2014, ഫെബ്രുവരി 28, വെള്ളിയാഴ്‌ച

എന്‍റെ വരികള്‍


എന്‍റെ വരികളില്‍ 
പാതിയെന്നെ 
കടഞ്ഞെടുത്ത ജീവിതം ...!!

മീതിയെന്നെ 
കവര്‍ന്നെടുത്ത പ്രണയം....!!

കാഴ്ച


കണ്ണിമയ്ക്കുന്ന നേരം 
ജനലഴികള്‍ക്കിടയിലെ ദൂരം 
അത്രയേ വേണ്ടൂ
കാഴ്ചകളിലമരാന്‍...

മഞ്ഞുകാലം 
തണുത്തു വിറച്ചു 
പുല്‍പ്പുറങ്ങളില്‍ 
മെത്ത വിരിയ്ക്കും ..!!

മഴക്കാറു 
നനഞ്ഞൊലിച്ചോടി വന്ന്
കിതച്ചു നിന്ന്
ഉടുപ്പുമാറ്റും ... !!

വേയിലൊ....
കല്ലുരുക്കി
കനല്‍ക്കറ്റകള്‍
കൊയ്തുമെതിക്കും ..!! 

ഇലകള്‍ നിറം വച്ച് 
പൂക്കളെ തോല്‍പ്പിച്ച്..
പൂവാകകള്‍ 
കുലുങ്ങിച്ചിരിച്ച്......

എങ്കിലുമെപ്പൊഴോ ..
കണ്ണു തെറ്റുമ്പോള്‍ ...

ഋതുക്കളറിയാതെ ....
കാലമോര്‍ക്കാതെ...
ഭൂമിയൊരുവേളയതിവേഗം..
അര്‍ത്ഥശൂന്യമായൊന്നു ചുറ്റും ..!!

പ്രിയം

.പറക്കുമ്പോള്‍ ,
പ്രാവിനെപ്പോലെ പ്രശാന്തതയിലേക്ക്
ചിറകുവിരിക്കുകയും
പ്രതികരിക്കുമ്പോള്‍ പാമ്പിനെപ്പോലെ
പത്തി വിടര്‍ത്തുകയും
ചെയ്യുന്നവരോടാണ് എന്‍റെ പ്രിയം

നിനക്ക്

നിനച്ചിരിക്കാതെ ,നിന്നെക്കൂട്ടാതെ ...
ഞാനൊരു യാത്ര പോകും .
നിന്‍റെ കണ്ണിലെ നക്ഷത്രത്തെ
ഞാന്‍ കൊണ്ടുപോകും ..
പകരം നിനക്ക് എന്‍റെ കണ്ണിലെ
കനല്‍ തരും ....

പാകം

കത്തിയമരുന്ന ജീവിതചിതയിലാണ് ;
ചില ഹൃദയങ്ങളെങ്കിലും വെന്തു പാകമാവുന്നത്!!

അടയാളപ്പെടാതെ .....!!

എല്ലാത്തിന്റെയുമവസാനം
നെടിയതോ കുറിയതോ...
ഒരു നിശ്വാസമുണ്ടാവും .!
ഒരു മൌനമാപിനിയിലും
അടയാളപ്പെടാതെ .....!!

2014, ഫെബ്രുവരി 27, വ്യാഴാഴ്‌ച

പറയാനുള്ളത്നിനക്കെന്നല്ല എനിക്കുപോലും 
ഇടം നഷ്‌ടമായ ചില്ലകളിലാണ് 
ഇപ്പോള്‍ നീ തിരയുന്നത് ..
കൂടുകൂട്ടാന്‍ ഒരിടം

ഊതിപ്പറത്തുന്ന അപ്പൂപ്പന്‍ താടി പോലെ
പോകുന്ന ജീവിതത്തെ എവിടെയും
തങ്ങി നില്‍ക്കുവാന്‍ അനുവദിക്കില്ല ഞാന്‍

ഓരോ കാറ്റിനും ഓരോ ഈണമാണ്
എനിക്ക് എന്നും ഒരേ ഈണമാണ്
പുഴകള്‍ പാടുന്ന , പൂവുകള്‍ ചിരിക്കുന്ന
നിര്‍മലമായ വസന്ത കാലമാണ് ഞാന്‍

കൈയെത്തും ദൂരത്താണ് എന്നതൊരു
തോന്നലാണ് ,ഒരു നഖമൊരു
ചന്ദ്ര ബിംബത്തെ മറയ്ക്കും പോലെ
പ്രകാശ വര്‍ഷങ്ങളുടെ ദൂരത്താണ്
നിന്‍റെ മിഴിയുടക്കിയത് , വെറുതേ

ജീവിതംസ്വര്‍ണക്കണ്ണുള്ള ജീവിത പക്ഷി 
വെള്ളിച്ചിറകുകള്‍ വീശി 
ഉദയത്തില്‍ നിന്നും
അസ്തമയത്തിലേക്ക് ....

വാക്കുകളുടെ ആവര്‍ത്തനം
വിരസമാകുന്നില്ല അവയെല്ലാം
ചിറകടി ശബ്ദം പോലെ
അലിഞ്ഞുപോകുകയാണ്‌ ...

ജീവിതചക്രം യാന്ത്രിക മാകുമ്പോള്‍
നിശ്ചല മാവും മുന്‍പേ
മുഖത്തുപതിച്ച .ചാറ്റല്‍
മഴ പോലെ നിങ്ങള്‍
എന്‍റെ സൌഹൃദങ്ങള്‍

നീ ഒരു കവിതകടും നിറങ്ങള്‍ ഇഴ പിരിച്ചു 
വര്‍ണച്ചിത്രങ്ങള്‍ മെടയുമ്പോഴായിരുന്നു 
പൊടുന്നനെ നില വിളക്കണഞ്ഞു
നിറങ്ങള്‍ക്ക് തീ പിടിച്ചത്

പറയാതെ പോയ പ്രാണനായിരുന്നു
നിന്നെ കരകവിഞ്ഞൊഴുകിയ
കണ്ണീര്‍ പുഴയിലേക്ക് വലിച്ചെറിഞ്ഞത്
തുലാമഴയിലെ ഒരു പാതിരയ്ക്ക്

എന്നിട്ടും നിന്‍റെ ചിലമ്പിച്ച ചിരി
ഇപ്പോഴും ഞാന്‍ കേള്‍ക്കുന്നു
റഷീദ നീ ഒരു കവിതയാണ്
എനിക്ക് നന്നേ ഇഷ്ടമായ കവിത

പരാതികളില്ലാത്ത പൂവ്
കദനം മറയ്ക്കുന്ന കാറ്റ്
വിതുമ്പാതെ പെയ്യുന്ന മേഘം
ഒന്നും മറക്കാതെ ഒരു യാത്ര

സു '' ഹൃത്ത് ''എന്നില്‍ നിന്നു നിന്നിലേക്കും 
തിരികെ എന്നിലേക്കും 
ഒരു വല നെയ്യപ്പെടുകയാണ്

