അഞ്ചിതളുള്ള പൂവ്
നമുക്കിടയിൽ വിരിഞ്ഞ അഞ്ചിതൾ
പൂവിനെക്കുറിച്ച്;
ഒരിതൾ പുരാതനകവാടങ്ങളുടെ മുഖം; സിംഹമുദ്ര.
ധൈര്യത്തിന്റെ അനശ്വര
കൊത്തുപണികളിൽ സംരക്ഷണചിഹ്നങ്ങൾ,
ജീവിതത്തിലേക്കു നടക്കാൻ അവ പറയുന്നു
ഇനിയൊന്നു ഒരു കുമ്പിൾ തെളിനീരിന്റെ
ഓളങ്ങൾ ഇളകുന്നത്; ദാഹശമിനി,
കടലോളം ആശ്ലേഷിക്കുകയും
മഴത്തുള്ളിയോളം പ്രാണനെ
നനയ്ക്കുകയും ചെയ്ത് ചലനാത്മകമാകാൻ
അനുവദിക്കുന്നു
അടുത്തയിതൾ ഋതുക്കളുടെ വിരലിൽ
ഇട്ട സമ്മാനം; പച്ചമോതിരം
വസന്തമെന്നോ ഗ്രീഷ്മമെന്നോയില്ലാതെ
വിത്തുകളെ കിരീടം ചൂടിക്കുന്ന
അത്ഭുത സ്പർശ്ശനം,
വളരാൻ വിളിച്ചുകൊണ്ടേയിരിക്കുന്നു
നാലാമിതൾ ആദിരൂപങ്ങളിലേക്കുള്ള
വിളി; വേരുകൾ
അവനവനിൽ നിറഞ്ഞിരിക്കുന്ന
ആഗ്നേയ സത്യങ്ങളുടെ
പ്രത്യക്ഷീകരണത്തിലേക്കു
അനന്തസ്വാതന്ത്ര്യത്തോടെ
വാതിൽ തുറന്നുപോകുന്നു
ഒടുവിലെയിതൾ അതിസൂക്ഷ്മമായി
മിടിക്കുന്നത്;നിശബ്ദത
നഗരമോ വനഹൃദയമൊ
വേർത്തിരിക്കാതെ കിളികൾ
പറന്നടുത്തു വരുന്ന
സ്നേഹത്തിന്റെ ഏകദർശ്ശനം,
യാത്രകളായ് ആരംഭിക്കുന്നു
ഈ പൂവ് വിരിയുമ്പോൾ
ഒരു ലിഖിതങ്ങളും തെളിഞ്ഞിരുന്നില്ല.
നീയുദിക്കുമ്പോൾ മാത്രമാണവ കാണാനാവുക;
ജീവിക്കാനുംസ്നേഹിക്കാനും പ്രേരിപ്പിക്കുന്ന എന്തിന്റെയും പേരിട്ട് ഞാനതിനെ വിളിക്കുന്നു
.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