2015, സെപ്റ്റംബർ 29, ചൊവ്വാഴ്ച

തുന്നല്‍പ്പാടുകള്‍


ഇന്നലെ തുന്നിയ 
കാടിനുള്ളിലെ
വേനല്‍ തെളിഞ്ഞാണ് 
ഇന്നടുപ്പെരിഞ്ഞത്

വേഗേന തുന്നിയ  
കടല്‍പ്പതയാണ്
കഞ്ഞിക്കു മുകളില്‍ നുരച്ചത് 

തുന്നിത്തീരാത്ത 
മെഴുതിരിയിലാണ് 
നാളത്തെ വെളിച്ചത്തിന്‍റെ
ജീവന്‍ കത്തുന്നത്

വളരെ ശ്രദ്ധിച്ച്  
വിരലുകള്‍ അകറ്റിവച്ച്
 ഞാനൊരു കുഞ്ഞുമുഖം തുന്നുകയാണ് 

തുന്നല്‍പ്പാടുകള്‍ക്കിടയില്‍ 
ചോര പൊടിഞ്ഞ
അടയാളങ്ങളുണ്ടായാല്‍ 
അവയ്ക്കു ജീവന്‍ വയ്ക്കുമത്രേ ..!

2015, സെപ്റ്റംബർ 26, ശനിയാഴ്‌ച

മരണപ്പെട്ടവര്‍ വില്‍പനയ്ക്ക്


ദാനം ചെയ്യപ്പെട്ട 
കണ്ണുകളുടെ നോട്ടങ്ങള്‍ 

മരണം സംഭവിച്ച 
മസ്തിഷ്കത്തിന്‍റെ  
ആശയങ്ങള്‍ 

ചിത  തിന്ന  
ചിന്തയുടെ അവശിഷ്ടങ്ങള്‍

പറഞ്ഞുപോയ  
വാക്കുകളുടെ  വാലുകള്‍ 

കടന്ന വഴികളിലെ
മുള്ളുകള്‍, മുറിവുകള്‍ 

മരണപ്പെട്ടവരെ
വില്‍പനയ്ക്ക് വയ്ക്കാന്‍  
എളുപ്പമാണ്

2015, സെപ്റ്റംബർ 23, ബുധനാഴ്‌ച

ജീവിതമെന്നെ പിന്തുടരുകയാണ്


അത്രമേല്‍  ശാന്തമായി 
പ്രണയിക്കപ്പെടുകയെന്നാല്‍ 
മരുഭൂമിയില്‍ നിന്നു 
കടലിനെക്കുറിച്ചു പാടുകയെന്നാണ് 

ശരീരത്തിന്‍റെയും  ,
മനസിന്‍റെയും 
ഭാരങ്ങളെല്ലാം 
അഴിച്ചുവാങ്ങി 
ആത്മാവിനെ 
നടക്കാന്‍ പഠിപ്പിക്കലാണത്

കപ്പലില്‍  യാത്ര ചെയ്യുന്നവന്റെ 
കൈയിലെ മരത്തൈ  പോലെ ,
ഏതു ഭൂഖണ്ഡത്തിലും 
പടരാവുന്ന വേരുകളാണതിനുള്ളത് 

ജനിക്കുമ്പോള്‍ നുകരുന്ന 
അമ്മപ്പാല്  പോലെ 
മരണത്തെ ദൂരെ  നിര്‍ത്തി 
ജീവിതത്തെ  നിവര്‍ത്തിയിടുകയാണത് 

പട്ടുപോയാലും 
പൊട്ടിമുളയ്ക്കാമെന്നും 
എത്ര വസന്തസ്തനങ്ങളിലും 
തേന്‍ ചുരത്താമെന്നുമുള്ള
 അലംഘനീയ വാഗാദനമാണത്‌ 

ആവര്‍ത്തിച്ചാശ്ലേഷിക്കുന്ന 
പ്രണയത്തിരകളാല്‍ 
ജീവിതമെന്നെ 
പിന്തുടരുകയാണ് .!!

