2015, ഡിസംബർ 24, വ്യാഴാഴ്‌ച

മരം


മനുഷ്യനെന്നൊരു വന്മരം
പൂക്കള്‍ കാണുന്നവര്‍
സൌന്ദര്യം ഞങ്ങളാണെന്നഹങ്കരിക്കുന്നു
ഇലകള്‍ കാണുന്നവര്‍
സമൃദ്ധി ഞങ്ങളെന്നു പറയുന്നു
ചില്ലകള്‍ കാണുന്നവര്‍
വിശാലതയുണ്ട് ഞങ്ങളിലെന്ന്‍ പിറുപിറുക്കുന്നു
തായ്ത്തടി കാണുന്നവര്‍
എല്ലാം താങ്ങി നിര്‍ത്തുന്നവരാണെന്ന്
കൈകള്‍ വിരിക്കുന്നു

വേരുകള്‍ കാണുന്നവര്‍ സംസാരിക്കുന്നേയില്ല
അവരൊരുപിടി മണ്ണാകുന്നു .
വേരുകള്‍ക്ക് മീതെ കിടക്കുന്നു .
അവരൊരു മഴയാകുന്നു
ഇലകള്‍ക്ക് മുകളില്‍ പെയ്യുന്നു
അവരൊഴുകുന്ന ജലമാകുന്നു
വേരുകളിലേക്ക് വലിയുന്നു
മാതാവെന്നോ , പിതാവെന്നോ
ഭാഷയില്ലാതെ സുഗന്ധം കൊണ്ടവരടയാളപ്പെടുന്നു .
തേന്‍ പോലെ നാം രുചിക്കുന്നു 

2015, ഡിസംബർ 23, ബുധനാഴ്‌ച

പായല്‍ പച്ച


പുരാവസ്തുക്കളെക്കുറിച്ചു
പഠിക്കാനല്ലാതെ
പഴകിയൊരു കൊട്ടാരത്തില്‍ 
തങ്ങുന്നവളെ കാണുക .
മഴ പെയ്തു വഴുക്കുന്ന ഭിത്തികളിലെ
പായലും പറ്റിവളരുന്ന ചെടികളും
മുകളിലെ ചെറു മരങ്ങളുടെ വേരുകളും
കൈയില്‍ തടയുന്നുണ്ടെങ്കിലും
വെള്ളമൊഴുകി തെറ്റിക്കിടക്കുന്ന
മുറ്റത്താണവളുടെ കണ്ണുകള്‍
കടുപ്പം കൂടിയും കുറഞ്ഞും
പായല്‍ പച്ച നിറമാണാകെയും
ഇലകൊഴിഞ്ഞ മരത്തിന്റെയരികില്‍
ഏകാന്തതയുടെ കയ്പുകുടിച്ചു നില്‍ക്കുന്ന
ഒരാളെക്കൂടി അവിടെക്കണ്ടെത്തുകയും
പായലിന്റെ നിറം കനം വയ്ക്കുകയും ചെയ്യുന്നു
രണ്ടു പേരുടെ രണ്ടു കാലങ്ങളിലെ
രണ്ടുനേരങ്ങളിലെ ,രണ്ടു ദേശങ്ങളിലെ
രണ്ടു ഭാഷകളിലെ മഴകള്‍ ഒന്നിച്ചു പെയ്യുകയാണ്
മഴയില്‍ പായല്‍ ഒലിച്ചുപോവുകയും
പച്ച കനത്തുവരികയും കൊട്ടാരം കാടാവുകയും
കാടു കാറ്റിനെയും കിളികളെയും
വിരുന്നിനു ക്ഷണിക്കുകയും ചെയ്യുമ്പോള്‍
ഇനി ഞങ്ങളെ പച്ചയായി കാണുക
പച്ച പഴയ നിറമാകുന്നു .
പഴകാത്ത നിറവും .!!!

2015, ഡിസംബർ 21, തിങ്കളാഴ്‌ച

അസ്ഥിക്കുഴി


പള്ളിപ്പെരുന്നാളിന്റെ  കൊടിയിറക്ക്‌ ദിവസം  രാവിലെ  മരിച്ചവര്‍ക്ക് വേണ്ടിയുള്ള  കുര്‍ബാനയ്ക്ക്  ശേഷം സെമിത്തേരിയിലെ ഒപ്പീസിനു ആരുടെയോ  കല്ലറയ്ക്ക്  മുകളില്‍ കാലന്‍ കുട  കുത്തി  നിവര്‍ന്നു നില്‍ക്കുമ്പോഴാണ് അസ്ഥിക്കുഴിയുടെ ഓര്‍മ്മ    കുര്യച്ചനിലേക്ക് അച്ചന്‍  തളിച്ച  ഹന്നാന്‍  വെള്ളത്തോടൊപ്പം  പ്രവേശിച്ചത്‌ .

സെമിത്തേരിയുടെ  മതിലിനപ്പുറത്തെ   അസ്ഥിക്കുഴിയിലേക്ക്  പുരാതന കുടുംബക്കാരുടെ  പ്രമാണിത്വം  തിരിച്ചറിയാന്‍  ഒരെത്തിനോട്ടം നടത്തി   പണ്ടൊരിക്കല്‍   അയാള്‍  പരാജയപ്പെട്ടിരുന്നു .തലയോടുകളെല്ലാം ഒന്നുപോലെ വെളുത്തിരുന്നു , പല്ലുള്ളതും ഇല്ലാത്തതുമായ എല്ലാ  മുഖരൂപങ്ങളും ഇളിച്ചു  കാണിച്ചു കൊണ്ടേയിരുന്നു . മുടന്തന്റെയോ  പൊക്കം കൂടിയവന്റെയോ  അസ്ഥികളില്‍  വ്യത്യാസമൊന്നും  കാണാന്‍  ആ  എത്തി നോട്ടത്തിനു  പ്രായം എത്തിയിരുന്നുമില്ല .
തെമ്മാടിക്കുഴിയില്‍  അടക്കിയ  ഔതക്കുട്ടിയുടെയും  കുടുംബക്കല്ലറയിലെ  ഔസേപ്പുചേട്ടന്റെയും അസ്ഥികള്‍  തമ്മില്‍  എന്ത്  വ്യത്യാസം ഉണ്ടാവും  എന്ന്  ചിന്തിച്ചു മൂന്നു ദിവസം പനിച്ചു കിടന്നു  എന്നല്ലാതെ വേറെ പ്രത്യേക  ഗുണമൊന്നും  എത്തിനോട്ടം  സമ്മാനിച്ചതുമില്ല .
 വിപ്ലവകാരിയായ  അപ്പനെ  തിരുസ്സഭ  മഹറോന്‍ ചൊല്ലിയ  ദിവസം കുര്യച്ചന്‍ വളരെ  ശ്രദ്ധയോടെ  അപ്പനെ  നോക്കിയിരുന്നതാണ് . പ്രത്യേകിച്ച്  ഒരു  മാറ്റവും  ഉള്ളതായി  തോന്നിയില്ല , അപ്പന്റെ  മുടി  നരച്ചതും ,പല്ല് കൊഴിഞ്ഞതും  കാഴ്ച  മങ്ങിയതും  പിന്നെയും  ഒരുപാടു  കൊല്ലങ്ങള്‍  കഴിഞ്ഞാണ് .

അപ്പന്‍  കര്‍ത്താവിനു  നിരക്കാത്ത  ഒന്നും  ചെയ്തിട്ടില്ലെടാ  , കുര്യച്ചന്‍  നെടുവീര്‍പ്പിട്ടുകൊണ്ടു ചുട്ടിത്തോര്‍ത്തു  കുടഞ്ഞു  തോളത്തിട്ടു  . 

അതിനു  കര്‍ത്താവു  പോലും  കര്‍ത്താവിനു നിരക്കാഴിക  ചെയ്തിട്ടില്ല  ചേട്ടായീ , നിങ്ങളില്‍  പാപം  ചെയ്യാത്തവര്‍  കല്ലെറിയട്ടെ  എന്നുപറഞ്ഞു  തല കുമ്പിട്ടിരുന്നില്ലയോ ?കുഞ്ഞച്ചന്‍  മുറുക്കാന്‍  ഒന്നുകൂടി ചവച്ചു  നീട്ടിത്തുപ്പി .

