2017, ഒക്‌ടോബർ 27, വെള്ളിയാഴ്‌ച

ലൈഫ്‌

തീവണ്ടി സ്റ്റേഷനിൽ നിർത്തിയപ്പോൾ രാത്രിയായിരുന്നു. സമയമെത്രയായി എന്ന് നിശ്ചയമില്ല. ബാഗ്‌ എടുത്ത്‌ തോളിലിട്ട്‌ ഞാനെഴുന്നേറ്റു. പ്ലാറ്റ്ഫോമിലേക്കിറങ്ങിയപ്പോൾ വസ്ത്രത്തിൽ പൊടി പറ്റിയോ ചുളിവുണ്ടൊ എന്നൊക്കെ ഒന്നു പരിശോധിച്ച്‌ ഞാൻ സംതൃപ്തയായി. അടുത്ത്‌ കണ്ട ഒരു കടയുടെ അരികിലേക്ക്‌ ഞാൻ മാറി നിന്നു.  തീവണ്ടിയിൽ നിന്നിറങ്ങിയ ഒരാൾ എനിക്കൊപ്പം നിൽക്കുന്നത്‌ ഞാൻ ശ്രദ്ധിച്ചു. ഇയാൾ എന്നെ പിന്തുടരുകയാണോ? എനിക്ക്‌ വഴി അറിയില്ലെന്ന കാര്യം ഇയാൾ മനസിലാക്കിയിരിക്കുമൊ? എന്നിലൊരു ഭയം പതിയെ ഉണർന്നു വന്നു. ഞാൻ വിരലുകളാൽ ബാഗിൽ മുറുക്കിപ്പിടിച്ചു. അയാൾ രണ്ടു കാപ്പി ഓർഡർ ചെയ്തു. അതിലൊന്ന് എനിക്കുള്ളതായിരുന്നു. ഞാനതു നിരസിച്ചു. യാത്രാക്ഷീണവും രാത്രിയുടെ വിരസതയും ഒക്കെ ചേർത്തു വയ്ക്കുമ്പോൾ ആ കാപ്പി എന്റെ അവകാശമായിരുന്നു. എങ്കിലും എന്തോ ഒരു ഉൾഭയത്തിന്റെ പേരിൽ ഞാനതൊഴിവാക്കി. ആദ്യമായി ഒരു കാപ്പി കുടിക്കുന്നതിന്റെ അത്ര ആസ്വാദ്യതയോടെ അയാൾ അതു
മെല്ലെയൂതിക്കുടിച്ചു. ഞാനുമൊരു കാപ്പി വാങ്ങി  കുടിക്കാൻ തുടങ്ങി. അതൊരുന്മേഷം എനിക്ക്‌ തന്നു.അയാൾ ഒരു വരണ്ട ചിരി എനിക്കു സമ്മാനിച്ചുകൊണ്ട്‌ അവിടം വിട്ടു പോകാതെ നിന്നു. കാഴ്ചയിൽ എനിക്കൊപ്പം പ്രായമേ തോന്നിക്കുന്നുള്ളൂവെങ്കിലും വേഷം മുഷിഞ്ഞതും മുഖം ക്ഷീണം നിറഞ്ഞതുമായിരുന്നു.

ജീവിതം ഇങ്ങനെ നീണ്ടുകിടക്കുകയല്ലേ ?? കാപ്പിക്കടക്കാരൻ മുൻപരിചയമുള്ള ആരോടൊ ഒരു പരിഭവം പറഞ്ഞു. ഞാനതിൽ മുഴുകി ഒന്നു നെടുവീർപ്പിട്ടു. എന്റെ സഹയാത്രികൻ വായുവിൽ കൈ ഉയർത്തി എന്തോ വരച്ചു

. നീണ്ടു കിടക്കുന്ന റെയിൽപാളങ്ങൾക്കു പകരം എന്റെ മുന്നോട്ടുള്ള യാത്രയ്ക്ക്‌ തടസമാകും വിധം മതിൽ പോലെ എന്തോ ഒന്നാണെനിക്ക്‌ കാണാൻ കഴിഞ്ഞത്‌. ഇനി ഞാനെങ്ങനെ മുന്നോട്ടു പോകും ? കോപവും നിരാശയും കലർന്ന് ഞാനയാളെ നോക്കി.എന്റെ ജീവിതം വഴി മുട്ടി നിൽക്കുന്നു.

