലേക്കു മാത്രമേ
നമുക്കെപ്പോഴും കടന്നു ചെല്ലാനാവൂ,

ഒരു മെഴുതിരി വെളിച്ചത്തിൽ
പുഞ്ചിരിക്കുന്ന ഇരുവീടുകളാണു നാം;
നമുക്കതാണു നമ്മൾ