2016, ഡിസംബർ 7, ബുധനാഴ്‌ച

പെൻസിൽ

ഒരു പെൻസിൽ പോലെ 
ജീവിതമെന്നെ കൂർപ്പിക്കുമ്പോൾ
ഞാൻ മായ്ക്കാൻ കഴിയുന്ന
എന്തെങ്കിലുമൊക്കെ
എഴുതി വയ്ക്കുന്നു.

ജീവിതമെന്റെ
മുന കൂർപ്പിക്കും വരെ
വീണ്ടും കാത്തിരിക്കുന്നു.

നനഞ്ഞാൽ പടരാത്ത
അക്ഷരങ്ങളെ
എഴുതിയെഴുതി
തേഞ്ഞുതീർന്നുപോവുക
എന്നല്ലാതെ
എനിക്കെന്താണു ചെയ്യാനുള്ളത്‌?

2016, നവംബർ 28, തിങ്കളാഴ്‌ച

ഒരു വഴി

ഭ്രാന്തിന്റെ വക്കിൽ നിന്നു
രണ്ടുപേർ തിരിച്ചുനടക്കുമ്പോൾ
ആത്മഹത്യാമുനമ്പിനു ശേഷമുള്ള അനന്തതയാണു മുൻപിൽ ,

അതിലേക്കു നടക്കാൻ സാങ്കൽപികമായൊരു പാതയുണ്ടാവുന്നു,
ആ പാത പിന്നീടു സത്യമാകുന്നു.

കാണുന്നവർക്കതു
നൂൽപ്പാലം പോലെ അരക്ഷിതമായി അനുഭവപ്പെടുന്നു.

നടക്കുന്നവർക്കത്‌
അവർ സൃഷ്ടിച്ച പുതിയ ലോകത്തിന്റെ വഴിയെന്നു തോന്നുന്നു.

ആഴത്തിലേക്കു , അത്രയാഴത്തിലേക്കു താഴ്‌ന്നു പോയവർ
പിന്നെയൊരു ഉയരങ്ങളിലും ഭ്രമിക്കുന്നില്ല ;
അവർക്കു നിരപ്പുവഴികളെക്കാൾ വലിയ സമ്മാനവുമില്ല.

2016, നവംബർ 25, വെള്ളിയാഴ്‌ച

എല്ലായ്പ്പോഴും ഭയപ്പെടുന്നു

ഞാനെപ്പോഴും
മരണത്തെ വായിച്ചവരെഴുതിയതു
വായിക്കുന്നു.
അവരൊരിക്കലും
ജീവിതത്തെയും ഭയപ്പെട്ടിരുന്നില്ല
എന്നു കൂടി വായിക്കുന്നു.

മരണത്തിലേക്കു നടന്നുപോകുമ്പോൾ അവരെങ്ങനെ വെയിൽകായുന്നു ? മഴ നനയുന്നു?

എന്റെ മഴകൾ ഞാൻ നനയാതെ പോകുന്നു ,
എന്റെ വെയിൽ ഞാൻ കായാതെ പോകുന്നു .

ഞാൻ ജീവിച്ചിരിക്കെ
ജീവിക്കാൻ ഭയപ്പെടുന്നു .
മരിച്ചു കൊണ്ടിരിക്കെ മരിക്കാനും

2016, നവംബർ 18, വെള്ളിയാഴ്‌ച

ഒ/ഒ പ്രകാശം

ജീവിതത്തിലേക്കു നടക്കാനിറങ്ങുമ്പോഴൊക്കെ
ദൂരെ പ്രകാശഗോപുരങ്ങളിലേക്കു
കൈ ചൂണ്ടിയവർക്കു നന്ദി.

നിങ്ങളുടെ ചൂണ്ടുവിരലുകളും
കാൽച്ചുവട്ടിലെ മണൽത്തരികളും
എനിക്കു കാണാൻ സാധിച്ചത്‌
സൗഹൃദങ്ങളുടെ വെളിച്ചത്തിലായിരുന്നു
ഉരുകിത്തീർന്നവരുടെ പ്രകാശം

2016, നവംബർ 11, വെള്ളിയാഴ്‌ച

ഒ/-ഒ - സ്വർഗ്ഗം


സ്വർഗ്ഗം

ഒരാൾ സ്വർഗ്ഗത്തെക്കുറിച്ച്‌
തീവ്രമായി
സംസാരിച്ചുകൊണ്ടിരുന്നു.

അയാൾക്കു പിറകിൽ
നിന്നൊരമ്മ പറഞ്ഞു,
നിന്റെ സ്വപ്നങ്ങളിൽ
അന്യരുടെ ചോര കലർത്തരുത്‌

ഒ/ഒ - കത്തിലെ തീ

നാവികനായ  സുഹൃത്തുമൊന്നിച്ചിരിക്കുമ്പോൾ
കത്തുകളയയ്ക്കുന്നതും
തീ കായുന്നതും
പാഴ്‌വേലകളാണെന്ന്
അയാൾ അഭിപ്രായപ്പെട്ടിരുന്നു

ഒരു കപ്പൽഛേദത്തിനു ശേഷം
കാട്ടിൽ ആരോ കൂട്ടിയ
തീ കാഞ്ഞതിനെക്കുറിച്ച്‌
നാവികനായ സുഹൃത്തിന്റെ
കത്ത്‌ ഇന്നലെ  വന്നിരുന്നു

ഒ/- ഒ -രോഗി

ഞാനൊരു രോഗിയെ
കാണാൻ പോയി
അവർ മുറ്റത്തിരിക്കുകയായിരുന്നു

എന്നോടൽപം വെള്ളം
ചോദിച്ചു.
കിട്ടിയ  ജലം
ചെടിക്കൊഴിച്ചുകൊണ്ട്‌

മഞ്ഞുകാലം വാതിലിനു പുറത്തു നിൽക്കുന്നു,
നീയീ  വേനലിനെ അതിജീവിക്കട്ടെ എന്നാശംസിച്ചു;

പിന്നെ   ഞാനൊരിക്കലും
കൈനിറയെ
മടുപ്പുമായി
ആരെയും സന്ദർശിച്ചിട്ടില്ല

ഒ/ഒ -സംഭാഷണം


സംഭാഷണം

ഞങ്ങൾ രണ്ടു നല്ല
സുഹൃത്തുക്കൾ തമ്മിൽ തർക്കത്തിലേർപ്പെട്ടു.

പ്രത്യയശാസ്ത്രങ്ങളും
ആശയങ്ങളുമായിരുന്നു
വിഷയം

ഒരു പകൽ നീണ്ട
ചർച്ചയ്ക്കൊടുവിൽ
കൈ നിറയെ മധുരനാരങ്ങയുമായി
ഒരാൾ ഞങ്ങളെ കാണാനെത്തി.

അതു പിഴിഞ്ഞു കൊടുക്കാൻ ആവശ്യപ്പെട്ടു.

ഞങ്ങൾ ഇരുപാത്രങ്ങളിലായി
അതു പിഴിഞ്ഞെടുത്തു.
അതിനൊരേ മധുരമായിരുന്നു

ഒ/ഒ യുദ്ധം

യാത്രകൾ എനിക്കിഷ്ടമായിരുന്നു
അതെന്തിനെന്നുള്ള
ചോദ്യങ്ങളിൽനിന്നു
രക്ഷപെട്ട്‌ ഉത്തരങ്ങളിലേക്കു പലായനം ചെയ്യുന്നതിനിടയിൽ
ഞാനൊരു യുദ്ധം കണ്ടു.

ജയിച്ചവൻ ഒരു നിമിഷം സംസാരിച്ചു.
പ്രതീക്ഷകൾ നഷ്ടപ്പെട്ടവനോടു പോരാടുമ്പോൾ
വന്യമൃഗങ്ങളെക്കാളധികം അവനെ ഭയക്കേണ്ടതുണ്ട്‌

ഒ/ഒ.നാണയം

നാണയം

എനിക്കു  വേണ്ടതെല്ലാം ആ കൊച്ചുമുറിയിൽ ഉണ്ടായിരുന്നു
തണുത്തജലം കുടിക്കാനൊരു കൂജ
വസ്ത്രങ്ങൾ വിരിച്ചിടാനൊരു അഴ . വായിച്ചു തീർക്കാൻ പുസ്തകങ്ങൾ.
കഞ്ഞി കുടിക്കാൻ
തറയിൽ വീണാൽ നല്ല സ്വരം കേൾപ്പിക്കുന്ന
പൊട്ടാത്ത ഒരു പാത്രം.