വിപ്ലവകാരിയും  പരിസ്ഥിതി പ്രവര്‍ത്തകനും  ഒക്കെ  ആരുന്നു  .  പറഞ്ഞിട്ടെന്താ  പള്ളിയ്ക്ക്  പുറത്തല്ലായിരുന്നോ ?

അതെന്നാ  പറച്ചിലാ  ചേട്ടായീ  , മാര്‍ബിള്‍  വിരിച്ച  പള്ളിയ്ക്കകത്ത്  പിന്നെ  പരിസ്ഥിതി പ്രവര്‍ത്തനം  പറ്റുവോ ?

''മരണം  ലാഭമുള്ള  കച്ചോടം  തന്നെയാ   ചേട്ടായീ '',  .''ആണ്ടു കുടിശ്ശിക തീര്‍ത്താ   അപ്പനെ  അടക്കിയത്‌ ''കുഞ്ഞച്ചന്റെ  മുഖത്ത്  ഒരു  കടം ഉരുണ്ടു കൂടി  നിന്നു .

പള്ളിക്കു  പുറത്താകാതെ  , ആത്മഹത്യ ചെയ്യാതെ  , കുടിശ്ശിക വരുത്താതെ   വാങ്ങിയിട്ട  കുടുംബക്കല്ലറയില്‍ മരിച്ചു കിടക്കേണ്ടതിന്റെ  ആവശ്യകത കുര്യച്ചന്  മുന്‍പേ  ബോധ്യമുണ്ടായിരുന്നു  

2015, ഡിസംബർ 17, വ്യാഴാഴ്‌ച

മനസുകൊണ്ടൂതുന്നവന്‍


അമ്പതിലും അരിച്ചെത്തുന്ന
കീറിയ ഉടുപ്പിന്‍റെ തണുപ്പ് 

നിറഞ്ഞ വയറിനു മുകളില്‍ 
ആശയങ്ങള് മാത്രം
 നിറഞ്ഞ ആമാശയം 

ആഘോഷങ്ങള്‍ക്കിടയിലും 
ജീവിതം പിന്തുടരുന്ന 
വായനശാലയിലെ മൗനം

അടുത്തിരിക്കുന്നവന്‍റെ
പൊള്ളല്‍പ്പാടുകളില്‍
മനസുകൊണ്ടൂതുന്നവന് 

ഓര്‍മ്മകള്‍ മുറിവുകളും 
അനുഭവങ്ങള്‍ അറിവുകളും കൂടിയാണ് 

ഇരകള്‍


കണ്ണു കിട്ടാതിരിക്കാന്‍
കരികൊണ്ടടയാളമില്ലാതെ
അവള്‍ക്കമ്മ വീണ്ടും പേരിട്ടു 
കെടുത്തിക്കളഞ്ഞ നാളത്തിന്‍റെ ജ്യോതി

ഓരോ ഞെട്ടലിനുമൊടുവില്‍
താങ്ങിയ മുറിവ്
വീണ്ടും സൃഷ്ടിക്കപ്പെട്ട്
ചോര വാര്‍ന്നു മരിക്കുമ്പോള്‍
ഇരകളുടെ രക്തം
കട്ടപിടിക്കാത്തതും
മുറിവുകള്‍ ഉണങ്ങാത്തതുമായിരിക്കണം
അല്ലാതെങ്ങനെ
എന്നുമെന്നും അതില്‍
വിരല്‍ മുക്കി കവിത എഴുതാനാവും ?

2015, ഡിസംബർ 14, തിങ്കളാഴ്‌ച

സ്വര്‍ണ മകുടം

കൂണുപോലെ നനഞ്ഞു വിളര്‍ത്ത
മനുഷ്യനെ പുതുക്കിപണിയാനാവാതെ
സ്വര്‍ണമകുടങ്ങള്‍ക്കു താഴെ
പ്രാര്‍ത്ഥനകള്‍ വിളഞ്ഞുപഴുത്തു.!!

2015, ഡിസംബർ 13, ഞായറാഴ്‌ച

കൌതുകം


നിധി തേടി
 ഗുഹ തുരക്കുന്നവര്‍
മറുദേശത്തെത്തിപ്പെടുന്ന
 കൌതുകം പോലെ 

ഒരു  ശ്വാസത്തിന്‍റെയവസാനം 
കെട്ടുപോകാവുന്ന
മെഴുതിരിയുമായി 
ഇരുട്ടു മുറിക്കാന്‍ ശ്രമിക്കുന്നവനെ 
മിന്നാമിനുങ്ങായി
അനുഗമിക്കുകയാണ്  പ്രണയം 

2015, ഡിസംബർ 9, ബുധനാഴ്‌ച

ചൂടും തണുപ്പും


ഞാന്‍  നിനക്കെഴുതുന്ന 
വാക്കുകളില്‍ 
ഒരു  മെഴുകുതിരിയുടെ 
ഉരുകിവീഴലും 
അവസാനയാളലും കണ്ടേക്കാം 

എന്നോ  മാനത്തു നിന്നു 
വീണുപോയ  
മണ്ണു കുടിച്ച 
മഴത്തുള്ളികള്‍  
കൂജയില്‍  ഒളിച്ചു പാര്‍ത്തതിന്റെ
തണുപ്പും  തോന്നിയേക്കാം 

ഒരു  നാളത്തിന്റെ  ചൂടും 
ഒരു മഴത്തുള്ളിയുടെ  തണുപ്പും 
ചുമക്കുന്ന  വാക്കുകള്‍ക്ക് 
എന്‍റെ  കണ്ണുകളുടെ  രൂപസാമ്യമുണ്ട് .
ഉരുകി വീണു  നനയ്ക്കുന്ന സ്വഭാവ സാദൃശ്യവും 

2015, ഡിസംബർ 7, തിങ്കളാഴ്‌ച

വാള്‍


ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയില്‍
കാലടികള്‍ക്കടിയില്‍ ഒരു ചാക്ക്
അയാള്‍ ചവിട്ടിയമര്‍ത്തി വയ്ക്കുന്നു
പേരക്കുട്ടിയെ ആദ്യമിറക്കി
സാവധാനം ഇറങ്ങിപ്പോകുമ്പോള്‍
അറക്കവാള്‍ അല്പം അകറ്റി പിടിക്കുന്നു
ആത്മാവില്‍ വാള്‍ കൊണ്ടുനടക്കുന്നവരിലേക്ക്
ഒരു മുറിവ് പടരുന്നത് കണ്ടു
അയാള്‍ക്കടുത്ത് അത്ര നേരമിരുന്ന ഞാന്‍
റഷ്യന്‍ ഭാഷയില്‍ ചില ചോദ്യങ്ങള്‍ ഓര്‍ക്കുന്നു
രാജ്യങ്ങള്‍ക്ക് വേണ്ടി മരിക്കുന്നവര്‍
ഏതു രാജ്യത്താണ് പോകുന്നത് ?
മതത്തിനു വേണ്ടി പൊട്ടിത്തെറിക്കുന്നവരെ
ഏതത്ഭുതം ഒന്നിച്ചു ചേര്‍ക്കും ?

2015, ഡിസംബർ 4, വെള്ളിയാഴ്‌ച

നക്ഷത്രങ്ങളും പൂക്കളും


എനിക്കു നക്ഷത്രങ്ങളെയും 
പൂക്കളെയും  പരിചയമുണ്ട് .

