2015, ജൂൺ 23, ചൊവ്വാഴ്ച

യാത്രാനുബന്ധങ്ങൾ

നഗ്നപാദങ്ങളില്‍
മഴയുടഞ്ഞു ചുംബിക്കുമ്പോള്‍ 
തിബറ്റിന്റെ താന്തോന്നിക്കാറ്റ്
വന്നു  വിളിക്കും ,

വിളികളെ  വഴിയിലുപേക്ഷിച്ച്
തെക്കിന്‍റെ മലനിരകളെ തേടി
യാത്രാവിവരണങ്ങളില്ലാതെ
തോണികളില്‍  മാറി മാറി 
തനിച്ചങ്ങനെ  പോകും

മഞ്ഞുമലനിരകള്‍
മനസിനെ  ശുഭ്രവര്‍ണ്ണം പുതപ്പിക്കും
തണുപ്പിന്‍റെയാര്‍ദ്രത
നിശയുടെ നിശബ്ദതയിലലിഞ്ഞു
നിസ്സംഗതയെ  ജനിപ്പിക്കും

ശാന്തി മന്ത്രങ്ങളില്‍
മിഴികള്‍ പൂട്ടി
ഒരിറ്റു ശ്വാസമെടുക്കുമ്പോള്‍
തുളസീമണമുതിര്‍ന്നു പടരും
അടുത്ത നിമിഷം യാത്രാദൂരങ്ങളഴിഞ്ഞ് 
നീയെന്‍റെ മാറിലേക്കു തന്നെ  മടങ്ങും

ഡെല്ലോറയുടെ പൂക്കള്‍


മുത്തശ്ശന്‍റെ മരണശേഷമാണ് 
മുത്തശ്ശിയവളോട് 
പ്രണയത്തെക്കുറിച്ചു
പറയുന്നത്


അതുവരെ അവര്‍
കഥകളില്ലാത്ത രാജ്യമായിരുന്നു
അഥവാ കടം വാങ്ങിയ
അച്ചടക്കത്തിന്റെ
യുദ്ധാനന്തര കഥകള്‍ മാത്രം  

ഇപ്പോള്‍  ഓരോ  പൂവിന്റെയും 
ഇതളുകളില്‍ ആയിരം 
കഥകള്‍  വിരിയുന്നു 
അവ  ഇലകളുടെ  
പച്ചയിലേക്ക് കുതിക്കുമ്പോള്‍ തന്നെ 
മറവിയുടെ രാജ്യത്തിലേക്ക് 
നാടുകടത്തപ്പെടുന്നു .

കഥകള്‍ മുഴുമിപ്പിക്കാന്‍ 
ഓരോ  തവണയും 
ഡെല്ലോറയ്ക്ക്  കടം  വാങ്ങേണ്ടി വരുന്നു 

ഗതിവേഗമുള്ള 
വെള്ളക്കുതിരകളെ ,
ഉയര്‍ത്തിക്കെട്ടിയ 
കപ്പല്‍പ്പായയെ,
വെള്ള നിറമുള്ള 
മുയല്‍ക്കുഞ്ഞിനെ.....

കഥകള്‍  ചേര്‍ത്തുവയ്ക്കുമ്പോള്‍ 
മുത്തശ്ശന്‍റെ കല്ലറയുടെ  
ഓരത്തു കൂടി 
മുത്തശ്ശി മടങ്ങിയെത്തുന്നു 
അവരുടെ  കണ്ണുനീര്‍  
നക്ഷത്രങ്ങളായും
പുഞ്ചിരി  പൂക്കളായും  കാണപ്പെടുന്നു ,

നക്ഷത്രങ്ങളെ  ആകാശത്തിനു  വിറ്റ്‌ 
ഡെല്ലോറ  ഭൂമി  വാങ്ങുന്നു .
പൂക്കളെ  നിരത്തിയിടുമ്പോള്‍ 
ഭൂമി  ശ്മശാനമെന്നു  തോന്നിക്കുന്നു .
മരണം നിറങ്ങളെ  കൊണ്ടുവരുമെന്ന് 
മുത്തശ്ശി വീണ്ടുമൊരു  കഥ തുടങ്ങുന്നു ...!!

2015, ജൂൺ 21, ഞായറാഴ്‌ച

ഒഴുക്ക്


നിന്‍റെ പ്രണയം 
അക്ഷരങ്ങളുടെയാകാശവും 
സ്വപ്നങ്ങളുടെ ഭൂമിയുമളന്നു
എന്‍റെയേകാന്തതയെ
മൂന്നാം ചുവടായെണ്ണുന്നു

നീ ചോദിച്ച 
യാത്രാമൊഴിയ്ക്കൊപ്പം 
ഇരുട്ടിന്‍റെയാത്മാവും 
ഇടനാഴികളുടെ നിശബ്ദതയും 
എന്നിലേക്കിഴയുന്നു .