എന്നിട്ടും അടുത്ത മുറിയിലെ ചുമയോട്‌  ഞാനൊന്നും നേടിയില്ലെന്ന് പരിഭവപ്പെട്ടു.
അയാൾ എനിക്കു രണ്ടു നാണയങ്ങൾ തന്നു.
അതു ചിലവഴിച്ചു വരാൻ ആവശ്യപ്പെട്ടു.
ഞാൻ ഉച്ചവരെ കടൽത്തീരത്തു പോയിരുന്നു .
രണ്ടു നാണയങ്ങളുമായി മടങ്ങിയെത്തി.
അയാൾ ഉറക്കെ ചിരിച്ചു,
ഒന്നു പോയകാലത്തിന്റെ നാണയമായിരുന്നത്രേ
ഇനി ചിലവഴിക്കാനാവാത്തത്‌.
മറ്റൊന്നു കടൽതീരത്തുപേക്ഷിച്ചിരുന്നെങ്കിൽ പോലും ആരെങ്കിലും കണ്ടെടുക്കുമായിരുന്നെന്ന്
ചൂടുചായയ്ക്കിടയിൽ
അയാളെനിക്കൊരു കണക്കദ്ധ്യാപകനായി
ജീവിതത്തിന്റെ പെൻഷൻ പറ്റാറായ അദ്ധ്യാപകൻ

ഒ/ഒ പൂച്ച

പൂച്ച

ഒറ്റയ്ക്കുള്ള നടത്തത്തിനിടയിൽ
ഒരു പൂച്ച
എന്റെ ചങ്ങാതിയായി വന്നു.

അതെനിക്കു മുന്നിൽ
കാലിൽ തട്ടി തട്ടി
നടന്നു കൊണ്ടിരുന്നു.

വേഗത്തിൽ നടന്ന്
എവിടെയും എത്താനില്ലാതിരുന്നിട്ടും
എനിക്കു കലശലായ
കോപം വന്നു.

ആ പൂച്ചയില്ലായിരുന്നെങ്കിൽ
അതിലും പതുക്കയേ
ഞാൻ നടക്കുമായിരുന്നുള്ളൂ.
മഴയ്ക്കു മുൻപ്‌
വീടെത്തുകയുമില്ലായിരുന്നു

ഒഴിവ്‌/ ഒളിവ്‌ - കാലത്തെ ചിന്തകൾ .കുട്ടികൾ

കുട്ടികൾ കളിക്കുകയായിരുന്നു

ഒഴിവുകാലമാണെന്നവർ പറഞ്ഞു.

ചെറിയ വട്ടം വരച്ച്‌ അതിനുള്ളിലേക്കും വെളിയിലേക്കും  അവർ ചാടിക്കൊണ്ടിരുന്നു.

എനിക്കവരോട്‌ ആരാധന തോന്നി.

ഉള്ളിലേക്ക്‌ ചാടിയാൽ പുറത്താകുമെന്ന് ഭയന്ന്
ഞാനെത്രകാലമായി പുറത്തു തന്നെ നിൽക്കുന്നു.

2016, നവംബർ 10, വ്യാഴാഴ്‌ച

ഒഴിവ്‌/ ഒളിവ്‌ - കാലത്തെ കവിതകൾ

അത്ഭുതം
----------------
അതെന്റെ ഒഴിവിന്റെ ആദ്യകാലമായിരുന്നു,
ജീവിതത്തിൽ നിന്നു ഒളിവിലുമായിരുന്നു
ഞാൻ അത്ഭുതങ്ങളെ പ്രതീക്ഷിച്ചുകൊണ്ടേയിരുന്നു.
പൂ വിരിയുന്നതോ, സ്ത്രീകൾ ജലവുമായി പോകുന്നതോ എനിക്കത്ഭുതമായി തോന്നിയില്ല
ഇപ്പോൾ ആ കാഴ്ച അന്നങ്ങനെ കണ്ടുനിന്ന ഞാൻ തന്നെ ഇന്നു എനിക്കൊരത്ഭുതമാകുന്നു
   അത്ഭുതങ്ങൾ ആകാശത്തു വിരിയുമെന്ന് കേട്ട കഥകളിൽ നിന്ന് ഭൂമിയെ നോക്കാൻ ഞാൻ മറന്നതായിരിക്കാം .
എന്റെ ചെറിയ വീട്ടിലേക്കുള്ള ഇടവഴി  പുല്ലുമൂടാതെ പോയത്‌ ഒരിക്കലും
ഞാൻ കണ്ടില്ല

അധികം കാര്യമൊന്നുമില്ലാത്ത ഒരിടത്ത്‌
വലിയ ഇടവേളകളില്ലാതെ സന്ദർശകരുണ്ടായിരിക്കുക എന്നതുമൊരത്ഭുതമല്ലേ

2016, ഒക്‌ടോബർ 6, വ്യാഴാഴ്‌ച

ചില്ലുജാലകം

മങ്ങിയ ചെറിയ  ചില്ലുജാലകത്തിലൂടെ
മുറിയിലെത്തുന്ന പ്രകാശത്തെ നോക്കി
എനിക്കത്ഭുതപ്പെടാനാകുന്നുണ്ട്‌.
കരിങ്കൽ ഭിത്തിയിൽ തറച്ച വലിയ ഛായാചിത്രത്തിലല്ല ഞാനിപ്പോൾ ഉള്ളത്‌.
മുറിയിലാകെ പറ്റിയും പടർന്നും നിൽക്കുന്ന കാട്ടുമുല്ലയിലെ പൂവുകളുടെ മണം ഞാൻ ആസ്വദിക്കുന്നുണ്ട്‌.

ദൂരെയൊരു പച്ചനിറഞ്ഞ താഴ്‌വരയുണ്ടെന്നൊ,
മഞ്ഞുറയുന്ന ഒരു തടാകമുണ്ടെന്നൊ അല്ല
എവിടെയും പ്രകാശമുണ്ടെന്നും
എന്റെ ലോകത്തേക്കതിനു കടന്നു വരാൻ ഒരു ജാലകമുണ്ടെന്നുമാണിപ്പോൾ എന്റെ ചിന്ത.

ഒരിക്കൽ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു ചിത്രം കണ്ടെടുക്കപ്പെടും .
പൂവിന്റെ ദളങ്ങളും ഇലകളുടെ പച്ചയും കൊണ്ടെഴുതിയ ഒരു പെൺകുട്ടിയുടെ ചിത്രം

അവളുടെ മുടിയിൽ ഒരിക്കലും ഒഴിയാതെ കാട്ടുമുല്ലപ്പൂക്കളുണ്ടാവും .
അവൾക്കരികിൽ നിന്നു എതിർ ദിശയിലേക്കു നോക്കിയാൽ
ഇരുണ്ട മുറിയിലേക്കു പ്രകാശം കടന്നുവരുന്ന മങ്ങിയൊരു ചില്ലുജാലകം കണ്ട്‌ നിങ്ങളും അത്ഭുതപ്പെട്ടേക്കാം

