2015, ഡിസംബർ 24, വ്യാഴാഴ്‌ച

മരം


മനുഷ്യനെന്നൊരു വന്മരം
പൂക്കള്‍ കാണുന്നവര്‍
സൌന്ദര്യം ഞങ്ങളാണെന്നഹങ്കരിക്കുന്നു
ഇലകള്‍ കാണുന്നവര്‍
സമൃദ്ധി ഞങ്ങളെന്നു പറയുന്നു
ചില്ലകള്‍ കാണുന്നവര്‍
വിശാലതയുണ്ട് ഞങ്ങളിലെന്ന്‍ പിറുപിറുക്കുന്നു
തായ്ത്തടി കാണുന്നവര്‍
എല്ലാം താങ്ങി നിര്‍ത്തുന്നവരാണെന്ന്
കൈകള്‍ വിരിക്കുന്നു

വേരുകള്‍ കാണുന്നവര്‍ സംസാരിക്കുന്നേയില്ല
അവരൊരുപിടി മണ്ണാകുന്നു .
വേരുകള്‍ക്ക് മീതെ കിടക്കുന്നു .
അവരൊരു മഴയാകുന്നു
ഇലകള്‍ക്ക് മുകളില്‍ പെയ്യുന്നു
അവരൊഴുകുന്ന ജലമാകുന്നു
വേരുകളിലേക്ക് വലിയുന്നു
മാതാവെന്നോ , പിതാവെന്നോ
ഭാഷയില്ലാതെ സുഗന്ധം കൊണ്ടവരടയാളപ്പെടുന്നു .
തേന്‍ പോലെ നാം രുചിക്കുന്നു 

2015, ഡിസംബർ 23, ബുധനാഴ്‌ച

പായല്‍ പച്ച


പുരാവസ്തുക്കളെക്കുറിച്ചു
പഠിക്കാനല്ലാതെ
പഴകിയൊരു കൊട്ടാരത്തില്‍ 
തങ്ങുന്നവളെ കാണുക .
മഴ പെയ്തു വഴുക്കുന്ന ഭിത്തികളിലെ
പായലും പറ്റിവളരുന്ന ചെടികളും
മുകളിലെ ചെറു മരങ്ങളുടെ വേരുകളും
കൈയില്‍ തടയുന്നുണ്ടെങ്കിലും
വെള്ളമൊഴുകി തെറ്റിക്കിടക്കുന്ന
മുറ്റത്താണവളുടെ കണ്ണുകള്‍
കടുപ്പം കൂടിയും കുറഞ്ഞും
പായല്‍ പച്ച നിറമാണാകെയും
ഇലകൊഴിഞ്ഞ മരത്തിന്റെയരികില്‍
ഏകാന്തതയുടെ കയ്പുകുടിച്ചു നില്‍ക്കുന്ന
ഒരാളെക്കൂടി അവിടെക്കണ്ടെത്തുകയും
പായലിന്റെ നിറം കനം വയ്ക്കുകയും ചെയ്യുന്നു
രണ്ടു പേരുടെ രണ്ടു കാലങ്ങളിലെ
രണ്ടുനേരങ്ങളിലെ ,രണ്ടു ദേശങ്ങളിലെ
രണ്ടു ഭാഷകളിലെ മഴകള്‍ ഒന്നിച്ചു പെയ്യുകയാണ്
മഴയില്‍ പായല്‍ ഒലിച്ചുപോവുകയും
പച്ച കനത്തുവരികയും കൊട്ടാരം കാടാവുകയും
കാടു കാറ്റിനെയും കിളികളെയും
വിരുന്നിനു ക്ഷണിക്കുകയും ചെയ്യുമ്പോള്‍
ഇനി ഞങ്ങളെ പച്ചയായി കാണുക
പച്ച പഴയ നിറമാകുന്നു .
പഴകാത്ത നിറവും .!!!