നക്ഷത്രങ്ങളുടെ  തിളക്കത്തെ
കാണുകയും 
പൂക്കളുടെ  സുഗന്ധത്തെ 
നുകരുകയും ചെയ്യാറുണ്ട് 

നക്ഷത്രങ്ങളുടെ  ആകൃതി
വരയ്ക്കുകയും 
പൂക്കളുടെ  നിറങ്ങളെ 
അണിയുകയുമാണ് പതിവ് 

നക്ഷത്രങ്ങളെ  നോക്കാന്‍ 
തല ഉയര്‍ത്തുകയും 
പൂക്കളെ  നുള്ളാന്‍ 
കൈ നീട്ടുകയുമാണ്  വേണ്ടത് 

നക്ഷത്രങ്ങളെ  ആഗ്രഹിക്കുമ്പോള്‍ 
എനിക്ക്  ചുറ്റും  രാത്രിയും 
പൂക്കളെ  പ്രണയിക്കുമ്പോള്‍ 
എനിക്കെന്നെ തന്നെ  കാണാവുന്ന  പകലുമാണുള്ളത്‌ 

2015, നവംബർ 30, തിങ്കളാഴ്‌ച

മോഷ്ടിക്കപ്പെട്ട ഗ്രാമം


അന്നൊരു ഞായറാഴ്ചയായിരുന്നു .പള്ളിയില്‍ ഒത്തുകൂടിയിരുന്ന ജനങ്ങളോട് അച്ചന്‍ നോമ്പുകാലത്തെക്കുറിച്ചും പാപബോധത്തെക്കുറിച്ചും പശ്ചാത്താപ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതിനെപ്പറ്റിയും പ്രസംഗിച്ചു കൊണ്ടിരുന്നു .നോമ്പുകാലത്തു എല്ലാവരും എല്ലാ ദിവസവും പള്ളിയില്‍ എത്തണമെന്നും അല്ലാത്ത പക്ഷം അത് ദൈവനിഷേധം ആയിരിക്കുമെന്നും ഓര്‍മിപ്പിച്ചു .
പള്ളിക്ക് വെളിയില്‍ യജമാനന്റെ പാദുകസംരക്ഷണാര്‍ത്ഥം ഇരുന്ന ആഫി തനിക്കു വരാന്‍ പോകുന്ന അധിക ജോലി ഭാരത്തെക്കുറിച്ചു ചിന്തിച്ചു കൊണ്ടിരുന്നു .നോമ്പുകാലങ്ങളില്‍ അലാസിന്‍ കൂടുതല്‍ സമയവും പള്ളിയില്‍ ആയിരിക്കും .പക്ഷെ ദിവസം തോറുമുള്ള ജോലിയില്‍ കുറവുവരാന്‍ അയാള്‍ അനുവദിച്ചിരുന്നില്ല . നോമ്പുകാല പ്രായശ്ചിത്തം എന്ന നിലയ്ക്ക് പ്രഭാതമണി നേരത്തേ ശബ്ദിക്കുകയും ചെയ്യും .
കരുണയെക്കുറിച്ചുള്ള ക്രിസ്തുവിന്റെ വചനങ്ങള്‍ പള്ളിയ്ക്കകത്ത് ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ ,
തണുപ്പുകാലത്തിന്റെ വരവറിയിച്ചു കൊണ്ടെത്തിയ കാറ്റില്‍ നിന്നു രക്ഷനേടാന്‍ തന്റെ കീറിയ വസ്ത്രത്തിലേക്ക്‌ ആ ചെറിയ ശരീരത്തെ ആഫി ഒന്നുകൂടി ചുരുട്ടിവച്ചു .കഴിഞ്ഞ മഴക്കാലത്ത് മണ്ണിടിഞ്ഞു മൂടിപ്പോയ ചെറിയ മണ്‍കുടിലിന്റെ ഓര്‍മ്മയില്‍ അവന്‍റെ കണ്ണുകള്‍ നിറഞ്ഞു .
ആഫി മനസാണ് പ്രധാനം ,അതിനെ ഒന്നിനും അടിയറവു വയ്ക്കരുത് . അമ്മ പറയാറുള്ള വാക്കുകള്‍ അവനോര്‍ത്തു .പക്ഷേ വിശപ്പും തണുപ്പും അനുഭവിക്കുന്ന ശരീരം പലപ്പോഴും മനസിനെ ജയിച്ചു നിന്നു .
മരണാനന്തരജീവിതത്തില്‍ പുണ്യം നിറയ്ക്കാനായി ചെയ്യേണ്ടവയും വര്‍ജ്ജിക്കേണ്ടവയും എന്താണെന്ന് അച്ചന്‍ വിശ്വാസികള്‍ക്ക് വ്യക്തമാക്കുകയായിരുന്ന സമയത്ത് പട്ടികടിച്ചുകൊണ്ടോടിയ അലാസിന്റെ തുകല്‍ ചെരുപ്പിന് വേണ്ടി ആഫി
അതിനെ കല്ലെറിയുകയായിരുന്നു .
കല്ലേറു കൊണ്ട പട്ടി ചെരുപ്പുപേക്ഷിച്ച് ഓടിപ്പോയി .പക്ഷെ ചെരിപ്പിന്റെ വള്ളികള്‍ പൊട്ടി അത് ഉപയോഗശൂന്യമായിരുന്നു.
ചെരുപ്പു സൂക്ഷിക്കാന്‍ കഴിയാത്തതിന് ആഫിക്ക് കിട്ടിയ ശിക്ഷ ആഹാരമില്ല എന്നതായിരുന്നു . അവന്റെ അശ്രദ്ധയാണ്‌ പട്ടി ചെരുപ്പെടുക്കാന്‍ കാരണം എന്ന് മോസ്കിന്‍ സാക്ഷ്യം പറയുകയുംചെയ്തു .അന്ന് രാത്രി വിശന്നിരുന്ന ആഫിയോടു മോസ്കിന്റെ വക സാരോപദേശമുണ്ടായിരുന്നു , അലാസിന്‍ തല കുലുക്കി ചിരിച്ചു കൊണ്ടിരുന്നു .രാത്രി ആഫിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല


പുലര്‍ച്ചെ തന്റെ മണല്‍ ഘടികാരം നോക്കി സമയം ഉറപ്പു വരുത്തിയാണ് മോസ്കിന്‍ പള്ളിമേടയിലേക്ക് വന്നത് . പതിവിനു വിപരീതമായി നിലത്തിഴഞ്ഞു കിടന്ന വലിയ കയര്‍ കണ്ടു അയാള്‍ മുകളിലേക്ക് നോക്കി അവിടെ മുറിഞ്ഞ കയറിന്റെ മറ്റേ അഗ്രം ഞാന്നു കിടന്നു ,മോസ്കിന്റെ നിലവിളി കേട്ട്സേവ്യറച്ചനും കുശിനിക്കാരന്‍ റോബിനോവും ഓടിയെത്തി .പള്ളിമണി മോഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നവര്‍ക്ക് മനസിലായി
. നരച്ച പുരികങ്ങള്‍ ഉയര്‍ത്തി വളരെ ശ്രദ്ധയോടെ പതിയെ നടക്കുകയും കുറച്ചു മാത്രം സംസാരിക്കുകയും ചെയ്യുന്ന അച്ചന്‍ ഏറെ വര്‍ഷങ്ങളായി ആ ഗ്രാമത്തിന്‍റെ ആത്മീയ ആവശ്യങ്ങള്‍ ഒരു മുടക്കവും കൂടാതെ നിറവേറ്റുന്നതില്‍ ശ്രദ്ധിച്ചു പോന്നു
.സേവ്യറച്ചന്‍ ഒന്നും പറയാതെ പള്ളിയുടെ അകത്തേക്ക് മടങ്ങിപ്പോയി . കുശിനിക്കാരന്‍ മോസ്കിനെയും കൂട്ടി പള്ളിമുറിയിലേക്കും പോയി
,
പച്ച നിറഞ്ഞ ശാന്തവും സുന്ദരവുമായിരുന്ന ആ ഗ്രാമത്തിന്‍റെ കേന്ദ്രബിന്ദു അതിന്‍റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്തിരുന്ന ചെറിയ പള്ളിയായിരുന്നു . വിശ്വാസികളുടെയും അവിശ്വാസികളുടെയും കുടുംബങ്ങളുടെ ജീവിതചര്യ തന്നെ നിയന്ത്രിക്കുന്നതില്‍ ആ ആരാധനാലയം ഭരണകൂടസംവിധാനങ്ങളെ വെല്ലുവിളിച്ചു നിന്നു .
രണ്ടു നേരവും മുഴങ്ങുന്ന മണിയൊച്ച അവരുടെ പ്രവൃത്തിദിനങ്ങളെ ക്രമീകരിച്ചു . ഇറച്ചി വെട്ടുകാരനും മില്ലുടമയും കൃഷിക്കാരനും തൊഴിലാളികളും കച്ചവടക്കാരനുമെല്ലാം അതൊരു അലിഖിത നിയമം പോലെ അനുസരിച്ചു പോന്നു
.മോഷ്ടിക്കപ്പെട്ട മണിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഭീതി ഉളവാക്കുന്നതായിരുന്നു . ഗ്രാമത്തിന്‍റെ ഭാഗ്യമായിരുന്നത്രേ കൊത്തുപണികള്‍ ഉള്ള ആ വലിയ പള്ളിമണി ,
ഇരുപതു കൊല്ലം മുന്പ് ഏതോ തദേശീയനായ നാവികന്‍ പള്ളിക്കു സമ്മാനിച്ച മണിയെപ്പറ്റി അതുവരെ കേള്‍ക്കാതിരുന്ന പുതിയ അദ്ഭുത കഥകള്‍ രണ്ടു ദിവസം കൊണ്ടു പ്രചരിച്ചു തുടങ്ങി .
പിശാചുക്കളെ ദൂരെ നിര്‍ത്തിയിരുന്നത് ആ മണിയുടെ മുഴക്കങ്ങള്‍ ആയിരുന്നെന്നും ഇനി നിര്‍ഭാഗ്യങ്ങള്‍ വന്നുചേരുമെന്നും ഓരോരുത്തര്‍ ആശങ്കപ്പെട്ടു തുടങ്ങി .ആകെ ഗ്രാമം ഇളകിവശായി