2016, സെപ്റ്റംബർ 24, ശനിയാഴ്‌ച

ഗുലാരിയ 4 ആശ്രമജീവിതം


മതിമയീദേവി ആശ്രമാധിപയോട് സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ ഗുലാരിയ പുറത്ത് മാര്‍ബിള്‍ തൂണില്‍ ചാരി നിന്നു.തറയ്ക്കും ഭിത്തിക്കും നല്ല തണുപ്പനുഭവപ്പെട്ടു. മരങ്ങളില്‍ ചാരി നിന്ന് മുകളിലേക്ക് നോക്കാറുള്ളത്പോലെ അവള്‍ തലയുയര്‍ത്തി നോക്കി. പച്ചയുടെ ഇലയനക്കങ്ങളോ, കുരുവികളുടെ കലപില കൂട്ടലുകളോ അവള്‍ക്ക് കാണാനോ കേള്‍ക്കാനോ കഴിഞ്ഞില്ല. ഇത് മനുഷ്യനിര്‍മ്മിതമായ ജീവനില്ലാത്ത തണുപ്പാണെന്ന് അവള്‍ക്കു ബോധ്യമായി.
അല്‍പനേരത്തിനകം മതിമയീദേവി നിറഞ്ഞകണ്ണുകളോടെ പുറത്തേക്കു വന്നു. പിന്നാലെ ആശ്രമത്തിലെ ഒരന്തേവാസിയും .അമ്മ സാരിത്തലപ്പ് വലിച്ചിട്ടു നടന്നു പോകുന്നത് നോക്കി നിന്ന ഗുലാരിയയെ പിറകില്‍ നിന്നവര്‍ വിളിച്ചു. നിശബ്ദത കുടിച്ചു കിടക്കുന്ന വലിയ ഹാളുകള്‍ കടന്ന് ചെറിയ മുറികളുടെ ഇടുങ്ങിയ വരാന്തകളിലേക്ക് അവളെത്തിച്ചേര്‍ന്നു. അവിടെ അവള്‍ക്കായി ഒരു ചെറിയ മുറി തുറക്കപ്പെട്ടു.
ആ വലിയ അങ്കണത്തിനുള്ളില്‍ ആരും ആരോടും കൂടുതലൊന്നും സംസാരിച്ചില്ല.ആരുടെ സ്വരവും ഉയര്‍ന്നു കേട്ടില്ല
നടക്കുമ്പോള്‍ ആരും മുഖമുയര്‍ത്തിയില്ല. മുണ്ഡനം ചെയ്ത തല മൂടി, ചെരുപ്പുകള്‍ ഇല്ലാത്തതിനാല്‍ പാദപതനം പോലും കേള്‍പ്പിക്കാതെ അവരാ മാര്‍ബിള്‍ പതിച്ച തറയിലൂടെ നടന്ന് ഓരോരുത്തര്‍ക്കും ഏല്‍പിക്കപ്പെട്ട ജോലികള്‍ ചെയ്തുകൊണ്ടേയിരുന്നു .
മുറ്റത്തൊരു വലിയ പൂന്തോട്ടം ഉണ്ടായിരുന്നെങ്കിലും അവിടേക്കു പോകാന്‍ പൂജയ്ക്കായി പൂ നുള്ളുന്നവര്‍ക്കല്ലാതെ മറ്റാര്‍ക്കും അനുവാദം ഉണ്ടായിരുന്നില്ല .
ആദ്യത്തെ രണ്ടു ദിവസങ്ങള്‍ക്കു ശേഷം ഗുലാരിയ മണ്ണില്‍ ചവിട്ടുന്നതും , ചെടികള്‍ക്ക് വെള്ളമൊഴിക്കുന്നതും സ്വപ്നം കണ്ട് രാത്രികളില്‍ ഉണര്‍ന്നു തുടങ്ങി . വെകുന്നേരം ക്ഷേത്രത്തില്‍ പോകുന്നതും പൂജ കഴിഞ്ഞു മടങ്ങിവരുന്നതും മാത്രമായിരുന്നു അവള്‍ക്കാകെ ഒരു ചലനമായി തോന്നിയിരുന്നത് .
ആഹരത്തെക്കുറിച്ചും വസ്ത്രത്തെയും പാര്‍പ്പിടത്തെയും കുറിച്ചും ആകുലതകള്‍ ഇല്ലെങ്കില്‍ , അല്ലെങ്കില്‍ മറ്റാരെയും കുറിച്ചു ആകുലപ്പെടാനില്ലെങ്കില്‍ മനുഷ്യന് അത്രമേല്‍ യാന്ത്രികമായും യുക്തിക്കതീതമായ ഭാവനാലോകത്തിലും ജീവിക്കാന്‍ കഴിയുമെന്ന് അവള്‍ക്കു മനസിലായി . യമുനാനദിയുടെ കൈത്തോടുകളിലൊന്നില്‍ പാട്ടുപാടി കടത്തുവള്ളം തുഴയുന്ന ദേവയ്യന്റെ പാട്ടിന് ഓരോ ദിവസവും ഈ ജീവിതതെക്കാളും വൈവിധ്യം ഉണ്ടായിരിക്കുമെന്ന് അവള്‍ ചിന്തിച്ചു. ഉറക്കെ പാടാന്‍ തോന്നിയെങ്കിലും ആശ്രമത്തിന്റെ അച്ചടക്കം അതില്‍ നിന്നും അവളെ പിന്തിരിപ്പിച്ചു .(തുടരും

ഗുലാരിയ 3 - സന്യാസം

വെള്ളം ഉള്ളിലേക്ക്‌ ഒലിച്ചിറങ്ങുന്ന വീടിന്റെ ഭിത്തിയിലെ വിള്ളലിലേക്കു നോക്കിയിരുന്നുകൊണ്ട്‌ ഗുലാരിയ അമ്മയോടു സന്യാസിനിയാകാൻ അനുവാദം ചോദിച്ചു.അരുതാത്തതെന്തോ കേട്ടതുപോലെ മുത്തശ്ശി അവളെ തുറിച്ചു നോക്കിക്കൊണ്ടിരുന്നു.ഗുലാരിയയുടെ ആഗ്രഹമല്ല അവൾ ചോദിച്ചത്‌ എന്നു മതിമയീദേവിക്കറിയാമായിരുന്നു
എങ്കിലും പുറത്തെ ഇരുട്ടുപോലെ കട്ടിയിലുറഞ്ഞു നിൽക്കുന്ന ജീവിതത്തിനു സഞ്ചരിക്കാൻ ഒരു പാത കണ്ടെത്തിയെന്നേ അവർക്കു തോന്നിയുള്ളൂ. ആഗ്രഹങ്ങൾ , സന്തോഷങ്ങൾ ഇവയ്ക്കല്ല, ശരീരത്തിൽ ജീവൻ പിടിച്ചു നിർത്താൻ ആവശ്യമായ സുരക്ഷിതത്വം മാത്രമേ ജീവിതത്തോടു പുലർത്തുന്ന നീതിയാവുന്നുള്ളൂ എന്ന് എന്നോ കണ്ടുപിടിക്കപ്പെട്ടിരിക്കുകയാണു. ഗുലാരിയ പല നിറങ്ങളിലുള്ള കുപ്പിവളകൾ മുത്തശ്ശിയുടെ പെട്ടിയുടെ കോണിൽ അടുക്കിവച്ചു. മുറ്റത്തെ മുല്ലയിൽ നിന്ന് പിന്നീടുള്ള ദിവസങ്ങളിൽ അവൾ പൂക്കളിറുത്തില്ല. അവ വെളുത്തു വിടരുകയും മഞ്ഞച്ചു കൊഴിയുകയും
ചെയ്തു. അമ്മയോടൊപ്പം ആശ്രമത്തിന്റെ വലിയ കവാടം കടന്ന് ഉള്ളിലേക്കു നടക്കുമ്പോൾ ആ വലിയ കെട്ടിടത്തിന്റെ നിശബ്ദത ഗുലാരിയയെ പൊതിഞ്ഞു. ആളൊഴിഞ്ഞ വലിയ വരാന്തകളിലൂടെ നടക്കുമ്പോൾ ഓരോ തവണയും നനയാതിരിക്കാനും വീടിനു ഇടം കിട്ടാനുമായി മുത്തശ്ശി നീക്കി  നീക്കി വയ്ക്കാറുള്ള തകരപ്പെട്ടി അവളോർത്തു.ഈ വരാന്തയിൽ എത്ര തകരപ്പെട്ടികൾ അടുക്കി വയ്ക്കാനാവും എന്ന് കണ്ണുകൾ കൊണ്ടവൾ അളവെടുത്തു.  ( തുടരും )