കൃത്യമായ അകലത്തിലും
കാര്യക്ഷമമായ അടുപ്പത്തിലും
കിനാക്കളുടെ ഇഴ പിരിച്ച
സ്വപ്നങ്ങളുടെ ചപലതയല്ല;


മുറ്റത്ത്‌ കെട്ടിയ ഊഞ്ഞാല് പോലെ
 ജീവിതത്തിനു
കൈമോശം വന്നുപോയ
ചലനാത്മകതയാണത്

ഒരു ആത്മാവിന്‍റെ ഭാവങ്ങള്‍
ദിക്കുകള്‍ക്കുള്ള വരദാനമായി
ലോകത്തെവിടെയോക്കെയോ
ചിതറിപ്പോയെന്നു ഞാന്‍ പറയും

കാഴ്ചകള്‍ ശേഷിപ്പിക്കുന്നത്ഇല കൊഴിഞ്ഞ മരങ്ങളും 
തിളക്കം മങ്ങിയ കണ്ണുകളും
കൊഴിഞ്ഞ സ്വപ്നങ്ങളുടെ
മഞ്ഞയില കൂമ്പാരങ്ങളും

ഒരു കല്ലേറുദൂരമുണ്ട് എന്നില്‍
നിന്നും കാഴ്ചകളിലേക്ക്
മെല്ലിച്ച കൈകള്‍ പോലെ
ഉണങ്ങിയ ചില്ലകള്‍

കാറ്റില്‍ നിന്നും കരുത്തോടെ
കുരുക്കുന്ന പുതുമുള പോലെ ചിലര്‍
കണ്ണുകളില്‍ ഒരേസമയം വിഷാദവും
പ്രകാശ വും പേറുന്നവര്‍

സഞ്ചാരികളാവുകയാണ് സ്വന്തം
കാലത്തിനും അപ്പുറത്തേക്ക്
ശിശിരവും ,ഗ്രീഷ്മവും
വസന്തവുമായി വിരിയുകയാണ് ,

കൊഴിഞ്ഞു പോയ ജീവിതത്തെ
കൊരുതെടുക്കാനാവാതെ
നിറങ്ങളെ നിങ്ങള്‍ക്കായി ഭാഗിച്ചു
നിനവുകളിലേക്ക് മടങ്ങുകയാണ്

അവസ്ഥാ ഭേദങ്ങള്‍തല ചായ്ച്ച ചുമലുകള്‍ ...
ചൂടില്ലാത്ത ചുമരുകളാകുന്നു
മേല്‍ക്കൂരകള്‍ നഷപ്പെട്ടു ഞാന്‍
കണ്ണീര്‍ മഴ നനയുന്നു

ചൂടിനു ഉരുക്കാനാവുന്നില്ല
ഉലയ്ക്കാന്‍ കാറ്റിനും ...
പതിയെ എന്നിലെ നിറങ്ങള്‍ മങ്ങി
ഒരു പ്രതിമയായി ,,കല്‍പ്രതിമ

ഇനി കാലാന്തരങ്ങളില്ല...
നിറഭേദങ്ങളില്ല...രാപകലുകളില്ല
നിങ്ങളുടെ സ്വരങ്ങള്‍
എന്നെ ഉണര്‍ത്തുന്നേയില്ല ...

മരുഭൂമിയുടെ മണവാട്ടികാറ്റിനു കരള്‍ കൊടുത്തിരുന്നു വെങ്കില്‍ 
ആഞ്ഞടിക്കും മുന്നേ ആശ്വസിപ്പിച്ചെനെ 
കടലിനോടു കലഹിചിരുന്നുവെങ്കില്‍
തിരകളായി തിരക്കി വന്നേനെ

മഴയ്ക്ക് മൊഴികളില്ലെങ്കിലും
മുത്തങ്ങള്‍ നല്‍കിയേനെ
നിലാവിനെ പ്രണയിച്ചിരുന്നെങ്കില്‍
നീറ്റാതിരുന്നെനെ

ഞാന്‍ പെയ്തോഴിഞ്ഞത്
മരുഭൂമിയിലായിപ്പോയി
നീലക്കുറിഞ്ഞിയായ്
പൂത്തുലഞ്ഞത് വനാന്തരങ്ങളിലും

കാഴ്ചകള്‍കാണെക്കാണെ...
അവളൊരു ആല്‍മരമായി 
ആകാശ ത്തേക്ക് വളരുന്നുണ്ട്‌
ആത്മാവില്‍ ആയിരം
വേരുകളായി ആഴ്ന്നിറങ്ങുന്നുണ്ട്

യാത്ര തനിച്ചാണെങ്കിലും
ഒരു പെരുമഴയെ ഓര്‍മപ്പെടുത്തുന്നുണ്ട്
ഹാസങ്ങള്‍ ക്കിടയിലും
ഒരു മേഘം കനത്തു നില്‍പ്പുണ്ട്

കാഴ്ചകള്‍ വേറിട്ടതായത്
അങ്ങിനെയാണ്
കാല്‍പാടുകള്‍ പതിയാതെ
പോയതും അതുകൊണ്ടാണ്

ഇത്തിരി കാര്യങ്ങള്‍മലയിറങ്ങി തല കുനിച്ചൊരു 
കാറ്റ് തനിച്ചു വരുന്നുണ്ട് ..
അതി വിനയത്തോടെ ...

തീര്ഥാടനം പോയതാണെന്ന് 
ചെമ്മേ യിളകിയ ആലില പ്പെണ്ണി-
നോടുതക്കത്തില്‍ ചൊല്ലുന്ന 
കഥകള്‍ കേട്ടു ഞാന്‍ 

ഉയരത്തില്‍ പറക്കുന്ന പക്ഷികള്‍ 
പണ്ടെങ്ങോ ചിറകൊടിഞ്ഞവരാത്രേ ..
ഉറക്കെ മൊഴിയുന്നവര്‍ കേള്‍ക്കാന്‍ 
ആരുമില്ലാത്തവര്‍ ആണേ 

ചെറു കാര്യങ്ങളില്‍ പൊട്ടിചിരിപ്പവര്‍ 
കണ്ണീരുപ്പിന്നാഴം കടന്നവരത്രേ 
പെട്ടെന്നു പിണങ്ങുവോരെന്നും 
നഷ്ടങ്ങളെ ഭയപ്പെടുന്നത്രേ 

തെല്ലും തലക്കനം കാട്ടാതെ 
വാഴുവോര്‍ മൃതിയെ കടന്നെന്നു മോര്‍ക്ക 
വല്ലതെയിണങ്ങി പറ്റിച്ചേരുന്നവര്‍
യാത്രയായേക്കാം മടക്കമില്ലാത്ത വഴിയേ

