2013, ഡിസംബർ 26, വ്യാഴാഴ്‌ച

ഭ്രമിപ്പിക്കുന്ന ഭ്രമണപഥം


എന്റെ സ്വപ്നത്തില്‍ ആദ്യമായൊരു കവിത !
ഭ്രമണപഥത്തെ പ്രണയം കൊണ്ടളന്നു
നീയൊരു തീക്കനവായി  ചുറ്റുന്നു  ..
നിന്റെ  കവിതയെ  അടക്കിയ
അതേ കല്ലറയില്‍ നിന്ന്
മരവിപ്പിന്റെ പുതപ്പു നീക്കി
ഞാനെണീല്‍ക്കുന്നു

തകര്‍ന്നു പോകുന്ന    കനവിനെ
ജീവിതം കൊണ്ട്  ഞാനും നീയും
അടയാളപ്പെടുത്തുന്നു ,
ഗാഡമായൊരു ആലിംഗനത്താല്‍
പരസ്പരമാശ്വസിപ്പിക്കുന്നു

നാമുറങ്ങുന്നു
ഒരു നനുത്ത വാക്കിന്‍റെ സ്പര്‍ശം
പോലുമില്ലാതെ
കവിതയുണരുന്നു

സ്വപ്നത്തെ അക്ഷരങ്ങളിലേക്കു
രൂപഭേദം വരുത്തുമ്പോള്‍
നീയൊരു  കവിതയാകുന്നു
എന്‍റെ ഭ്രമണ പഥങ്ങളില്‍
തീപ്പൊരിയായി  ചിതറുന്നു

ആകര്‍ഷണ വലയങ്ങളില്‍ നിന്നു
വേര്‍പെട്ടു പോയ ഞാനിപ്പോള്‍
ഭ്രമാത്മകമായി നിന്നെ  വലം വയ്ക്കുകയാണ്
സ്വയമൊരു ഗ്രഹമായിരുന്നിട്ടു കൂടി 

മനസെന്നും പറയുന്നത്



ഒരു വേളനില്‍ക്കുക 
സഖി നിന്‍റെകൈകളില്‍ 
കൈചേര്‍ത്തിറങ്ങട്ടെ
ഞാനീ പടവുകള്‍ 

കണ്‍കളില്‍ നോക്കിയിനി 
മൌനമായിരിക്കുക 
ആര്‍ദ്രമൊരുകാലത്തിന്‍
കവിതകള്‍ കേള്‍പ്പു നാം

ചിലന്തി വല നെയ്ത ചിത്രങ്ങള്‍
മാറാല മൂടിയ സ്വപ്‌നങ്ങള്‍
മരണം മണക്കുന്ന മാറാപ്പുകള്‍

ഇന്നലെകളില്ലെന്റെ
ഓര്‍മക്കളങ്ങളില്‍
ഇന്നൊരു ദിനമെന്റെ
കൂടെയിരിക്കുക

നീ പാടുക
ഞാന്‍ കേള്‍ക്കുന്നു
എന്റെയാത്മാവിനുള്ളില്‍
വീണു പൊള്ളുന്നു
നിന്റെയീ കണ്ണുനീര്‍ തുള്ളികള്‍

യാത്ര പറഞ്ഞു
പിരിയെണ്ടവരാണുനാം
സ്നേഹ സൌഗന്ധികത്തിന്റെ
കൂട്ടുകാര്‍

നിന്നോര്‍മ നാളെയൊരു
സൂര്യനായ് ജ്വലിക്കട്ടെ
ഞാനൊരു ധനുമാസ നിലാവായ്
നിലയ്ക്കട്ടെ നിന്നിലും

ഒരു മരത്തണല്‍
പുഴക്കര
കടലോരവുമാരവ-
ങ്ങളൊഴിഞ്ഞോരിടനാഴിയും
കരുതുക
നമുക്കൊരുമിച്ചിരിക്കുവാന്‍

മൃതസഞ്ജീവനി


മഴപ്പാട്ടുകാരന്‍ 
മൃദുലഭാഷയില്‍ 
കുഴലൂതുകയാണ് !!!

