2014, ഫെബ്രുവരി 27, വ്യാഴാഴ്‌ച

മുളയ്ക്കേണ്ട വിധം


മനസുണങ്ങി നിറം മാറണം
പൊട്ടിച്ചിരികളില്‍ നിന്ന് ,
പുഞ്ചിരികളില്‍ നിന്നുപോലും 
ശബ്ദങ്ങളില്‍ നിന്ന് ,
മൌനത്തില്‍ നിന്നുപോലും
മാറ്റിനിര്‍ത്തപ്പെടണം


പൂഴിയില്‍ വെറുതേയുപേക്ഷിക്കപ്പെട്ട്
ഉണര്‍വ്വ് കാലം കാത്തുറങ്ങാതിരിക്കണം
ഉള്ളിലൊരു തരി ചൂടില്ലാതെ മണ്ണില്‍
തണുത്തു മരവിച്ചു കിടക്കണം


അഹമഴിഞ്ഞിരുള്‍ നിറയുമ്പോള്‍
ഹൃദയം പിളര്‍ന്നു ജീവന്‍ പുറത്തേക്കു തല നീട്ടും
സൂര്യനെത്തേടി, മുകളിക്കുയര്‍ന്നു
മിഴികള്‍ തുറക്കണം
ആരുടെയോ
ഒരു കൈകഴുകലില്‍,ഒരു കവിള്‍
തുപ്പലില്‍ വളര്‍ച്ചയാരംഭിക്കും


കൈകള്‍ വിരിച്ചു തുടങ്ങുമ്പോള്‍
കാറ്റിന്റെ വരവായി
ആടിയുലഞ്ഞടിപതറാതെ നില്‍ക്കണം
പൊഴിഞ്ഞ ഇലകളെ വേരില്‍ സ്വീകരിക്കണം
മരമായ്‌ വളരണം ,


ചില മണികള്‍ വിത്തിന് വേണ്ടി മാത്രമായി
മാറ്റി വയ്ക്കപ്പെട്ടിട്ടുള്ളതാണ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