മുത്തശ്ശന്‍റെ മരണശേഷമാണ്
മുത്തശ്ശിയവളോട്
പ്രണയത്തെക്കുറിച്ചു
പറയുന്നത്
അതുവരെ അവര്‍
കഥകളില്ലാത്ത രാജ്യമായിരുന്നു
അഥവാ കടം വാങ്ങിയ
അച്ചടക്കത്തിന്റെ
യുദ്ധാനന്തര കഥകള്‍ മാത്രം
ഇപ്പോള്‍ ഓരോ പൂവിന്റെയും
ഇതളുകളില്‍ ആയിരം
കഥകള്‍ വിരിയുന്നു
അവ ഇലകളുടെ
പച്ചയിലേക്ക് കുതിക്കുമ്പോള്‍ തന്നെ
മറവിയുടെ രാജ്യത്തിലേക്ക്
നാടുകടത്തപ്പെടുന്നു .
കഥകള്‍ മുഴുമിപ്പിക്കാന്‍
ഓരോ തവണയും
ഡെല്ലോറയ്ക്ക് കടം വാങ്ങേണ്ടി വരുന്നു
ഗതിവേഗമുള്ള
വെള്ളക്കുതിരകളെ ,
ഉയര്‍ത്തിക്കെട്ടിയ
കപ്പല്‍പ്പായയെ,
വെള്ള നിറമുള്ള
മുയല്‍ക്കുഞ്ഞിനെ.....
കഥകള്‍ ചേര്‍ത്തുവയ്ക്കുമ്പോള്‍
മുത്തശ്ശന്‍റെ കല്ലറയുടെ
ഓരത്തു കൂടി
മുത്തശ്ശി മടങ്ങിയെത്തുന്നു
അവരുടെ കണ്ണുനീര്‍
നക്ഷത്രങ്ങളായും
പുഞ്ചിരി പൂക്കളായും കാണപ്പെടുന്നു ,
നക്ഷത്രങ്ങളെ ആകാശത്തിനു വിറ്റ്
ഡെല്ലോറ ഭൂമി വാങ്ങുന്നു .
പൂക്കളെ നിരത്തിയിടുമ്പോള്‍
ഭൂമി ശ്മശാനമെന്നു തോന്നിക്കുന്നു .
മരണം നിറങ്ങളെ കൊണ്ടുവരുമെന്ന്
മുത്തശ്ശി വീണ്ടുമൊരു കഥ തുടങ്ങുന്നു ...!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