അവകാശംഇരുളലകള്‍ അടയിരുന്നു പ്രകാശ ത്തെ 
വിരിയെചെടുത്തപ്പോള്‍.
ഹിമ പാളികള്‍ ഉരുകിയോഴുകി 
ഭൂഹൃദയത്തെ നനച്ചപ്പോഴും 
അവരോന്നായിരുന്നു

അവളുടെ കൈകാലുകള്‍ ബന്ധിച്ചു
ബലിക്കല്ലില്‍ തല ചേര്‍ത്ത് വച്ചു
ജീവിതം വാളോങ്ങിയപ്പോള്‍ 
അരുതെന്ന് ഒരു സ്വരമായി
അവന്‍ പുനര്‍ജനിച്ചു 

അവളിലെ ആലസ്യത്തിനു കാരണമറിയുമോ?
ഇനിയും ഋതു മാറി ഹിമ പാതം വരും 
ഭൂമി ഉരുകി ഉറയും അന്നൊരു 
കാറ്റില്‍ പുനര്‍ജനി നേടി 
ശ്രീകൊവിലായി വീണ്ടും പിറവിയെടുക്കും 

അന്ന് നീയെന്ന മൂര്‍ത്തി മാത്രം 
വീണ്ടും ചിരപ്രതിഷ്ഠ നേടും 
ജന്മാന്തരങ്ങളായി ആ കാല്‍ പാടുകള്‍ 
മാത്രമേ അവളുടെ ഹൃദയത്തില്‍ പതിഞ്ഞിട്ടുള്ളു

നിസ്സഹായത


ഇപ്പോഴും കരുതുന്നു 
നേരത്തെ ആകാമായിരുന്നു 
ഒരു കുരുന്നു വിരുന്നു വരും മുമ്പേ 
അമ്മയുടെ കണ്ണീര്‍ തോരുംമുന്നേ

വീണ്ടും വീണ്ടും തോല്‍ക്കും മുമ്പേ
മുറിപ്പാടുകളില്‍ ചോര കിനിയും മുമ്പേ
മുമ്പേ നടപ്പവര്‍ക്കിടയില്‍ ഒരു
നഷ്ടമായ് ചിതലരിക്കും മുമ്പേ

ചിത്തഭ്രമം വന്നു ചങ്ങലകള്‍
എന്നെ കൈയേല്‍ക്കും മുമ്പേ
നേരത്തേ ആകാമായിരുന്നു
നേരത്തെ ആകാമായിരുന്നു

ചോദ്യം

പൈന്‍മരങ്ങള്‍ ക്കിടയില്‍ 
പുകമഞ്ഞു തേങ്ങുന്നുണ്ട് 
തേടി വരുന്ന വെയിലിനെ 
കാണുമ്പോള്‍ ........
ഭൂമിയോട് ഒരു ചോദ്യമുണ്ട് ..
നീ ഏതു പുസ്തക താളില്‍ 
കുറിക്കും ഞാനെന്ന നഷ്ടത്തെ .

പതിരല്ല


നമുക്കിടയില്‍ 
മഞ്ഞുമലകള്‍ 
ജലപാതങ്ങള്‍ 
ഏഴു കടലുകള്‍

ഞാനവ താണ്ടില്ല
നിന്നെ തീണ്ടില്ല
എന്‍റെപ്രാണനുമേല്‍
തീര്‍ഥ മാണു നീ

സ്വപ്‌നങ്ങള്‍


എഴുത്ത് മതിയാക്കി മുറി വിട്ടിറങ്ങാന്‍ നോക്കുമ്പോഴാണ് ആരോ അടുക്കിവച്ച മൂന്നു കടലാസുപെട്ടികള്‍ ശ്രദ്ധയില്‍ പെട്ടത് ,ഉറക്കം വരുന്നുണ്ടെങ്കിലും അതില്‍ എന്തെന്നറിയാന്‍ ആകാംക്ഷ തോന്നി . 
ആദ്യത്തെ പെട്ടിക്കു നല്ല നിറം ,തീരെ ഭാരമില്ല .മെല്ലെ തുറന്നു .പെട്ടെന്ന് നിറമുള്ള പൊടിപടലങ്ങള്‍ മുറിയാകെ നിറഞ്ഞു ,ഇവയാണത്രേ വെറുതേ കാണാവുന്ന നിറമുള്ള സ്വപ്‌നങ്ങള്‍ .!!!!ഒഴുകി നടക്കുന്ന കിനാവുകള്‍ !!!!. 
രണ്ടാമത്തെ പെട്ടിക്കുള്ളില്‍ പുക പോലെ കുറെ സ്വപ്‌നങ്ങള്‍ ,
മടുപ്പിക്കുന്ന ഗന്ധവും ,അവ ജീവിതത്തിന്‍റെ നടക്കല്ലില്‍ തല തല്ലി ദിനം പ്രതി മരിക്കുന്നവ ആണത്രേ ...കണ്ണുകളെ നിറയ്ക്കുന്ന അവയുടെ നേരെ നോക്കാതെ ഞാന്‍ മൂന്നാമത്തെ പെട്ടി തുറന്നു .
പ്രകാശം മാത്രം ,ഇത്തിരി സ്വപ്‌നങ്ങള്‍ പക്ഷെ വല്ലാത്ത ഭാരം .
വര്‍ത്തമാന കാലത്തിന്റെ ചൂടോപ്പുന്ന നന്മ നിറഞ്ഞ കനവുകളാണത്രേ .ആത്മാവില്‍ കൈനഖങ്ങള്‍ കുത്തിയിറക്കി അതെന്നെ വലിച്ചടുപ്പിച്ചു .ഞാനൊന്നു പിടഞ്ഞു .
പെട്ടെന്ന് ആരോ കതകില്‍ മുട്ടി ....
ഞെട്ടിയുണര്‍ന്ന എന്‍റെ തല കട്ടിലില്‍ ഇടിച്ചു .അതുമൊരു സ്വപ്നമായിരുന്നു .വലിയൊരു സ്വപ്നം .
പക്ഷെ ......
ഞാന്‍ കൂടു തുറന്നു വിട്ട സ്വപ്‌നങ്ങള്‍ ഉള്‍ക്കാഴ്ചയുള്ള കണ്ണുകളെ തേടി അലഞ്ഞു തിരിയുകയാണ് ,ഉറക്കറകളുടെയല്ല , എഴുത്തുമുറികളുടെ ജനാലകളില്‍ മുട്ടി വിളിക്കുകയാണ്‌ ...........