നനഞ്ഞ കാല്പാടുകള്‍ പതിച്ച്
ഉറക്കത്തിലുമതെന്നില്‍   
മരണത്തിന്‍റെ ഭീമാകാരം 
കൈവരിച്ചു നില്‍ക്കുന്നു 

അടഞ്ഞ ജാലകങ്ങള്‍ 
വെളിച്ചക്കീറുകളെ
സ്വപ്നം കണ്ടുണരുന്ന
ഓരോ പുലരിയിലും
എനിക്കൊപ്പം  
ഇരുള്‍  മുറിഞ്ഞു മരിക്കുന്നു
ഞാന്‍ ആഴമറിയാതെ 
നിന്നിലേക്കൊഴുകുന്നു 

2015, ജൂൺ 17, ബുധനാഴ്‌ച

നിനക്കു മുൻപും പിൻപും


നിനക്കു മുൻപ്‌
ശൂന്യതയുടെ കൂടാരമായിരുന്നിവിടം

നിനക്കു  ശേഷംഎന്നൊന്നില്ല.

ജനാലച്ചില്ലിലലയ്ക്കുന്ന 
നീ  നനഞ്ഞു വന്ന  മഴ 
കനത്തു നില്‍ക്കുന്ന 
ഉള്ളില്‍ വഹിക്കുന്ന  കാട് 


അവയില്‍ നിന്നു തല നീട്ടുന്ന 
നീല ശംഖ്പുഷ്പങ്ങള്‍ ,
വെളുത്ത കോളാമ്പിപ്പൂവുകള്‍ ,

വിള്ളലുകള്‍  നിറഞ്ഞ 
ഭിത്തിയിലെ പേരറിയാ 
പൂവുകളുടെ 
തേന്‍ കുടിക്കാനെത്തുന്ന 
ചിത്ര ശലഭങ്ങള്‍

നീ  പറയുന്ന  കഥകള്‍ കേട്ട്
മേശമേല്‍ രാത്രി തോറും 
ഞാന്‍ പകര്‍ന്നു വയ്ക്കുന്ന 
വിഷക്കുപ്പി  മറിച്ചിടുന്ന 
ചെറുകുരുവികള്‍ 

 നാം  തെളിച്ച 
ചില്ലുവിളക്കില്‍
ചിറകുതല്ലുന്ന  പ്രാണികള്‍ ,

ഇനിയിവിടെ  ശൂന്യതയ്ക്കിടം നല്‍കുന്നേയില്ല 

2015, ജൂൺ 16, ചൊവ്വാഴ്ച

ഇരുവരുടെയുമമ്മ


നീയിലപൊഴിച്ച കാടാവുമ്പോള്‍
ഓര്‍മ്മയിലെഴുതുക 
ഈറന്‍ കാറ്റായല്ല ;
കാട്ടുതീയായി
നിന്നില്‍ പിറന്നു നിന്നിലൊടുങ്ങുമീയെന്നെ 

പ്രാണന്റെ പ്രണയക്ഷേത്ര 
പ്രതിഷ്ഠാവിഗ്രഹം 
ഇളക്കിയോഴുക്കി നിന്നെയും  

മണ്ണിനടിയിലൂടോഴുകി 
മാഞ്ഞയെന്നെയും
പിന്നെയും  പെറ്റിട്ട 

മഹാകാല പ്രളയപ്രവാഹമാണി-
രുവരുടെയുമമ്മ 

2015, ജൂൺ 4, വ്യാഴാഴ്‌ച

ഇരന്നു വാങ്ങുന്നു ഞാന്‍


പ്രണയപര്‍വ്വതഹൃദയഗഹ്വരങ്ങളില്‍
വേരുപടലങ്ങളുടല്‍
പിണഞ്ഞീറന്‍ ഇരുള്‍
പൂത്തു  നില്പൂ 

ഇരു കര്‍മ്മകാണ്ഡങ്ങളിണ 
തിരഞ്ഞീ ഹിമയമല ശാഖികള്‍
ചുമലില്‍ ചുമപ്പൂ ..!!

ലവണജലകണികയില്‍ 
ജീവന്‍ തിരയുന്ന 
നാഗരയാത്രയില്‍ 
മമ ജീവനതിജീവനം നേടുവാന്‍ 
ഈ പ്രണയമിരുകാലങ്ങളോടിരന്നു 
വാങ്ങുന്നു  ഞാന്‍ ..!!