ഹൃദയത്തിന്‍റെഅറകള്‍
വര്‍ധിച്ചു കൊണ്ടേയിരിക്കുന്നു !!!
മാറി മാറി വരുന്നു താളം !!!
മരണത്തിലേക്കിനിയധികദൂരമില്ലത്രെ
മിടിപ്പുകളിലറിയാം
പൂക്കാത്ത കാടാണൊന്നില്‍
ഇനിയൊന്നില്‍ അമാവാസി
കരിമ്പടം പുതച്ചുറങ്ങുന്നു
ചില്ലകളില്ലാത്ത ചിറകൊടിഞ്ഞ
പക്ഷികളെ നിങ്ങള്‍ക്കായൊന്ന്
നിറുത്താതെ പെയ്യും മഴക്കും
നിലാവിനും മറ്റൊന്ന്
യക്ഷിക്കഥകള്‍ക്ക് മുടിയഴിച്ചാടാനും
മാലാഖമാര്‍ക്ക് ചിറകുവിടര്‍ത്താനും
കടലാസുവള്ളങ്ങള്‍ക്ക്
ഒഴുകിനടക്കാനും അറകള്‍ വേണം
ആരൊക്കെയോ തൂങ്ങി മരിച്ചയീ
മരക്കൊമ്പുകളും
എന്‍റെ അസ്ഥി പഞ്ചരവും
ഞാനിവിടെ സൂക്ഷിക്കും
വരില്ലെങ്കിലും വെറുതെയെങ്കിലും
ഒരു വസന്തത്തിനായി ഇടമൊരുക്കണ്ടേ???
ഒരു കുന്നും ഉരുളുന്ന കല്ലും
തോല്‍ക്കാതെ തോല്‍ക്കുന്ന
ഭ്രാന്തിന്റെ ചിരിയും അറകള്‍ തിരയുന്നു
അലകളുറങ്ങാത്ത കടലും
ഉരുകുന്നൊരു മണ്‍ചിരാതും
വെള്ളിടികളും അറകള്‍
പകുത്തു പതം പറയുമ്പോള്‍
ഇടമില്ലാതെയലയുന്ന സ്വപ്നങ്ങളും
അറപ്പെരുക്കങ്ങളില്‍ പൊട്ടാത്ത
ഹൃദയത്തോടൊപ്പം ഞാനും
മരിച്ചുകൊണ്ടേയിരിക്കുന്നു !!!!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