ചുറ്റുവട്ടം

ജീവ പര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട്
അടുക്കളയിലൊരു നിരപരാധി
അകത്തളങ്ങളില്‍ 
 ഭാരം താങ്ങുന്ന തൂണുപോലെ
നിശബ്ദം വിയര്‍ക്കുന്ന ഉയര്‍ന്ന ശബ്ദം

മുറ്റത്തു നടപ്പുണ്ടനാഥ ബാല്യങ്ങള്‍
മുകളിലെ നിലയിലൊരു വൃദ്ധ സദനം
അയല്‍പക്കത്തോരാത്മാവ് തീ കൊളുത്താതെ
വെന്തു മരിക്കുന്നു

മിന്നണിയാന്‍ പോലും പൊന്നില്ലാത്ത
കഴുത്തിലും കത്തി ക്കരിഞ്ഞ പാടത്തും
മാറി മാറി നോക്കി നെടുവീര്‍പ്പിടുന്നൊരു
യുവ കര്‍ഷകന്‍

പി എസ്സി റാങ്ക് ലിസ്റ്റുമായി

 നമ്ര ശീര്‍ഷം
വീടുവിട്ടിറങ്ങുന്നൊരു
തൊഴില്‍ രഹിതന്‍

ദാഹജലത്തിനായ് ഇടവഴിയിലൊത്തിരി
നേരമായ് കാത്തിരിക്കുന്നു
നിറം മങ്ങിയ പ്ലാസ്റ്റിക്‌ കുടങ്ങള്‍
നാളെ പരീക്ഷയ്ക്കു ഫീസില്ലയെങ്കിലും
മുടങ്ങാതെ പഠിക്കുന്നു മിടുമിടുക്കന്‍

മഴ തോര്‍ന്നാല്‍ നിലം തോര്‍ത്തി
ഉറങ്ങാമെന്നോതുന്നു അച്ഛന്‍
പത്രത്തില്‍ വന്നില്ലയതിനാല്‍
വാര്‍ത്തയായി തീര്‍ന്നില്ല നമ്മള്‍

ഇനി

പ്രകൃതി നിയമങ്ങള്‍ അലിഖിതമാണ് 
.അലംഘനീയവും
എന്‍റെ തപസ്സു കഴിഞ്ഞു 
പുഴുവിലുറങ്ങിയ പൂമ്പാറ്റ പോലെ 
ഇനി
ഞാനൊന്നു പറന്നോട്ടെ

പ്രശംസ

തട്ടി മറിഞ്ഞ
ജീവിത മഷിക്കുപ്പിയിലെ
കണ്ണീര്‍ കലര്‍ന്ന ചായത്തെ 
അതിമനോഹരമായ ചിത്രമെന്നു 
കാണികള്‍ പ്രശംസിക്കുന്നു ,....

നമ്മളറിയേണ്ടത്ഞാനും നീയും ഒന്നറിയണം- 
വേര്‍പിരിയുമ്പോള്‍ 
പൂക്കളെ അമര്‍ത്തി
ചുംബിക്കരുത്‌

നമ്മുടെ നിഴലുകളെ
ഇറുകെ പുണരരുത്

ആകാശത്തോ ഭൂമിയിലോ
ഒരേ പാത തിരയുകയോ 
വാക്കുകളെ വഴി വിട്ടു
സ്നേഹിയ്ക്കുകയോ അരുത്


ഞാന്‍ കരകാണാ കടലും
നീ ദൂരെയൊരു കരയുമാകുമ്പോള്‍
എന്നിലേക്കുള്ള ആഴവും
നിന്നിലേക്കുള്ള ദൂരവും
പരസ്പരമളക്കുകയുമരുത്

വഴികള്‍


ഇരുള്‍ മൂടിയ 
ഗുഹാമുഖങ്ങള്‍ തുറന്നു 
നിസ്സംഗ ത ഭാവിച്ചു 
അവളിറങ്ങുമ്പോള്‍

മകരമഞ്ഞു പുതച്ചുറങ്ങുന്ന
സ്വപ്‌നങ്ങളും
കണ്ണുനീരിന്റെ
ഉപ്പളങ്ങളും
അഗ്നി പര്‍വതങ്ങളുടെ
ആത്മ താപമേറ്റ്
ഉരുകിയടര്‍ന്നു ...
പതിക്കുന്ന
ഹിമ പാളികളും...
മൌനത്തില്‍
മുങ്ങുന്നു

എവിടെയോ
ഒഴുകാന്‍
ഒരുങ്ങുന്നുണ്ട്
ഒരു കവിത ..
വഴി നിശ്ചയ മില്ലാതെ

നീയെന്ന കവിതനീയുറങ്ങുന്നു 
അതി ഗാഡമായ് നീയുറങ്ങുന്നു 
ഈ കാഴ്ച്ചകളിലെന്‍മനമുരുകുന്നു
മിഴികള്‍ നനയുന്നു
നീയുറങ്ങുന്നു

കാറ്റിന്റെ ഹുങ്കാരമായുണരുന്നു നീ
ഞാനിവിടെ കടപുഴകി യാര്‍ത്തനായ് വീഴുന്നു
പുഴകള്‍ തന്‍ പുളകമായ് വീണ്ടുമോഴുകുന്നു നീ
ശ്വാസനാളങ്ങളില്‍ ജല കണികകള്‍ തിങ്ങി ഞാന്‍

ഭാഷയും വേഷവും തീരത്തഴിച്ചു നീ
ഒരു വാക്ക് ചൊല്ലാതെ മറുകര പൂകവേ
ഇനിയെവിടെ കാടിന്‍റെ കരളിന്‍റെ ശബ്ദം
എവിടെയെന്നാത്മാവിന്‍ വര്‍ണപ്രപഞ്ചം.............


കൂട്ട്


നിന്‍ കുടക്കീഴിലൊരീറന്‍ 
തുടിപ്പായ്ഞാന്‍ 
ഇടവ മേഘങ്ങളിലിടറാതെ 
യാത്ര തുടരുവാന്‍

തോളോടുതോളുരുമ്മാതെ
മൂകമായ്
നിന്നോടുചേര്‍ന്നു
മഞ്ഞിന്‍ കണങ്ങള്‍ പുതച്ചേറെ
നടക്കുവാന്‍

