2017, മേയ് 18, വ്യാഴാഴ്‌ച

തെറ്റുന്ന വരകൾ

മനുഷ്യന്റെ ജീവിതം
വരയ്ക്കുമ്പോൾ
അറിയാതെ  ദൈവത്തിന്റെ കൈ തട്ടുന്ന
കുട്ടികൾ ആരാവാം??
അവർക്കെന്തു ശിക്ഷയാകും കിട്ടാറുള്ളത്‌?

തെറ്റിപ്പോയ വരകളുള്ള ജീവിതം
ജീവിച്ചു തീർത്തിട്ട്‌
സ്വർഗ്ഗത്തിൽ കയറിയാൽ മതി
എന്നാവുമോ അവർക്ക്‌ കിട്ടുന്ന ശാസന ??

ക്ലാസിനു പുറത്താക്കപ്പെട്ട
കുട്ടികളെപ്പോലെ
നാമീ ഭൂമിവരാന്ത
നിറയ്ക്കുന്നത്‌ അങ്ങനെയാവുമൊ?

അതിനിടയിലും  പൊട്ടിയ സ്ലേറ്റിൻ കഷണങ്ങളും
കല്ലുപെൻസിലിന്റെ മുറികളും
കൈമാറുന്ന
കാറ്റനങ്ങുമ്പോൾ
പരസ്പരം കണ്ണിറുക്കി ചിരിക്കുന്ന
നമ്മെ കണ്ടിട്ടാവുമൊ
ദൈവം ജീവിതങ്ങളെ
വീണ്ടും വീണ്ടും
തെറ്റി വരയ്ക്കുന്നത്‌?

2017, മേയ് 16, ചൊവ്വാഴ്ച

കവിയുടെ കുറിപ്പുകൾ

തനിച്ചിരിക്കുമ്പോൾ ഉറക്കെ പാടുന്നൊരാൾ
സ്വയം ആശ്വസിപ്പിക്കുകയാണു
ഏകാകിയായിരുന്നൊരാൾ
കുറിക്കുന്ന കുറിപ്പുകളുമങ്ങനെ തന്നെ

അത്രയാഴത്തിലേറ്റ
മുറിവുകൾ അയാൾ
സ്വയം വച്ചുകെട്ടുകയാണു
അതിന്റെ അലയൊലികൾ
നമ്മെ തൊടുന്നുവെന്നേയുള്ളൂ
  
സ്വയമാശ്ലേഷിച്ച്‌
അയാൾ ധൈര്യപ്പെടുകയാണു
നമുക്കത്‌ ആശ്വസിപ്പിക്കലെന്നേയറിയാനാവൂ

അയാളുറക്കെ ഉള്ളിലെ ചോദ്യങ്ങൾക്ക്‌
മറുപടി നൽകുകയാണു
നാമതിനെ കവിതകളെന്ന്
വിളിക്കുമ്പോഴും

പ്രണയി

പ്രണയിക്കൊപ്പമായിരിക്കുമ്പോഴാണു ഒരാത്മാവ്‌ ഏറ്റവും അഴകുള്ളതായിരിക്കുന്നത്‌.
അതിന്റെ ഭാരം ലഘൂകരിക്കപ്പെടുകയും
സാധ്യതകൾ അധികരിക്കപ്പെടുകയും
ചെയ്യുന്നതുമപ്പോൾ തന്നെ .

ഒരു മരത്തിനു
ആഴത്തിലോടുന്ന വേരുകളും
വിടർന്ന ഇലകളും
ധാരാളം ചില്ലകളും
അതിൽ നിറയെ കിളിപ്പാട്ടുകളും
ഉണ്ടായിരിക്കാം.

എങ്കിലും പൂക്കൾ വിരിയാൻ,
അതിൽ തേൻ നിറയാൻ,
പൂമ്പാറ്റകൾ വട്ടമിടാൻ
ഒരു വസന്തകാലം
ആഗമിക്കേണ്ടിയിരിക്കുന്നു

എന്നിലേക്കു നീയും
നിന്നിലേക്കു ഞാനും
എത്തിച്ചേരുന്ന
കാലം വരെ നാമെത്ര
തണൽമരങ്ങൾ താണ്ടിയിട്ടുണ്ടാവാം
എങ്കിലും പൂത്തിരുന്നില്ലല്ലൊ
അവയിലൊന്നും നാം

ഒ/ഒഅപ്പവും വീഞ്ഞും

ഞാനൊരു ദീർഘദൂരയാത്രയുടെയവസാനം
ക്ഷണിക്കപ്പെടാതെ
ഒരാളുടെയതിഥിയായിച്ചെന്നു.