അമലമായ അഭയസ്ഥാനം


കൊല്ലപ്പെട്ടവരെ 
കൊന്നവര്‍ 
ഭയക്കുന്ന കാലമാണിത് 

അല്ലെങ്കില്‍ 
മരിച്ചവര്‍ ഇത്രയുറക്കെ
മരിച്ച മാര്‍ഗ്ഗം    പറയുന്നതെങ്ങിനെ ?

ആയുധങ്ങളുടെ മൂര്‍ച്ച ,
വലിച്ചിഴച്ചു പോയ വഴി 
തുന്നാതെ  മൂടിയ  മുറിവുകള്‍.

നിങ്ങള്‍ക്കുമെനിക്കുമിടയില്‍
മൂന്നു ദിനങ്ങളുടെയകലമില്ല 
അമലമായ ഒരഭയസ്ഥാനവും 

ശവക്കുഴികളെക്കാള്‍ 
ഉയര്‍ന്ന പ്രസംഗപീഠങ്ങളില്ല ;
 മൃദുവായി പറഞ്ഞവയ്ക്ക് 
ഉച്ചഭാഷിണികളും വേണ്ട .!

2015, സെപ്റ്റംബർ 21, തിങ്കളാഴ്‌ച

മാവ്


പ്രണയിക്കുകയെന്നാല്‍ 
പൂക്കാത്ത മാവായിരിക്കുക 
എന്നുകൂടിയാണ് 

തെക്കോട്ടുള്ള കൊമ്പില്‍ 
അവനിലുള്ള എല്ലാ  ഭാരങ്ങളും 
തൂങ്ങിപ്പിടയുന്നത്  
അറിയേണ്ടിവരും .

കൊത്തിക്കീറാതെ
ഒരു ചിതയായി 
നിന്നു കത്തേണ്ടിവരും 

വേരുകളിലൂടെ
ഭൂമിയെ അറിയേണ്ടിവരും 

നനഞ്ഞ   മഴയെ  ഓര്‍ത്ത് 
അവനായി  വീണ്ടും പെയ്യേണ്ടി വരും 

2015, സെപ്റ്റംബർ 20, ഞായറാഴ്‌ച

സന്ദര്‍ശനം


മരിച്ചവരുടെ 
സന്ദര്‍ശനദിവസം 
വാതിലടയ്ക്കാന്‍ 
നാം മറന്നു പോയിട്ടുണ്ടാവും

നിദ്രയില്‍
ആരോ വന്നുപോകുന്നതായി
ഒരു സ്വപ്നവുമുണ്ടാകും

ഉമിനീരുവിക്കി
ഉണര്‍ന്നു പോകുമ്പോള്‍
അസ്വഭാവികമായി
ഒന്നും  ശ്രദ്ധയില്‍പെടില്ല  

പുലര്‍ച്ചെ 
നെഞ്ചു നീറ്റുന്ന
ഓര്‍മ്മയുമായി
കണ്ണു തുറക്കുമ്പോള്‍ മാത്രം 
അവര്‍ വന്നുപോയെന്നു 
നാമറിയും 

നിറങ്ങളുടെ അമ്മ


പെയ്തു വീഴുന്ന
മഴത്തുള്ളിയുടെ
അരികുകള്‍ 
മറ്റേതു വര്‍ണ്ണം കൊണ്ടാണ്
ഇത്രമേല്‍ വ്യക്തമായി കാണാനാവുക
വര്‍ഗ്ഗീകരണത്തിലെ
വിലാപജന്യവസ്തുവായി
കാലം കോറിയിടുന്ന
വാക്ശരങ്ങളുടെ ഉറവിടവും
ഇതു തന്നെ
അതിര്‍ത്തികളെ
കടുപ്പിച്ചു വേര്‍തിരിക്കുമ്പോഴും
മഞ്ഞു മലകളവസാനിക്കുമ്പോഴും
കൂര്‍മിച്ച ഒരു പെന്‍സില്‍
വരകളില്‍ അതിനെ പെറ്റുവയ്ക്കുന്നു
കറുപ്പിലല്ലാതെ
വെളുപ്പിലെവിടെയാണ്
തിളക്കം അടയാളപ്പെടുക
ഈ നിറങ്ങളെല്ലാം
ഇത്ര സൂക്ഷ്മമായി
മറ്റെവിടെയാണ് ഒളിച്ചു വയ്ക്കാനാവുക