വിരലുകള്‍ കോര്‍ക്കാതെ
വെറുതേയലസമായ്
വിജനമാം പാതയില്‍
പിരിയാതെ പോകുവാന്‍

ഏകയായ് അകലവേ
കൈ വീശി ആര്‍ദ്രമായ്‌
മിഴി നിറഞ്ഞെന്നെ
യാത്രയയക്കുവാന്‍

നീ കൂടെ വേണം പിരിയും വരെ
ആകാശമിരുളുന്ന തീരം വരെ
പ്രിയമുള്ള നോവായ്‌
മരണം വരെ

ഇടവേളകള്‍പ്രാണന്‍ പിടഞ്ഞതും 
പ്രണയം മരിച്ചതും 
വഴി മറഞ്ഞേകയായതും
ഇന്നലെകളിലാണ്‌

ഇഴയുന്ന നാഗങ്ങളും
ഇടിമിന്നലുകളും
ഭയം വിതറിയത്
അമ്മയാ യപ്പോഴാണ്

കള്ളം പറയുന്നതും
വെറുതേ ചിരിക്കുന്നതും
അമ്മയെ കബളിപ്പിക്കുന്നതും
ഇന്നുകളിലാണ്

ഉള്ളില്‍ നിറയുന്ന തും
അക്ഷരങ്ങളായ്‌ പടരുന്ന തും
കാവ്യമല്ലാതെ പോയ
എന്‍റെ കവിതയാണ്

എന്‍റെ കവിതകാഴ്ച്ചകളിലാകാം കവിതയെങ്കില്‍ 
ഉദയവും തീരവും കവിത 

ഉള്‍കാഴ്ചയില്‍ വിരിയുന്നു
കവിതയെങ്കില്‍
ഉരുകുമീ ഹൃദയവും കവിത

കേള്‍വിയില്‍ പടരുന്നു കവിതയെങ്കില്‍
വീശുന്ന കാറ്റിലും കവിത

നേട്ടങ്ങളെല്ലാം കവിതയെങ്കില്‍
ഈ ജന്മമല്ലയോ കവിത

നഷ്ടങ്ങളത്രേ കവിതയെങ്കില്‍
നീ മാത്രമാണെന്റെ കവിത
എന്നും നീ മാത്രമാണെന്റെ കവിത

കഴുതകള്‍


ഇന്നും
നാഗരികത ഇളകി
വശാവുന്നുണ്ട്
ഇവനാരെന്നു
ചോദ്യമുയരുന്നുമുണ്ട്
കൌതുക കാഴ്ചയൊരു
കഴുതക്കുട്ടിയാണ്

ജീവിതത്തിന്‍റെ
ഇടവഴികളില്‍
ഒറ്റപ്പെട്ടുപോകുമ്പോള്‍
ഓര്‍മിക്കുക

ആരും കയറാത്ത
കഴുതകളിലാണ്
ഈശ്വരന്റെ
സായാഹ്ന സവാരികള്‍

വാക്കുകളുടെ വേദനകണ്ണീരില്‍ മുങ്ങിയ
വാക്കുകളുടെ
നിലവിളി
ആരും കേട്ടില്ല

മൌനമെന്ന കയറില്‍
പിടഞ്ഞത്
ആരും കണ്ടുമില്ല

മരണം സ്ഥിരീകരിച്ച്
അടക്കം ചെയ്തപ്പോഴും
ദുരൂഹമെന്നാരും
കരുതിയില്ല

വീണ്ടും തൊണ്ടയില്‍
കുരുങ്ങും വരെ
അവയുടെ വേദന
ഞാനുമൊരിക്കലുമോര്‍ത്തില്ല

തൃക്കണ്ണ്‍


നെറ്റിമേലല്ല 
ഹൃദയത്തില്‍ 
വേണമൊരു മൂന്നാം കണ്ണ് 

ഒന്നുകൂടി നോക്കു
അവനിലൊരു മുള്‍മുടി
അവളുടെ വിയര്‍പ്പിന്
രക്ത ഗന്ധം

ഗദ്സമെനിയില്‍ തന്നെ
തുടരുമ്പോഴും
ചിലരൊക്കെ കാഴ്ചയില്‍
താബോര്‍ മലയിലാണ്

ചോര തുളുമ്പുന്ന
കല്‍ത്തളങ്ങളിലാണ്
കൈലാസം
കയറുന്നുവെന്ന് നമുക്കു തോന്നുമ്പോഴും

ദൃഷ്ടികള്‍


സ്വപ്നങ്ങളുടെ താഴ്വരകള്‍
പ്രളയബാധിതമായപ്പോഴാണ് 
ജീവിതത്തിന്‍റെപര്‍വ്വത നിരകള്‍ 
ദൃഷ്ടി ഗോചരമായത്....

യുദ്ധഭൂമിയില്‍ നിന്നും
പലായനം ചെയ്യുന്നവന്
പരാതികളോ നഷ്ടബോധമോ
ഉണ്ടാവാറില്ലല്ലോ

സ്വയം ചെറുതാകാന്‍
ആഗ്രഹിക്കുമ്പോഴൊക്കെ
നടന്നു തീര്‍ക്കാനാവാത്ത
ചെമ്മണ്‍പാതയാണ് മുന്നില്‍

സ്വന്തം ലോകം
നഷ്ടപെട്ടവര്‍ക്കുമുന്നില്‍
വലിയ ലോകം തുറക്കപ്പെടുന്നത്
ചെറിയ വാതിലുകളിലൂടെയാണത്രെ

എങ്ങുമെത്താതെ പോകുന്നവര്‍ചിറകടിയില്‍ 
മുറിയുന്നുണ്ടാകാശവീഥികള്‍ 
അടയാളമില്ലാത്ത യാത്രകളായ്‌
തിരകളില്‍
തിരിച്ചറിഞ്ഞീടാതെപോകുന്നു
ജലരേഖ പോലെ നിന്‍ തുഴപ്പാടുകള്‍

ഒടുവിലെ
കടപുഴകലിന്‍ശേഷ-
മൊരുമഴ വെള്ളപാച്ചിലി-
ലോഴുകി നിറഞ്ഞു -
മായുന്നുണ്ടുനിന്‍
അര ശതാബ്ദത്തിന്റെ
ആഴത്തിലിറങ്ങിയ
വിരല്‍ പാടുകള്‍

അമ്മയൊരു
മായാത്ത മുദ്രയും
അച്ഛനതിലസ്തിത്വം
ചാര്‍ത്തിയ സത്യവും
ഒരു ചിതയ്ക്കപ്പുറം
നിലയ്ക്കുമോ എന്നിലെ
കാട്ടുചെമ്പകത്തിന്‍റെപൂമണം

കേദ്രോ ണ്‍ഞാന്‍ 
കേദ്രോ ണ്‍
ആത്മനൊമ്പരങ്ങളുടെ മൂകസാക്ഷി
ഒറ്റിക്കൊടുപ്പിന്‍റെ മൌനസാക്ഷി
പൂമൊട്ടുകള്‍ ചവിട്ടി തേച്ചുമണ്ണിലടക്കി
പെന്‍ഷന്‍ പുഷ്പചക്രമായി പരിണമിച്ചു

മദ്യം പുണ്യദിനങ്ങള്‍ കൈയടക്കി
ഹര്‍ത്താലുകള്‍ ധര്‍മത്തെ ജയിച്ചു
കല്ലറകള്‍
അണിഞ്ഞൊരുങ്ങിയിറങ്ങുമ്പോള്‍
കൂണ് പോലെ
വൃദ്ധ സദനങ്ങള്‍ മുളയ്ക്കുന്നു

ചര്‍ച്ചകള്‍ ഊണ് മേശകളായി
അന്വേഷണങ്ങള്‍ പ്രഹനസങ്ങളും
വിദ്യയും വൈദ്യവും
വില്‍ക്കപ്പെടുമ്പോള്‍
വാര്‍ത്തകള്‍ വെറും
വര്‍ത്തമാനങ്ങളാകുന്നു
വര്‍ത്തമാനങ്ങള്‍ വാര്‍ത്തകളും

അഴിമതി കെട്ടിടങ്ങള്‍ തകര്‍ന്നു
ആത്മാക്കള്‍ ഉയരുന്നു
അവസാന മണല്‍ തരിയും
നഷ്ടപ്പെട്ടു നിള നിരാലംബയാകുന്നു

ഭരണകാലം കഴിഞ്ഞെന്‍റെ നാട്
വീണ്ടുമൊരു ചുംബനത്തിലൂടെ
ഒറ്റിക്കൊടുക്കപ്പെടുമ്പോള്‍
നീ രക്തം വിയര്‍ക്കുന്നുവെങ്കില്‍
എന്നില്‍ മുഖം കഴുകാം
നൂറ്റാണ്ടുകളായി ഞാനിവിടെ .......

