2014, ഡിസംബർ 29, തിങ്കളാഴ്‌ച

കാലം തെറ്റിയ പൂവിടല്‍

കാലം തെറ്റിയെന്‍ 
കലാലയ മുറ്റത്തൊരീറന്‍
വാക പൂവിടുന്നു
മഞ്ഞുറഞ്ഞ ജനാലയിലേക്ക്
അതിന്റെ ചില്ലകളില്‍
നിന്നൊരു ജൂണ്‍ മഴ
പടരുന്നു
ചുവന്ന പൂക്കളില്‍
അറിവിന്‍റെ തേന്‍ നിറഞ്ഞ
അക്ഷരങ്ങള്‍ കൂട്ടമായെത്തി
ഗൃഹപാഠത്തെയോര്‍മിപ്പിക്കുമ്പോള്‍
പെയ്യുന്നത് ജൂണല്ല ; ഞാനാണ്‌
പരീക്ഷപ്പനിയില്‍ വിയര്‍ക്കുന്നത്
മാര്‍ച്ചല്ല ;ജീവിതവും

സ്നേഹം

ദൈവം സ്നേഹമാണെന്നു ക്രിസ്തു പറഞ്ഞു;
കത്തുന്ന സ്നേഹമുള്ളവരാകാൻ വിവേകാനന്ദനും;
നാമോ ദൈവത്തെ തീയിൽ കുഴച്ചു കുഞ്ഞുങ്ങളുടെ തലച്ചോറിൽ നിക്ഷേപിക്കുന്നു,,,,,,,,,,,

2014, ഡിസംബർ 26, വെള്ളിയാഴ്‌ച

നക്ഷത്രക്കണ്ണുള്ള ശലഭങ്ങള്‍

.
പൂവില്‍നിന്നു
പൂവിലേക്ക്
പാറുമ്പോള്‍
പൂമ്പാറ്റകള്‍ പറയുന്നുണ്ട്
നോട്ടുബുക്കില്‍ തെറിച്ച
കൂട്ടുകാരന്‍റെ തലയിലെ
ചുവന്ന പൊട്ടുകളെക്കുറിച്ച്
തോക്കിന്‍ മുനകളില്‍തകര്‍ന്ന
പേനയില്‍ നിന്നുമൂര്‍ന്ന
ചുവന്ന മഷിയിലടയാളപ്പെട്ട്
ഒന്നിച്ചു തോറ്റതിനെക്കുറിച്ച്
തീക്കാറ്റിനിടയിലും
ചിതറിയ അമ്മവിരലുകള്‍
തിരഞ്ഞു വന്നതിനെക്കുറിച്ച്
ഒറ്റ രാത്രികൊണ്ട്‌
തീപ്പെട്ടു പോയ
കുടിലുകളെ ക്കുറിച്ച്
മഞ്ഞച്ചിറകുകളിലെ
കറുത്ത കണ്ണുകള്‍
ഇരുണ്ടു പോയ
സ്വപ്‌നങ്ങള്‍ പങ്കുവയ്ക്കുകയാണ്
ചോര വീഴാത്ത ക്ലാസ് മുറികള്‍
തീ ചിതറാത്ത തെരുവുകള്‍
വെടിയൊച്ച മുഴങ്ങാത്ത കുടിലുകള്‍ ....
ശലഭമേതുമാകട്ടെ ,
നിറഭേദ മില്ലാത്ത
ഈ കിനാവുകളാണത്രേ
പൂവിന്റെയുള്ളിലെ തേന്‍ തുള്ളികള്‍

2014, ഡിസംബർ 24, ബുധനാഴ്‌ച

വില


പന്ത്രണ്ടുകാരിയുടെ 
കൂര്‍ത്ത  നോട്ടങ്ങള്‍ 
മരണത്തെയെന്ന പോലെ 
എന്നെ നേരിടുമ്പോള്‍ 
കണ്ണുകള്‍  താഴ്ത്തിയും  
മുഖം കുനിച്ചും 
ഞാന്‍ ഭീരുത്വമണിയുന്നു

വില കേള്‍ക്കുകയാണ് ഞങ്ങള്‍  ;
കുറഞ്ഞു കുറഞ്ഞു വരുന്ന
ഞങ്ങളുടെ വില ,

പിറ്റേന്നുമവളുടെ  
അടയാത്ത കണ്ണുകള്‍ 
അകന്നുപോകുന്ന ട്രക്കിലെ
ചവറ്റുകൂനയില്‍ 
നിന്നുമെന്നെ നോക്കുമ്പോള്‍ 
എന്‍റെ മൌനം വൃഥാവിലായെന്നു
ഞാനറിയുന്നു

രക്തമിറ്റുന്ന
അവളുടെ മുറിഞ്ഞ ചുണ്ടുകള്‍
വില്‍ക്കപ്പെട്ടപ്പോഴും  
വാങ്ങപ്പെട്ടപ്പോഴും  
സ്വതന്ത്രയായിരുന്നപ്പോഴും  
നാമെന്തിനു നിശബ്ദത  
പാലിച്ചെന്നു   ചോദ്യമുയര്‍ത്തുന്നു  

അവസാനയത്താഴത്തെ
വിഷത്തുള്ളിയില്‍
ഉരുട്ടിയെടുക്കാന്‍
കഴിയാതെ പോയതോര്‍ത്തെന്‍റെ
രക്തം കട്ട പിടിക്കുന്നു


മതം.......
രാജ്യം .......
ഭാഷ ....
അവര്‍   വെറുതെ  പറയുകയാണ് ;
ജീവനുള്ള  
സ്ത്രീകളെ 
വിലപേശാന്‍,
പ്രതികരണ ശേഷിയുളള
പുരുഷന്മാരെ 
കൂട്ടക്കൊല ചെയ്യാന്‍ 
കുഞ്ഞുങ്ങളുടെ തലച്ചോറുണ്ണാന്‍
വേണ്ടി  മാത്രം ..!!