മണിമുഴക്കങ്ങള്‍ ഇല്ലാതെ ഗ്രാമം കൂടുതല്‍ നിശബ്ദമായി തോന്നിച്ചു . പുലര്‍ച്ചെയും വൈകുന്നേരങ്ങളിലും പള്ളിയിലേക്ക് ആളുകള്‍ വരുന്നത് കുറഞ്ഞു തുടങ്ങി . പ്രാര്‍ത്ഥനപുസ്തകങ്ങളിലും പള്ളിയുടെ ചുവരുകള്‍ക്കുള്ളിലും കുരുങ്ങിപ്പോയ തന്റെ ജീവിതത്തിന്‍റെ ശബ്ദം അപ്രതക്ഷ്യമായ ആ മണിയുടെ അത്ര പോലും പ്രാധാന്യം ഇല്ലാത്ത ഒന്നായിരുന്നു എന്ന് ചിന്തിച്ച് സേവ്യറച്ചന്‍ നെടുവീര്‍പ്പിട്ടു .
വര്‍ഷങ്ങള്‍ക്കു മുന്പ് ഈ ഗ്രാമത്തിലേക്ക് വന്ന നാളുകള്‍ ഓര്‍മ്മിച്ചെടുക്കാന്‍ അദേഹം ശ്രമിച്ചു . വലിയ മാറ്റങ്ങളൊന്നും കാലത്തിനു മുന്നേ അവിടെ വരുത്താന്‍ തനിക്കു കഴിഞ്ഞില്ലെന്നു തിരിച്ചറിഞ്ഞ ദിവസം കുമ്പസരിക്കാന്‍ തന്റെ അടുക്കല്‍ വന്നു മുട്ടുകുത്തിയ റോബിനോവിന്റെ കൈകള്‍ അദേഹം ചുംബിച്ചു .
കുമ്പസാരത്തിനു പരിഹാരമാണ് എന്ന് കരുതി റോബിനോവ് കേട്ട വാക്കുകള്‍ ഇതായിരുന്നു ''പുസ്തങ്ങള്‍ സൂക്ഷിക്കണം ; പുസ്തകങ്ങളെ സൂക്ഷിക്കുകയും വേണം .''
വരാന്‍ പോകുന്ന മഴക്കാലത്തിനു മുന്പ് പള്ളിമുറികളില്‍ സൂക്ഷിച്ചിരുന്ന വലിയ പുസ്തക ശേഖരം പള്ളിയിലേക്ക് മാറ്റി വയ്ക്കാനുള്ള അച്ചന്റെ നിര്‍ദ്ദേശം ആയിരുന്നു അത് . 
റോബിനോവ് തന്റെ അധിക ജോലികള്‍ക്കായി ആഫിയെ ഒപ്പം കൂട്ടി . 