എനിക്കപ്പവും വീഞ്ഞും
വേണ്ടിയിരുന്നു ,അത്രത്തോളം
ഞാൻ ക്ഷീണിച്ചിരുന്നു

അൽപം കുഴച്ച മാവും
മുന്തിരിയുടെ പഴുത്ത കുലയും
അയാളെനിക്കു തന്നു

ഞാനത്‌ നീരസത്തോടെ നിരസിച്ചു

നിന്റെ വാക്കുകളെന്തിനു
മറ്റുള്ളവർക്ക്‌
ചിന്തിക്കാനോ, ചിന്തിക്കാതിരിക്കാനോ
അധികബാദ്ധ്യതയായി
നൽകുന്നു???

ചിന്തകളത്രയും
തെളിവോടെ പകരുക
അൽപവും മിച്ചം
 വയ്ക്കാതെ പകർത്തുക
അവസാനവറ്റിൽ നിന്ന്
സദ്യയൊരുക്കാൻ ഭഗവാനാണു
വായിക്കുന്നതെന്നു
മാത്രം കരുതുക
 

2017, മേയ് 15, തിങ്കളാഴ്‌ച

കല്ല്

ഓർമ്മകളുമനുഭവങ്ങളും
ഭാരമേറിയ കല്ലുകളാണു
അവയെ ഭാണ്ഡത്തിൽ നിന്നിറക്കുക
അവയ്ക്കു മുകളിൽ ചുവടുറപ്പിക്കുക

സ്വപ്നങ്ങളും ഭാവിയും
വളരെ ദൂരേയ്ക്കെറിഞ്ഞു
കൊള്ളിക്കാൻ പാകത്തിൽ
ചെറുകല്ലുകളായി കൈയിൽ കരുതുക

വർത്തമാനകാലത്തിന്റെ
ഭാരം അങ്ങനെ ലഘൂകരിക്കുക

2017, മേയ് 9, ചൊവ്വാഴ്ച

പ്രണയം

പ്രണയിക്കപ്പെടുകയെന്നാൽ
അടിമയായി വിൽക്കപ്പെട്ട്‌ മറ്റൊരു ലോകത്തേക്ക്‌
നാടുകടത്തപ്പെടുകയാണെന്ന്
ആരാണു പറഞ്ഞു
പഠിപ്പിക്കുന്നത്‌

നിങ്ങൾ
നിങ്ങളായിരിക്കുമ്പോൾ മാത്രമേ
മറ്റൊരാൾക്ക്‌
നിങ്ങളെ പ്രണയിക്കാനാവൂ

നിങ്ങളുടെ
ആകാശം വിശാലവും
ഭൂമി തളിർപ്പുകൾ നിറഞ്ഞതും
ആക്കാൻ ആർക്കു കഴിയുന്നുവോ

വയലറ്റ്‌ പൂക്കളെ കാണാൻ
നിങ്ങൾക്കൊപ്പമാരു പുറപ്പെടുന്നുവോ
അപ്പൊഴല്ലാതെ പ്രണയത്തെ എപ്പോഴാണു തേടേണ്ടത്‌

അതൊരു നിഴലിലും
നിശബ്ദമായി ഉറങ്ങുന്നില്ല

പ്രണയിയുടെ തണൽ തേടുന്നത്‌
നിങ്ങളിലെ അലസനായ മനുഷ്യനാണു

അപ്പോൾ മാത്രം കോർത്തുകെട്ടിയ കൈവിരലുകൾക്കിടയിലൂടെ പ്രണയം ഒഴുകിപ്പോകുന്നു

അവൻ

ആരുടെയും സ്വന്തമല്ലാത്തപ്പോൾ
സ്വാതന്ത്ര്യമില്ലാത്ത
ജീവിയാണു പുരുഷൻ

ഭൂമിയുടെ
സാങ്കൽപികമായൊരു
അച്ചുതണ്ട്‌ പോലെ
അത്രയഗാധമായൊരു
സ്നേഹത്തിന്റെ ബലമില്ലാതെ
അവനു ഭ്രമണം സാധ്യമല്ല

അമ്മൂമ്മയുടെ ,
അമ്മയുടെ,
കാമുകിയുടെ ,
ഭാര്യയുടെ ,
മകളുടെ ,
സ്നേഹശാസനകളില്ലാത്തൊരു
ലോകത്തവൻ അനാഥനാകും

ഒരു കുഞ്ഞിനെപ്പോലെയാണവൻ
എപ്പോഴൊ മുതിർന്നുവെന്ന
തോന്നലിൽമാത്രം
ചുവടു തെറ്റുന്നവൻ

2017, മേയ് 8, തിങ്കളാഴ്‌ച

ചക്രവർത്തി

ഇന്നലെകളെ കൊണ്ട്‌ അഥവാ ചരിത്രം കൊണ്ട്‌
നിങ്ങൾക്കൊരു
പ്രസംഗം തയാറാക്കാനാവും

നാളെയുടെ അല്ലെങ്കിൽ ഭാവിയുടെ
ചിറകുകളുടെ ഭാരം പോലും
നിങ്ങളുടെ സ്വപ്നങ്ങൾ താങ്ങില്ല