കേദ്രോണ്‍
ആത്മനൊമ്പരങ്ങളുടെ മൂകസാക്ഷി
ഒറ്റിക്കൊടുപ്പിന്‍റെ മൌനസാക്ഷി

(കേദ്രോണ്‍ --ഈശോയെ ഒറ്റിക്കൊടുത്ത തോട്ടത്തി നടുത്തുള്ള അരുവി )

ചിലപ്പോഴെങ്കിലുംകയറിയിറങ്ങി തിരിഞ്ഞു നോക്കുമ്പോള്‍ 
മായുന്ന നിഴല്‍ക്കുന്നുകളാണ് 
ആഴമുള്ള കാഴ്ചകളും
നെറ്റിത്തടങ്ങളില്‍ ചുളിവുകളും
സമ്മാനിക്കുന്നത്

ഇറങ്ങി കയറി നെടുവീര്‍പ്പിടുമ്പോള്‍
അപ്രത്യക്ഷമാകുന്ന
തമോഗര്‍ത്തങ്ങള്‍
ചുറ്റും പ്രകാശം പരത്തുന്ന
മനസാന്നിദ്ധ്യം
രൂപപ്പെടുത്തുന്നു

ആകാശം വേനലിലും മഴയിലും
കുടയാവുകയും
ഭൂമി ജീവിതത്തിലും മരണത്തിലും
താങ്ങാവുകയും ചെയ്യുന്നത്
അനുഭവങ്ങളുടെ ചുഴികളില്‍
ഈശ്വര സാന്നിധ്യം നിറയുമ്പോഴാണ്

തനിയെ നീളുന്ന യാത്രകളില്‍
തണലുകള്‍ ഒരുങ്ങുന്നുണ്ട്
ചിറകൊതുക്കാത്ത പറവകള്‍ക്ക്
വൃക്ഷശിഖരങ്ങള്‍ കാവലാകുന്നുണ്ട്
ഹൃദയത്തിന് ഒരു തുടിപ്പും
ആത്മാവിനിത്തിരി ചൂടും
കാലം കാത്തുവയ്ക്കുന്നുമുണ്ട്

ഒരു വാര്‍ത്ത‍ഇന്നലെ ഉച്ചയ്ക്ക് 
ദൈവത്തിന്‍റെ നരച്ച താടിക്ക് 
തീ പിടിച്ചു .
കാരണം അറിവായിട്ടില്ല

ആകാശ വും ഭൂമിയും
ഇന്നലെ അവിടുന്നുമായി
കൂടിക്കാഴ്ച നടത്തിയിരുന്നത്രേ
അപ്പോള്‍ മുതല്‍ ദൈവം
മൌനിയായിരുന്നു

എണ്ണയും ധാതുലവണങ്ങളും
കനകവുംഅന്യമായി
പോകാതിരിക്കാനാണ്‌
ഭൂമിയെ വിഭജിക്കാതെയിരുന്നത്
പക്ഷി മൃഗാദികളുടെ
മേല്‍ അധികാരവും
ഫലമൂലാദികളും നല്‍കിയത്
സ്നേഹം മൂലവും

മാരിവില്ലും മഴയും
അമ്പിളിയും നക്ഷത്രങ്ങളും
മറച്ചു പിടിക്കാതെയിരുന്നത്
വായുവും ജലവും
ശുദ്ധമായി ലഭിക്കട്ടെ
എന്നുകരുതിയും
ഇന്നിപ്പോള്‍ എല്ലാം
......................

ആറടി മണ്ണിലേക്കെത്തും മുന്‍പേ
എന്തെല്ലാം സ്വരുക്കൂട്ടുന്നു
നേടാന്‍ ഉള്ളതു മറ്റെന്തോ .....
ഈവക ചിന്തകളുടെ
ഷോര്‍ട്ട് സര്‍ക്യുട്ട്ആണ്
അഗ്നിബാധയ്ക്ക് കാരണമായത്‌
എന്നാണു പ്രാഥമിക നിഗമനം
ആ വഴി കാറ്റ്
കടന്നുപോയിരുന്നു എന്നൊരു
ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

തുലാഭാരംതിരിച്ചു കിട്ടിയ ഓര്‍മകളില്‍
മുല്ലപ്പൂക്കളുടെ സുഗന്ധവും 
മഴയുടെ സംഗീതവും
കൊലുസിന്റെ കിലുക്കവും ചേര്‍ത്ത്

ഉറക്കത്തിന്‍റെ ചൂടില്‍
ഫലിക്കുന്ന സ്വപ്നങ്ങളും
ജീവന്‍റെ സ്വാതന്ത്ര്യവും കുഴച്ച്
എന്‍റെ ആത്മ ധൈര്യവും
കൂട്ടി കുന്നുപോലെ വച്ചിട്ടും
നീ ഇരിക്കുന്ന തട്ട് താണുതന്നെ

എന്‍റെ പ്രാണനും ഒരു നിശ്വാസവും
മാത്രം ബാക്കി ......

ആത്മഗതങ്ങള്‍


ഉറക്കെയാവുന്ന 
നിന്‍റെ ആത്മഗതങ്ങള്‍ 
ഒരു വിലാപത്തിന്‍റെ രൂപം 
കൈവരിക്കാറുണ്ട്

അപ്പോഴൊക്കെ മനസില്‍
താരാട്ടുണരുകയും
നിന്റെ മിഴികളിലതൊരു
തുള്ളിയാവുകയും ചെയ്യുന്നു

നമ്മുടെ വീട്നമുക്കായൊരു 
കൊച്ചു വീടുവേണം 
ഘടികാര സൂചികളില്ലാത്തത്


തമ്മില്‍ മിഴികളില്‍
നോക്കിയിരിക്കവെ
നാഴിക മണികള്‍ മുഴങ്ങരുത്
കാലത്തില്‍ ചക്രം ചലിക്കരുത്

ചിന്തകള്‍ക്കൊന്നായി
ചാരിയിരിക്കുവാന്‍
ഉമ്മറക്കോണിലായൊരു കസേര
തമ്മിലെന്നെങ്കിലും
മൌനം പടരുമ്പോള്‍
ചുമരുകള്‍ തന്‍ നിഴല്‍ നീളരുത്
ഒരു മുറിയില്‍ തീരണം ചിത്രവീട്