ആത്മഹത്യാമുനമ്പുകളില്‍ 
ചിതറിക്കിടക്കുന്ന 
ഹൃദയസ്പന്ദനങ്ങള്‍
അയാളെ അനുഗമിക്കുന്നു 

മൂകത വിളക്കുവയ്ക്കുന്ന
മലമ്പാതകളില്‍ ,
പാട്ടിന്‍റെ അലയൊലികള്‍
മാനത്തു വിതച്ച്
മുളച്ച മഴനാരുകള്‍
മനം കൊണ്ട് കൊയ്ത്
എന്നെ നിന്നിലേക്ക്‌
മടക്കി വയ്ക്കുന്ന ജാലവിദ്യക്കാരാ

നിന്‍റെ മൌനമെന്നെ പഠിപ്പിക്കുന്നത്
മൃത സഞ്ജീവനി ;
ജീവനിലൂടെ ജീവനിലേക്ക്
മിഴികളിലൂടെ മിഴികളിലേക്ക്
മൊഴിയിലൂടെ മൊഴിയിലേക്ക്
പ്രയാണം ചെയ്യുന്ന പ്രണയികളുടെ
ഹൃദയതാപത്തിന്റെ
ഒഴുക്കാണെന്ന് !!!
പ്രാണനില്‍ ചേര്‍ത്തെഴുതിയ
നീയെന്ന മനോഹര മന്ത്രം കൂടിയാണെന്ന് !!

ഉദിക്കാതെയസ്തമിക്കുന്നവര്‍


അവര്‍ രണ്ടു ദേശങ്ങളില്‍ വസിച്ചു 
ഓരോ കുടിലുകളില്‍ പാര്‍ത്തു 
സ്വന്തം ലോകങ്ങളില്‍ വിഹരിച്ചു 
ഹൃദയങ്ങള്‍ മാത്രം ഒന്നായിരുന്നു 


മഴക്കാറ് കാണുമ്പോഴോ 
കാറ്റിന്റെ സീല്‍ക്കാരം കേള്‍ക്കുമ്പോഴോ 
ചെറു മഴ നനയുമ്പോഴോ
മഞ്ഞില്‍ കുളിരുമ്പോഴോ 
പരസ്പരം ഓര്‍മിച്ചു 

കിനാവുകളില്‍ കൊട്ടാരങ്ങള്‍ പണിതില്ല 
ദിവാസ്വപ്നങ്ങള്‍ അവരുടെ 
വിരുന്നുകാരായിരുന്നില്ല
തമ്മില്‍ കുറ്റപ്പെടുത്തിയില്ല 
മാപ്പുചോദിയ്ക്കാന്‍ 
അവസരങ്ങളെ നോക്കിയില്ല 

ആര്‍ഭാടമായിരുന്നില്ല
അവരുടെ സ്നേഹം 
പ്രാണന്‍ വേര്‍പെടുമ്പോള്‍
അവസാനമെടുക്കുന്ന
ശ്വാസം പോലെ ..
ദാഹിച്ചു മരിക്കുമ്പോള്‍ ലഭിക്കുന്ന 
തീര്‍ത്ഥജലം പോലെ ..
അമൂല്യമായിരുന്നത്..


പുനര്‍ജന്മം വേണമെന്നാഗ്രഹിച്ചില്ല 
നിനക്ക് മുന്‍പേ ഞാന്‍ എന്ന 
ക്രമത്തില്‍ അവസാനിക്കണമെന്നല്ലാതെ 
സ്നേഹത്തെ കറ പുരളാതെ 
അവര്‍ സൂക്ഷിച്ചിരുന്നു 
വിടരാത്ത പൂമോട്ടിനുള്ളിലെ 
തേന്‍ തുള്ളി പോലെ 
ചിപ്പിയിലുറങ്ങിയ മുത്തുപോലെ

ചുവന്ന പുഷ്പം




മൃതചുംബനങ്ങള്‍ക്കു മധുരമില്ല ..
നീയെന്ന നേര്‍ത്തൊരാ നോവിനോളം!!
ആലിംഗനങ്ങളില്‍ പ്രണയമില്ല ...
സുഖമായിരിക്കെന്ന വാക്കിനോളം !!!

