2014, ഫെബ്രുവരി 27, വ്യാഴാഴ്‌ച

എന്റെ മണ്ണ്


നാളത്തെ മണ്ണാണ് നമ്മള്‍ .
മഴ കാത്തുറങ്ങേണ്ടവര്‍
മനസിനെ പുല്‍കുന്ന 
മാദക ഗന്ധമായ്
പുതുമഴയിലുണരേണ്ടവര്‍..
നാളത്തെ മണ്ണാണ് നമ്മള്‍ !!!!!

ഒരു ദശാബ്ദം,അല്ലെങ്കിലൊരു ശതാബ്ദം
കഴിഞ്ഞീ മണ്ണ്  മരുഭൂമിയായാല്‍
ഉള്ളില്‍ കുഴിച്ചിട്ട മോഹങ്ങളെങ്ങിനെ
ഒരു പൂമരമായ് തളിര്‍ക്കും ?
ആ മരക്കൊമ്പിലൊരൂഞ്ഞാലിലാടുന്ന
കൊലുസിന്റെ കൊഞ്ചലുമെങ്ങിനെ കേള്‍ക്കും ?
നാളത്തെ മണ്ണാണ് നമ്മള്‍

നാളത്തെ മരമാണു നമ്മള്‍ ,
മൌനമായ് നില്‍ക്കേണ്ടവര്‍
മനനത്തില്‍ മൊട്ടിടും
മലരിന്റെയുള്ളിലെ മഞ്ഞിന്‍ കണങ്ങളില്‍
മധുവായി മാറേണ്ടവര്‍!!!,
നാളത്തെ മരമാണു നമ്മള്‍ !!

ഒരു മണല്‍ക്കാറ്റിന്റെ ദാഹത്തിനപ്പുറം
വനമെന്നതില്ലാതെ വന്നാല്‍
ഒരു മാത്ര നില്‍ക്കുവാന്‍ ഒന്ന് പെയ്തീടുവാന്‍
മുകിലിനോടന്നാര് ചൊല്ലും ?
പൊന്മുളം കൂട്ടിലെ രാക്കുയില്‍ മൂളുന്ന
രാഗങ്ങളന്നെങ്ങു പോകും ?
നാളത്തെ മരമാണ് നമ്മള്‍

മഞ്ഞില്‍ കുളിരാത്ത മാര്‍ബിളിന്‍
കീഴിലായ്‌ ഞാനുറങ്ങീടില്ല സത്യം
സഹ്യന്റെ മാറിലൊരു മണ്‍കൂനയാവുകില്‍
ഗുല്‍മോഹറായി ഞാന്‍ മുളയ്ക്കും !!
ഈണം മുറിയാത്ത ഇടവത്തിന്‍ പാതിയില്‍
പനിനീര്‍ ചോലയായ്‌ ചിരിക്കും
ഒരു ദശാബ്ദം അല്ലെങ്കിലൊരു ശതാബ്ദം
കഴിഞ്ഞാരും കൊതിക്കുന്ന
നീല ക്കുറിഞ്ഞിയായ്‌ പൂക്കും !!!
നീല ക്കുറിഞ്ഞിയായ്‌ പൂക്കും !

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