2015, സെപ്റ്റംബർ 16, ബുധനാഴ്‌ച

മരണപ്പെട്ട രണ്ടു പക്ഷികള്‍ സംസാരിക്കുമ്പോള്‍


ചെരിഞ്ഞു വീണ
പുസ്തക അലമാരയില്‍
നിന്നായിരുന്നു
മരണപ്പെട്ട രണ്ടു പക്ഷികളുടെ
സംസാരം ഞാന്‍ കേട്ടത്
ജെര്‍മനില്‍ ചോദ്യങ്ങളും
കന്നടയില്‍ ഉത്തരങ്ങളും
ഒരു പക്ഷി സൂര്യപ്രകാശം
തിരയുകയും മറ്റൊന്ന്
മണ്ണെണ്ണ വിളക്ക് തെളിക്കുകയും ചെയ്തു .
ഈ പക്ഷികള്‍
ചിറകടിക്കാത്തതെന്തേയെന്നു
ഞാന്‍ അതിശയിക്കുമ്പോള്‍ തന്നെ
പോകാന്‍ ദൂരങ്ങളില്ലെന്നു
അവ ചിറകു കുടഞ്ഞു .
തെറിച്ചു വീണ പക്ഷിപ്പേനുകള്‍
നാസിസം അച്ചുകുത്തിയ
പച്ച അക്കങ്ങളായും
ഫാസിസം വെടിയുതിര്‍ത്ത
ചുവന്ന വെടിയുണ്ടകളായും കാണപ്പെട്ടു
മരണം ശരീരത്തെയൊഴിച്ചു
മറ്റെല്ലാത്തിനെയും
അനന്തസ്വാതന്ത്ര്യത്തിലേക്ക്
കുടഞ്ഞിടുകയാണെന്ന്
ആ പക്ഷികള്‍ ചിറകുരുമ്മിയിരുന്നു 

2015, സെപ്റ്റംബർ 11, വെള്ളിയാഴ്‌ച

നക്ഷത്രം


ഒരു ദേശത്തിനാകെ ഇരുട്ട് 
കൂട്ടിനുണ്ടാവുകയെന്നാല്‍

ചുവരുകള്‍ക്കിടയില്‍ 
തങ്ങിപ്പോയവര്‍ക്ക്
 സ്വയം തിരി തെളിക്കാതിരിക്കലും 

വിജനപ്രദേശത്തെ സഞ്ചാരിക്ക് 
നിലാവിനു മേഘങ്ങള്‍ തുന്നിയ 
നീണ്ടയങ്കിയാല്‍ മൂടപ്പെടുകയുമാണ് 

ഒരര്‍ദ്ധരാത്രിയില്‍ 
ആ  ദേശത്തിനാകെ  
നക്ഷത്രങ്ങള്‍ നല്‍കപ്പെട്ടു 

വീട്ടമ്മയരിക്കലത്തിലടച്ച 
നക്ഷത്രത്തെ 
അരിമണിയെന്ന പോലെ 
ഓട്ടുവിളക്ക് തെളിച്ചു വീക്ഷിച്ചു 

