2014, ഫെബ്രുവരി 27, വ്യാഴാഴ്‌ച

സ്വപ്‌നങ്ങള്‍


എഴുത്ത് മതിയാക്കി മുറി വിട്ടിറങ്ങാന്‍ നോക്കുമ്പോഴാണ് ആരോ അടുക്കിവച്ച മൂന്നു കടലാസുപെട്ടികള്‍ ശ്രദ്ധയില്‍ പെട്ടത് ,ഉറക്കം വരുന്നുണ്ടെങ്കിലും അതില്‍ എന്തെന്നറിയാന്‍ ആകാംക്ഷ തോന്നി . 
ആദ്യത്തെ പെട്ടിക്കു നല്ല നിറം ,തീരെ ഭാരമില്ല .മെല്ലെ തുറന്നു .പെട്ടെന്ന് നിറമുള്ള പൊടിപടലങ്ങള്‍ മുറിയാകെ നിറഞ്ഞു ,ഇവയാണത്രേ വെറുതേ കാണാവുന്ന നിറമുള്ള സ്വപ്‌നങ്ങള്‍ .!!!!ഒഴുകി നടക്കുന്ന കിനാവുകള്‍ !!!!. 
രണ്ടാമത്തെ പെട്ടിക്കുള്ളില്‍ പുക പോലെ കുറെ സ്വപ്‌നങ്ങള്‍ ,
മടുപ്പിക്കുന്ന ഗന്ധവും ,അവ ജീവിതത്തിന്‍റെ നടക്കല്ലില്‍ തല തല്ലി ദിനം പ്രതി മരിക്കുന്നവ ആണത്രേ ...കണ്ണുകളെ നിറയ്ക്കുന്ന അവയുടെ നേരെ നോക്കാതെ ഞാന്‍ മൂന്നാമത്തെ പെട്ടി തുറന്നു .
പ്രകാശം മാത്രം ,ഇത്തിരി സ്വപ്‌നങ്ങള്‍ പക്ഷെ വല്ലാത്ത ഭാരം .
വര്‍ത്തമാന കാലത്തിന്റെ ചൂടോപ്പുന്ന നന്മ നിറഞ്ഞ കനവുകളാണത്രേ .ആത്മാവില്‍ കൈനഖങ്ങള്‍ കുത്തിയിറക്കി അതെന്നെ വലിച്ചടുപ്പിച്ചു .ഞാനൊന്നു പിടഞ്ഞു .
പെട്ടെന്ന് ആരോ കതകില്‍ മുട്ടി ....
ഞെട്ടിയുണര്‍ന്ന എന്‍റെ തല കട്ടിലില്‍ ഇടിച്ചു .അതുമൊരു സ്വപ്നമായിരുന്നു .വലിയൊരു സ്വപ്നം .
പക്ഷെ ......
ഞാന്‍ കൂടു തുറന്നു വിട്ട സ്വപ്‌നങ്ങള്‍ ഉള്‍ക്കാഴ്ചയുള്ള കണ്ണുകളെ തേടി അലഞ്ഞു തിരിയുകയാണ് ,ഉറക്കറകളുടെയല്ല , എഴുത്തുമുറികളുടെ ജനാലകളില്‍ മുട്ടി വിളിക്കുകയാണ്‌ ...........

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