2016, ജൂൺ 14, ചൊവ്വാഴ്ച

അസ്തിത്വദുഖം

അസ്തിത്വദുഖമെന്നൊരു കിളിയും പ്രഭാത കിരണങ്ങളിൽ പാട്ടുകളാൽ മുറിവേൽപിക്കുന്നില്ല.  
വിളഞ്ഞ നെൽപാടങ്ങൾ തിരഞ്ഞു ചിറകുവിടർത്താതിരിക്കുന്നുമില്ല

അസ്തിത്വദുഖമെന്നൊരു പൂവും
ദളങ്ങളെ മടക്കുന്നില്ല
തേൻ ചുരത്താതിരിക്കുന്നില്ല

അസ്തിത്വദുഖത്തിലൊരു തേനറയും
ശൂന്യമായിരിക്കുന്നില്ല
മെഴുകിനാൽ മുദ്രവയ്ക്കപ്പെടാതെയും
പോകുന്നില്ല

അസ്തിത്വ ദുഖമെന്നൊരു പാമ്പും
പടം പൊഴിക്കാതെയോ പത്തി വിടർത്താതെയോ വെയിൽ കായുന്നില്ല

ഒരു നേരം കണ്ണു തെറ്റിയാൽ
വേട്ടക്കാരൻ ഇരയായേക്കാവുന്ന ഭൂപടങ്ങളിൽ
അസ്തിത്വദുഖമെന്നാരും അടയാളപ്പെടുത്തുന്നില്ല .

എനിക്കിനി കൂടുതൽ ആർദ്ദ്രമായി പുലരികളെ ചുംബിക്കാനാകും
കൂടുതൽ അഗാധമായി നിന്നെ
സ്നേഹിക്കാനാവും
എന്നിൽ നിന്നൊരു വാക്കിനെ കുടുക്കിട്ട്‌ ലോകത്തിലേക്കു വലിച്ചു കെട്ടാൻ കൂടുതലെളുപ്പത്തിലാവും

ഭൂമീദേവിയുടെ പിൻ ഗാമികൾ 2

ഗുലാരിയ
.................................
1.മലഞ്ചെരിവിലെ പൂക്കള്‍
.................................................................
ഗയാ....!
മതിമയീദേവി വീടിനു പുറത്തേക്കിറങ്ങി താഴെയുള്ള താഴ്വരയിലേക്കു നോക്കി നീട്ടി വിളിച്ചു. താഴെ കുന്നിന്‍ചരുവുകളില്‍ വിരിഞ്ഞുനിന്ന നീണ്ട തണ്ടുകളുള്ള മഞ്ഞപ്പൂക്കള്‍ ഇറുത്തെടുക്കുകയായിരുന്നു ഗുലാരിയ. അമ്മയുടെ വിളി കേട്ട് കൈ നിറഞ്ഞില്ലല്ലോ എന്ന സങ്കടത്തോടെ അവള്‍ വേഗം വീട്ടിലേക്കു നടന്നു.
അവരുടെ ചെറിയ വീട്ടില്‍ മുത്തശ്ശിയും മതിമയീദേവിയും മകള്‍ ഗുലാരിയയും മാത്രമേ ഉണ്ടായിരുന്നുള്ളൂ . മകളുടെ ഭാവിയെക്കുറിച്ചുള്ള ആവലാതികളായിരുന്നു ആ വീട്ടിലെ മിക്ക വര്‍ത്തമാനങ്ങളും. അവയുടെആഴമൊന്നും കൊച്ചുഗുലാരിയയ്ക്ക് മനസിലായിരുന്നില്ല എങ്കിലും താനാണ് ഈ വ്യാകുലതയ്ക്ക് കാരണംഎന്ന് അവള്‍ക്കെപ്പോഴോ തോന്നിത്തുടങ്ങിയിരുന്നു.
ഭക്ഷണം പൊതിഞ്ഞു കൊണ്ടുപോകാന്‍ മതിമയിദേവി എടുത്തുവച്ചിരുന്ന പത്രക്കടലാസുകളിലൊന്നില്‍ ഭാരതത്തിന്റെ പുത്രി എന്ന തലക്കെട്ട്‌ കണ്ട് ഗുലാരിയ അമ്മയോടു ചോദിച്ചു .. ആരാണമ്മേ ഭാരതത്തിന്റെ പുത്രി?
പുകയൂതി നിറഞ്ഞു കലങ്ങിയിരുന്ന കണ്ണുകളില്‍ വെറുപ്പു നിറച്ചു കൊണ്ട് അവര്‍ ഉത്തരം പറഞ്ഞു..
."ശവങ്ങള്‍" , അതാണു ഭാരതത്തിന്റെ പുത്രിമാര്‍.
ഇവിടെ ജനിക്കുമ്പോഴല്ല , മരിക്കുമ്പോഴാണ് മകളാകുന്നത്. തൊലിയുരിച്ചു മാംസക്കടകളില്‍ തൂക്കിയിട്ട മാംസത്തുണ്ടുകളുടെ ച്ഛായയാണ് ഭാരതത്തിന്റെ പുത്രിമാര്‍ക്ക്.
ഗുലാരിയ ഒന്നും മിണ്ടിയില്ല. അവളുടെ കണ്ണുകള്‍ അമ്മയുടെ മുഖത്ത് തങ്ങി നിന്നു.
നീയെന്തിനാ മതീ കുട്ടിയോടിങ്ങനെ സംസാരിക്കുന്നത്? വാ കുട്ടീ ഞാനൊരു കഥ പറയാം.മുത്തശ്ശി അവളെയും കൂട്ടി തറയില്‍ വിരിച്ചിട്ടിരുന്ന പായയിലേക്ക് ചടഞ്ഞിരുന്നു. വീടിന്നുള്ളില്‍ വീണുകിടന്ന നിലാവിന്റെ കുളിര്‍മ്മയില്‍ ഗയ ഏതോ കഥ കേട്ടുറങ്ങി....(തുടരും)
2, ഭൂമീദേവിയുടെ പിൻ ഗാമികൾ
പിറ്റേന്നു രാവിലെ മുത്തശിയുമൊത്ത്‌ ക്ഷേത്രത്തിലേക്കു നടന്നുപോകുമ്പോൾ, വീടിനടുത്തുള്ള ചെമ്മൺ പാതയിലൂടെ കുനിഞ്ഞ ശിരസുമായി കാവിയുടുത്ത്‌ ചില സ്ത്രീകൾ നിശബ്ദരായി നടന്നു പോകുന്നത്‌ ഗുലാരിയ കണ്ടു. അവൾ അവരെ പിന്തുടർന്നു. വലിയൊരു അങ്കണത്തിലേക്ക്‌ അവർ പ്രവേശിച്ചു. ആ സ്ത്രീകൾക്കും ഗുലാരിയയ്ക്കുമിടയിൽ  വലിയൊരു മതിലും അടഞ്ഞ വാതിലും ഉയർന്നു നിന്നു
രാത്രി മുത്തശി അവളോടു അതേക്കുറിച്ചു വിശദീകരിച്ചു. അവരാണു ഭൂമീ ദേവിയുടെ പിൻ ഗാമികൾ എന്ന പേരിൽ അറിയപ്പെടുന്ന സന്യാസിനികൾ. തല മുണ്ഡനം ചെയ്ത്‌ , കാവിയുടുത്ത്‌ അവർ വിരക്തിയോടെ ജീവിക്കുന്നു . മുത്തശി തുടർന്നു , അവർ ചെരിപ്പുകൾ ധരിക്കാറില്ല. കല്ലും മുള്ളും നിറഞ്ഞ വഴിയിലൂടെ നഗ്നപാദരായി നടന്ന് ത്യാഗികളാകുന്നു.
ചെരിപ്പു ധരിച്ചു നടന്നിട്ടും വിണ്ടുകീറിയ പാദങ്ങൾ ഉള്ള അമ്മയെ  അവളോർത്തു.  പൊള്ളുന്ന വെയിലിൽ തല മാത്രമല്ല, നടുവു പോലും ഉയർത്താതെ ജോലി ചെയ്യുന്ന അമ്മയുടെ നിശബ്ദതയും ത്യാഗമായിരിക്കുമോ ? അമ്മയും ഭൂമീദേവിയുടെ പിൻ ഗാമിയാണോ?
സ്ത്രീകൾ പൂക്കളെപ്പോലെയാണു, മുത്തശി പറയുകയാണു, ഭൂമിയുടെ സൗ ന്ദര്യമല്ലേ പൂക്കൾ?
അതെ ആർക്കും അനുവാദം ചോദിക്കാതെ  പൊട്ടിച്ചേടുക്കുകയും വിൽക്കുകയും ചെയ്യാവുന്ന ശബ്ദമില്ലാത്ത ജീവികൾ, മതിമയീദേവി പിറുപിറുത്തു. അതിന്റെ തുടർച്ചകൾ മൂർച്ച കൂടിയ വാക്കുകൾ ആയിരിക്കും എന്നറിയാവുന്നതു കൊണ്ട്‌ മുത്തശിയും ഗുലാരിയയും പിന്നൊന്നും മിണ്ടിയില്ല. വെറുതെ മുറിഞ്ഞു ചോര കിനിയാൻ അവരാരും ഇഷ്ടപ്പെട്ടില്ല