ജീവിതത്തിനു നിൽക്കാനാവില്ല , അത്‌ ഒഴുകികൊണ്ടേയിരിക്കും, ജീവിതം മുറിയുന്നില്ല, വഴികളാണു മുറിയുന്നത്‌, അയാൾ എനിക്കപരിചിതവും അത്ര സൗമ്യമായതുമല്ലാത്ത ശബ്ദത്തിൽ എനിക്ക്‌ മാത്രം കേൾക്കാവുന്ന രീതിയിൽ പറഞ്ഞു.
ഞാൻ ചുറ്റും നോക്കി.വന്ന വണ്ടി പോയിക്കഴിഞ്ഞിരുന്നു.മടങ്ങിപ്പോകാനാവില്ല. ഒരു വഴിവിളക്കിന്റെ മഞ്ഞ വെളിച്ചത്തിൽ സ്റ്റേഷനു പുറത്തേക്ക്‌ ഒരിടവഴി ഞാൻ കണ്ടു. ബാഗ്‌ ഒന്നുകൂടി വലിച്ചു തോളിലിട്ട്‌ ഞാനതു ലക്ഷ്യമാക്കി നടന്നു. ഒരാൾക്ക്‌ കടന്നു പോകാവുന്ന ഒരിടവഴി ആയിരുന്നു അത്‌. പക്ഷെ എന്റെ സഹയാത്രികനും എനിക്കൊപ്പം നടന്നു.അയാളെ മുട്ടാതിരിക്കാൻ ഞാനൊതുങ്ങി നടന്നപ്പോഴേല്ലാം അയാളൊരു വിശാലവഴിയിലെന്ന പോലെ സഞ്ചരിച്ചു. ഞാൻ എനിക്കു സുഖകരമായ രീതിയിൽ നടന്നപ്പോഴാകട്ടെ അയാൾ ഒതുങ്ങിയും സഞ്ചരിച്ചു.
നീയെന്തിനാണിത്ര വലിയ ബാഗ്‌ ചുമക്കുന്നത്‌?? അയാളെപ്പോഴോ എന്റെ നടപ്പിന്റെ വേഗം കുറഞ്ഞതു കണ്ട്‌ ചോദിച്ചു.
ആവശ്യമുള്ള സാധനങ്ങൾ വായുവിൽ നിന്നെടുക്കാൻ എനിക്ക്‌ മാജിക്കറിയില്ല, ഒരു കാരണവുമില്ലാതെയാണല്ലൊ ഞാൻ ക്ഷോഭിക്കുന്നതെന്ന് മനസിലോർത്തുകൊണ്ട്‌ ഞാൻ കനത്ത സ്വരത്തിൽ മറുപടി പറഞ്ഞു.
അടുത്ത നിമിഷം എന്റെ കാലിലൊരു കല്ല് തട്ടി ഞാൻ വീഴാനാഞ്ഞു മുന്നോട്ടു പോയി. കൈയിലിരുന്ന ബാഗ്‌ അടുത്തുണ്ടായിരുന്ന മതിലിനപ്പുറത്തേക്ക്‌ തെറിച്ചു പോയി.

ഞാനൊരു നിമിഷം നിന്നുപോയി. വീണില്ലല്ലൊ എന്നാശ്വസിച്ചു വരുമ്പോഴെക്കും  ബാഗ്‌ പോയല്ലോ എന്നോർമ്മ വന്നു. സ്വന്തമായിരുന്നവ നഷ്ടപ്പെട്ടല്ലൊ എന്ന ചിന്തയെക്കാൾ ഭാരമൊഴിഞ്ഞല്ലൊ എന്നൊരാശ്വാസമാണെനിക്ക്‌ തോന്നിയത്‌, അതെന്നെ അത്ഭുതപ്പെടുത്തി.

