2014, ഫെബ്രുവരി 27, വ്യാഴാഴ്‌ച

കാഞ്ചനസീത


കാഞ്ചന സീതയാകുന്നു ഞാന്‍ 
സിംഹാസനസ്ഥ ,ആശ്വാരൂഡ,
കണ്ണുകള്‍ നിറയാത്തോള്‍ 
കാലുകളിടറാത്തോള്‍
കരളിലഗ്നി പേറാത്തവള്‍

ഇവള്‍ക്കൊപ്പമിരുന്നു രാമാ
ഭരിക്കുക , രാമരാജ്യം
മൌനമുടയില്ല ,ചോദ്യങ്ങളുയരില്ല
നിന്‍ രാജധാനിയില്‍

സ്വര്‍ണമുരുക്കുന്ന അഗ്നിയാണവള്‍
കാനന സീത ,
കാവലില്ലാത്തവള്‍
കരുണ വേണ്ടാത്തവള്‍
കാടിന്റെ മാറില്‍
തല ചായ്ച്ചുറങ്ങുവോള്‍

അവള്‍ക്കുള്ളില്‍ നിന്നു രാമാ
ജനിക്കുന്നു ,രാമരാജ്യത്തിന്റെ
ആകാശ വേരുകള്‍
തീ വിഴുങ്ങാത്ത അനശ്വര നാമ്പുകള്‍

സീതായനങ്ങളുടെ
സിംഹാസനങ്ങളില്‍
എന്നെയുപേക്ഷിച്ചു കാടുകേറുന്നു ഞാന്‍
എനിക്കെന്‍റെ കണ്ണുകള്‍ തിരികെ വേണം
കാലത്തിന്‍ ശംഖോലി കേള്‍ക്കുവാനാകണം
കരള്‍ നൊന്തു കരയണം
ഹൃദയത്തിന്‍ ഭിത്തികള്‍
സ്വര്‍ണത്തില്‍ തീര്‍ത്ത നിന്‍
രാജ്യം വണങ്ങുന്ന മണ്‍രൂപമാകണം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