ഒരു സുന്ദരി 
കിരീടത്തില്‍  ചാര്‍ത്തി 
താരമായ്  തിളങ്ങി 
വ്യക്തമായ മുദ്രയായി 

മാധ്യമങ്ങള്‍  നക്ഷത്രത്തില്‍ 
മഷിയോഴിച്ചു കറ പിടിച്ച
തൂവല്‍  തൊട്ടെഴുതി 


പുരോഹിത വര്‍ഗ്ഗം 
ആഘോഷങ്ങള്‍ക്കായി 
നക്ഷത്രത്തെ  വിളക്കായി  തൂക്കി
അരിച്ചെത്തുന്ന പ്രകാശമാക്കി  

അധികാരം നക്ഷത്രത്തിലുരച്ചു 
വടിവാളുകള്‍ക്ക് മൂര്‍ച്ച  കൂട്ടി 
തിളങ്ങുന്ന അക്രമമാക്കി 


ഒരു കുട്ടി  അവളുടെ 
കണ്ണുകളില്‍  സൂക്ഷിക്കുകയും 
കവി അക്ഷരങ്ങളാലൊരു 
ഏണി പണിതു താമസിക്കുകയും  
ചെയ്ത  നക്ഷത്രങ്ങള്‍ക്കു
  പേരിടാന്‍   ഇനിയും 
നമുക്ക്  കഴിഞ്ഞിട്ടില്ല 

2015, സെപ്റ്റംബർ 9, ബുധനാഴ്‌ച

കെട്ടുപോകും മുന്‍പ്


കെട്ടുപോകും മുന്‍പൊരു 
വട്ടമെങ്കിലും 
പ്രണയിക്കപ്പെടുക  ജീവിതമേ 

പൂക്കള്‍ പൊതിഞ്ഞ  മണ്ണ്
തല തെല്ലുമുയര്‍ത്താതെ 
വാക പൂത്തെന്നു ചൊല്ലും പോലെ 

അസ്തമിക്കും മുന്‍പരുണന്‍
ചുവപ്പിച്ച  
ആകാശകവിള്‍ത്തടങ്ങള്‍ പോലെ 

മഴ നനയ്ക്കും മുന്‍പെത്തി
പുണരുന്ന 
തണുത്ത കാറ്റെന്ന പോലെ  

പ്രണയിക്കുമ്പോഴും 
പ്രണയിക്കുന്നുവെന്നു മറന്ന 
പ്രണയികളെപ്പോലെ  


കെട്ടുപോകും മുന്‍പൊരു 
വട്ടമെങ്കിലും 
പ്രണയിക്കപ്പെടുക  ജീവിതമേ

2015, സെപ്റ്റംബർ 7, തിങ്കളാഴ്‌ച

ഈയാംപാറ്റകളുടെ ഈശ്വരസംവാദം


സ്വര്‍ഗ്ഗത്തിന്‍റെ ഇടനാഴികളില്‍
ഭൂമിയിലേക്കുള്ള വഴിയില്‍
അസ്ഥിയില്‍ പൂക്കുന്ന
പൂവുകളെ കാണാം
അവ
ഈയാംപാറ്റകളുടെ
ഈശ്വരസംവാദം കേള്‍ക്കുകയാണ്
തിരികള്‍ കെടുമ്പോള്‍
മടങ്ങുന്ന നാളങ്ങള്‍
പ്രകാശ പ്രേമികളായി ജനിക്കുമത്രേ
അദൃശ്യമായ ശക്തിയുടെ
ദൃശ്യമായ അടയാളങ്ങളായി
ഓരോ ജീവിതത്തിലും തുളകള്‍ വീഴ്ത്തി
വിഷാദരാഗങ്ങള്‍ മൂളുമത്രേ

സംവാദങ്ങളവസാനിച്ചു
തമ്മില്‍ പുണര്‍ന്നു
ചിറകുകളും തിരിയും കരിഞ്ഞു
മരണം മണക്കുമ്പോള്‍
പ്രണയിക്കുന്ന എന്റെയാത്മാവേ
കാലം നിന്നോടു പാടാന്‍ പറയുന്നു
നീയോ അസ്ഥിയില്‍ പൂത്ത
പൂവിന്നുള്ളില്‍ തേനായി ഉരുകിവീഴുന്നു