പാട്ടിനു കൂട്ടായി പെട്ടി വേണ്ട
പതിയെ മൂളാനൊരു
കുയിലു മാത്രം
നക്ഷത്രക്കണ്ണുകളില്‍
കഥകള്‍ ചികയാനായ്
വെന്മേഘമഴിയിട്ടൊരു ജാലകവും

അക്ഷരങ്ങള്‍   ചിതറാനും
പുസ്തകമായ് വിരിയാനും
തണുപ്പാര്‍ന്ന
തിണ്ണയിലൊരു പായ വേണം

എനിക്കായൊരു കടല്‍
നിന്റെയുള്ളില്‍ വേണം
ആ കടലില്‍
തിരയെന്റെ കണ്ണില്‍ വേണം
മുറ്റത്തായ് തുളസിയും
മുടിയോതുക്കാന്‍ കാറ്റും
മനസിലിണപ്രാക്കളുടെ കുറുകലും വേണം

ഇനി വരും ജന്മം നിനക്കായി
നോല്‍ക്കുവാന്‍
നോവിനാല്‍ തീര്‍ത്ത
മൂന്ന്‍പടികള്‍ വേണം

മരണവും പിന്നെയൊരു ജന നവും
കര്‍മ്മത്തിലിഴചെരും
ജന്മത്തില്‍ സാഫല്യവും

യാത്രമഞ്ഞിന്റെ മലകള്‍ക്ക് 
നിറമുണ്ട് 
മരവിച്ച മനസിന്‍റെ
മണമുണ്ട്
മരണം വരിക്കുന്ന
മധുര സ്വപ്നങ്ങളെ
അഴുകാതെ കാക്കുമൊരു
ഹൃദയമുണ്ട്

ഇലകള്‍ കൊഴിഞ്ഞൊരു
മരമുണ്ട്
തണല്‍ തേടി അവനിലൊരു
കിളിയുണ്ട്
ഇനിയും വരാത്ത
വസന്ത കാലത്തിനായ്
ചൊടികളില്‍ മൂളാത്ത
പാട്ടുമുണ്ട്‌

മിഥ്യയാം പച്ചകള്‍
നെഞ്ചേറ്റി നില്‍ക്കുമൊരു
മണലിന്റെ ആരണ്യം
ചാരെയുണ്ട്
ചുഴലിയായ്പൊതിയുന്ന
കാറ്റിന്‍റെ കണ്ണുകളില്‍
ഒരു പിടി ചാരമായ് ഞാനുമുണ്ട്

യാത്ര പോകട്ടെ ഞാന്‍
മഞ്ഞിന്‍ ചുരം കടന്നി -
ല്ലാത്ത തണല്‍ ചൂടി
പതിയേ
യാത്ര പോകുന്നു ഞാന്‍
നിശാഗന്ധി പൂക്കാത്ത
നിഴലുകള്‍ ചരിക്കാത്ത
മരുഭൂവിന്‍റെ മാറിലായ്
തനിയേ

അമ്മയും ഞാനുംപുല്ലുമേഞ്ഞോരാ 
വീടിന്‍റെ ഇറയത്തു 
ഇറ്റുവീഴും മഴതുള്ളികള്‍
പോലെയാണമ്മ തന്‍ കണ്ണുനീര്‍
കുഞ്ഞിളം കൈകളാലോപ്പവെ
കുട്ടിയുടുപ്പിന്‍റെ കാഴ്ചയില്‍

ഓടു മേയവേ
മഴനൂലു പോലെയായ്
തോരാതെ പെയ്യുന്നവ
പാവാടപ്രായത്തിന്‍ മിഴികളില്‍
ഷീറ്റിട്ടകാലത്തു
കൈത്തോടായണപൊട്ടി
നെഞ്ചകം നീറ്റുന്നോരോര്‍മയായ്

വീടും വളര്‍ന്നിന്നു
ഞാനും വളര്‍ന്നു
വേളിയായ്
വീടിന്നു വാര്‍ക്കയായി
ആരുമേ കേള്‍ക്കാതെ
കാണാതെ ഇനിയമ്മ
പിന്നാമ്പുറത്തൊരു പുഴയാവുന്നു

ദ്വീപുകള്‍വിസ്മയമാണ് അകല കാഴ്ചയില്‍ 
ദ്വീപുകള്‍ 
ചില ജീവിതങ്ങളും
ചേര്‍ത്തുപിടിക്കുമ്പോഴറിയാം
വിഹ്വലതകളും വിങ്ങലുകളും

ഓരോ തിരയിലും
അലിഞ്ഞുപോകുന്ന അതിരുകള്‍
പൊടുന്നനെ
അണയുന്ന കാര്‍മേഘക്കുതിരകള്‍

വെള്ളത്താല്‍ ചുറ്റപ്പെട്ടവ
ദ്വീപാണെങ്കില്‍
ഒറ്റപ്പെട്ടു പോകുന്ന
ഞാനും നീയും മറ്റെന്താണ് ???

ഹൃദയംഹൃദയത്തിന്‍റെഅറകള്‍ 
വര്‍ധിച്ചു കൊണ്ടേയിരിക്കുന്നു !!!
 മാറി മാറി വരുന്നു  താളം  !!!
മരണത്തിലേക്കിനിയധികദൂരമില്ലത്രെ

മിടിപ്പുകളിലറിയാം
പൂക്കാത്ത കാടാണൊന്നില്‍
ഇനിയൊന്നില്‍ അമാവാസി
കരിമ്പടം പുതച്ചുറങ്ങുന്നു

ചില്ലകളില്ലാത്ത ചിറകൊടിഞ്ഞ
പക്ഷികളെ നിങ്ങള്‍ക്കായൊന്ന്
നിറുത്താതെ പെയ്യും മഴക്കും
നിലാവിനും മറ്റൊന്ന്

യക്ഷിക്കഥകള്‍ക്ക് മുടിയഴിച്ചാടാനും
മാലാഖമാര്‍ക്ക്  ചിറകുവിടര്‍ത്താനും
കടലാസുവള്ളങ്ങള്‍ക്ക്
ഒഴുകിനടക്കാനും അറകള്‍ വേണം

ആരൊക്കെയോ തൂങ്ങി മരിച്ചയീ
മരക്കൊമ്പുകളും
എന്‍റെ അസ്ഥി പഞ്ചരവും
ഞാനിവിടെ സൂക്ഷിക്കും

വരില്ലെങ്കിലും വെറുതെയെങ്കിലും
ഒരു വസന്തത്തിനായി ഇടമൊരുക്കണ്ടേ???
ഒരു കുന്നും ഉരുളുന്ന കല്ലും
തോല്‍ക്കാതെ തോല്‍ക്കുന്ന
ഭ്രാന്തിന്റെ ചിരിയും അറകള്‍ തിരയുന്നു

അലകളുറങ്ങാത്ത കടലും
ഉരുകുന്നൊരു മണ്‍ചിരാതും
വെള്ളിടികളും അറകള്‍
പകുത്തു പതം പറയുമ്പോള്‍

ഇടമില്ലാതെയലയുന്ന സ്വപ്നങ്ങളും
അറപ്പെരുക്കങ്ങളില്‍ പൊട്ടാത്ത
ഹൃദയത്തോടൊപ്പം ഞാനും
മരിച്ചുകൊണ്ടേയിരിക്കുന്നു  !!!!!

