2014, ഫെബ്രുവരി 21, വെള്ളിയാഴ്‌ച

പരാതിപ്പെട്ടി

സ്വര്‍ഗത്തില്‍ നിന്നാരും 
പ്രഭാതസവാരിക്കു പോകാറില്ലത്രെ !!!
പിതാക്കന്മാരെ ,നിങ്ങളെന്തിനു 
ഞങ്ങളെ കൊള്ളയടിച്ചുവെന്നു
വരും തലമുറ നിലവിളിക്കുന്നത് 
അവര്‍ക്ക് കേള്‍ക്കാമത്രെ !!!

അവരുടെ കണ്ണുനീര്‍ 
അളകനന്ദകളിലേക്ക് പൊഴിയുന്നു പോലും ,..
ഭൂമിയിലുയരുന്ന വിഷപ്പുക 
അവരെ ശ്വാസം മുട്ടിക്കുന്നതിനാല്‍ 
ജനാലകള്‍ തുറക്കപ്പെടുന്നേയില്ല....


അവരിന്നും 
രാമനെയോ ബുദ്ധനെയോ പോലെ 
രാജ്യമുപെക്ഷിക്കുന്നു;
ക്രിസ്തുവിനെയോ  കൃഷ്ണനെയോ പോലെ 
കാലികളെ മേയ്ച്ചു നടക്കുന്നു 


ഭൂമിക്കുവേണ്ടി നെടുവീര്‍പ്പിട്ടവരാണ്
സ്വര്‍ഗത്തിലുള്ളതെന്നു 
വായുവിലെ ബാഷ്പകണങ്ങള്‍ പറയുന്നു
പരാജയപ്പെട്ടുപോയ അവരുടെ 
നിശ്വാസങ്ങള്‍  ഞാന്‍ നിവര്‍ത്തിവച്ചു വായിക്കുന്നു 
അവ നിക്ഷേപിക്കാന്‍ പരാതിപ്പെട്ടി  തിരഞ്ഞുകൊണ്ട് ,..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