തീവണ്ടി സ്റ്റേഷനിൽ നിർത്തിയപ്പോൾ രാത്രിയായിരുന്നു. സമയമെത്രയായി എന്ന് നിശ്ചയമില്ല. ബാഗ് എടുത്ത് തോളിലിട്ട് ഞാനെഴുന്നേറ്റു. പ്ലാറ്റ്ഫോമിലേക്കിറങ്ങിയപ്പോൾ വസ്ത്രത്തിൽ പൊടി പറ്റിയോ ചുളിവുണ്ടൊ എന്നൊക്കെ ഒന്നു പരിശോധിച്ച് ഞാൻ സംതൃപ്തയായി. അടുത്ത് കണ്ട ഒരു കടയുടെ അരികിലേക്ക് ഞാൻ മാറി നിന്നു. തീവണ്ടിയിൽ നിന്നിറങ്ങിയ ഒരാൾ എനിക്കൊപ്പം നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചു. ഇയാൾ എന്നെ പിന്തുടരുകയാണോ? എനിക്ക് വഴി അറിയില്ലെന്ന കാര്യം ഇയാൾ മനസിലാക്കിയിരിക്കുമൊ? എന്നിലൊരു ഭയം പതിയെ ഉണർന്നു വന്നു. ഞാൻ വിരലുകളാൽ ബാഗിൽ മുറുക്കിപ്പിടിച്ചു. അയാൾ രണ്ടു കാപ്പി ഓർഡർ ചെയ്തു. അതിലൊന്ന് എനിക്കുള്ളതായിരുന്നു. ഞാനതു നിരസിച്ചു. യാത്രാക്ഷീണവും രാത്രിയുടെ വിരസതയും ഒക്കെ ചേർത്തു വയ്ക്കുമ്പോൾ ആ കാപ്പി എന്റെ അവകാശമായിരുന്നു. എങ്കിലും എന്തോ ഒരു ഉൾഭയത്തിന്റെ പേരിൽ ഞാനതൊഴിവാക്കി. ആദ്യമായി ഒരു കാപ്പി കുടിക്കുന്നതിന്റെ അത്ര ആസ്വാദ്യതയോടെ അയാൾ അതു
മെല്ലെയൂതിക്കുടിച്ചു. ഞാനുമൊരു കാപ്പി വാങ്ങി കുടിക്കാൻ തുടങ്ങി. അതൊരുന്മേഷം എനിക്ക് തന്നു.അയാൾ ഒരു വരണ്ട ചിരി എനിക്കു സമ്മാനിച്ചുകൊണ്ട് അവിടം വിട്ടു പോകാതെ നിന്നു. കാഴ്ചയിൽ എനിക്കൊപ്പം പ്രായമേ തോന്നിക്കുന്നുള്ളൂവെങ്കിലും വേഷം മുഷിഞ്ഞതും മുഖം ക്ഷീണം നിറഞ്ഞതുമായിരുന്നു.
ജീവിതം ഇങ്ങനെ നീണ്ടുകിടക്കുകയല്ലേ ?? കാപ്പിക്കടക്കാരൻ മുൻപരിചയമുള്ള ആരോടൊ ഒരു പരിഭവം പറഞ്ഞു. ഞാനതിൽ മുഴുകി ഒന്നു നെടുവീർപ്പിട്ടു. എന്റെ സഹയാത്രികൻ വായുവിൽ കൈ ഉയർത്തി എന്തോ വരച്ചു
. നീണ്ടു കിടക്കുന്ന റെയിൽപാളങ്ങൾക്കു പകരം എന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് തടസമാകും വിധം മതിൽ പോലെ എന്തോ ഒന്നാണെനിക്ക് കാണാൻ കഴിഞ്ഞത്. ഇനി ഞാനെങ്ങനെ മുന്നോട്ടു പോകും ? കോപവും നിരാശയും കലർന്ന് ഞാനയാളെ നോക്കി.എന്റെ ജീവിതം വഴി മുട്ടി നിൽക്കുന്നു.
ജീവിതത്തിനു നിൽക്കാനാവില്ല , അത് ഒഴുകികൊണ്ടേയിരിക്കും, ജീവിതം മുറിയുന്നില്ല, വഴികളാണു മുറിയുന്നത്, അയാൾ എനിക്കപരിചിതവും അത്ര സൗമ്യമായതുമല്ലാത്ത ശബ്ദത്തിൽ എനിക്ക് മാത്രം കേൾക്കാവുന്ന രീതിയിൽ പറഞ്ഞു.