2016, ജൂൺ 9, വ്യാഴാഴ്‌ച

ഹൃദയം

ഹൃദയത്തിന്‍റെഅറകള്‍
വര്‍ധിച്ചു കൊണ്ടേയിരിക്കുന്നു !!!
താളം മാറി മാറി വരുന്നു !!!
മരണത്തിലേക്കിനിയധികദൂരമില്ലത്രെ

മിടിപ്പുകളിലറിയാം
പൂക്കാത്ത കാടാണോന്നില്‍
ഇനിയൊന്നില്‍ അമാവാസി
കരിമ്പടം പുതച്ചുറങ്ങുന്നു

ചില്ലകളില്ലാത്ത ചിറകൊടിഞ്ഞ
പക്ഷികള്‍ക്കായോന്ന്
നിറുത്താതെ പെയ്യും മഴക്കും
നിലാവിനും മറ്റൊന്ന്

യക്ഷിക്കഥകള്‍ക്ക് മുടിയഴിച്ചിടാനും
മാലാഖമാര്‍ക്ക് ചിറകുവിരിക്കാനും
കടലാസുവള്ളങ്ങള്‍ക്ക്
ഒഴുകിനടക്കാനും ഇടം വേണ്ടേ ??

ആരൊക്കെയോ തൂങ്ങി മരിച്ച
മരക്കൊമ്പുകളും
എന്‍റെ അസ്ഥി പന്ജരവും
ഞാനെവിടെ സൂക്ഷിക്കും ?

വരില്ലെങ്കിലും വെറുതെയെങ്കിലും
ഒരു വസന്തത്തിനായി ഇടമൊരുക്കണ്ടേ???
ഒരു കുന്നും ഉരുളുന്ന കല്ലും
തോല്‍ക്കാതെ തോല്‍ക്കുന്ന
ഭ്രാന്തിന്റെ ചിരിയും അറകള്‍ തേടുന്നു

അലകളുറങ്ങാത്ത കടലും
ഉരുകുന്നൊരു മണ്‍ചിരാതും
വെള്ളിടികളും അറകള്‍
പകുത്തു പതം പറയുമ്പോള്‍

ഇടമില്ലാതെയലയുന്ന സ്വപ്നങ്ങളും
അറപ്പെരുക്കങ്ങളില്‍ പൊട്ടാത്ത
ഹൃദയത്തോടൊപ്പം ഞാനും
മരിച്ചുകൊണ്ടിരിക്കുകയാണല്ലോ !!!!!

2016, മേയ് 29, ഞായറാഴ്‌ച

സ്നേഹിക്കപ്പെടുന്നവർ

ഒരു വേനൽക്കാലത്ത്‌
എനിക്കു  സ്നേഹിക്കാൻ
ഒന്നുമില്ലെന്നു പരാതിപ്പെട്ട്‌
ഞാനൊരു വെളുത്ത  പക്ഷിയെവാങ്ങുന്നു.
വസന്തകാലത്ത്‌ അതു പാടുന്നു .
ഞാനതിനെ താലോലിക്കുന്നു. 

  ചെറിയ തൂവലുകൾക്കിടയിൽ
കറുത്ത പുള്ളികൾ കാണുമ്പോൾ
വെളുത്ത പക്ഷിയോടുള്ള
എന്റെ സ്നേഹം കൂടുന്നു.
ഞാനതിന്റെ കറുത്തതൂവലുകൾപിഴുത്‌
അതിനെ കൂടുതൽ
വെളുത്തതാക്കി സ്നേഹിക്കുന്നു .

വർഷകാലത്ത്‌
അതെവിടെയൊ പതുങ്ങുന്നു .
തിരഞ്ഞു മടുക്കുമ്പോൾ
എപ്പൊഴും സ്നേഹിക്കാനായി ഞാനതിനെ ഒരു കൂട്ടിലടയ്ക്കുകയും
എല്ലാവരെയും കാണിച്ച്‌
എന്റെ സ്നേഹത്തിൽ അഭിമാനിക്കുകയും ചെയ്യുന്നു .
എന്റെ പക്ഷിക്ക്‌
ഇപ്പൊൾ അധികം തൂവലുകളില്ല
എങ്കിലും എന്റെ സ്നേഹഭാജനമായി
അതു വെളുത്തു തന്നെയിരിക്കുന്നു .
വസന്തകാലത്ത്‌ അതു പാടാറില്ലെങ്കിലും
കൂടിനു പുറത്തു നിന്നു ഞാൻ
താലോലിച്ചുകൊണ്ടിരിക്കുന്നു.

എനിക്കു സ്നേഹമില്ലെന്നോ?
ഇതിൽ കുറഞ്ഞ എന്തു ശിക്ഷയാണു
നിങ്ങൾ സ്നേഹിക്കുന്നവർക്കുള്ളത്‌?

2016, മേയ് 23, തിങ്കളാഴ്‌ച

സാധാരണ വൈകൃതങ്ങള്‍


ഭാഷയെ ശ്രേഷ്ഠമായി കാണുകയും അവളുടെ  രൂപപരിണാമത്തില്‍ ആശങ്കപ്പെടുകയും ചെയ്യുന്ന  ഒരു 
കുലീന കാലഘട്ടത്തിന്റെ മറുപുറത്ത് വിശ്വാസ്യതയും സ്വീകാര്യതയും  ചോദ്യം ചെയ്യപ്പെട്ടു  നില്‍ക്കുകയാണ്  വാര്‍ത്താ  മാധ്യമങ്ങള്‍

വിശദീകരണമാവത്ത‍കളിലേക്ക്,  മനംമടുപ്പിക്കുന്ന വായനകളിലേക്ക്‌  മുഖം  പൂഴ്ത്താനാവാതെ  ചാനലുകളില്‍  നിന്നും പത്രങ്ങളില്‍ നിന്നും  നാം  ചിന്തകളിലേക്ക്  മാറുന്നതിന്റെ  കാരണവും  മറ്റൊന്നല്ല

സാധാരണ ജീവിതത്തിന്റെ  നേര്‍ക്കാഴ്ചകളെ ,കണ്ണീരിനെ  ചിരിയെ  ഒക്കെയും  തൂക്കി  വില്‍ക്കുന്ന കച്ചവടത്തിന്‍റെ  കണ്ണുകളുടെ  സ്ഥാനമാണ്  വാര്‍ത്തകള്‍  ഇപ്പോള്‍  അലങ്കരിക്കുന്നത്. വര്‍ത്തമാനങ്ങള്‍ വാര്‍ത്തകള്‍ ആകുകയും വാര്‍ത്തകള്‍  വര്‍ത്തമാനങ്ങള്‍  ആവുകയും ചെയ്യുന്ന  വൈപരീത്യമാണ്  നാം  കാണുന്നതും ,