2015, ഡിസംബർ 21, തിങ്കളാഴ്‌ച

അസ്ഥിക്കുഴി


പള്ളിപ്പെരുന്നാളിന്റെ  കൊടിയിറക്ക്‌ ദിവസം  രാവിലെ  മരിച്ചവര്‍ക്ക് വേണ്ടിയുള്ള  കുര്‍ബാനയ്ക്ക്  ശേഷം സെമിത്തേരിയിലെ ഒപ്പീസിനു ആരുടെയോ  കല്ലറയ്ക്ക്  മുകളില്‍ കാലന്‍ കുട  കുത്തി  നിവര്‍ന്നു നില്‍ക്കുമ്പോഴാണ് അസ്ഥിക്കുഴിയുടെ ഓര്‍മ്മ    കുര്യച്ചനിലേക്ക് അച്ചന്‍  തളിച്ച  ഹന്നാന്‍  വെള്ളത്തോടൊപ്പം  പ്രവേശിച്ചത്‌ .

സെമിത്തേരിയുടെ  മതിലിനപ്പുറത്തെ   അസ്ഥിക്കുഴിയിലേക്ക്  പുരാതന കുടുംബക്കാരുടെ  പ്രമാണിത്വം  തിരിച്ചറിയാന്‍  ഒരെത്തിനോട്ടം നടത്തി   പണ്ടൊരിക്കല്‍   അയാള്‍  പരാജയപ്പെട്ടിരുന്നു .തലയോടുകളെല്ലാം ഒന്നുപോലെ വെളുത്തിരുന്നു , പല്ലുള്ളതും ഇല്ലാത്തതുമായ എല്ലാ  മുഖരൂപങ്ങളും ഇളിച്ചു  കാണിച്ചു കൊണ്ടേയിരുന്നു . മുടന്തന്റെയോ  പൊക്കം കൂടിയവന്റെയോ  അസ്ഥികളില്‍  വ്യത്യാസമൊന്നും  കാണാന്‍  ആ  എത്തി നോട്ടത്തിനു  പ്രായം എത്തിയിരുന്നുമില്ല .
തെമ്മാടിക്കുഴിയില്‍  അടക്കിയ  ഔതക്കുട്ടിയുടെയും  കുടുംബക്കല്ലറയിലെ  ഔസേപ്പുചേട്ടന്റെയും അസ്ഥികള്‍  തമ്മില്‍  എന്ത്  വ്യത്യാസം ഉണ്ടാവും  എന്ന്  ചിന്തിച്ചു മൂന്നു ദിവസം പനിച്ചു കിടന്നു  എന്നല്ലാതെ വേറെ പ്രത്യേക  ഗുണമൊന്നും  എത്തിനോട്ടം  സമ്മാനിച്ചതുമില്ല .
 വിപ്ലവകാരിയായ  അപ്പനെ  തിരുസ്സഭ  മഹറോന്‍ ചൊല്ലിയ  ദിവസം കുര്യച്ചന്‍ വളരെ  ശ്രദ്ധയോടെ  അപ്പനെ  നോക്കിയിരുന്നതാണ് . പ്രത്യേകിച്ച്  ഒരു  മാറ്റവും  ഉള്ളതായി  തോന്നിയില്ല , അപ്പന്റെ  മുടി  നരച്ചതും ,പല്ല് കൊഴിഞ്ഞതും  കാഴ്ച  മങ്ങിയതും  പിന്നെയും  ഒരുപാടു  കൊല്ലങ്ങള്‍  കഴിഞ്ഞാണ് .

അപ്പന്‍  കര്‍ത്താവിനു  നിരക്കാത്ത  ഒന്നും  ചെയ്തിട്ടില്ലെടാ  , കുര്യച്ചന്‍  നെടുവീര്‍പ്പിട്ടുകൊണ്ടു ചുട്ടിത്തോര്‍ത്തു  കുടഞ്ഞു  തോളത്തിട്ടു  . 

അതിനു  കര്‍ത്താവു  പോലും  കര്‍ത്താവിനു നിരക്കാഴിക  ചെയ്തിട്ടില്ല  ചേട്ടായീ , നിങ്ങളില്‍  പാപം  ചെയ്യാത്തവര്‍  കല്ലെറിയട്ടെ  എന്നുപറഞ്ഞു  തല കുമ്പിട്ടിരുന്നില്ലയോ ?കുഞ്ഞച്ചന്‍  മുറുക്കാന്‍  ഒന്നുകൂടി ചവച്ചു  നീട്ടിത്തുപ്പി .

