2014, സെപ്റ്റംബർ 28, ഞായറാഴ്‌ച

സന്ധ്യ


ലോകത്തെവിടെയും 
സന്ധ്യയ്ക്കൊരേ മുഖം  
സന്ധ്യയിലാര്‍ത്തു പെയ്യുന്ന 
മഴയ്ക്കൊരേ സ്വരം 

സന്ധ്യ  നനഞ്ഞെത്തുന്ന
കാറ്റിനൊരേ ഭാവം 
അരിച്ചെത്തുന്ന സന്ധ്യ 
ചുവരില്‍ വരയ്ക്കുന്ന 
ജനലഴികള്‍ക്കൊരേ രൂപം 

നരച്ച  മുറിയിലേക്കെത്തി 
നോക്കുന്ന സന്ധ്യക്കും 
എന്റെ മിഴികള്‍ക്കും 
ലോകത്തെവിടെയുമൊരേ നിറം 
ഒരേ ഭയാനക സൌന്ദര്യം 

2014, സെപ്റ്റംബർ 26, വെള്ളിയാഴ്‌ച

ശിക്ഷയും സ്വാതന്ത്ര്യവും

ജീവിതത്തിന്‍റെ
അനിവാര്യവും
പരിക്ഷീണവുമായ
കപ്പല്‍യാത്രയ്ക്കൊടുവില്‍
ഉപേക്ഷിക്കപ്പെട്ട വഞ്ചിയില്‍
സ്വയം  കണ്ടെത്തുമ്പോഴാണ്
തുഴ തിരയാന്‍ ആരംഭിക്കുന്നത് .

ആദ്യമായി കൈയില്‍ തടയുന്ന
നിന്നോടുള്ള  പ്രണയത്തെ  തുഴയായി
ഉപയോഗിച്ചു  തുടങ്ങുമ്പോള്‍
അക്ഷരങ്ങളുടെയും  ആശയങ്ങളുടെയും
ദ്വീപുകള്‍ ദൃശ്യമാകുന്നു .

അവയില്‍ പച്ച തളിര്‍ക്കുകയും
മഴ പൂക്കുകയും ചെയ്യുമ്പോള്‍
ഞാന്‍ കര മറക്കുന്ന
സഞ്ചാരിയാകുന്നു


എന്റെ പ്രണയം കുറ്റമാണെങ്കില്‍
ശിക്ഷ എന്നിലേക്ക്‌ നീന്തി വരട്ടെ
സത്യമാണെങ്കില്‍
ഞാന്‍ സ്വാതന്ത്ര്യത്തിലേക്ക്
തുഴഞ്ഞു പോകട്ടെ 

കടല്‍ കൊത്തിയ പക്ഷി


അഴല്‍ഗോപുരങ്ങള്‍ 
കടന്നു പോകാന്‍ 
കഴുകന്‍ ചിറകുള്ള 
നക്ഷത്രക്കണ്ണുള്ള
കടല്‍ കൊത്തിപ്പറക്കുന്ന 
പക്ഷിയാകണം 


പക്ഷി  കടല്‍ കൊത്തില്ലെന്നു 
പറയരുത് ;
 മുറിവാക്കുകളെക്കാള്‍ 
വിള കൊയ്യാം
മൗനത്തില്‍നിന്ന് . 
കണ്ണീരിനേക്കാള്‍   ഉപ്പു 
വറ്റിക്കാം പുഞ്ചിരിയില്‍ നിന്ന്.

പൂര്‍വ്വാശ്രമങ്ങളിലോ 
പുണ്യങ്ങളുടെ തീരത്തോ
തനിച്ചിരിക്കുമ്പോള്‍
പക്ഷി പൊഴിക്കുന്ന 
പൊന്‍തൂവല്‍കൊണ്ട് 
പുതിയ ചിത്രമെഴുതണം.

ഭാവനയുടെ ചിറകുകളില്‍ പറന്ന്
ഉള്‍ക്കാഴ്ചകളില്‍ ചുഴിഞ്ഞ്
വീടിന്‍റെയതിരുകാക്കുന്ന 
 മഞ്ഞപ്പൂവിന്
ചിരി മായാത്ത.
തീരെ ചുവക്കാത്ത
ചുണ്ടുകള്‍ കൊണ്ട്
ഒരുമ്മ കൊടുക്കണം  .
കടല്‍ കൊത്തിപ്പറക്കുന്ന 
പക്ഷിയാകണം

2014, സെപ്റ്റംബർ 18, വ്യാഴാഴ്‌ച

കവിതയ്ക്ക് പൊട്ടു കുത്തുമ്പോള്‍


മകളേ
നിന്നെയുമ്മ വയ്ക്കുമ്പോഴുമീ 
കവിതയ്ക്കുപൊട്ടു കുത്തുമ്പോഴും

പൂവില്ല 
പൂക്കളമില്ലാ 
ഋതുവില്ലാ
ഹൃദയം ചുരത്തുന്നു 
പാല്‍ക്കടല്‍

മകളേ
നിന്നെയുമ്മ വയ്ക്കുമ്പോഴുമീ
കവിതയ്ക്കുപൊട്ടു കുത്തുമ്പോഴും

കിളിയില്ല
കിളിപ്പാട്ടില്ലാ
ചിത്തഭിത്തികള്‍
തുരന്നു
തല നീട്ടും ചില്ലകളില്‍
നുരയ്ക്കുന്നു വായ്ത്താരികള്‍

