അന്നൊരു അവധി ദിവസമായിരുന്നു.
ആകാശം
തെളിഞ്ഞതും ദിനാന്തരീക്ഷസ്ഥിതി സുഖകരവുമായിരുന്നു. മരിയ സാവധാനം ചൂടുള്ള
ഒരു കപ്പ് കാപ്പി കുടിച്ചുകൊണ്ട് വരാന്തയിലിരുന്നു. ചെടിച്ചട്ടികളിൽ ചുവപ്പും മഞ്ഞയും നിറമുള്ള വലിയ
റോസാപ്പൂവുകൾ വിരിഞ്ഞു നിൽക്കുന്നത് ശ്രദ്ധിച്ചപ്പോഴാണു ഇന്ന്
തന്റെ പിറന്നാൾ ആണല്ലൊ എന്ന് പെട്ടെന്നവർക്ക് ഓർമ്മ വന്നത്. ഡേവിഡ് മുൻപൊരിക്കൽ ഒരു പിറന്നാൾ ദിനത്തിൽ വിരിഞ്ഞുനിന്ന പൂക്കളുമായി പൂച്ചെടികൾ വാങ്ങി വന്നതോർത്ത് മരിയ പുഞ്ചിരിച്ചു
ഒന്നുകൂടി ഉറപ്പുവരുത്താനായി മരിയ കലണ്ടറിൽ നോക്കി. ശരിയാണു ഇന്ന് തന്റെ പിറന്നാൾ ദിവസമാണു. വർഷങ്ങൾ ഓർത്തെടുക്കാൻ മരിയ നിന്നില്ല. സാധാരണ ദിവസങ്ങളെക്കാൾ കൂടുതൽ തിരക്കുള്ള ഒരു ദിവസമാണിതെന്ന വിധം അവർ വേഗം തയാറായി. കാറെടുത്തു പുറത്തേക്ക് പോയി. കേക്ക് ഉണ്ടാക്കാനാവശ്യമായ സാധനങ്ങൾ വാങ്ങി , കേക്കിനു മുകളിൽ ബ്ലാക്ക് ബെറികൾ നിരത്തുന്നത് ടോണിക്കും ഏവയ്ക്കും ഇഷ്ടമാണല്ലൊ എന്നോർത്തുകൊണ്ട് അവ പ്രത്യേകം പറഞ്ഞു വാങ്ങി
മടങ്ങിയെത്തി.
ആവശ്യമായ അളവിൽ അവ പാകമാക്കി വച്ചു. അടുത്ത യാത്ര ഒരു വസ്ത്രശാല ലക്ഷ്യമാക്കിയായിരുന്നു.
തന്റെ നിറത്തിനു ഭംഗിയായി ചേരുമെന്ന് ഡേവിഡ് പറയാറുള്ള പിങ്ക് നിറത്തിൽ വെള്ള മുത്തുകൾ തുന്നിച്ചേർത്ത മനോഹരമായ ഒരുടുപ്പ് വാങ്ങി, അതിനു ചേരുന്ന നിറത്തിൽ വാച്ചിനൊരു സ്ട്രാപ്പും മുത്തുകൾ കൊണ്ടുണ്ടാക്കിയ ബ്രേസ് ലെറ്റും വാങ്ങി. തിരികെ എത്തിയപ്പോഴേക്കും ഉച്ച കഴിഞ്ഞിരുന്നു. വീടെല്ലാം വൃത്തിയാക്കി ,
തനിക്കേറെ ഇഷ്ടപ്പെട്ട ഡേവിഡിന്റെ പ്രത്യേക മസാലക്കൂട്ടുള്ള രീതിയിൽ ചിക്കൻ ഗ്രിൽ ചെയ്യാൻ വച്ചു. കേക്ക് ബേക്ക് ചെയ്യാൻ തയാറാക്കി വച്ചു. കുളിച്ച് ഒരുങ്ങി വന്നു.
ഇമ്മാനുവൽ പുതുവർഷത്തിൽ സമ്മാനമായി നൽകിയ ഭംഗിയുള്ള മേശ വിരി എടുത്ത് വൃത്തിയായി വിരിച്ചു വച്ചു. പുറത്ത് വിരിഞ്ഞു നിന്നിരുന്ന പൂക്കൾ കത്രിക കൊണ്ട് വെട്ടിയെടുത്ത് മനോഹരമായ ഒരു ഫ്ലവർ വേസ് ഒരുക്കി. ലീസ നൽകിയ പൂപ്പാത്രം തന്നെ അതിനായി തിരഞ്ഞെടുത്തു
തയാറായ ചിക്കൻ പാത്രത്തിൽ മേശയിലെക്ക് മാറ്റി. കേക്കിനു മുകളിൽ ക്രീം കൊണ്ടലങ്കരിച്ച് മരിയയ്ക്ക് ഏറെ ഇഷ്ടമുള്ള പിങ്ക് നിറത്തിൽ ഹാപ്പി ബർത്ത് ഡേ മരിയ എന്നെഴുതി. ഡേവിഡ് വാങ്ങിവരാറുള്ള റെഡ് വൈൻ പകർന്ന് മേശപ്പുറത്തു വച്ചു.
പുതിയ ഉടുപ്പു ധരിച്ചു. വാച്ചിന്റെ സ്ട്രാപ്പ് മാറ്റി. അതും ബ്രേസ് ലെറ്റും ധരിച്ചു. സ്വയം കണ്ണാടിയിൽ നോക്കി നാന്നായിരിക്കുന്നുവെന്ന് ഒരു പുഞ്ചിരി തൂകി. പിന്നെ വളരെ
സന്തോഷത്തോടെ വിശേഷാവസരങ്ങളിൽ വയ്ക്കാറുള്ള ഡേവിഡ് തനിക്ക് വേണ്ടി പാടാറുള്ള പാട്ട് പ്ലേ ചെയ്തുകൊണ്ട് മരിയ വാതിലും
ജനാലകളും തുറന്നു വച്ചു. അൽപ നേരം പുറത്തേക്ക് നോക്കി നിന്നു.
തിരികെ വന്ന് കേക്കിനു മുകളിലെ മെഴുകുതിരി കൊളുത്തി. അതു മെല്ലെയൂതിക്കെടുത്തി
കേക്ക് മുറിച്ച് ഒരു മുറി കഴിച്ചു.
അൽപനേരം കണ്ണടച്ചിരുന്നു.
പിന്നെ ദിവസം തീരാൻ അധിക സമയമില്ലെന്ന മട്ടിൽ ഗ്രില്ല് ചെയ്ത ചിക്കൻ മുറിച്ച് കഴിച്ചു. തുറന്നിട്ട ജനാലകളിലൂടെ കാറ്റു വരുന്നുണ്ടായിരുന്നു. വരാന്തയിൽ ഇറങ്ങിനിന്നാൽ പൂർണ്ണചന്ദ്രനെ കാണാമായിരുന്നു. താൻ സന്തോഷിക്കുകയും ആഘോഷിക്കുകയും ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് ലോകം മുഴുവൻ എത്ര ദുഖഭരിതമായിരുന്നേനെ, ഇപ്പോൾ അത് അതിമനോഹരവും പ്രസന്നവദനത്തോടെ എല്ലാത്തിനെയും ആശ്ലേഷിക്കുകയുംചെയ്യുന്നുവെന്ന ചിന്തയോടെ മരിയ ഉറങ്ങാനായി പോയി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