വാര്‍ത്തയെ നിരൂപണം  ചെയ്യേണ്ടതായ ഒരു  ദുരവസ്ഥയുടെ കാലത്തില്‍ മാധ്യമധര്‍മം  ഒരു  സാധാരണ വൈകൃതം എന്ന നിലയിലേക്ക് കൂപ്പുകുത്തുമ്പോള്‍  മാധ്യമങ്ങളുടെ  വിശ്വാസ്യതയും  സ്വീകാര്യതയും  ചോദ്യം ചെയ്യപ്പെടുകയാണ് , എക്കാലത്തെക്കാളുമധികമായിത്തന്നെ

കാലത്തിന്‍റെ  അവശ്യകതയായി  ചോദ്യങ്ങളും  അവയുടെ  അനിവാര്യതയായി  ഉത്തരങ്ങളും  ഉയര്‍ന്നു വന്നേക്കാം , അവയ്ക്കൊപ്പം കയ്ക്കുന്ന  സത്യങ്ങളും ,അമൃതിന്റെ  ധര്‍മകുംഭങ്ങളും മാനവികതയുടെ  മേല്‍ക്കൂരകളില്‍  സ്ഥാനം  പിടിച്ചേക്കാം.ഒപ്പം
ഒരുപക്ഷേ ചില മാധ്യമങ്ങളുടെയെങ്കിലും അകാലചരമവും പ്രതീക്ഷിക്കാം

കടങ്ങൾ

മുന്നോട്ടെന്ന  പോലെ  തന്നെ 
കാലം  പിന്നോട്ടും  കറങ്ങും .
സമയവും  ദിവസവും 
മാസങ്ങളും  വര്‍ഷങ്ങളും 
അളന്നെടുക്കുന്ന 
മനുഷ്യന്റെ  മാനദണ്ഡങ്ങളൊന്നും
അതിനു  ബാധകമല്ല .

മുന്നോട്ടു  മാത്രം 
നോക്കിയിരിക്കുന്ന  മനുഷ്യന്റെ 
സമയത്തിന്റെ  അളവുകോലില്‍ 
ഭൂതകാലം  മടങ്ങിവന്ന് 
ചിലതൊക്കെ  പറയും .
പഴയ  കടങ്ങള്‍  വീട്ടും. 
പട്ടിണി  കിടന്ന 
ബാല്യത്തിന്റെ  കണക്കുകള്‍ ,
സ്നേഹം  കൊതിച്ച
ഭാഗ്യം കെട്ട  ഏടുകള്‍
  ഒക്കെയും  അതിലുള്‍പ്പെടും .

  ചില   സന്ധ്യകള്‍  തിരിച്ചു വരും 
എന്നോ  ഉരുകിയൊഴുകിപ്പോയ  മെഴുകുതിരിയുടെ  ഉടല്‍  വീണ്ടുമുയിര്‍ക്കും

2016, മേയ് 11, ബുധനാഴ്‌ച

അലിഖിതം

അലിഖിതമാണു പ്രകൃതിനിയമങ്ങൾ;
അലംഘനീയവും,
പുഴുവിലുറങ്ങിയ പൂമ്പാറ്റ പോലെ
എന്റെ തപസ്സുകാലം കഴിഞ്ഞു.
ഇനി ഞാനൊന്നു പറന്നോട്ടെ...

2016, മേയ് 6, വെള്ളിയാഴ്‌ച

വാക്കുകൾ

ഒരു വാക്കു പലരോടു പറയുമ്പോൾ ചിലരിൽ ഇരുളിലേക്കും
ചിലരിൽ വെളിച്ചത്തിലേക്കും പോയേക്കാം

ഇരുൾ ഇല്ലായ്മയുടെയൊ
വെളിച്ചം നിറവിന്റെയോ
അടയാളങ്ങളല്ല;

ഇരുളിലെ വാക്കുകൾ
ഒരോർമ്മയിൽ തുടിച്ചെന്നു വരാം
ഉണ്മയിലേക്കു പൊടിച്ചുവരാം

വെളിച്ചപ്പെടുന്ന വാക്കുകൾക്ക്‌
അനുഭവങ്ങളുടെ ആകൃതിയിൽ
നിഴലുകളുണ്ടായേക്കാം

പലയാവർത്തി പറയുന്ന
വാക്കുകൾ
കുന്നുപോലെ ഉറച്ചതാകും
അതിൽ വേരോടുന്ന സ്വപ്നങ്ങളാൽ
പുതിയൊരു
ആവാസവ്യവസ്ഥ തന്നെ
പൂത്തൊരുങ്ങിയേക്കാം

2016, ഏപ്രിൽ 30, ശനിയാഴ്‌ച

ജയില്‍പുള്ളി

എന്നും  രാത്രി  ജയില്‍  ചാടുന്ന
ഒരു  ജയിലറെ ഞാന്‍ കണ്ടുമുട്ടി .
അയാള്‍  യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നു
തന്റെ  സ്വപ്നങ്ങളിലേക്ക്
ചാടുകയായിരുന്നു .!!

വീണ്ടും  രാവിലെ
പൊതു വാതിലിലൂടെ
അയാള്‍  യാഥാര്‍ത്ഥ്യങ്ങളിലേക്ക്
അധികാര ചിഹ്നങ്ങളോടെ
കടന്നു വന്നു .

നരച്ച  കണ്ണുകളില്‍  നിന്നു
തന്റെയും  അവരുടെയും
പൊലിഞ്ഞുപോയ സ്വപ്നങ്ങളുമായി
വീണ്ടും മതില്‍  ചാടി .

ഞാന്‍  അയാളോടു പറഞ്ഞു ;
നമ്മളെന്നും  ഇങ്ങനെയാണ് ,
ജീവിതവും  സാഹചര്യങ്ങളും
പൂച്ചെണ്ടുകള്‍  തന്നു  യാത്രയാക്കുന്നത്‌  വരെ
നാമിരുട്ടില്‍ നമ്മില്‍  നിന്നു  നമ്മിലേക്കു
ചാടിക്കൊണ്ടിരിക്കും

എന്നാല്‍  ഒരു  ജയില്‍ പുള്ളിയെ  നോക്കൂ;
ജയില്‍  ചാടിയവന്‍  എന്നൊരു
പേരു  മാത്രം അവശേഷിപ്പിച്ച്
അയാളെത്ര വേഗമാണ്
ഈ  തടവറകളെ  പിന്നിലാക്കി
സ്വാതന്ത്ര്യത്തിലേക്ക്  ഓടിമറയുന്നത്‌

പ്രത്യാശ

കത്തിച്ചു വച്ച വിളക്കു പോലെയാകരുത്‌;
പ്രത്യാശ ,
കാറ്റൂതിയാൽ അതു കെട്ടുപോയേക്കാം

കനൽ  തിളങ്ങുന്ന
അടുപ്പുപോലെയുമാവരുത്‌;
തിളച്ചു തൂവുന്ന
നുരകളിലണഞ്ഞു പോയേക്കാം

കടുത്ത വേനലിന്റെ ആരംഭത്തിൽ
മുറിച്ചു മാറ്റപ്പെട്ട
ഒരു മരത്തിന്റെ വേരുപോലെ
ആയിരിക്കണമത്‌

മഞ്ഞിലോ, മഴയിലോ
വഴി മാറി വരാൻ പോകുന്ന
ഒരരുവിയുടെ നനവിലോ
മുളച്ചുവിടരാവുന്ന
എത്രയിലകളാണത്‌
ഉള്ളിൽ സൂക്ഷിച്ചിട്ടുള്ളത്‌

പൂർണ്ണത

ശരീരം അതിൽതന്നെ പൂർണ്ണമാണു
ഒരു നേരത്തെ അന്നം,
ഒരു കുമ്പിൾ ജലം
ചൂടിനോ തണുപ്പിനോ
ഒത്തവണ്ണം വസ്ത്രം
ഇതിൽക്കൂടുതൽ താങ്ങാൻ
അതിനാവില്ല.