ഞാനും അയാളും പരസ്പരം ഒന്നും സംസാരിക്കാതെ വളരെ ദൂരം നടന്നുകഴിഞ്ഞിരുന്നു. പുഴയ്ക്കക്കരെ ആണെന്റെ വീട്‌, ഞാൻ പൊയ്ക്കോള്ളാം , അയാളിൽ നിന്ന് മോചനം
ആഗ്രഹിച്ചുകൊണ്ട്‌ തന്നെ ഞാൻ പറഞ്ഞു.
അയാളെ ശ്രദ്ധിക്കുന്നില്ല എന്നു വരുത്തിത്തീർക്കാൻ ഞാൻ മുഖം കുനിച്ചു തന്നെ നടന്നു. എങ്കിലും ചിരപരിചിതമെന്നപോലെ അയാൾ മുൻപേ നടന്ന് വള്ളത്തിന്റെ കെട്ടുകളഴിച്ച്‌ അതിൽ കടന്നിരുന്നു. ഞാനും അതിൽ കയറിക്കഴിഞ്ഞപ്പോൾ എനിക്ക്‌ പോകേണ്ടിയിരുന്ന ദിശയിലേക്ക്‌ അയാൾ തുഴയൂന്നി തുടങ്ങി.

ജീവിതമങ്ങനെ നമുക്കൊപ്പം ഒഴുകുകയാണു, അതിനു നിൽക്കാനാവില്ല ഒപ്പം ഹൃദയസ്പന്ദനം പോലെ കൂടെയാവുക എന്നതേ നമുക്ക്‌ ചെയ്യാനുള്ളൂ. ഓരോ വളവിനുമപ്പുറം ജീവിതം ആസ്വാദ്യകരമായ രീതിയിൽ കൈനീട്ടി നിൽക്കുന്നുവെന്ന് നമ്മോടു കളവ്‌ പറയുന്നതാരൊക്കെയാണു.?? അൽപദൂരം കഴിഞ്ഞാൽ നമുക്കൊപ്പം ജീവിതവും തിരിയുകയാണു . കാരണങ്ങൾ തേടാതിരിക്കുക . ഓരോ
നിമിഷവും ആദ്യത്തേതും
 അവസാനത്തേതുമെന്ന പോലെ ആസ്വദിക്കുക .

ആ സ്വരത്തിനൊടുവിൽ അയാൾ എന്റെ നിഴലായി. ഞാനാണിപ്പോൾ തോണി തുഴയുന്നത്‌, ജീവിതമെനിക്കൊപ്പം പുഴയിലെ ഓളങ്ങളെന്ന പോലെ ഒഴുകുകയാണു

2017, ഒക്‌ടോബർ 22, ഞായറാഴ്‌ച

ഹാപ്പി ബർത്ത്‌ ഡേ

അന്നൊരു അവധി ദിവസമായിരുന്നു.
ആകാശം
തെളിഞ്ഞതും ദിനാന്തരീക്ഷസ്ഥിതി സുഖകരവുമായിരുന്നു. മരിയ  സാവധാനം ചൂടുള്ള
  ഒരു കപ്പ്‌  കാപ്പി  കുടിച്ചുകൊണ്ട്‌ വരാന്തയിലിരുന്നു. ചെടിച്ചട്ടികളിൽ ചുവപ്പും മഞ്ഞയും നിറമുള്ള വലിയ
റോസാപ്പൂവുകൾ വിരിഞ്ഞു നിൽക്കുന്നത്‌ ശ്രദ്ധിച്ചപ്പോഴാണു ഇന്ന്
തന്റെ  പിറന്നാൾ ആണല്ലൊ എന്ന് പെട്ടെന്നവർക്ക്‌ ഓർമ്മ വന്നത്‌. ഡേവിഡ്‌ മുൻപൊരിക്കൽ ഒരു പിറന്നാൾ ദിനത്തിൽ വിരിഞ്ഞുനിന്ന പൂക്കളുമായി പൂച്ചെടികൾ വാങ്ങി വന്നതോർത്ത്‌ മരിയ പുഞ്ചിരിച്ചു

