2014, ഫെബ്രുവരി 27, വ്യാഴാഴ്‌ച

ചുറ്റുവട്ടം

ജീവ പര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട്
അടുക്കളയിലൊരു നിരപരാധി
അകത്തളങ്ങളില്‍ 
 ഭാരം താങ്ങുന്ന തൂണുപോലെ
നിശബ്ദം വിയര്‍ക്കുന്ന ഉയര്‍ന്ന ശബ്ദം

മുറ്റത്തു നടപ്പുണ്ടനാഥ ബാല്യങ്ങള്‍
മുകളിലെ നിലയിലൊരു വൃദ്ധ സദനം
അയല്‍പക്കത്തോരാത്മാവ് തീ കൊളുത്താതെ
വെന്തു മരിക്കുന്നു

മിന്നണിയാന്‍ പോലും പൊന്നില്ലാത്ത
കഴുത്തിലും കത്തി ക്കരിഞ്ഞ പാടത്തും
മാറി മാറി നോക്കി നെടുവീര്‍പ്പിടുന്നൊരു
യുവ കര്‍ഷകന്‍

പി എസ്സി റാങ്ക് ലിസ്റ്റുമായി

 നമ്ര ശീര്‍ഷം
വീടുവിട്ടിറങ്ങുന്നൊരു
തൊഴില്‍ രഹിതന്‍

ദാഹജലത്തിനായ് ഇടവഴിയിലൊത്തിരി
നേരമായ് കാത്തിരിക്കുന്നു
നിറം മങ്ങിയ പ്ലാസ്റ്റിക്‌ കുടങ്ങള്‍
നാളെ പരീക്ഷയ്ക്കു ഫീസില്ലയെങ്കിലും
മുടങ്ങാതെ പഠിക്കുന്നു മിടുമിടുക്കന്‍

മഴ തോര്‍ന്നാല്‍ നിലം തോര്‍ത്തി
ഉറങ്ങാമെന്നോതുന്നു അച്ഛന്‍
പത്രത്തില്‍ വന്നില്ലയതിനാല്‍
വാര്‍ത്തയായി തീര്‍ന്നില്ല നമ്മള്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