ഞാൻ ചുറ്റും നോക്കി.വന്ന വണ്ടി പോയിക്കഴിഞ്ഞിരുന്നു.മടങ്ങിപ്പോകാനാവില്ല. ഒരു വഴിവിളക്കിന്റെ മഞ്ഞ വെളിച്ചത്തിൽ സ്റ്റേഷനു പുറത്തേക്ക് ഒരിടവഴി ഞാൻ കണ്ടു. ബാഗ് ഒന്നുകൂടി വലിച്ചു തോളിലിട്ട് ഞാനതു ലക്ഷ്യമാക്കി നടന്നു. ഒരാൾക്ക് കടന്നു പോകാവുന്ന ഒരിടവഴി ആയിരുന്നു അത്. പക്ഷെ എന്റെ സഹയാത്രികനും എനിക്കൊപ്പം നടന്നു.അയാളെ മുട്ടാതിരിക്കാൻ ഞാനൊതുങ്ങി നടന്നപ്പോഴേല്ലാം അയാളൊരു വിശാലവഴിയിലെന്ന പോലെ സഞ്ചരിച്ചു. ഞാൻ എനിക്കു സുഖകരമായ രീതിയിൽ നടന്നപ്പോഴാകട്ടെ അയാൾ ഒതുങ്ങിയും സഞ്ചരിച്ചു.
നീയെന്തിനാണിത്ര വലിയ ബാഗ് ചുമക്കുന്നത്?? അയാളെപ്പോഴോ എന്റെ നടപ്പിന്റെ വേഗം കുറഞ്ഞതു കണ്ട് ചോദിച്ചു.
ആവശ്യമുള്ള സാധനങ്ങൾ വായുവിൽ നിന്നെടുക്കാൻ എനിക്ക് മാജിക്കറിയില്ല, ഒരു കാരണവുമില്ലാതെയാണല്ലൊ ഞാൻ ക്ഷോഭിക്കുന്നതെന്ന് മനസിലോർത്തുകൊണ്ട് ഞാൻ കനത്ത സ്വരത്തിൽ മറുപടി പറഞ്ഞു.
അടുത്ത നിമിഷം എന്റെ കാലിലൊരു കല്ല് തട്ടി ഞാൻ വീഴാനാഞ്ഞു മുന്നോട്ടു പോയി. കൈയിലിരുന്ന ബാഗ് അടുത്തുണ്ടായിരുന്ന മതിലിനപ്പുറത്തേക്ക് തെറിച്ചു പോയി.
ഞാനൊരു നിമിഷം നിന്നുപോയി. വീണില്ലല്ലൊ എന്നാശ്വസിച്ചു വരുമ്പോഴെക്കും ബാഗ് പോയല്ലോ എന്നോർമ്മ വന്നു. സ്വന്തമായിരുന്നവ നഷ്ടപ്പെട്ടല്ലൊ എന്ന ചിന്തയെക്കാൾ ഭാരമൊഴിഞ്ഞല്ലൊ എന്നൊരാശ്വാസമാണെനിക്ക് തോന്നിയത്, അതെന്നെ അത്ഭുതപ്പെടുത്തി.
ഞാനും അയാളും പരസ്പരം ഒന്നും സംസാരിക്കാതെ വളരെ ദൂരം നടന്നുകഴിഞ്ഞിരുന്നു. പുഴയ്ക്കക്കരെ ആണെന്റെ വീട്, ഞാൻ പൊയ്ക്കോള്ളാം , അയാളിൽ നിന്ന് മോചനം
ആഗ്രഹിച്ചുകൊണ്ട് തന്നെ ഞാൻ പറഞ്ഞു.
അയാളെ ശ്രദ്ധിക്കുന്നില്ല എന്നു വരുത്തിത്തീർക്കാൻ ഞാൻ മുഖം കുനിച്ചു തന്നെ നടന്നു. എങ്കിലും ചിരപരിചിതമെന്നപോലെ അയാൾ മുൻപേ നടന്ന് വള്ളത്തിന്റെ കെട്ടുകളഴിച്ച് അതിൽ കടന്നിരുന്നു. ഞാനും അതിൽ കയറിക്കഴിഞ്ഞപ്പോൾ എനിക്ക് പോകേണ്ടിയിരുന്ന ദിശയിലേക്ക് അയാൾ തുഴയൂന്നി തുടങ്ങി.
ജീവിതമങ്ങനെ നമുക്കൊപ്പം ഒഴുകുകയാണു, അതിനു നിൽക്കാനാവില്ല ഒപ്പം ഹൃദയസ്പന്ദനം പോലെ കൂടെയാവുക എന്നതേ നമുക്ക് ചെയ്യാനുള്ളൂ. ഓരോ വളവിനുമപ്പുറം ജീവിതം ആസ്വാദ്യകരമായ രീതിയിൽ കൈനീട്ടി നിൽക്കുന്നുവെന്ന് നമ്മോടു കളവ് പറയുന്നതാരൊക്കെയാണു.?? അൽപദൂരം കഴിഞ്ഞാൽ നമുക്കൊപ്പം ജീവിതവും തിരിയുകയാണു . കാരണങ്ങൾ തേടാതിരിക്കുക . ഓരോ
നിമിഷവും ആദ്യത്തേതും
അവസാനത്തേതുമെന്ന പോലെ ആസ്വദിക്കുക .
ആ സ്വരത്തിനൊടുവിൽ അയാൾ എന്റെ നിഴലായി. ഞാനാണിപ്പോൾ തോണി തുഴയുന്നത്, ജീവിതമെനിക്കൊപ്പം പുഴയിലെ ഓളങ്ങളെന്ന പോലെ ഒഴുകുകയാണു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