ഒന്നുകൂടി ഉറപ്പുവരുത്താനായി മരിയ കലണ്ടറിൽ നോക്കി. ശരിയാണു ഇന്ന് തന്റെ പിറന്നാൾ ദിവസമാണു. വർഷങ്ങൾ ഓർത്തെടുക്കാൻ മരിയ നിന്നില്ല. സാധാരണ ദിവസങ്ങളെക്കാൾ കൂടുതൽ തിരക്കുള്ള ഒരു ദിവസമാണിതെന്ന വിധം അവർ വേഗം തയാറായി. കാറെടുത്തു പുറത്തേക്ക്‌ പോയി. കേക്ക്‌ ഉണ്ടാക്കാനാവശ്യമായ സാധനങ്ങൾ വാങ്ങി ,  കേക്കിനു മുകളിൽ ബ്ലാക്ക്‌ ബെറികൾ നിരത്തുന്നത്‌  ടോണിക്കും ഏവയ്ക്കും ഇഷ്ടമാണല്ലൊ എന്നോർത്തുകൊണ്ട്‌ അവ പ്രത്യേകം പറഞ്ഞു വാങ്ങി
മടങ്ങിയെത്തി.

ആവശ്യമായ അളവിൽ അവ പാകമാക്കി വച്ചു. അടുത്ത യാത്ര ഒരു വസ്ത്രശാല ലക്ഷ്യമാക്കിയായിരുന്നു.

തന്റെ നിറത്തിനു ഭംഗിയായി ചേരുമെന്ന് ഡേവിഡ്‌ പറയാറുള്ള പിങ്ക്‌ നിറത്തിൽ വെള്ള മുത്തുകൾ തുന്നിച്ചേർത്ത മനോഹരമായ ഒരുടുപ്പ്‌ വാങ്ങി, അതിനു ചേരുന്ന നിറത്തിൽ വാച്ചിനൊരു  സ്ട്രാപ്പും മുത്തുകൾ കൊണ്ടുണ്ടാക്കിയ ബ്രേസ്‌ ലെറ്റും വാങ്ങി. തിരികെ എത്തിയപ്പോഴേക്കും ഉച്ച കഴിഞ്ഞിരുന്നു. വീടെല്ലാം വൃത്തിയാക്കി ,
തനിക്കേറെ ഇഷ്ടപ്പെട്ട ഡേവിഡിന്റെ പ്രത്യേക മസാലക്കൂട്ടുള്ള  രീതിയിൽ ചിക്കൻ ഗ്രിൽ ചെയ്യാൻ വച്ചു. കേക്ക്‌ ബേക്ക്‌ ചെയ്യാൻ തയാറാക്കി വച്ചു. കുളിച്ച്‌ ഒരുങ്ങി വന്നു.

ഇമ്മാനുവൽ പുതുവർഷത്തിൽ സമ്മാനമായി നൽകിയ  ഭംഗിയുള്ള  മേശ വിരി എടുത്ത്‌ വൃത്തിയായി വിരിച്ചു വച്ചു. പുറത്ത്‌ വിരിഞ്ഞു നിന്നിരുന്ന പൂക്കൾ  കത്രിക കൊണ്ട്‌ വെട്ടിയെടുത്ത്‌ മനോഹരമായ ഒരു ഫ്ലവർ വേസ്‌ ഒരുക്കി. ലീസ നൽകിയ പൂപ്പാത്രം തന്നെ അതിനായി തിരഞ്ഞെടുത്തു

തയാറായ ചിക്കൻ  പാത്രത്തിൽ മേശയിലെക്ക്‌ മാറ്റി. കേക്കിനു മുകളിൽ ക്രീം കൊണ്ടലങ്കരിച്ച്‌ മരിയയ്ക്ക്‌ ഏറെ ഇഷ്ടമുള്ള പിങ്ക്‌ നിറത്തിൽ ഹാപ്പി ബർത്ത്‌ ഡേ മരിയ എന്നെഴുതി. ഡേവിഡ്‌ വാങ്ങിവരാറുള്ള റെഡ്‌ വൈൻ പകർന്ന് മേശപ്പുറത്തു വച്ചു.