പരീക്ഷീണിതനും കോപാകുലനുമായ മോസ്കിനെ ആഫിക്ക്  ഭയമായിരുന്നു .അയാള്‍ കോപം കൊണ്ടു വിറയ്ക്കുകയും മോഷ്ടാവിനെ നിരന്തരം ശപിക്കുകയും ചെയ്തുകൊണ്ടിരുന്നു . മുടിയാകെ പാറിപ്പറന്ന് അയാള്‍ ഒരു ഭ്രാന്തനെ അനുസ്മരിപ്പിച്ചു .
മണല്‍ത്തരികള്‍ ഊര്‍ന്നു വീഴുന്ന ഘടികാരത്തെ നോക്കി ,തലയ്ക്കു കൈ താങ്ങി മോസ്കിന്‍ എല്ലായ്പ്പോഴും ഇരുന്നു . മണി നഷ്ടപ്പെട്ടതുമുതല്‍ അയാള്‍ അംഗവൈകല്യം വന്നതുപോലെ ദുഖിതനായി കാണപ്പെട്ടു . അയാളുടെ ഏക ജോലി സമയാസമയങ്ങളില്‍ മണി മുഴക്കുക എന്നത് മാത്രമായിരുന്നു ,ബാക്കി നേരങ്ങളില്‍ സേവ്യര്‍ അച്ചനൊപ്പം പരികര്‍മ്മങ്ങള്‍ക്ക് സഹായിക്കുക, പള്ളി വക ഇടങ്ങളില്‍ പണിയെടുക്കുന്നവരെ സന്ദര്‍ശിക്കുക ,നാടു ചുറ്റി നടന്നു എല്ലാവരെയും ഉപദേശിക്കുക ഇതൊക്കെയായിരുന്നു അയാള്‍ ചെയ്തിരുന്നത്
പണിയെടുക്കേണ്ടാത്ത ഒരു മടുപ്പിലേക്ക് ആ സാഹചര്യം അയാളെ തള്ളിവിട്ടു , സേവ്യറച്ചന്റെ മരണവും കൂടി ആയപ്പോള്‍ അയാള്‍ എല്ലാവര്‍ക്കുമിടയില്‍ ഒറ്റപ്പെട്ടവനെപ്പോലെ അലഞ്ഞു നടന്നു . ദിവസവും മുടങ്ങാതെ അയാള്‍ മണി കെട്ടിയിട്ടിരുന്ന കയറിന്റെ അരികില്‍ വന്നു നില്‍ക്കുമായിരുന്നു .
കുശിനിക്കാരന്‍ വന്നു വിളിക്കുമ്പോള്‍ അയാള്‍ക്കൊപ്പം പോയി ആഹാരം കഴിക്കും . ഒന്നും മിണ്ടാതെ അല്‍പ നേരം പള്ളിമേടയാകെ ചുറ്റി നടക്കും .പിന്നെ എങ്ങോട്ടെന്നില്ലാതെ ഇറങ്ങിപ്പോകും . 
മോസ്കിന്‍ പകലുകളെക്കാള്‍ രാത്രികളെ ഭയപ്പെടാന്‍ തുടങ്ങിയത് മുതല്‍ മണല്‍ ഊര്‍ന്നു വീഴുന്നത്‌ പൂര്‍ത്തിയാകും മുന്‍പേ ഘടികാരം തിരിച്ചു വച്ചുതുടങ്ങി .തല്‍ഫലമായി സമയം നിശ്ചയമില്ലാതെ ഏതു നേരത്തും പള്ളിയുടെ മുറ്റത്ത്‌ എവിടെയെങ്കിലും പൊട്ടിയ കയറിലേക്ക് നോക്കിയിരിക്കുന്ന അയാളെ ആര്‍ക്കും കാണാമെന്നായി .
ഉറക്കമില്ലാത്ത ചുവന്ന കണ്ണുകളും നിസ്സംഗമായ നോട്ടവും ഒന്നിലും ശ്രദ്ധയില്ലാത്ത ഭാവവും ഒക്കെ ചേര്‍ന്ന് പഴയ മോസ്കിന്റെ ച്ഛായ പോലും അയാള്‍ക്ക് നഷ്ടപ്പെട്ടു . ഗ്രാമത്തിലേക്ക് വിരുന്നു വന്ന നിര്ഭാഗ്യങ്ങളില്‍ ഒന്നാണ് അതെന്നു ഗ്രാമീണര്‍ വിലയിരുത്തി .
ഈ നില തുടര്‍ന്നാല്‍ അയാളുടെ മാനസിക നില തെറ്റിയേക്കും എന്ന് തോന്നിയ കുശിനിക്കാരന്‍ റോബിനോവ് അയാളെ തന്റെ സഹായത്തിനു വിളിച്ചു . വളരെ പുലര്‍ച്ചെ ഉണരുകയും ധാരാളം ജോലികള്‍ ചെയ്യുകയും ചെയ്തിരുന്ന അയാള്‍ക്കൊപ്പമുള്ള ജീവിതം മോസ്കിനെ തിരക്കുള്ളവനാക്കി മാറ്റി .
സാവധാനം നഷ്ടപ്പെട്ടുപോയ പള്ളിമണിയെ അയാള്‍ മറന്നു തുടങ്ങി ,അയാള്‍ക്കൊപ്പം ആ ഗ്രാമമാകെ മണി മുഴക്കങ്ങളെയും മറന്നു .
പള്ളി മണി മോഷ്ടിക്കപ്പെട്ടതില്‍ ഗ്രാമവാസികള്‍ക്ക് വിഷമം തോന്നിയെങ്കിലും അക്ഷരാര്‍ത്ഥത്തില്‍ അതവരെ വിഷമിപ്പിച്ചത് ജോലിയുടെയും കൂലിയുടെയും കാര്യത്തിലായിരുന്നു . പള്ളി മണി മുഴങ്ങുമ്പോള്‍ ജോലി തുടങ്ങുകയും വീണ്ടും അത് മുഴങ്ങുമ്പോള്‍ ജോലി അവസാനിപ്പിക്കുകയും നിശ്ചിതമായ കൂലി വാങ്ങുകയും ചെയ്യുകയായിരുന്നു അവരുടെ രീതി .അതിനാണിപ്പോള്‍ ചലനം സംഭവിച്ചിരിക്കുന്നത്‌ ,ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കാന്‍ അവര്‍ കൂടിയാലോചന തുടങ്ങി .ഒടുവില്‍ കുശിനിക്കാരന്‍ മുന്നോട്ടു വച്ച ഒരാശയം എല്ലാവര്ക്കും സ്വീകാര്യമായി തോന്നി .
കൊയ്യുന്നവര്‍ക്ക് കറ്റയുടെ എണ്ണം അനുസരിച്ചു കൂലി കൊടുക്കുക , മില്ലില്‍ ജോലി ചെയ്യുന്നവര്‍ക്ക് അതിന്‍റെ തൂക്കം നോക്കി കൂലി നല്‍കുക . ആ രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടു നീങ്ങിയപ്പോള്‍ കൂലിക്കാര്‍ക്ക് കൂടുതല്‍ കൂലി ലഭിച്ചു തുടങ്ങി ,
ഉടമസ്ഥര്‍ക്ക് കൂടുതല്‍ കൂലി നല്‍കി ആളുകളെ കൂടുതല്‍ സമയം പണിയെടുപ്പിക്കാം എന്നും വന്നു . ആളുകള്‍ കൂടുതല്‍ കഠിനാധ്വാനികളായി മാറി .തുകല്‍ കൊണ്ടുപോകാന്‍ എത്തുന്ന വണ്ടിയില്‍ നിന്നും ഗ്രാമീണര്‍ ആവശ്യമുള്ള സാധനങ്ങള്‍ ഓരോ തവണയും പറഞ്ഞു വിട്ടു വാങ്ങിത്തുടങ്ങി . അവരുടെ വീടുകളും ജനാലകളും കൂടുതല്‍ ഉറപ്പുള്ളതായി.
കമ്പിളിപ്പുതപ്പുകളും മിനുമിനുത്ത വസ്ത്രങ്ങളും അവരുടെ തണുപ്പകറ്റി. മഞ്ഞു കാലത്ത് ഉണ്ടാകുന്ന പല രോഗങ്ങളും അവരില്‍ നിന്നും അകന്നു നിന്നു . കുട്ടികളും വൃദ്ധരും കൂടുതല്‍ നന്നായി സംരക്ഷിക്കപ്പെട്ടു ,
സേവ്യറച്ചന്‍റെ മരണശേഷം കുശിനിക്കാരന് നിര്‍ദ്ദേശങ്ങള്‍ നല്കാന്‍ ആരുമുണ്ടായിരുന്നില്ല .പ്രത്യേകിച്ചൊരു ജോലിയും ചെയ്യേണ്ടതായ ആവശ്യവും ഇല്ലായിരുന്നു എങ്കിലും അയാള്‍ തന്റെ ജോലിക്കൊരു മാറ്റവും വരുത്തിയില്ല . മുടങ്ങാതെ പള്ളി വൃത്തിയാക്കുക , പള്ളിവക പറമ്പും കാര്യങ്ങളും ക്ര്യത്യമായി നോക്കുക , അടുക്കള കാര്യങ്ങള്‍ ചെയ്യുക ഇവ ആയിരുന്നു അയാള്‍ ചെയ്തിരുന്നത് .
. അയാള്‍ പുലര്‍ച്ചെ ഉണര്‍ന്നു ആഹാരം ഉണ്ടാക്കി അതുമായി ഗ്രാമത്തിലെക്കിറങ്ങി .ഇടയ്ക്കിടെ ജീവിതത്തിന്റെ ബുദ്ധിമുട്ടുകള്‍ പറഞ്ഞു അച്ചനെ കാണാന്‍ എത്തുന്നവരുടെ വീടുകള്‍ അയാള്‍ക്കറിയാമായിരുന്നു .
കാലുകളുടെ സ്വാധീനം നഷ്‌ടമായ ലീസ, ബുദ്ധിമാന്ദ്യമുള്ള രണ്ടു കുട്ടികളെ പോറ്റുന്ന മരിയ ,
ആരും നോക്കാനില്ലാതെ കിടക്കുന്ന അലക്സാണ്ടര്‍ മുത്തശ്ശന്‍ ഇങ്ങനെ നീണ്ടുപോകുന്നു ആ നിര . അയാള്‍ക്കൊപ്പം ആഫിയും മോസ്കിന്റെ സഹായവും കൂടി ആയപ്പോള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ അതിരുകള്‍ക്കപ്പുറത്തേക്കു വളര്‍ന്നു .

