2014, ഫെബ്രുവരി 27, വ്യാഴാഴ്‌ച

പുഴയുടെ പുത്രര്‍


അമ്മ തന്‍ ആത്മാവിന്‍ 
ആര്‍ത്തനാദം കുഞ്ഞേ 
താരാട്ടു പോലെ നീ കേട്ടതാവാം ...

കണ്ണില്‍ തിളങ്ങും
കടും കറുപ്പാണു നീ
കാലമില്ലാതെ പോയ്‌ കണ്ടിരിക്കാന്‍

കറ തീര്‍ന്ന കാളിന്ദി
പോലെയാണിന്നമ്മ
കണ്ണാ നീ മാത്രമേ
കണ്ണിലുള്ളൂ......

പൂര്‍ണ്ണ ചന്ദ്രന്‍ നിന്നെ
പുഴയിലോഴുക്കും മുന്പമ്മ
ചോല്ലുന്നോരീ കഥകള്‍ കേള്‍ക്കൂ

നീ മാത്രമല്ല ,
പുഴയ്ക്കുണ്ട് പുത്രന്മാര്‍
കാലം കാതോര്‍ത്ത കര്‍മധീരര്‍

രാധേയനാം കര്‍ണന്‍
സൂത പുത്രന്‍
രണഭീതി തീണ്ടാത്ത രാജകീയന്‍

മോശ
മരുഭൂവില്‍
എരിയാതെരിഞ്ഞ തീയില്‍
മോക്ഷ സാന്നിധ്യ മുള്‍ക്കൊണ്ട സൌമ്യശീലന്‍

ആത്മ ത്യാഗത്തിന്റെ
ഞാങ്ങണതൊട്ടിലില്‍
നിന്നെ പിരിഞ്ഞകലുമ്പോള്‍
കരയാത്തതെന്തുകൊണ്ടെന്നോ ?

പുഴ തന്നെയാണമ്മ ...
പുഴയാത്മജ ......
എന്‍ മിഴികളില്‍ പിറന്നവളാണീ പുഴ !!!!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