വിപ്ലവകാരിയും  പരിസ്ഥിതി പ്രവര്‍ത്തകനും  ഒക്കെ  ആരുന്നു  .  പറഞ്ഞിട്ടെന്താ  പള്ളിയ്ക്ക്  പുറത്തല്ലായിരുന്നോ ?

അതെന്നാ  പറച്ചിലാ  ചേട്ടായീ  , മാര്‍ബിള്‍  വിരിച്ച  പള്ളിയ്ക്കകത്ത്  പിന്നെ  പരിസ്ഥിതി പ്രവര്‍ത്തനം  പറ്റുവോ ?

''മരണം  ലാഭമുള്ള  കച്ചോടം  തന്നെയാ   ചേട്ടായീ '',  .''ആണ്ടു കുടിശ്ശിക തീര്‍ത്താ   അപ്പനെ  അടക്കിയത്‌ ''കുഞ്ഞച്ചന്റെ  മുഖത്ത്  ഒരു  കടം ഉരുണ്ടു കൂടി  നിന്നു .

പള്ളിക്കു  പുറത്താകാതെ  , ആത്മഹത്യ ചെയ്യാതെ  , കുടിശ്ശിക വരുത്താതെ   വാങ്ങിയിട്ട  കുടുംബക്കല്ലറയില്‍ മരിച്ചു കിടക്കേണ്ടതിന്റെ  ആവശ്യകത കുര്യച്ചന്  മുന്‍പേ  ബോധ്യമുണ്ടായിരുന്നു  

2015, ഡിസംബർ 17, വ്യാഴാഴ്‌ച

മനസുകൊണ്ടൂതുന്നവന്‍


അമ്പതിലും അരിച്ചെത്തുന്ന
കീറിയ ഉടുപ്പിന്‍റെ തണുപ്പ് 

നിറഞ്ഞ വയറിനു മുകളില്‍ 
ആശയങ്ങള് മാത്രം
 നിറഞ്ഞ ആമാശയം 

ആഘോഷങ്ങള്‍ക്കിടയിലും 
ജീവിതം പിന്തുടരുന്ന 
വായനശാലയിലെ മൗനം

അടുത്തിരിക്കുന്നവന്‍റെ
പൊള്ളല്‍പ്പാടുകളില്‍
മനസുകൊണ്ടൂതുന്നവന് 

ഓര്‍മ്മകള്‍ മുറിവുകളും 
അനുഭവങ്ങള്‍ അറിവുകളും കൂടിയാണ് 

ഇരകള്‍


കണ്ണു കിട്ടാതിരിക്കാന്‍
കരികൊണ്ടടയാളമില്ലാതെ
അവള്‍ക്കമ്മ വീണ്ടും പേരിട്ടു 
കെടുത്തിക്കളഞ്ഞ നാളത്തിന്‍റെ ജ്യോതി

ഓരോ ഞെട്ടലിനുമൊടുവില്‍
താങ്ങിയ മുറിവ്
വീണ്ടും സൃഷ്ടിക്കപ്പെട്ട്
ചോര വാര്‍ന്നു മരിക്കുമ്പോള്‍
ഇരകളുടെ രക്തം
കട്ടപിടിക്കാത്തതും
മുറിവുകള്‍ ഉണങ്ങാത്തതുമായിരിക്കണം
അല്ലാതെങ്ങനെ
എന്നുമെന്നും അതില്‍
വിരല്‍ മുക്കി കവിത എഴുതാനാവും ?

2015, ഡിസംബർ 14, തിങ്കളാഴ്‌ച

സ്വര്‍ണ മകുടം

കൂണുപോലെ നനഞ്ഞു വിളര്‍ത്ത
മനുഷ്യനെ പുതുക്കിപണിയാനാവാതെ
സ്വര്‍ണമകുടങ്ങള്‍ക്കു താഴെ
പ്രാര്‍ത്ഥനകള്‍ വിളഞ്ഞുപഴുത്തു.!!