പരിരംഭണങ്ങളില്‍ പുളകമില്ല...
പുലരിയുടെ തൂമഞ്ഞു തുള്ളിയോളം !!
പാരിജാതങ്ങള്‍ക്കു ഗന്ധമില്ല ...
പ്രിയമായ് പൂത്തയീ മൌനത്തോളം

അനുവാദമെന്യേയെന്നനുരാഗസീമയില്‍
ആഷാഢമേഘമായ് നീ നിറഞ്ഞു
ഹേമന്തരാവിന്‍റെ ചില്ലയില്‍ നീ ചേര്‍ത്ത
ഹൃദയാക്ഷരങ്ങളാല്‍ ഞാന്‍ ചുവന്നു !!

2013, നവംബർ 15, വെള്ളിയാഴ്‌ച

സ്നേഹ സഞ്ചാരികള്‍


പുഞ്ചിരികളാലവര്‍
തലമുറകളോട് കവിത ചൊല്ലുന്നു
 ഒരിക്കല്‍ മാത്രം സംസാരിക്കുന്നു
നാമതിപ്പോഴും കേള്‍ക്കുന്നു


അവരുടെ രക്തം വീണ മണ്ണ്
ഒരിക്കലുമുണങ്ങുന്നില്ല
അവര്‍ തറയ്ക്കെപ്പെടുന്ന
മരങ്ങളില്‍ തളിരിലകള്‍ വാടുന്നുമില്ല

ദഹിപ്പിച്ചാലും ഹൃദയം മാത്രം
ചാമ്പലാകുന്നില്ല,
അവരുറങ്ങുമ്പോഴും
അനാഥരാകുന്നില്ല


അവര്‍ മുള്ളുകളായി കരുതപ്പെട്ട്
 പൂക്കളായി വിടരുന്നു
ഭ്രാന്തമാരായി ഗണിക്കപ്പെട്ട്
ജ്ഞാനത്തിന്റെ വാതിലുകളായിതീരുന്നു

 തടവുകാരായിരുന്നവര്‍
 നഗരങ്ങളുടെ കാവല്‍ക്കാരെന്നറിയപ്പെടുന്നു
 ചാരി നില്‍ക്കുന്ന ചുമരുകളില്‍
ആദ്യം കല്ലുകളും
പിന്നെയവരുടെ ചിത്രങ്ങളും പതിയുന്നു

 ഇരുമ്പഴികളവരുടെ  മര്‍മരങ്ങളറിയുന്നു
അവരിന്നും ദാനം ചെയ്യപ്പെടാന്‍
ഹൃദയത്തില്‍  ലോകത്തെയും
കണ്ണുകളില്‍ രത്നങ്ങളെയും ചുമക്കുന്നു 

മരിച്ചു പോകേണ്ടവരോട് അഥവാ ജീവിക്കുന്നവരോട്


മരണമൊരു  താഴ്വര;
അതിലേക്കു തുറക്കുന്ന
ജനാല  ജീവിതത്തിലാണ്

ജീവിക്കുന്നവരുടെ  നാട്ടില്‍ നിന്നും
അവിടേക്ക്  നിങ്ങളൊന്നും
ചുമക്കെണ്ടതില്ല


നിങ്ങളുടെ  ചിരിയോ  കരച്ചിലോ
അവര്‍ക്കാവശ്യമില്ല
കണ്ണീരിന്‍റെ രുചിയോ ,
വിയര്‍പ്പിന്‍റെ ഗന്ധമോ അവര്‍ക്കറിയേണ്ട

 മണ്ണ് വെളുത്തും
ആകാശം ചുമന്നുമിരിക്കുന്നു
അവിടെ ദാഹജലം പരിഹസിക്കപ്പെടുന്നു

സ്നേഹം , കരുണ ,ക്ഷമ ഒക്കെയും
ചിലവില്ലാത്ത നാണയനിധികള്‍മാത്രം
സ്വീകരിക്കപ്പെടുകയോ  നിരാകരിക്കപ്പെടുകയോ
ചെയ്യാന്‍  വൃദ്ധരില്ല ;
വലിച്ചെറിയപ്പെടാന്‍   കുഞ്ഞുങ്ങളും ..