പള്ളിമണിയുടെ തിരോധാനത്തില്‍ ഏറെ സന്തോഷിച്ചത്‌ ആഫി എന്ന അനാഥ ബാലന്‍ തന്നെയായിരുന്നു . റോബിനോവിനൊപ്പമുള്ള ജീവിതം അവനു പുതിയ വാതിലുകള്‍ സമ്മാനിച്ചു ,
അലാസിന്റെ കടത്തിണ്ണയിലെ ചെറിയ മൂലയില്‍ നിന്നും കൂലിയില്ലാത്ത ജോലികളില്‍ നിന്നും
അവനു പഠിക്കാനും വായിക്കാനും അവസരങ്ങള്‍ തുറന്നു കിട്ടി .വിത്തുകള്‍ ഉറങ്ങിക്കിടന്ന ഭൂമിക്കു മുകളില്‍ പെയ്ത മഴ പോലെ ആ സാഹചര്യം അതിവേഗം ഫലം ഉത്പാദിപ്പിച്ചു തുടങ്ങി
.ആഫി റോബിനോവിന്റെ വളര്‍ത്തു പുത്രനായി അറിയപ്പെട്ടു .വയോധികനായ വൈദികന്‍ നഷ്ടബോധത്തോടെ ചുംബിച്ച കൈകളില്‍ പിടിച്ച് ആഫി അവകാശബോധത്തോടെ ജീവിതത്തിലേക്ക് നടന്നു .
മോസ്കിനോടുള്ള അവന്റെ ഭയത്തിന്റെ കാരണം അറിയാവുന്ന ഏക വ്യക്തിയായിരുന്നു റോബിനോവ് ,
മോസ്കിന്‍ പള്ളിമണിയെക്കുറിച്ച് സംസാരിക്കുമ്പോഴോക്കെ അവര്‍ പരസ്പരം നോക്കും . വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ആ രാത്രിയിലേക്ക് ഓര്‍മ്മകള്‍ എത്തി നോക്കും
വിശന്നിരുന്ന ആഫിയെ ഉപദേശിക്കുക വഴി അവന്റെ വിശ പ്പിനെ മാത്രമല്ല , കോപത്തെക്കൂടി ആളിക്കത്തികുകയാണ് മോസ്കിന്‍ ചെയ്തത് .അന്ന് രാത്രി മഞ്ഞു മൂടിക്കിടന്ന ഇരുട്ടില്‍ ആഫി പള്ളിമേടയെ ലക്ഷ്യമാക്കി നടന്നു .അവന്റെ കൈയില്‍ ചെറിയൊരു കത്തിയുമുണ്ടായിരുന്നു കൊത്തുപണികള്‍ ഉള്ള വലിയ മണിയെ കയറില്‍ നിന്നു കത്തി കൊണ്ടു വേര്‍പെടുത്തിയ പ്പോഴേക്കും ആ പന്ത്രണ്ടു കാരന്‍ തളര്‍ന്നിരുന്നു , അവന്റെ പിടുത്തം വിട്ട് വലിയൊരു ശബ്ദത്തോടെ അത് താഴേക്കു പതിച്ചു .ഓടിയെത്തിയ റോബിനോവ് എന്തുചെയ്യണം എന്നറിയാതെ നിന്നു . അനാഥനായ ആ ബാലനെ മോഷ്ടാവ് എന്ന് മുദ്ര കുത്തിയാല്‍ ഉണ്ടാകാന്‍ പോകുന്ന ഭവിഷ്യത്തുകള്‍ അയാളുടെ മുന്നില്‍ ഒരു നിമിഷം തെളിഞ്ഞു . മറ്റാരും എത്തും മുന്‍പേ സെമിത്തേരിയുടെ മൂലയിലെ ഒരു കല്ലറയില്‍ അതിനെ ഉരുട്ടിയിട്ട് അയാള്‍ സ്ലാബ് കൊണ്ടു കല്ലറ മൂടി . അങ്ങനെ അവര്‍ക്കിടയില്‍ ആ രഹസ്യം ഒരു പുതിയ ബന്ധം സൃഷ്ടിച്ചു

. പള്ളിയില്‍ അടുക്കിവച്ചിരുന്ന പുസ്തകങ്ങള്‍ വായിക്കാന്‍ വൈകുന്നേരങ്ങളില്‍ ഓരോരുത്തരായി അവിടേക്ക് വന്നു തുടങ്ങി . കുശിനിക്കാരന്‍ മോസ്കിനോടു പറഞ്ഞ് അവിടെയൊരു പലകമേല്‍ ഒരു വാചകം എഴുതി വച്ചു . ''നിശബ്ദത പാലിക്കുക ''
നിശബ്ദരായി അവിടെ വന്നുപോകുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരുന്നു . യുവജനങ്ങള്‍ കൂടുതല് ഊര്‍ജ്ജസ്വലരായി . വൈകുന്നേരങ്ങളില്‍ അവര്‍ വായന ശാല സന്ദര്‍ശി ക്കുകയും വിവിധ വിഷയങ്ങളെ ക്കുറിച്ചു ചര്‍ച്ച നടത്തുകയും ചെയ്തു .അങ്ങനെ പുതിയ പല പദ്ധതികളും അവര്‍ക്കിടയില്‍ രൂപം കൊണ്ടു . അതിലൊന്ന് സംഘം ചേര്‍ന്ന് നടത്താവുന്ന തുകല്‍ കച്ചവടം ആയിരുന്നു .നഗരത്തിലേക്ക് തുകല്‍ കൊണ്ടുപോകാന്‍ വാഹനങ്ങള്‍ വാങ്ങപ്പെട്ടു . നഗരത്തില്‍ പോയി വരുന്നവര്‍ പുതിയ സാമഗ്രികളുടെ കച്ചവടം ഗ്രാമത്തില്‍ ആരംഭിക്കുകയും ചെയ്തു .ക്രമേണ ഗ്രാമം മുഖം മിനുക്കിത്തുടങ്ങി . നഷ്ടപ്പെട്ടു പോയ മണിയെ ക്കുറിച്ചു ആകെ സംസാരിച്ചിരുന്നത് മോസ്കിന്‍ മാത്രമായിരുന്നു , അതാവട്ടെ അവിശ്വസനീയമായ ഏതോ കെട്ടു കഥ പോലെ യുവാക്കള്‍ കരുതുകയും ചെയ്തു .
വിദൂരഭാവിയില്‍ വിസ്മരിക്കപ്പെട്ടു പോകാവുന്ന അനേകം മതാചാരങ്ങളുടെ പ്രതിനിധി എന്നവണ്ണം ആഫിയാല്‍ മോഷ്ടിക്കപ്പെട്ട് റോബിനോവിനാല്‍ മറയ്ക്കപ്പെട്ട് സേവ്യറച്ചന്റെ കുമ്പസാരരഹസ്യങ്ങളില്‍ കുരുങ്ങി ആ വലിയ പള്ളിമണി കാലങ്ങളായി നിശബ്ദമായി വെളുത്ത കോളാമ്പിപ്പൂക്കളാല്‍ ചുറ്റപ്പെട്ടു സെവ്യറച്ച ന്‍റെ കല്ലറയുടെ അടുത്ത അറയില്‍ അഞ്ജാതവിശ്രമം കൊണ്ടു .














2015, നവംബർ 28, ശനിയാഴ്‌ച

ദാനം


മേഘം മയക്കത്തിലായിരുന്നു 
കാറ്റുണര്‍ത്തുകയും
ആകാശം വഴി  നല്‍കുകയും  ചെയ്തു .

വിത്തുറക്കത്തിലായിരുന്നു
മഴയുണര്‍ത്തുകയും 
വെയില്‍ വെട്ടം  കാണിക്കുകയും  ചെയ്തു 

സൃഷ്ടി ധ്യാനത്തിലായിരുന്നു 
സര്‍ഗ്ഗാത്മകത ഉണര്‍ത്തുകയും 
ചലനം   സൃഷ്ടിക്കുകയും  ചെയ്തു

ധ്യാനം നിശ്ചലമായിരുന്നു  
ചലനാത്മകത  ഒരു  മൂന്നാം കണ്ണ്‍ 
സൃഷ്ടിക്കു  ദാനം  ചെയ്തു 

2015, നവംബർ 26, വ്യാഴാഴ്‌ച

കാട്ടുഭാഷ


കാടുകള്‍  സംസാരിക്കും 
ആദിമ ശബ്ദം മുതല്‍ 
മനുഷ്യ ഭാഷ  വരെ 

പുലരിയായെന്നു 
കുയിലുകള്‍ പാടും 
സന്ധ്യയാവുമ്പോള്‍
ചീവീടുകള്‍ ഓര്‍മിപ്പിക്കും 

കടലിന്റെ  കുരുന്നൊച്ചകള്‍ 
അരുവി  പറഞ്ഞുകൊണ്ടേയിരിക്കും 
മലകള്‍ എന്‍റെ സ്വരങ്ങള്‍ 
അല്‍പംകൂടി മുഴക്കത്തില്‍ 
തിരികെ നല്‍കും 

മൂങ്ങകള്‍ രാത്രിയെ 
മൂളിത്തീര്‍ക്കും 
പകലുകളെ  അണ്ണാറക്കണ്ണന്‍മാര്‍ 
കൊലുസണിയിക്കും.

