2014, ഫെബ്രുവരി 27, വ്യാഴാഴ്‌ച

ചിലപ്പോഴെങ്കിലുംകയറിയിറങ്ങി തിരിഞ്ഞു നോക്കുമ്പോള്‍ 
മായുന്ന നിഴല്‍ക്കുന്നുകളാണ് 
ആഴമുള്ള കാഴ്ചകളും
നെറ്റിത്തടങ്ങളില്‍ ചുളിവുകളും
സമ്മാനിക്കുന്നത്

ഇറങ്ങി കയറി നെടുവീര്‍പ്പിടുമ്പോള്‍
അപ്രത്യക്ഷമാകുന്ന
തമോഗര്‍ത്തങ്ങള്‍
ചുറ്റും പ്രകാശം പരത്തുന്ന
മനസാന്നിദ്ധ്യം
രൂപപ്പെടുത്തുന്നു

ആകാശം വേനലിലും മഴയിലും
കുടയാവുകയും
ഭൂമി ജീവിതത്തിലും മരണത്തിലും
താങ്ങാവുകയും ചെയ്യുന്നത്
അനുഭവങ്ങളുടെ ചുഴികളില്‍
ഈശ്വര സാന്നിധ്യം നിറയുമ്പോഴാണ്

തനിയെ നീളുന്ന യാത്രകളില്‍
തണലുകള്‍ ഒരുങ്ങുന്നുണ്ട്
ചിറകൊതുക്കാത്ത പറവകള്‍ക്ക്
വൃക്ഷശിഖരങ്ങള്‍ കാവലാകുന്നുണ്ട്
ഹൃദയത്തിന് ഒരു തുടിപ്പും
ആത്മാവിനിത്തിരി ചൂടും
കാലം കാത്തുവയ്ക്കുന്നുമുണ്ട്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