2015, ഡിസംബർ 13, ഞായറാഴ്‌ച

കൌതുകം


നിധി തേടി
 ഗുഹ തുരക്കുന്നവര്‍
മറുദേശത്തെത്തിപ്പെടുന്ന
 കൌതുകം പോലെ 

ഒരു  ശ്വാസത്തിന്‍റെയവസാനം 
കെട്ടുപോകാവുന്ന
മെഴുതിരിയുമായി 
ഇരുട്ടു മുറിക്കാന്‍ ശ്രമിക്കുന്നവനെ 
മിന്നാമിനുങ്ങായി
അനുഗമിക്കുകയാണ്  പ്രണയം 

2015, ഡിസംബർ 9, ബുധനാഴ്‌ച

ചൂടും തണുപ്പും


ഞാന്‍  നിനക്കെഴുതുന്ന 
വാക്കുകളില്‍ 
ഒരു  മെഴുകുതിരിയുടെ 
ഉരുകിവീഴലും 
അവസാനയാളലും കണ്ടേക്കാം 

എന്നോ  മാനത്തു നിന്നു 
വീണുപോയ  
മണ്ണു കുടിച്ച 
മഴത്തുള്ളികള്‍  
കൂജയില്‍  ഒളിച്ചു പാര്‍ത്തതിന്റെ
തണുപ്പും  തോന്നിയേക്കാം 

ഒരു  നാളത്തിന്റെ  ചൂടും 
ഒരു മഴത്തുള്ളിയുടെ  തണുപ്പും 
ചുമക്കുന്ന  വാക്കുകള്‍ക്ക് 
എന്‍റെ  കണ്ണുകളുടെ  രൂപസാമ്യമുണ്ട് .
ഉരുകി വീണു  നനയ്ക്കുന്ന സ്വഭാവ സാദൃശ്യവും 

2015, ഡിസംബർ 7, തിങ്കളാഴ്‌ച

വാള്‍


ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയില്‍
കാലടികള്‍ക്കടിയില്‍ ഒരു ചാക്ക്
അയാള്‍ ചവിട്ടിയമര്‍ത്തി വയ്ക്കുന്നു
പേരക്കുട്ടിയെ ആദ്യമിറക്കി
സാവധാനം ഇറങ്ങിപ്പോകുമ്പോള്‍
അറക്കവാള്‍ അല്പം അകറ്റി പിടിക്കുന്നു
ആത്മാവില്‍ വാള്‍ കൊണ്ടുനടക്കുന്നവരിലേക്ക്
ഒരു മുറിവ് പടരുന്നത് കണ്ടു
അയാള്‍ക്കടുത്ത് അത്ര നേരമിരുന്ന ഞാന്‍
റഷ്യന്‍ ഭാഷയില്‍ ചില ചോദ്യങ്ങള്‍ ഓര്‍ക്കുന്നു
രാജ്യങ്ങള്‍ക്ക് വേണ്ടി മരിക്കുന്നവര്‍
ഏതു രാജ്യത്താണ് പോകുന്നത് ?
മതത്തിനു വേണ്ടി പൊട്ടിത്തെറിക്കുന്നവരെ
ഏതത്ഭുതം ഒന്നിച്ചു ചേര്‍ക്കും ?

2015, ഡിസംബർ 4, വെള്ളിയാഴ്‌ച

നക്ഷത്രങ്ങളും പൂക്കളും


എനിക്കു നക്ഷത്രങ്ങളെയും 
പൂക്കളെയും  പരിചയമുണ്ട് .

നക്ഷത്രങ്ങളുടെ  തിളക്കത്തെ
കാണുകയും 
പൂക്കളുടെ  സുഗന്ധത്തെ 
നുകരുകയും ചെയ്യാറുണ്ട് 

നക്ഷത്രങ്ങളുടെ  ആകൃതി
വരയ്ക്കുകയും 
പൂക്കളുടെ  നിറങ്ങളെ 
അണിയുകയുമാണ് പതിവ് 

നക്ഷത്രങ്ങളെ  നോക്കാന്‍ 
തല ഉയര്‍ത്തുകയും 
പൂക്കളെ  നുള്ളാന്‍ 
കൈ നീട്ടുകയുമാണ്  വേണ്ടത് 

നക്ഷത്രങ്ങളെ  ആഗ്രഹിക്കുമ്പോള്‍ 
എനിക്ക്  ചുറ്റും  രാത്രിയും 
പൂക്കളെ  പ്രണയിക്കുമ്പോള്‍ 
എനിക്കെന്നെ തന്നെ  കാണാവുന്ന  പകലുമാണുള്ളത്‌