മഴയൊരു  സ്കൂള്‍  വിട്ട പോലെ 
കാടിന്‍റെയിലകളില്‍
അവധിയാഘോഷിക്കും
കാടെപ്പോഴും ഏതെങ്കിലുമൊരു 
ഭാഷയില്‍  സംസാരിച്ചു കൊണ്ടേയിരിക്കും 

ആകാശചുംബനം


എന്നെ ആഴത്തില്‍
ചുംബിച്ച ആകാശത്തോട്
ജീവിതത്തോളം ഞാന്‍ 
കടപ്പെട്ടിരിക്കുന്നു
മണ്ണിനെയും
പുഴുവിനെയുമതിജീവിച്ച്
കാലപ്പഴക്കം വന്നൊരു
ഹൃദയമായ് വേരുകള്‍ക്കിടയില്‍
വിലങ്ങനെ കിടക്കാതെ ..
ദൂരങ്ങളെയവഗണിച്ച്
ഭൂമിയെ നോക്കി
കൊതിക്കൊന്നൊരാത്മാവായ്
മേഘങ്ങളിലുടക്കാതെ ...
ഒരു സ്ഫോടനത്തിനു നാന്ദിയായ്
മറ്റൊരു പ്രപഞ്ചത്തില്‍
എന്നുമെരിയുന്ന നക്ഷത്രമാകാതെ ...
ഒരു പ്രണയവേഗത്തില്‍
എന്നെ ആഴത്തില്‍
ചുംബിച്ച ആകാശമേ നിന്നോട്
ജീവിതത്തോളം ഞാന്‍
കടപ്പെട്ടിരിക്കുന്നു

2015, നവംബർ 25, ബുധനാഴ്‌ച

മനുഷ്യഭയം


മരണമടുക്കുമ്പോഴുള്ള
ഏകാന്തതയാണ്
വലിയ മനുഷ്യഭയങ്ങളിലൊന്ന്‍
മുന്‍പോട്ടുള്ള വഴിയറിയാത്തവന്റെ
പതര്‍ച്ചയാണത്
എല്ലാം മറന്നുപോയവരെ
ചാരിയിരുന്ന്
ഞാനെന്നെ കണ്ണീരില്‍ ഓര്‍ത്തെടുക്കുന്നു
എന്‍റെ ഹൃദയത്തിന്
കനം കുറഞ്ഞിരിക്കുന്നു
അതെന്നില്‍ മിടിക്കുന്നുവെന്നു
ഞാന്‍ മറന്നുപോകുന്നു
ഒരുപാടു പറയാനുണ്ടല്ലോ
എന്നുകരുതി നിശബ്ദയാവുന്നു

2015, നവംബർ 24, ചൊവ്വാഴ്ച

കാഴ്ച വസ്തു


ചില  വാക്കുകള്‍  
അതിനടുത്തായി  
വീണ്ടും  ചില  വാക്കുകള്‍ 

അവ തമ്മില്‍  ബന്ധിപ്പിക്കാനായുമ്പോള്‍ 
പിറന്നു വീണ പശുക്കുട്ടിയുടെ 
സന്ധികള്‍  പോലെ 
ഉലഞ്ഞുലഞ്ഞ്,...

വഴുവഴുപ്പു നിറഞ്ഞ 
പാട തുടച്ചു നീക്കി 
അദ്യകരച്ചില്‍ നിങ്ങളെ 
തൊടും  എന്നെനിക്കുറപ്പില്ല .

മനസുകളുടെ  ആഴവും
ഒഴുക്കും  തിരയുന്നതിനിടയില്‍ 
പുഴകള്‍ വറ്റിപ്പോയതതറിയാത്ത
എഴുത്താണിത്

ചില  സമ്മാനങ്ങളെ 
ആരും  തൊടാതെ 
കാഴ്ച വസ്തുവായി  മാത്രം  
സൂക്ഷിക്കുന്ന  പോലൊന്ന് .

2015, നവംബർ 22, ഞായറാഴ്‌ച

കണ്ണുകള്‍


മരിച്ചു പോകുമെന്നുറപ്പില്ലാത്ത 
രണ്ടു കണ്ണുകള്‍ 
കാഴ്ചകളോടൊപ്പം 
ഞാനുപേക്ഷിച്ചു  പോകും 

തിളക്കത്തിലായിരം  
കഥകള്‍ ഒളിപ്പിച്ചവ 
നിങ്ങളോടു പുഞ്ചിരിക്കും 

ഒരു പൂവിനുള്ളിലൂടെ  
തേനിലെത്തുന്ന വഴി പോലെ 
അതിന്‍റെ  രശ്മികളിലൂടെ 
ആര്‍ക്കുമൊരു പുതിയ ലോകത്തെത്താം 

എങ്കിലുമവ ഇടവഴിയില്‍ 
കാഴ്ച നഷ്‌ടമായ 
ഒരു  പെണ്‍കുട്ടിക്കേ നല്‍കാവൂ 

അവള്‍ക്കു  മാത്രമേ  
എന്‍റെ  കണ്ണുകളെ
കരയാതെ  സൂക്ഷിക്കാനാവൂ ,
എന്തിനെയും  ചിരിച്ചു  തോല്പിക്കാന്‍  കഴിയൂ  

2015, നവംബർ 21, ശനിയാഴ്‌ച

പ്രോമിത്യുസിന്റെ ഹൃദയം


ഒരു  ക്ഷാമകാലത്ത് 
പ്രോമിത്യുസിനെ 
കൊത്തിപ്പറിച്ച  പക്ഷികളിലൊന്ന്‍ 
പ്രണയഹൃദയ പേശികളുടെ 
തുണ്ടുകള്‍  തന്നെന്നെ  വളര്‍ത്തി 


പ്രണയം  പകര്‍ന്നു വച്ച 
രക്തമായ് നീയെന്നില്‍ 
നിറയും വരെ 
ആ  തുണ്ടുകള്‍  വളര്‍ന്നൊരു  
ഹൃദയമായെന്നു  പക്ഷി  പറഞ്ഞില്ല 
ഞാനുമറിഞ്ഞില്ല;

നിനക്കെന്നിലെക്കൊഴുകാതിരിക്കാന
എനിക്കു തുടിക്കാതിരിക്കാനോ
ആവാത്ത  വിധം പ്രണയപേശികള്‍ 
ശക്തിയാര്‍ജ്ജിച്ചിരിക്കുന്നു 

എനിക്കിനിയൊരു  മഞ്ഞുകാലത്തിലേക്ക് 
തനിച്ചു നടന്നു പോകാനോ 
നിനിക്കിനിയൊരു  മഴ  നിറകണ്ണുകളോടെ
നനയാനോ കഴിയാത്ത  വിധം  
നാമൊരു  മിടിപ്പിന്റെ ഇരുഭാഗങ്ങളായിക്കുന്നു 


ഞാന്‍ ഓരോ പ്രഭാതത്തിലും  
ഇറ്റുവീഴുന്ന മഞ്ഞു തുള്ളിയായ്  
കൊത്തിപ്പറിക്കുന്ന  പ്രണയപേശിയുടെ
മരണവേദനയറിയുന്നു ,
നിന്നിലേക്കു  വളരുന്ന  ഹൃദയത്തിന്‍റെ 
പൊള്ളയായ  അകങ്ങളില്‍  
ജീവിതവുമനുഭവിക്കുന്നു

2015, നവംബർ 15, ഞായറാഴ്‌ച

തുകൽസഞ്ചി

ഒരേ ദിക്കിൽനിന്നുമിരുകപ്പലുകൾ
ഒരേ ദിശയിലേക്കു സഞ്ചാരം തുടങ്ങുന്നു

ഒരേ കാറ്റു തട്ടി
ഒന്നു നിർഭാഗ്യത്തിലേക്കു
തകർന്നുപോകുന്നു.
മറ്റൊന്നു ഭാഗ്യത്തിലേക്കു
തുഴഞ്ഞു പോകുന്നു.

തകർന്നുപോയതിൽ നിന്നും
ഭാഗ്യത്തിന്റെ ദ്വീപിലേക്കു
ആളുകൾ നീന്തിക്കയറുന്നു

തുഴഞ്ഞുപോയതിൽ
നിന്നുമാളുകൾ
നിർഭാഗ്യത്തിന്റെ
ചുഴിയിലേക്കു താണുപോകുന്നു

മനുഷ്യജന്മങ്ങളുടെ
ഭാഗ്യനിർഭാഗ്യങ്ങളുടെ കാറ്റ്‌
ആരുടെ തുകൽസഞ്ചിയിലാവാം
ഒളിപ്പിക്കപ്പെട്ടിരിക്കുന്നത്‌!!!