വഴി മറന്നു പോകാന്‍ വീടുകളില്ല
സമാശ്വസിപ്പിക്കപ്പെടാന്‍ വേദനകളും
വച്ചുകെട്ടാന്‍ മുറിവുകളുമില്ല,..

ജീവിക്കുന്നവരുടെ  നാട്ടില്‍ നിന്നും
 നിങ്ങളിവയൊന്നും അവിടേക്ക്
ചുമക്കേണ്ടതില്ല

എഴുത്തും വായനയും


ഞാനൊരു ഭാഷപഠിക്കുമ്പോള്‍
തേന്‍ പോലെ മധുരിക്കുന്നു ;
അറിവിന്‍റെ കണങ്ങള്‍ തേടിയെന്നിലെ
തേനീച്ചകളുണരുന്നു
ഭാഷയപ്പോള്‍ ഒന്‍പതിനായിരമായി
പെരുകുന്നു

എനിക്ക്  കയ്ക്കുന്നു ;
തുപ്പുന്ന വാക്കുകള്‍
ഓരോ  ഭാഷയിലുമോരോ
അര്‍ഥം കൈവരിക്കുന്നു

ഞാനെഴുതാന്‍ പഠിക്കുന്നു ;
പക്ഷെ  ഭാഷ മറന്നു പോകുന്നു .
വായിചെടുക്കുന്നു  ഓര്‍മകളവ
കുടഞ്ഞു കളയുന്നു

കാതോര്‍ക്കുന്നു ;ഉറുമ്പുകള്‍
സംസാരിക്കുന്നു
കണ്ണുതുറക്കുമ്പോള്‍
മഴ ഭൂമിയിലെഴുതുന്നു

ഇടയന്റെ ഭാഷയാടുകള്‍
എഴുതിയോ  വായിച്ചോ പഠിക്കുന്നില്ല .
കുഞ്ഞ്‌  അമ്മയോട്  ലിപികളില്ലാത്ത
ഭാഷ  മൊഴിയുന്നു .

എല്ലാ  ഭാഷകളും പഠിക്കാന്‍
യാത്ര പോകുന്നവര്‍ തിരികെ വരുന്നു .
കേള്‍ക്കാന്‍ ആരുമവശേഷിക്കുന്നില്ല ...
ഒരേയൊരു  ഭാഷയില്‍  സ്നേഹപൂര്‍വമൊരു
സഞ്ചാരി  കഥ പറയുന്നു
കാലമത് മൊഴിമാറ്റം ചെയ്യുന്നു ;
പകര്‍ത്തിയെഴുതുന്നു

ഞാനീ  ഭാഷയുടെ  ആദ്യാക്ഷരത്തില്‍
ജനിക്കുന്നു , വളരുന്നു
കൂടുകൂട്ടുന്നു ,
അതെന്നെ പരിഭ്രമിപ്പിച്ചു കൊല്ലുന്നു

കുഴിവെട്ടുകാരന്‍റെ മണ്‍വെട്ടി


രാവിലെ 
ഉച്ചക്ക് 
വൈകിട്ട് ,....
അവനെപ്പോഴും വിധി പറയാന്‍ 
തയ്യാറായിരുന്നു ,
നേരത്തോടു നേരമാകുമ്പോഴേക്കും
വിധി നടപ്പിലായി കഴിയും !!
നീതിക്കെപ്പോഴും ഒരേ അളവുകോല്‍ 
തന്നെ

''ആറടി ''
അറിവിന്‍റെ ''ഉയരത്തില്‍ ' നടന്നവനും
ദാരിദ്ര്യത്തിന്റെ കൂനു ചുമന്നവനും
പണത്തില്‍ പറന്നവനും
പിണമായ് പിറന്നവനും
അവനൊരു പോലെ !!!
അവനെത്തും വരെ
ന്യായാസനം ഒഴിഞ്ഞു തന്നെ കിടന്നു ,

