കാലിൽ ചങ്ങലയിട്ടു പൂട്ടി നിർത്തിയിരിക്കുകയാണയാളെ, കൈകൾ പിറകിലേക്ക് പിണച്ചു കെട്ടിയിട്ടുമുണ്ട്. രാജ്യദ്രോഹമാണു ചുമത്തപ്പെട്ട കുറ്റം.വിധി പറയാൻ ന്യായാധിപതി എത്തിക്കഴിഞ്ഞു. തെളിവുകളെല്ലാം അയാൾക്കെതിരാണു. ഒരു സഹായവും അയാൾക്കിനി ഉണ്ടാകാൻ പോകുന്നില്ല .മരണത്തിലേക്കുള്ള ദൂരം മാത്രം അറിഞ്ഞാൽ മതി.
ഒരു നിമിഷം . അയാൾ ശിരസുയർത്തി വിശാലവും അനന്തവുമായ ആകാശത്തെ നോക്കി , ചക്രവാളത്തിലേക്കൊരു കിളി പറക്കുന്നു . അയാൾ ഒന്നു പുഞ്ചിരിച്ചു.
ന്യായാധിപനരികിലിരുന്ന
രാജകുമാരൻ നെറ്റി ചുളിച്ചു.
താങ്കൾക്കെതിരായി സർവ്വസാഹചര്യങ്ങളും നിലനിൽക്കുന്ന ഈ അവസരത്തിൽ പ്രതീക്ഷിക്കാനൊന്നുമില്ലാതിരിക്കെ നിങ്ങളെന്തിനാണു പുഞ്ചിരിച്ചത്?
തടവുകാരൻ നിശബ്ദനായി നീതിപീഠത്തിനു നേരെ തിരിഞ്ഞു നിന്നു. ചോദ്യം ആവർത്തിക്കപ്പെട്ടു.
അതൊരു രഹസ്യമാണു ഈ ശിക്ഷയിൽ നിന്ന് നിരുപാധികം എന്നെ വിട്ടയയ്ക്കുമെങ്കിൽ ഞാനതു പറയാം .
ഉന്നതസ്ഥാനങ്ങളിൽ നിന്നുള്ള ഒരു ചോദ്യത്തിനു ഇത്ര നിസാരമായ മറുപടിയൊ? നീരസം കലർന്ന അധികാര വാക്കുകൾ .
ഇതിലുമപ്പുറം എനിക്കെന്ത് ഭയക്കാനാണു,ഞാൻ നിങ്ങളുടെ കൈകളിൽ ആണല്ലൊ ,
സദസ് നിശബ്ദം.
താങ്കളെ നിരുപാധികം കുറ്റവിമുക്തനാക്കിയിരിക്കുന്നു . ഇനി ആ രഹസ്യം പറയൂ.
കാലുകളിൽ നിന്നു ചങ്ങലയഴിഞ്ഞു
സ്വതന്ത്രമായ കൈകൾ വിരിച്ചു പിടിച്ച് അയാൾ പറഞ്ഞു.എത്ര മുള്ളുകൾക്ക് നടുവിലാണൊരു പൂ വിരിയുന്നത്, അത്ര മുള്ളുകളിലും തൊടാതെ എത്ര പക്ഷികൾ തേൻ കുടിക്കുന്നു. ഒരു മനുഷ്യനെന്നാൽ ചിന്തകളിൽ ചിറകും വ്യാപാരങ്ങളിൽ വിഹായസും അടങ്ങിയവനാകുന്നു. അവനെ ഒരു തുരുമ്പിച്ച ചങ്ങല തടയുമൊ?
അതിനെന്താണു തെളിവ്??
ഒരു പുഞ്ചിരി എന്റെ ജീവൻ രക്ഷിക്കാൻ കാരണമായി എന്നതു തന്നെ.
ശിക്ഷ
കേൾക്കാൻ കാത്തുനിന്നവർക്കു പിറകിലായി അയാൾക്ക് പുഞ്ചിരി സമ്മാനിച്ചൊരു കുഞ്ഞ് അപ്പോഴും ഒരു ചിത്രശലഭത്തെ പിടിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