2014, ഫെബ്രുവരി 27, വ്യാഴാഴ്‌ച

വാക്കുകള്‍ വരയ്ക്കുന്നത്



പണ്ടെങ്ങോ ഭൂമിയില്‍ പതിച്ച 
ആപ്പിള്‍ പോലെ ചില വാക്കുകള്‍ 
ഇപ്പോഴുമുണ്ട് ...
ആരും കാണാത്ത അര്‍ത്ഥ തലങ്ങളിലേക്കു
വിളിച്ചു കൊണ്ടുപോകുന്നവ ....
കണ്ടു പിടുത്തങ്ങളിലെത്തും വരെ
ഊണുമുറക്കവും കളഞ്ഞു കൂടെയലയുന്നവ.

ഇനി ചിലത് നെന്മണി പോലെയാണു
വീണു കിളിര്‍ത്തു പാടമായ് വിളഞ്ഞു
നെല്ലുകുത്തി ചോറാക്കി
സമൃദ്ധമായി ഊണു നല്‍കിയെ മടങ്ങാറുള്ളൂ

ഒരില വളരും പോലെ തോന്നിക്കുമെങ്കിലും
പൊടുന്നനെ വലിയൊരു തണല്‍ മരമായി
മഴമേഘങ്ങളെ മാടിവിളിക്കുന്നവയും കുറവല്ല .

മണല്‍ പോലെ ഇളകിയുരുണ്ട്
ഒരു പ്രദേശം നിറയുമെങ്കിലും
വെറും മരുഭൂമിയാവുന്നവയെയും കാണാം

ഒന്നും മിണ്ടാതെ ഗാഢമായി പുണര്‍ന്നു
നിനക്ക് ഞാനുണ്ടെന്ന് ഓര്‍മപ്പെടുത്തി
കാറ്റുപോലെ ഉള്ളിലേക്ക് അലിഞ്ഞു പോവാറുമുണ്ട്

ഓര്‍മകളുടെ കൂട്ടിലേക്ക് കല്ലുപോലെ
വന്നു വീഴാറുണ്ട്‌ ചില വാക്കുകള്‍
കാക്കക്കൂട്ടം പോലെ ആരവങ്ങളുതിര്‍ത്തു
മറയുന്നവ!!!!!!!

വെള്ളപ്പൊക്കം കവര്‍ന്ന
വീടുകളിലൂടെ നനച്ചുകുതിര്‍ത്തു
വരണ്ടു വിണ്ട പാടത്തു കൊണ്ടു നിര്‍ത്തി
ഒരു മഴത്തുള്ളിയ്ക്കായി ദാഹിക്കാന്‍
പ്രേരിപ്പിക്കും ചിലത്

വളരെ ദൂരെ നിന്നു കേള്‍ക്കുമെങ്കിലും
ആത്മഗതം പോലെ ചിലതുണ്ട്
വിരലിലെണ്ണാവുന്നവ .......!!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