മണ്‍ വെട്ടിക്കു പുനര്‍ജന്മമൊരു
പ്രലോഭനമായിരുന്നു ,
ഒടുവില്‍
ചാപിള്ളയായി പിറന്ന്
ഭൂമിക്കും ആകാശത്തിനുമിടയില്‍
ആറടിയുടെ ദൂരം പോലുമില്ലെന്ന്
ആ ന്യായാധിപന്‍
കണ്ണുകള്‍ കെട്ടാതെ പറഞ്ഞു !!

2013, ഒക്‌ടോബർ 19, ശനിയാഴ്‌ച

നിന്നെക്കുറിച്ച്


കുന്നിന്‍ മുകളിലെ പച്ചപ്പില്‍ 
ഒരു കൊച്ചു വീടു ഞാന്‍ തീര്‍ക്കും 
തനിച്ചതില്‍ പാര്‍ക്കും പറക്കും 
മോഹങ്ങള്‍ മേഘങ്ങളോടു ചൊല്ലും 
പുഴുക്കുത്തു വീണയിലകള്‍  പെറുക്കി 
മായാത്ത ചിത്രങ്ങളാക്കും


രാപ്പാടി തന്‍ പാട്ടു മൂളി
രാവേറെ അക്ഷരം തിന്നു തീര്‍ക്കും
ചര്‍ക്കയില്‍ തിരിയുന്ന
നൂലുകള്‍ കൊണ്ടൊരു
വര്‍ണസ്വപ്നം വിരിക്കും

കനച്ചു പോയ കഥാപാത്രങ്ങളെ
ഓര്‍മകളിലോരാഴി കൂട്ടി
തീ കായും

തീനാളങ്ങളൊരു കഥ പറയും
അതുകേട്ടരിപ്രാക്കള്‍ വന്നുകൂടും
കുഞ്ഞാറ്റക്കിളികള്‍ കൂടോഴിയും
നിലാവിന്‍റെ കുഞ്ഞുങ്ങളെ
അന്നമൂട്ടി,
കാറ്റുമരിച്ച താഴ്വരയില്‍ നിന്ന്
പ്രാണന്‍ തിരിച്ചു പിടിച്ച
നിന്നെക്കുറിച്ച്

കത്തുന്ന കരളുള്ള
കാട്ടുതേന്‍ കുടിക്കുന്ന
കടലിന്‍റെ രുചിയുള്ള നിന്നെക്കുറിച്ച്

കഥയ്ക്കൊടുവില്‍
കടും പച്ച നിറമുള്ള കാടുണരും
കാണാത്ത നിറമുള്ള കുതിരയെത്തും
ഞാനതില്‍ യാത്രയാകും


പന്തയത്തില്‍ ജയിക്കാന്‍
വാലില്‍ പാമ്പുകളെ
ചുമക്കുന്ന കാലം വരെ
മുദ്രമോതിരം വിഴുങ്ങിയ
മീന്‍ വലയില്‍ കുരുങ്ങും വരെ
നാം സന്ദര്‍ശകര്‍ മാത്രമായി തുടരും
ചായക്കോപ്പകളില്‍ കവിത നിറയ്ക്കുന്ന
സായാഹ്ന സന്ദര്‍ശകര്‍