പ്രതിഷ്ഠഗോഡ്സെ
പ്രതിഷ്ഠിക്കപ്പെടുന്നയിടങ്ങളില്‍
നരബലിയും രക്താഭിഷേകവും
 മാത്രമേ പ്രതീക്ഷിക്കാനുള്ളൂ 

 ആദ്യത്തേതിന്റെ
അനുകരണം പോലുമാവില്ല 
തുടര്‍ച്ചകള്‍  

അവസാന ശ്വാസത്തെ
ഏതു വാക്കില്‍
പൊതിഞ്ഞാശ്വസിപ്പിക്കണമെന്ന്
അവര്‍   തീരുമാനിക്കുക തന്നെ ചെയ്യും 

 എന്‍റെ  കുഞ്ഞുങ്ങളേ
ഞാന്‍
 കൂട്ടമരണങ്ങളെ ഇഷ്ടപ്പെടുന്നു  
അതു
മൂകമായൊരു തണുപ്പാണ് 
ജീവിതമോ
 കഴുത്തൊടിഞ്ഞവന്റെ മുതുകിലെ  ചാക്കും 

ഒരിക്കലൊന്നു പോയി നോക്കണം


ജീവന്‍  മാത്രം  മിച്ചം  വച്ച്

തൂങ്ങിമരിച്ചവന്റെ
കണ്ണുകളിലെ 
നിസ്സംഗതയിലേക്ക് 

മുങ്ങിമരിച്ച
ദാഹങ്ങളിലേക്ക് 

പാളങ്ങളില്‍  
ചിതറിയ 
സ്വാതന്ത്ര്യത്തിലേക്ക് 

ഊര്‍ജ്ജമൊഴുകി
വരണ്ടുപോയ 
ഞരമ്പുകളുടെ 
തൃഷ്ണയിലേക്ക് 

വിഷം തിന്നു 
നീലിച്ച  ചുണ്ടുകളുടെ 
വര്‍ത്തമാനങ്ങളിലേക്ക്

ഉറക്കമരുന്നുകളുടെ 
അബോധത്തിലേക്ക്

തീ  കുളിച്ചവന്റെ  
പ്രഭയിലേക്ക് 

ഒരിക്കലൊന്നു പോയി  നോക്കണം 

2014, ഡിസംബർ 17, ബുധനാഴ്‌ച

വസന്തം


വര്‍ഷകാലം 
വേനലിന്‍റെയുള്ളിലൊളിക്കുകയും 
വാനവും ഭൂമിയും 
സ്വപ്നങ്ങള ഴിച്ചു  പകുക്കുകയും 
ചെയ്യുമ്പോഴാണ് 
വസന്തം പിറക്കുന്നത്‌... !!!!

ആകാശക്കണ്ണുകളിലൂടെ
 പൊഴിഞ്ഞ്
മണ്ണിന്‍റെ മനസു തുരന്ന് 
മണ്‍മറഞ്ഞു പോയ 
ഏതോ  മധുരഫലത്തിന്‍റെ
ആത്മാവിനെ
നനച്ചു വിളിക്കുന്ന 
മഴയിലാണ് 
ഹരിതാഭ  കണ്‍മിഴിക്കുന്നത് 

ഇന്നോളമാരുമോര്‍ക്കാത്ത 
എന്‍റെനിര്‍മല  സ്വപ്നങ്ങളുടെ 
പങ്കുപറ്റാന്‍ 
ശ്രദ്ധാപൂര്‍വം തുറന്നുവച്ച 
വാതായനം കടന്നെത്തിയ 
നിനക്ക് 

ജീവിതമധ്യാഹ്നത്തിലെ 
കല്പനകളുടെ പ്രതിബിംബമില്ലാത്ത 
സ്നേഹത്തിന്‍റെ അരുവിയില്‍ 
ഒരു കൈക്കുമ്പിള്‍ ജലാഭിഷേകം 
നേരുന്നു ഞാന്‍ 
മഴയായോ  വസന്തമായോ 
പുനര്‍ജനിക്കുക.
പൂവുകള്‍ക്ക് വര്‍ണവും 
പൂമ്പാറ്റകള്‍ക്കു ചിറകുമേകുക 

2014, ഡിസംബർ 9, ചൊവ്വാഴ്ച

നഗ്നത


രണ്ടര്‍ത്ഥങ്ങളിലേക്ക് 
ഒരേസമയം 
വഴിപിരിഞ്ഞൊഴുകുന്ന
വാക്കാണ്‌ നഗ്നത 

ആത്മാഭിമാനത്തിന്‍റെ  
അപാരഭാരത്താല്‍
അടക്കങ്ങള്‍ 
അനാവരണത്തിനു 
നിര്‍ബന്ധിക്കപ്പെടുമ്പോള്‍ 
അഴിഞ്ഞു വീഴാനാവാത്ത 
പ്രാണന്റെ അവസാനനോവിനെ
നമുക്കങ്ങനെ വിളിക്കാം .


അസുഖത്തിലോ 
ആലസ്യത്തിലോ 
മറച്ചു വയ്ക്കുവാനൊന്നുമില്ലാതെ
അഭയസ്ഥാനത്തോടടുത്തു
നില്‍ക്കുന്ന സര്‍വ്വ സ്വാതന്ത്ര്യത്തെയും
നാമിങ്ങനെ തന്നെയാവും വിളിക്കുക