അസ്തിത്വദുഖമെന്നൊരു കിളിയും പ്രഭാത കിരണങ്ങളിൽ പാട്ടുകളാൽ മുറിവേൽപിക്കുന്നില്ല.
വിളഞ്ഞ നെൽപാടങ്ങൾ തിരഞ്ഞു ചിറകുവിടർത്താതിരിക്കുന്നുമില്ല
അസ്തിത്വദുഖമെന്നൊരു പൂവും
ദളങ്ങളെ മടക്കുന്നില്ല
തേൻ ചുരത്താതിരിക്കുന്നില്ല
അസ്തിത്വദുഖത്തിലൊരു തേനറയും
ശൂന്യമായിരിക്കുന്നില്ല
മെഴുകിനാൽ മുദ്രവയ്ക്കപ്പെടാതെയും
പോകുന്നില്ല
അസ്തിത്വ ദുഖമെന്നൊരു പാമ്പും
പടം പൊഴിക്കാതെയോ പത്തി വിടർത്താതെയോ വെയിൽ കായുന്നില്ല
ഒരു നേരം കണ്ണു തെറ്റിയാൽ
വേട്ടക്കാരൻ ഇരയായേക്കാവുന്ന ഭൂപടങ്ങളിൽ
അസ്തിത്വദുഖമെന്നാരും അടയാളപ്പെടുത്തുന്നില്ല .
എനിക്കിനി കൂടുതൽ ആർദ്ദ്രമായി പുലരികളെ ചുംബിക്കാനാകും
കൂടുതൽ അഗാധമായി നിന്നെ
സ്നേഹിക്കാനാവും
എന്നിൽ നിന്നൊരു വാക്കിനെ കുടുക്കിട്ട് ലോകത്തിലേക്കു വലിച്ചു കെട്ടാൻ കൂടുതലെളുപ്പത്തിലാവും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