മകളേ
നിന്നെയുമ്മ വയ്ക്കുമ്പോഴുമീ
കവിതയ്ക്കുപൊട്ടു കുത്തുമ്പോഴും

മധുവില്ല
മധുമൊഴിയില്ലാതിഴഞ്ഞൊഴുകും
ഞരമ്പിന്‍ തുള്ളികള്‍
മണക്കുന്നു ഇലഞ്ഞി തന്‍ പൂവുകള്‍

മകളേ
നിന്നെയുമ്മ വയ്ക്കുമ്പോഴുമീ
കവിതയ്ക്കുപൊട്ടു കുത്തുമ്പോഴും

നെഞ്ചിന്‍
സ്പന്ദനമുദ്രകള്‍
കടന്നെത്തുന്നു
താളബോധമില്ലാ കനവുകള്‍ ..!!!

2014, സെപ്റ്റംബർ 15, തിങ്കളാഴ്‌ച

കുതിരകള്‍

കടല്‍ക്കൊട്ടാരത്തിന്റെ
യുദ്ധകാഹളങ്ങളില്‍ നിന്ന്
ഓടിപ്പോന്ന  കുതിരകളാണ്‌
കടല്‍ തിരകള്‍

യുദ്ധസമാനമായ
നമ്മുടെ സ്വരങ്ങളിലേക്ക്
ഭീതിദമായവ
പാഞ്ഞടുക്കുന്നു

ഭയാനകമായനിശബ്ദതയുടെ
ആഴങ്ങളിലേക്ക്
നമ്മെയും കൂട്ടി
മടങ്ങിപ്പോകുന്നു

ഓരോ  കടല്‍ക്കാഴ്ച്ചക്കു 
ശേഷവും 
നാം നിരായുധരായി 
മടങ്ങുകയും 
തിരകള്‍  ആരവങ്ങളോടെ 
ജയിക്കുകയും ചെയ്യുന്നതിന്‍റെ
കാരണമിതാണ്...!! 

2014, സെപ്റ്റംബർ 8, തിങ്കളാഴ്‌ച

നിര്‍ഭാഗ്യം


ഞാനെന്ന ശ്മശാന മൗനത്തെ 
വരികള്‍ക്കിടയില്‍  
തിരഞ്ഞു നടക്കുന്നവര്‍ക്ക് 
വെള്ളരിപ്രാവിന്റെ 
തൂവലുകള്‍ ചായം മുക്കി
തുന്നിചേര്‍ത്തിട്ടുണ്ട്  

നിന്‍റെ വാക്കുകള്‍ക്ക് 
ശരവേഗം  ;
അതെന്നിലെ  
കണ്ണീര്‍തുള്ളികളെ പോലും 
ബാഷ്പീകരിക്കുന്നു .

കടല്‍പ്പൂവുകള്‍ 
കൊഴിയാറില്ല ;
മരത്തണല്‍ പോലെ 
ദിശ മാറി പോവുക മാത്രം
ഞാനുമതുപോലെ

നിര്‍ഭാഗ്യമൊന്നേയുള്ളൂ  
കാണാനാരുമില്ലാത്തതിനാല്‍
കരയാന്‍ കഴിയാതെയാവുക
കേള്‍ക്കാനാരുമില്ലാത്തതിനാല്‍ 
ശ്മശാന മൗനം പുതയ്ക്കുക 

2014, സെപ്റ്റംബർ 4, വ്യാഴാഴ്‌ച

നിന്നോട് പറയും

എനിക്കുവേണ്ടി
നീയൊരിക്കല്‍
കടല്‍ കാണാന്‍ പോകണം

തിരകളെന്‍റെ
സ്വപ്‌നങ്ങളാണ് ;
തേഞ്ഞുതീരാനെ
ഞാന്‍ മോഹിച്ചുള്ളൂ..

കടല്‍ വെള്ളത്തിന്
രക്തത്തിന്റെ രുചിയാണ്  ;
മീന്‍ കുഞ്ഞുങ്ങളെ
വളര്‍ത്തുന്നത് അവളല്ലേ ?

കരയില്‍ നീയൊരു
ശംഖ് കാണും ..!!
അതിലെന്‍റെ
ശ്വാസമുണ്ടാകും ....

ശ്വാസത്തെ നാമെന്തു
പേരിട്ടു വിളിച്ചുവെന്നു
ശംഖിലെ ചുരുളുകളുടെയിരമ്പല്‍
നിന്നോട് പറയും