ദാഹം


മരവേരുകളിലൂടെ
ഇല ഞരമ്പുകളിലേക്ക്  
യാത്രപോകുന്നുണ്ടൊരു
ജലകണിക ......

മഴത്തുള്ളികള്‍
പൊതിയുമ്പോഴും
ഇലമനസു ദാഹാര്‍ദ്രനായി
തേടുന്നത് അവളെയാണ് ....

ഇവിടെകവിത വളര്‍ന്നു 
കാടാകുന്നു തീ പടരുന്നു 
ഞാനുമൊരു മരമായി
കത്തിയമരുന്നു

മത്സ്യങ്ങള്‍ക്കു
ചിറകുമുളയ്ക്കുന്നു
പക്ഷികളില്‍
ചെകിള പൂക്കള്‍ വളരുന്നു

ആകാശം മലര്‍ന്നൊരു
കുട്ടയാവുന്നു
ഭൂമിയതിലൊരു
പന്തുപോലെയുരുളുന്നു

പാതിരാ പൂവുകള്‍
സൂര്യനെ പ്രണയിക്കുന്നു
ചന്ദ്രന്‍ ചുവന്നു തുടുക്കുന്നു
കടലില്‍ മുങ്ങി നിവര്‍ന്നു
കാലം കരിക്കട്ട പോലെ കറുക്കുന്നു

നിലാവിലൊളിക്കുന്ന നിഴലുകള്‍നിഴലിനൊരു മോഹം 
നിലാവിലേക്കു യാത്ര പോകണം 

നിദ്രയില്‍ നിന്നും നിദ്രയിലെക്കു
വഴുതുന്ന മനസിനെ തൊട്ടുണര്‍ത്തി
കണ്ണുകളിലേക്കു മുല്ലപ്പൂക്കളെ
വേരോടെ പറിച്ചു നട്ടു.

മഞ്ഞുതുള്ളികള്‍ നേര്‍ത്തരാഗത്തില്‍
ചേര്‍ത്തു തുന്നിയ നീളനുടുപ്പിട്ടു.....
മിന്നാമിനുങ്ങിന്റെ വെളിച്ചം
പാദുകമായണിഞ്ഞു

ഒലിവിലകള്‍ വഴി പറഞ്ഞു .....
നിറമില്ലാത്ത ,നിശബ്ദമായ
മിനാരങ്ങളില്ലാത്ത ,മൃദുവായ
ചന്ദനം പാകിയ ഒരിടവഴി

നീയെന്‍റെ നെറ്റിയില്‍ പതിച്ച
പ്രണയ ചുംബനങ്ങളില്‍
ഭാരമലിഞ്ഞു ഞാന്‍ മെല്ലെയുയര്‍ന്നു..
പൊടുന്നനെ ഒരു നക്ഷത്രം
കൈ നീട്ടി എന്നെ തൊട്ടു

പ്രകാശ വര്‍ഷങ്ങളിലൂടെ
പുതുമയറിഞ്ഞൊരു സഞ്ചാരം
ഉയരത്തിലെത്തുമ്പോള്‍
പൂര്‍ണ ചന്ദ്രന്‍ പാതിയായിരുന്നു

നിഴല്‍ പറയുകയാണ്‌
മാഞ്ഞുപോയ പകുതിയിലുണ്ടത്രേ ,
ഇടയ്ക്കിടെ മരിച്ചുപോകുന്ന
സ്വപ്നങ്ങളുടെ കൂട്ടുകാര്‍

തിരികെ മടങ്ങും മുന്‍പേ
അമ്പിളിക്കലയാണ് പഠിപ്പിച്ചത്
അഴലുകളെ നിനവില്‍ സൂക്ഷിക്കാന്‍
നിറമില്ലാതെ ചിരിക്കാനും

അല്ലെങ്കിലും ആരെങ്കിലും
കാണാറുണ്ടോ ?
ചന്ദ്രബിംബത്തിന്റെ
നിഴല്‍ പകുതികള്‍ !!!!
അഥവാ കളങ്കമില്ലാതെയൊരു പൂന്തിങ്കള്‍ !!!!!

ഇനി വരിക ,ചപല മോഹങ്ങളെ , 
വിക്ഷുബ്ദ വികാരങ്ങളുടെ
വിഷ വീഞ്ഞിനെ ദൂരെയൊഴുക്കി
സൂര്യകിരണങ്ങള്‍പോല്‍സുതാര്യമാവുക

വ്യര്‍ത്ഥഭിമാനതിന്റെ വേരുകള്‍
പിഴുതു ചിതയോരുക്കുക
നെല്‍ മണി പോലെ ചെറുതാവുക

വ്യാമോഹങ്ങളെ
ഭൂമിക്കു മുകളിലേക്ക്
വലിച്ചെറിഞ്ഞു
തെന്നല്‍ പോലെ ഭാരമില്ലാതെയാവുക

ഇനി വരിക ,

ഒരു മഞ്ഞു തുള്ളിയില്‍ കുളിച്ച്
തൂവലില്‍ ഭൂമിയെ വലം വയ്ക്കുക
തുമ്പി തന്‍ ചിറകില്‍ കടല്‍ കടന്നു
,പൂവിതളില്‍ ഉറങ്ങുക
അപ്പൂപ്പന്‍ താടി പുതയ്ക്കുക

ഒടുവില്‍ ,
ആത്മാവിന്‍റെ സുഗന്ധം മാത്രമായി
ഞാന്‍ നിന്നിലലിയും വരെ
ഒന്നായിരിക്കുക

എന്‍റെ വസന്തംതിരികെ നടന്നു കൊള്ളാം ഞാന്‍ 
തോരാത്ത മഴയുണ്ട് നനയാന്‍ 
വറ്റാത്ത കടലുണ്ട് കാണാന്‍
തിരികെ നടന്നു കൊള്ളാം ഞാന്‍

എന്നില്‍ വിരിഞ്ഞ വസന്തമേ
നിന്നിലെന്‍
ഹൃദയതാളത്തിന്റെ കവിത
മരണ താളത്തിന്റെ പൊലിമ

മുറിവുണങ്ങി കരിയാത്ത
ചങ്ങല
മുടിയഴിച്ചിട്ടു പാടുന്നു
കാളിമ

നിന്‍റെ ചിത്രങ്ങളാല്‍ ഞാന്‍ തീര്‍ത്ത
ഭിത്തിയില്‍
ആര്‍ദ്രമാ ചൂടും ചിലപ്പും
ചൊടിപ്പുമെന്‍ വിങ്ങലായ്