ആത്മാവൊ,
പൂർണ്ണതയന്വേഷിച്ചു
ശരീരം ക്ഷീണിക്കും വരെ
അതിലൂടെയും
ശരീരം വിശ്രമത്തിലായിരിക്കുമ്പോൾ
അതിനു വെളിയിൽ
അറിയാത്ത ദേശങ്ങളിലും
കാലങ്ങളിലും
അലഞ്ഞു തിരിയുന്നു.

ആത്മാവിന്റെ അടങ്ങാത്ത
ഈ  ദാഹമില്ലായിരുന്നെങ്കിൽ
ഭൂൂമിയിലെ പാതി പ്രദേശങ്ങളെ
മൃഗങ്ങളും
ശരീരത്തിന്റെ പ്രവൃത്തികളെ സൽപ്പേരും
കൈയടക്കുമായിരുന്നു

2016, ഏപ്രിൽ 27, ബുധനാഴ്‌ച

ദൂരം

മൂന്നുദിവസം പട്ടിണികിടന്നാൽ
ആഹാരം മോഷ്ടിക്കാവുന്നത്ര
സത്യസന്ധത

അൽപകാലം ഒറ്റയ്ക്കായിപ്പോയാൽ
ജീവനുള്ള എന്തിനേയും
പ്രണയിക്കാവുന്നത്ര വിവേകം

ആരും തിരിച്ചറിയാതെ വന്നാൽ
സ്വയം സംസാരിക്കാവുന്നത്ര
സുബോധം

ഇതൊക്കെയാണു മനുഷ്യൻ

നമ്മൾ നിൽക്കുന്നിടത്തു നിന്ന്
വലിയൊരു കാറ്റ്‌ വീശാനെടുക്കുന്ന
സമയമാണിതിലേക്കുള്ള ദൂരം

2016, ഏപ്രിൽ 26, ചൊവ്വാഴ്ച

പഴങ്ങൾ


ഓരോ മരവും
വേനലിനെ അതിജീവിക്കുന്നുണ്ട്‌
കൊഴിയുന്നയിലകളെ അടർത്തി
തളിരിലകൾക്ക്‌ ഇടമൊരുക്കുന്നുമുണ്ട്‌

നാമെന്തേ 
ഇന്നലെകളെ ചുമന്നു ചുമന്ന്
നാളെയുടെ ഇടം അപഹരിച്ച്‌
ക്ഷീണിക്കുന്നത്‌? 
ജീവിതം സന്തോഷം
പകരുന്നില്ലെങ്കിൽ
മരണത്തിനതാവുമോ?. 

വസന്തം മരത്തിലാണുറങ്ങുന്നത്‌!
ഋതുക്കൾ
ഉണർത്തുന്നുവെന്നേയുള്ളൂ 
ജീവിതം നമ്മിലാണുള്ളത്‌!
സാഹചര്യം അകമ്പടി വരുന്നുവെന്നേയുള്ളൂ.
ഫലങ്ങൾ അഴുകുമ്പോൾ
വിത്തുകളെ തിരയുക
അവയിലെത്ര കാലത്തിന്റെ
ഫലങ്ങൾ അടയാളപ്പെടാനുണ്ടാവും

2016, ഏപ്രിൽ 23, ശനിയാഴ്‌ച

ചിത്രശലഭത്തിന്റെ ചെതുമ്പലുകള്‍


പിളര്‍ന്ന  ചുണ്ടുകളും 
തുറിച്ച  കണ്ണുകളുമായി 
നിലച്ച പിടച്ചില്‍ ഓര്‍മിപ്പിക്കുന്ന  
മത്സ്യത്തിന്റെ  ചിത്രം  കാണുമ്പോഴൊക്കെ 
അതിന്‍റെ  ചെകിളകളില്‍ 
നിന്നു  വേര്‍പെട്ട  ശ്വാസം
എന്‍റെ  തൊണ്ടയില്‍  തങ്ങി  നിന്നു 

അതിന്‍റെ  ചിത്രകാരനരികില്‍  
ഇരുന്നപ്പോഴെല്ലാം  
ചിറകു പോയ  ഒരു  കിളി 
എനിക്കുള്ളില്‍  പറക്കാന്‍  ശ്രമിച്ചു .

എനിക്കൊപ്പം  ആ  ചിത്രം 
സൂക്ഷിക്കാന്‍  ഞാന്‍ ആഗ്രഹിച്ചു ; 
ചിലര്‍ അതെന്റെ  ഇഷ്ടഭക്ഷണം 
ആണെന്ന്  തെറ്റിദ്ധരിച്ചു .
ചിലര്‍ക്ക് അതൊരു  
വായാടിത്തമായി  അനുഭവപ്പെട്ടു .

ഞങ്ങളൊന്നിച്ച് വീണ്ടുമൊരിക്കല്‍  
കടല്‍ തീരത്തിരുന്നു ;
ഞാനെന്‍റെ  കാഴ്ചയുടെ  പാതിയും  
ചിത്രകാരന്‍ ശ്വാസത്തിന്റെ  പാതിയും  
  മത്സ്യത്തിന്  നല്‍കി .

അതൊരിക്കലും കടലിലേക്കു
മടങ്ങിപ്പോയില്ല ,
ലോകത്തെ  മുഴുവന്‍  
ആവാഹിച്ച  സ്നേഹവും 
ഒരു  ജീവനു വേണ്ട  കാഴ്ചയും 
തനിക്കു  ലഭിച്ചെന്നു  പറഞ്ഞ്
ചരിത്രത്തിന്റെ  താളുകളില്‍  
ചെതുമ്പലുകള്‍  കൊണ്ട്
ഒരു  ചിത്രശലഭത്തെ  ഒട്ടിച്ചു ചേര്‍ത്തു 





2016, ഏപ്രിൽ 20, ബുധനാഴ്‌ച

പൂവ്‌

പൂവെന്നു കരുതി എന്നെ നെഞ്ചോടു ചേർത്തുവയ്ക്കരുത്‌
ഹൃദയത്തിലേക്കു വേരിറങ്ങിയാൽ
പിഴുതുമാറ്റുവാനാകില്ല
മുഖത്തു വിരിഞ്ഞുനിന്നാൽ
എന്റെ അഭാവത്തിൽ നിന്ന് നിങ്ങൾക്കു
പിരിഞ്ഞു നിൽക്കുവാനുമാകില്ല.

കാട്ടുപൂവെന്നു കരുതി
വീട്ടുമുറ്റത്തു നിന്നു
പറിച്ചു നീക്കരുത്‌
പേരറിയാത്തൊരു പൂവിനെ തേടി
യാത്ര ചെയ്യേണ്ടിവരും

ഓർക്കാതെയും മറക്കാതെയുമിരിക്കാൻ
വാതിൽ ചുവരിനഭിമുഖമായി
ഒരു ചിത്രമായി തൂക്കിയിട്ടേക്കൂ,

വരുന്നവരാരെങ്കിലും
ചോദിക്കുമ്പൊാൾ
ഓർമ്മിക്കുകയും
അല്ലാത്തപ്പോൾ
മറന്നു വയ്ക്കുകയും ആവാമല്ലൊ

അങ്ങനെയല്ലാതെ നിങ്ങൾക്കൊന്നും
ചെയ്യാനാവില്ല
എനിക്കുമൊന്നും ചെയ്യാനില്ല

2016, ഏപ്രിൽ 16, ശനിയാഴ്‌ച

ഞാനും നിങ്ങളും

നിങ്ങൾ പണത്തെ കാണുന്നു
ഞാൻ അതു സ്നേഹമായി എണ്ണുന്നു

നിങ്ങൾ സമയം ചിലവഴിക്കുന്നു
എനിക്കതും സ്നേഹമാകുന്നു

നിങ്ങൾക്ക്‌ ഓർമ്മകൾ ഭാരമാകുന്നു
ഞാനതിൽ സ്നേഹം കണ്ടെത്തുന്നു

നിങ്ങൾ വാക്കുകളെ വ്യാഖ്യാനിക്കുന്നു
ഞാൻ സ്വരങ്ങളിൽ സ്നേഹം അറിയുന്നു

നിങ്ങൾ പുറത്തേക്കു പോകുന്നു
ഞാൻ അകത്തുണ്ടെന്നു മറന്നു പോകുന്നു
ഞാൻ നിങ്ങളെ ചുമന്ന് അലഞ്ഞുതിരിയുന്നു

