2014, ഫെബ്രുവരി 27, വ്യാഴാഴ്‌ച

എന്നെ സ്നേഹിച്ചിരുന്നുവെങ്കില്‍

ഒരു  നിമിഷം 
മൗനമാചരിക്കുക
ഞാന്‍ മരിച്ചിരിക്കുന്നു !!!

ഇപ്പോള്‍ .
കണ്ണുകളില്‍ 
നീര്‍ത്തുള്ളിയായും 

നാളെ ,
കരളിലൊരീര്‍ച്ചവാളായും
ഈയോര്‍മ  കടന്നു പോയേക്കാം  ....

ഇന്നലെകളിലെവിടെയോ ..
ചൊടികളില്‍ വിരിഞ്ഞ 
പുഞ്ചിരിയുടെ ബാക്കിപത്രമാണത് !!!


പുസ്തകങ്ങളെ 
നിവര്‍ത്തി വയ്ക്കുക ....
അക്ഷരങ്ങളിലെന്‍റെ സ്വരമുണ്ടാവാം   !!

ജാലകവിരികള്‍ 
മാറ്റിയിടുക .....
ഒരീറന്‍ കാറ്റായി  വന്നു  പുണര്‍ന്നേക്കാം  ......!!

പൂക്കളെ വിടരാന്‍ അനുവദിക്കുക ....
ചിത്രശലഭങ്ങളുടെ 
ചിറകുകളില്‍  ഒരടയാളമായിരിക്കാം  ഞാന്‍  !!


പേനയുടെ   മൂടി  മാറ്റുക ...
മഷിയില്‍ 
എന്നെ  ഗന്ധമുണര്‍ന്നേക്കാം 

ഇനി  നീ  എഴുതുന്ന  
കവിതയ്ക്ക്  ഒരു  പേരിടുക ...
അത്  ഞാനായിരിക്കും !!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