2013, ഒക്‌ടോബർ 17, വ്യാഴാഴ്‌ച

സമ്മാനങ്ങള്‍

കഥ കേള്‍ക്കുകയാണ് ഞാന്‍ അതാകട്ടെ അവസാനിക്കുന്നെയില്ല ഓരോ കഥകളും എന്തെങ്കിലുമൊക്കെ സമ്മാനിക്കാറുണ്ട് വളപ്പൊട്ടുകള്‍ക്കും ,മഞ്ചാടി മണികള്‍ക്കും പകരമായി അവയെന്റെ പെട്ടിയിലുണ്ട്‌ , ഭൂമിയെ നോക്കി കരയവേ പൊഴിഞ്ഞ മാലാഖയുടെ ചിറകുകള്‍ ഇപ്പോഴുമേന്നെ പറക്കാന്‍ പഠിപ്പിക്കാറുണ്ട് കരയരുത് എന്നോര്‍മിപ്പിച്ചു കൊണ്ട് അര്‍ദ്ധ നഗ്നനായ ഫക്കീറിന്റെ കഥകള്‍ തന്നത് ''സത്യം അന്വേഷിക്കണം ജീവിതം കൊണ്ട് പരീക്ഷിക്കണം '' എന്നു പിറുപിറുത്തുകൊണ്ടേയിരിക്കുന്ന ഒരു പേനയാണ്‌ അലാവുദീന്റെ അത്ഭുതവിളക്കു സമ്മാനിച്ചത്‌ കണ്ണില്‍ കുത്താത്ത കുറച്ചു പുകച്ചുരുളുകള്‍ .... ''അരങ്ങു കാണാത്ത നടന്‍ '' നല്‍കിയത് പെരുമഴയുടെ ഇരുട്ടിലേക്ക് തുറന്നു വച്ച ജനാല നിശബ്ദനായ വലിയൊരു ഘടികാരമുള്ള , നീതി ന്യായ വ്യവസ്ഥകളുടെ ശേഷിപ്പുകള്‍ ഉറങ്ങുന്ന . കടല്‍ത്തീരത്തുള്ള ഭിത്തിയില്‍ ചാരി നില്‍ക്കുകയാണ് ഞാന്‍ ജീവിതം തെരുവിലാണ് സായാഹ്നം പോലെ ചുവന്ന് ... ഈ കഥ അവസാനിക്കുന്നേയില്ല പറന്നു പറന്നു പോകുന്ന രാക്ഷസ പക്ഷിയുടെ നഖമുനകളില്‍നിന്നു വഴുതുന്ന രാജകുമാരനും ...... ഉറക്കത്തിലേക്കു ഞാനും ഈ സ്വപ്നങ്ങളെ കൂടെ കൂട്ടരുതെന്ന് പണ്ടേ കരുതിയതാണ് ഉറക്കത്തിന്‍റെ എഴാം പടവില്‍ നിന്ന് ജീവിതത്തിലേക്ക് പെട്ടെന്നു തള്ളിയിടും ഒരു മുന്നറിയിപ്പും കൂടാതെ .!!!

2013, ഒക്‌ടോബർ 16, ബുധനാഴ്‌ച

കറുത്ത മാലാഖ



 മാലാഖയാകും ഞാന്‍
ആരവങ്ങള്‍ക്കിടയില്‍ ശബ്ദമില്ലാത്ത
തണുത്ത കാറ്റിലതിവേഗം വന്നുപോകുന്ന
മരണത്തിന്‍റെ മാലാഖയല്ല

നക്ഷത്രകിരീടം ചൂടി
ശുഭ്രവസ്ത്രം ധരിച്ച
ജീവന്‍റെ മാലാഖയുമല്ല

കുനിഞ്ഞുപോകുന്ന
ചെറിയ ജീവിതങ്ങള്‍ക്ക് മുകളില്‍
ഞാനെന്‍റെ ചിറകുകള്‍ വിരിക്കും
കണ്ണുകളില്‍ നിന്ന്
പ്രകാശ ധാര ചൊരിയും

കുഞ്ഞുങ്ങളേ നിങ്ങളുടെ കഥയാകും
പ്രണയമേ നിന്‍റെ കവിതയാകും
കാലമേ നിനക്കൊരു കടം കഥയാകും ഞാന്‍

ഇലഞ്ഞിയുടെ പൂവാകും
ചന്ദനത്തിന്റെ മണമാകും
മരണത്തിന്റെയും ജീവന്റെയും
കണികകള്‍ വറ്റുമ്പോള്‍
ജീവിതത്തിന്‍റെ മാലാഖയാകും ഞാന്‍
വെള്ളി ചിറകുള്ള കറുത്ത മാലാഖ