പുതിയ ഉടുപ്പു ധരിച്ചു. വാച്ചിന്റെ സ്ട്രാപ്പ്‌ മാറ്റി. അതും ബ്രേസ്‌ ലെറ്റും ധരിച്ചു. സ്വയം കണ്ണാടിയിൽ നോക്കി നാന്നായിരിക്കുന്നുവെന്ന് ഒരു പുഞ്ചിരി തൂകി. പിന്നെ  വളരെ
സന്തോഷത്തോടെ  വിശേഷാവസരങ്ങളിൽ വയ്ക്കാറുള്ള ഡേവിഡ്‌ തനിക്ക്‌ വേണ്ടി  പാടാറുള്ള  പാട്ട്‌ പ്ലേ ചെയ്തുകൊണ്ട്‌ മരിയ വാതിലും
ജനാലകളും തുറന്നു വച്ചു. അൽപ നേരം പുറത്തേക്ക്‌ നോക്കി നിന്നു. 

തിരികെ വന്ന് കേക്കിനു മുകളിലെ മെഴുകുതിരി കൊളുത്തി. അതു മെല്ലെയൂതിക്കെടുത്തി
കേക്ക്‌   മുറിച്ച്‌ ഒരു മുറി കഴിച്ചു.
അൽപനേരം കണ്ണടച്ചിരുന്നു.

പിന്നെ ദിവസം തീരാൻ അധിക സമയമില്ലെന്ന മട്ടിൽ ഗ്രില്ല് ചെയ്ത ചിക്കൻ മുറിച്ച്‌ കഴിച്ചു. തുറന്നിട്ട ജനാലകളിലൂടെ കാറ്റു വരുന്നുണ്ടായിരുന്നു. വരാന്തയിൽ ഇറങ്ങിനിന്നാൽ പൂർണ്ണചന്ദ്രനെ കാണാമായിരുന്നു. താൻ സന്തോഷിക്കുകയും ആഘോഷിക്കുകയും ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് ലോകം മുഴുവൻ എത്ര ദുഖഭരിതമായിരുന്നേനെ, ഇപ്പോൾ അത്‌ അതിമനോഹരവും പ്രസന്നവദനത്തോടെ എല്ലാത്തിനെയും ആശ്ലേഷിക്കുകയുംചെയ്യുന്നുവെന്ന ചിന്തയോടെ മരിയ ഉറങ്ങാനായി പോയി

2017, ഒക്‌ടോബർ 8, ഞായറാഴ്‌ച

സംസ്കാരത്തിന്റെ കാറ്റ്‌

ഭാഷയ്ക്ക്‌ കുഞ്ഞുടുപ്പുകൾ തുന്നുക

സ്ത്രീകളെ നിശബ്ദതകൊണ്ട്‌ മറയ്ക്കുക

പുരുഷന്മാരെ സദാചാരത്തിന്റെ
അദൃശ്യനൂലിൽ ബന്ധിക്കുക.

നമുക്കിനി ശ്മശാനങ്ങളിൽ
സംസ്കാരത്തിന്റെ
നട്ടെല്ലുപൊട്ടുന്ന മണമുള്ള
കാറ്റേറ്റുകൊണ്ട്‌  സമചതുരമായ ജീവിതത്തെക്കുറിച്ച്‌ മാത്രം സംസാരിക്കാം

