2014, ഫെബ്രുവരി 27, വ്യാഴാഴ്‌ച

നിലാവിലൊളിക്കുന്ന നിഴലുകള്‍



നിഴലിനൊരു മോഹം 
നിലാവിലേക്കു യാത്ര പോകണം 

നിദ്രയില്‍ നിന്നും നിദ്രയിലെക്കു
വഴുതുന്ന മനസിനെ തൊട്ടുണര്‍ത്തി
കണ്ണുകളിലേക്കു മുല്ലപ്പൂക്കളെ
വേരോടെ പറിച്ചു നട്ടു.

മഞ്ഞുതുള്ളികള്‍ നേര്‍ത്തരാഗത്തില്‍
ചേര്‍ത്തു തുന്നിയ നീളനുടുപ്പിട്ടു.....
മിന്നാമിനുങ്ങിന്റെ വെളിച്ചം
പാദുകമായണിഞ്ഞു

ഒലിവിലകള്‍ വഴി പറഞ്ഞു .....
നിറമില്ലാത്ത ,നിശബ്ദമായ
മിനാരങ്ങളില്ലാത്ത ,മൃദുവായ
ചന്ദനം പാകിയ ഒരിടവഴി

നീയെന്‍റെ നെറ്റിയില്‍ പതിച്ച
പ്രണയ ചുംബനങ്ങളില്‍
ഭാരമലിഞ്ഞു ഞാന്‍ മെല്ലെയുയര്‍ന്നു..
പൊടുന്നനെ ഒരു നക്ഷത്രം
കൈ നീട്ടി എന്നെ തൊട്ടു

പ്രകാശ വര്‍ഷങ്ങളിലൂടെ
പുതുമയറിഞ്ഞൊരു സഞ്ചാരം
ഉയരത്തിലെത്തുമ്പോള്‍
പൂര്‍ണ ചന്ദ്രന്‍ പാതിയായിരുന്നു

നിഴല്‍ പറയുകയാണ്‌
മാഞ്ഞുപോയ പകുതിയിലുണ്ടത്രേ ,
ഇടയ്ക്കിടെ മരിച്ചുപോകുന്ന
സ്വപ്നങ്ങളുടെ കൂട്ടുകാര്‍

തിരികെ മടങ്ങും മുന്‍പേ
അമ്പിളിക്കലയാണ് പഠിപ്പിച്ചത്
അഴലുകളെ നിനവില്‍ സൂക്ഷിക്കാന്‍
നിറമില്ലാതെ ചിരിക്കാനും

അല്ലെങ്കിലും ആരെങ്കിലും
കാണാറുണ്ടോ ?
ചന്ദ്രബിംബത്തിന്റെ
നിഴല്‍ പകുതികള്‍ !!!!
അഥവാ കളങ്കമില്ലാതെയൊരു പൂന്തിങ്കള്‍ !!!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