നിങ്ങൾ മൗനമാകുന്നു
ഞാനൊരു കടലോളം സ്നേഹരാഹിത്യം അനുഭവിച്ച്‌ആരും കണ്ടെത്താത്ത
ഒരു വൻ കരയായി അവശേഷിക്കുന്നു

2016, ഏപ്രിൽ 12, ചൊവ്വാഴ്ച

അഞ്ചിതളുള്ള പൂവ്‌

അഞ്ചിതളുള്ള പൂവ്‌

നമുക്കിടയിൽ  വിരിഞ്ഞ അഞ്ചിതൾ
പൂവിനെക്കുറിച്ച്‌;

ഒരിതൾ പുരാതനകവാടങ്ങളുടെ മുഖം; സിംഹമുദ്ര.
ധൈര്യത്തിന്റെ അനശ്വര
കൊത്തുപണികളിൽ സംരക്ഷണചിഹ്നങ്ങൾ,
ജീവിതത്തിലേക്കു നടക്കാൻ അവ പറയുന്നു

ഇനിയൊന്നു  ഒരു കുമ്പിൾ തെളിനീരിന്റെ
ഓളങ്ങൾ ഇളകുന്നത്‌; ദാഹശമിനി,
കടലോളം ആശ്ലേഷിക്കുകയും
മഴത്തുള്ളിയോളം പ്രാണനെ
നനയ്ക്കുകയും ചെയ്ത്‌ ചലനാത്മകമാകാൻ
അനുവദിക്കുന്നു

അടുത്തയിതൾ ഋതുക്കളുടെ വിരലിൽ
ഇട്ട സമ്മാനം; പച്ചമോതിരം
വസന്തമെന്നോ ഗ്രീഷ്മമെന്നോയില്ലാതെ
വിത്തുകളെ കിരീടം ചൂടിക്കുന്ന
  അത്ഭുത സ്പർശ്ശനം,
വളരാൻ വിളിച്ചുകൊണ്ടേയിരിക്കുന്നു

നാലാമിതൾ ആദിരൂപങ്ങളിലേക്കുള്ള
വിളി; വേരുകൾ
അവനവനിൽ നിറഞ്ഞിരിക്കുന്ന
ആഗ്നേയ സത്യങ്ങളുടെ
പ്രത്യക്ഷീകരണത്തിലേക്കു
അനന്തസ്വാതന്ത്ര്യത്തോടെ
വാതിൽ തുറന്നുപോകുന്നു

ഒടുവിലെയിതൾ അതിസൂക്ഷ്മമായി
മിടിക്കുന്നത്‌;നിശബ്ദത
നഗരമോ വനഹൃദയമൊ
വേർത്തിരിക്കാതെ കിളികൾ
പറന്നടുത്തു വരുന്ന
സ്നേഹത്തിന്റെ ഏകദർശ്ശനം,
യാത്രകളായ്‌ ആരംഭിക്കുന്നു
 
 ഈ പൂവ്‌ വിരിയുമ്പോൾ
ഒരു ലിഖിതങ്ങളും തെളിഞ്ഞിരുന്നില്ല.
നീയുദിക്കുമ്പോൾ മാത്രമാണവ കാണാനാവുക;
ജീവിക്കാനുംസ്നേഹിക്കാനും പ്രേരിപ്പിക്കുന്ന എന്തിന്റെയും പേരിട്ട്‌  ഞാനതിനെ വിളിക്കുന്നു

.

2016, ഏപ്രിൽ 10, ഞായറാഴ്‌ച

ഭൂപടങ്ങളിലില്ലാത്തവർ

എല്ലാ ഭൂപടങ്ങളിലും
എല്ലാവരും അടയാളപ്പെടില്ല
ചിലരുടെ വഴികൾ
നടന്നു തേഞ്ഞു പോയിട്ടുണ്ടാവും

ചില അടയാളങ്ങൾ
ചിതലരിച്ചതാവും
ചില മുള്ളുകൾ
മുറിവുകൾക്കൊപ്പം വളർന്ന്
മുഴച്ചു നിന്നേക്കാം

ഓരോ ലോകത്തിനും
ഓരോ  ഓരോ ആകൃതിയാവും
ഒരേ അളവുകൾ എല്ലാത്തിനും
പാകമാകാത്തതു പോലെ
ചിലരെ നമ്മുടെ ഭൂപടങ്ങളിലും
ഒതുക്കാനാവില്ല

ഭൂമി കുടിക്കുന്നത്‌
കിണറുകളിലെ ജലമല്ലല്ലൊ
വെറുതെ പെയ്തുപോകുന്നവരെയല്ലേ??

2016, ഏപ്രിൽ 4, തിങ്കളാഴ്‌ച

പേരുകൾ

അഴിയുകയാണുടൽ,
ഉടയാടകളഴലുകൾ,
ഉമിനീരുവിക്കിയ വാക്കുകൾ,
വിതുമ്പിനിന്ന
വിറയാർന്ന നോവുകൾ
നീറ്റുമോർമ്മകൾ,
നാളെയുടെ ദൂരങ്ങൾ,

നിനക്കിരുപേരുകൾ,
പ്രണയമല്ലെങ്കിൽ മരണം

ഇലപ്പച്ച,
പുഴുനൂൽ,
നനവു മൂടുമിടവഴികളിലെ
കിളിപ്പേച്ചുകൾ
എന്നിലൊഴുകുന്ന നദി ,
ഉദയസൂര്യന്റെയൊരു കിരണം
ഇത്രമതിയിനി
എനിക്കെന്റെ പ്രണയമേ,

നീ പേരു മാറ്റും മുൻപെഴുതുക,
ഞങ്ങളൊന്നിച്ചിരുന്നൂതിയൊരുക്കിയ
വസന്തത്തിന്റെ മൂക്കുത്തി,
ഒന്നിച്ചു പാടിയ പച്ചയുടെ പാട്ട്‌,
ഇരുട്ടിന്റെ പുതപ്പ്‌,
ഇല്ലായ്മയുടെ ലാവണ്യം,
മറന്നുപോയ വിശപ്പ്‌,
നഷ്ടമായ ഭാഷ,
കലർപ്പില്ലാത്തയൊരു  തേൻ തുള്ളി

2016, മാർച്ച് 26, ശനിയാഴ്‌ച

വിപ്ലവം

വിപ്ലവം
സൂക്ഷ്മമായി മുളയ്ക്കുന്ന
ഒരു  ചെടിയാണു.
നിശബ്ദത കുടിച്ചാണതു വളരുന്നത്‌ , 

വസന്തമൊരു പാഴ്‌വാക്കല്ലെന്നു  ആഴത്തിലിറങ്ങിയ വേരുകളും വൈകാതെ വിടർന്ന പൂവുകളും ഓർമ്മിപ്പിക്കും .

ആൾക്കൂട്ടത്തിലും ആരവങ്ങൾക്കിടയിലും ചവിട്ടിമെതിക്കപ്പെട്ട
വിശാലത മാത്രമേയുള്ളൂ,

ഒറ്റയടിപാതകൾക്കിരുവശവും കണ്ടൽക്കാടുകളിൽവിരിഞ്ഞ വിപ്ലവം
എന്നേ മുളച്ചിരുന്നു ,
പച്ച കലർന്നൊരു രക്തത്തിൽ;
എത്ര കൊല്ലം തേവിയ വിയർപ്പാണു
നമ്മൾ കാറ്റായ്‌ രുചിച്ചതെന്ന്
ആർക്കു പറയാനാവും.

വിപ്ലവം
സൂക്ഷ്മമായി മുളയ്ക്കുന്ന
ഒരു  ചെടിയാണു.
നിശബ്ദത കുടിച്ചാണതു വളരുന്നത്‌ ,