2017, ഒക്‌ടോബർ 6, വെള്ളിയാഴ്‌ച

Novel

അപരിചിതനായ ഒരാളോടൊപ്പം അയാളായി യാത്ര ചെയ്യുക , സിനിമ കാണുമ്പോൾ പുസ്തകം വായിക്കുമ്പോൾ ഒക്കെ നമുക്കതിനുള്ള സാഹചര്യമാണൊരുങ്ങുന്നത്‌.
ശരിതെറ്റുകൾ അറിയാതെ , ഒരാളുടെ യഥാർത്ഥമുഖം അറിയാതെ നാം അയാളാകുന്ന അവസ്ഥ. ഒരു പടി കൂടി കടക്കുമ്പോൾ നാം നാം തന്നെയായ അയാളെ ന്യായീകരിച്ചു തുടങ്ങും , അൽപം കഴിയുമ്പോൾ മഹത്വവൽക്കരിച്ചു തുടങ്ങും.
അയാൾ കടന്നുപോകുന്ന അതേ സാഹചര്യങ്ങളെ നാം കടന്നുപോകുമ്പോൾ അയാൾ സ്വീകരിച്ചതിനെക്കാൾ നല്ല വഴികളില്ലെന്ന് നാം തീർച്ചപ്പെടുത്തും . നമ്മുടെ സാധ്യതകൾ നാം മറന്നു പോകും

2017, ഒക്‌ടോബർ 4, ബുധനാഴ്‌ച

ചതുപ്പുകളുടെ ന്യായാധിപൻ

ഒരച്ഛൻ മകനെ പഠിപ്പിക്കുകയായിരുന്നു.
അയാളുടെ ജീവിതം തന്നെ അതായിരുന്നു.
കാടും കടലും
അതിലെ യാത്രകളും മകനയാൾ
മനസിലാക്കിക്കൊടുത്തു.

ചതുപ്പുകൾ മാത്രം
അവനു മനസിലായതേയില്ല.
അയാൾ , ആ അദ്ധ്യാപകൻ
ചതുപ്പിലിറങ്ങി.
പൊടുന്നനെ മകനിലെ ന്യായാധിപനുണർന്നു.

ചതുപ്പിലേക്ക്‌ താണുപോകുന്നവനെ നോക്കി
ന്യായാധിപൻ
ന്യായവാദങ്ങളെഴുതി.

ചതുപ്പിലിറങ്ങുന്നവൻ
താണുപോകുന്നതിൽ അതിശയമില്ല
ജീവിതം കൊടുത്തു പഠിപ്പിക്കുന്നവന്റെ
മികച്ച പ്രതിഫലമാണു മരണം.

ജീവിതത്തിന്റെ സ്വയരക്ഷാപാഠങ്ങൾ
അദ്ധ്യാപകനെ രക്ഷിച്ചു.
മകൻ അതിനെക്കുറിച്ചും
ന്യായവാദങ്ങൾ നിരത്തി

തീപ്പൊള്ളലേറ്റവനോട്‌
തീപിടിക്കാതിരിക്കാനുള്ള
ഉപദേശങ്ങൾ നൽകുന്ന,
വെള്ളത്തിലാഴ്‌ന്നു
പോകുന്നവനെ
നീന്തൽ പഠിക്കാനുപദേശിക്കുന്ന
നമ്മെപ്പോലെ
അവൻ കർക്കശക്കാരനായ
ന്യായാധിപനായിരുന്നു

ലോകം

ചിലന്തിവലപോലെ
നെയ്യപ്പെട്ട
നിരവധി ലോകങ്ങളുടെ
നാരതിർത്തികൾക്കുള്ളിലാണു നാം

ഒരു ലോകം,
അതിനുള്ളിൽ
വൃത്തത്തിലെ ആരക്കാലുകൾ
തമ്മിൽച്ചേർന്നുണ്ടായ
ദളങ്ങൾ പോലെ
നിരവധി ലോകങ്ങൾ

എനിക്കൊരു ലോകം
എനിക്കും നിനക്കും ചേർന്ന് നമ്മുടേത്‌,
എനിക്കും അവർക്കും ചേർന്ന്
ഞങ്ങളുടേത്‌,
നിനക്കും അവർക്കും ചേർന്ന് നിങ്ങളുടേത്‌,

എത്ര ലോകത്തിന്റെ നിയമങ്ങൾ,
എത്ര ലോകത്തിന്റെ കുരുക്കുകൾ
നിമിഷം തോറും
ഓരോ ലോകത്തിലേക്കും ചുവടുമാറ്റിവച്ച്‌
അതിവിദഗ്ദമായി ജീവിതമാടുന്ന
നർത്തകരാകുന്നു നാം