ഇന്നിന്റെ , ഈ വർത്തമാനത്തിന്റെ
അതിരുകളിൽ നിങ്ങളാണു
ചക്രവർത്തി

2017, മേയ് 1, തിങ്കളാഴ്‌ച

ദൈർഘ്യം


അവനവനോടൊപ്പം
ആയിരിക്കുമ്പോഴാണു
മനുഷ്യൻ ഏറ്റവുംകൂടുതൽ
ആനന്ദമനുഭവിക്കുന്നത്‌;
ആ ആനന്ദത്തിൽ നിന്നാണു
പ്രതിഭകൾ ജനിക്കുന്നത്‌,

തനിക്കു പുറത്തും അവൻ അന്വേഷിക്കുന്നത്‌ സ്വന്തം അപരനെത്തന്നെയാണു.
ചിന്തകളിലും വ്യാപാരങ്ങളിലും താദാത്മ്യപ്പെടാനാവുന്നൊരാളെ

 തനിക്കുള്ളിരുന്നു മുഷിയുന്ന
ഇടവേളകളിലാണവൻ മറ്റുള്ളവരെ തിരയുന്നത്‌ .
ആ ഇടവേളകൾക്കാവശ്യമായ
ദൈർഘ്യമാണു
ഓരോരുത്തരെയും
നിർവ്വചിക്കുന്നത്‌

2017, ഏപ്രിൽ 27, വ്യാഴാഴ്‌ച

ഒരു പെണ്‍കുട്ടിയുടെ കഥ

നമ്മുടെ ഗ്രാമത്തിലൊരിക്കലും
ഇല്ലാത്ത ഒരു പെണ്‍കുട്ടിയുടെ
കഥ കേള്‍ക്കാനായി
നമുക്ക് മൂന്നു രാജ്യങ്ങള്‍
കടന്നുപോകേണ്ടതുണ്ട്

ആദ്യത്തെ രാജ്യം  അവിശ്വസനീയതയാണ്
കഥകള്‍ അങ്ങനെ ആയിരിക്കണമല്ലോ

അവള്‍ക്കായി ഒരുങ്ങിയ വഴികള്‍
അവള്‍ നടന്ന  പകലുകള്‍
ഉറങ്ങിയ രാവുകള്‍

രണ്ടാമത്തെ  രാജ്യവും അവിശ്വസനീയതയാണ്,
അവള്‍ ചെയ്ത ജോലികള്‍
നേടിയ അറിവുകള്‍
അവളുടെ സമ്പാദ്യങ്ങള്‍

മൂന്നാമത്തെ രാജ്യവും അവിശ്വസനീയത  തന്നെയാണ്
അവളുടെ വസ്ത്രങ്ങള്‍
അവളുടെ കണ്ണുകള്‍
അവളുടെ  വാക്കുകള്‍

ഈ മൂന്നു  രാജ്യവും
കടന്നെത്തുമ്പോള്‍
നാം സ്വന്തം ഗ്രാമത്തില്‍
എത്തിച്ചേര്‍ന്നിരിക്കുന്നതായി കാണും

കാടിന്റെ അരികിലായി
അവള്‍ അലസമായിരിക്കുന്നത് കാണുമ്പോള്‍
മേയാന്‍ വിട്ട കുതിരകളെ കാത്തിരിക്കുകയാണെന്ന്
അവള്‍ ചോദിക്കാതെ മറുപടി  പറഞ്ഞേക്കും

പതിവു നടത്തങ്ങള്‍ക്ക്
തിളങ്ങുന്ന വസ്ത്രങ്ങളണിഞ്ഞു
താനൊരു നീണ്ട യാത്ര പോവുകയാണെന്ന്
അവള്‍ തോന്നിപ്പിച്ചേക്കും

ദൂര  യാത്രകള്‍ക്ക്
അയഞ്ഞ പഴകിയ വസ്ത്രങ്ങളണിഞ്ഞു
അവള്‍ ഗ്രാമീണതയെ ഓര്‍മിപ്പിക്കുകയും ചെയ്യും

അവള്‍ക്കൊപ്പം
ഒരിക്കലും സഞ്ചരിക്കാത്തവരുടെ
കൈകളില്‍  നിന്നൂര്‍ന്നു പോവുകയോ
അവള്‍ക്കൊപ്പമെത്താന്‍ കഴിയാത്തവരുടെ
കൈകളാല്‍ കൊല്ലപ്പെടുകയോ ചെയ്ത്

അവിശ്വസനീയതയുടെ രാജ്യത്ത്
ഒരു കഥയായി അവള്‍ തുടരുമ്പോഴും

മൂന്നു രാജ്യങ്ങള്‍ക്കപ്പുറമുള്ള
ഒരു പെണ്‍കുട്ടിയുടെ 
അതിസാഹസിക  കഥ കേള്‍ക്കാന്‍ നാം കാതു കൂര്‍പ്പിക്കുകയാവും