2015, നവംബർ 14, ശനിയാഴ്‌ച

മുയല്‍ക്കുഞ്ഞ്


കല്ലുകള്‍  കല്ലുകളായിരിക്കട്ടെ
അവയെ  അപ്പമാക്കാനോ
അപ്പം  തരുന്നവനാക്കാനോ
ശ്രമിക്കാതിരിക്കൂ

പുല്ലുകള്‍  പുല്ലുകളായിരിക്കട്ടെ
അവയെ  പുണ്യമെന്നോ  
പുണ്യം  പൂക്കുന്ന  മലകളെന്നൊ   
കരുതാതിരിക്കൂ 

കാടുകളില്‍  ദൈവം 
വസിക്കുന്നില്ല ;
അഥവാ  ഉണ്ടെങ്കില്‍ 
അവനെ  കാട്ടാളന്‍ 
എന്ന് വിളിക്കുന്നതിലെന്ത്?

നഗരങ്ങളിലെത്തിരക്കിലലയുന്നുണ്ട
ദൈവമെങ്കില്‍  
അവനിപ്പോഴും  
ആചാരങ്ങള്‍  പരിഷ്കരിക്കാത്തതെന്തേ  ?

എന്റെയും നിങ്ങളുടെയുമുള്ളില്‍ 
അവനുണ്ടെങ്കില്‍ 
നാമെന്തിനാണ് 
രാക്കാറ്റിനെ  എനിക്കും  നിനക്കുമെന്നു 
ഇരുജാലകങ്ങളിലൂടെ കൈ നീട്ടുന്നത് ?

കല്ലുകള്‍  കല്ലുകളും 
പുല്ലുകള്‍  പുല്ലുകളും 
കുട്ടികള്‍  കുട്ടികളുമായിരിക്കട്ടെ 
മുതിര്‍ന്നെന്ന്  കരുതുന്നവരേ
അല്പം  വഴിമാറി  നടക്കൂ .
ഞങ്ങളീ മുയല്‍ക്കുഞ്ഞിനെവീടെത്തിക്കട്ടെ ,
മഞ്ഞു പെയ്യുകയാല്‍  
അവള്‍ക്കു  തണുക്കുന്നു  

2015, നവംബർ 12, വ്യാഴാഴ്‌ച

കറുപ്പ്


കറുപ്പിനൊരു
കഥയുണ്ട്

ആദിയിലെ  കറുപ്പില്‍  നിന്ന്
കരുത്തുള്ള പുലരി പിറന്നു 

പുലരി വളര്‍ന്നു വളര്‍ന്നു 
പകല്‍  ചുവന്നു 

ചുവന്നു ചുവന്നു 
കറുപ്പായ സന്ധ്യ  പറഞ്ഞു  

 അന്ധരുടെ  സ്വപ്നങ്ങളെല്ലാം 
കറുപ്പാണ് ,

അവയില്‍ നിന്നെല്ലാം
വിരിയുന്നത്  മഴവില്ലുകളാണ് 

കേള്‍വിയില്ലാത്തവരുടെ  നിശബ്ദതയില്‍ 
നിന്നുണരുന്ന  സിംഫണി  പോലെ 

അത്ഭുതജീവി


മേഘങ്ങള്‍ക്കിടയിലൂടെ 
യാത്ര  ചെയ്യുമ്പോള്‍   വൈമാനിക 

ഗ്രഹങ്ങളുടെ സഞ്ചാരപഥങ്ങള്‍
ഗ്രഹിച്ചെടുക്കുമ്പോള്‍ ജ്യോതിഷ 

ബഹിരാകാശ യാത്രയില്‍ 
സാഹസിക 

പ്രണയിക്കപ്പെടുമ്പോള്‍  
സൂക്ഷ്മബുദ്ധി  

സ്നേഹിക്കുമ്പോള്‍ മാത്രം 
അന്ധയാവുകയും 
അപ്പോള്‍  മാത്രം പെണ്ണാവുകയും 
ചെയ്യുന്ന  അത്ഭുതജീവി

കറുത്ത വരകള്‍


വെള്ളത്തിന്‍റെ രുചി
വരണ്ട തൊണ്ടയോടു തിരക്കു
മഴയുടെ തണുപ്പ്
വിണ്ട മണ്ണിനോടു ചോദിക്കൂ
മഞ്ഞിന്റെ മരവിപ്പ്
മരങ്ങളോട് ആരായൂ
ജീവന്റെ നെടുവീര്‍പ്പ്
മരണമുഖത്തു നിന്നറിയൂ
മൗനമാക്കപ്പെട്ടവന്റെ
മുറിവുകളിലെ
കറുത്ത പാടുകളില്‍ നിന്ന്
ഭാഷയെന്നേ മോചിപ്പിക്കപ്പെട്ടിരിക്കുന്നു

2015, നവംബർ 9, തിങ്കളാഴ്‌ച

ജീവശാഖി

ജനക മഹാരാജാവിന്റെ ഏകപുത്രിയും സീതയുടെ സഹോദരിയുമായ ഊർമ്മിള ,ലക്ഷ്മണന്റെ വനവാസയാത്രയ്ക്കു ശേഷം അന്ത :പുരത്തിൽ ഏകാകിയായിരുന്നു. നല്ലൊരു ചിത്രകാരിയായിരുന്ന ഊർമ്മിള ഒരിക്കൽ നീണ്ട നീലവാലും വലിയ ചിറകുകളും തലയിൽ ചെമന്ന പൂവുമുള്ള ഒരു പക്ഷിയെ വരച്ചു. ലക്ഷ്മണന്റെ ആവശ്യപ്രകാരം ഒരിക്കലും കരയാതിരുന്ന ഊർമ്മിളയുടെ ദ്ര്യുഷ്ടികളുടെ തീക്ഷ്ണതയിൽ അതിനു ജീവൻ വച്ചു. തനിക്കൊരു പേരു നൽകണം എന്നു ആ പക്ഷി ഊർമ്മിളയോടു ആവശ്യപ്പെട്ടു.തന്റെ നിർജ്ജീവ നിമിഷങ്ങളിൽ നിന്ന് ജീവൻ പ്രാപിച്ചതിനാൽ ജീവശാഖി എന്നു ഊർമ്മിള അതിനെ വിളിച്ചു.ഒഴിവു സമയങ്ങളിൽ ജീവശാഖി ഊർമ്മിളയോടു സംവദിക്കുകയും കഥകൾ പറയുകയും ചെയ്തിരുന്നു .ത്രികാല ഞ്ജാനവും എല്ലാ ഭാഷാപരിഞ്ജാനവും ഉണ്ടായിരുന്ന ആ പക്ഷി ഊർമ്മിളയുടെ സഖിയായി മാറി.ജീവശാഖി പറഞ്ഞ കഥകൾ സാരാംശം ഉള്ളവയായിരുന്നു .അവ ജീവശാഖി പറഞ്ഞ കഥകൾ എന്നറിയപ്പെട്ടു.

ലക്ഷ്മണന്‍റെ നിര്‍ദ്ദേശപ്രകാരം കരയാതെ അവരെ യാത്രയാക്കിയ ഊര്‍മിള ചിരിക്കുന്നതും അപൂര്‍വ്വം ആയിരുന്നു, അവരുടെ വിഷാദം അകറ്റാനായി ജീവശാഖി ഒരു കഥ പറഞ്ഞു;
ജീവശാഖി പറഞ്ഞ കഥകള്‍ -1
...................................................
ഒരിക്കല്‍ ഒരു അറബിക്കുതിര മണലാരണ്യത്തിലൂടെ സഞ്ചരിക്കുകയായിരുന്നു. വേഗത്തില്‍ ഓടാന്‍ ശ്രമിച്ച അതിന്‍റെ കാലുകള്‍ മണലില്‍ ആഴ്ന്നു പോയ്ക്കൊണ്ടിരുന്നു .

വളരെ വേഗത്തില്‍ പുളഞ്ഞു സഞ്ചരിക്കുന്ന ഒരു സര്‍പ്പം കുതിരയുടെ കണ്ണില്‍പെട്ടു.
കാലുകള്‍ ഇല്ലാതിരുന്നിട്ടും ഇത്ര വേഗം സഞ്ചരിക്കാന്‍ എങ്ങനെകഴിയുന്നുവെന്ന് കുതിര സര്‍പ്പത്തോട് ചോദിച്ചു.
മണലാകെ ചുട്ടുപഴുത്തിരിക്കുകയാണ് ,ഈ വേഗത്തില്‍ സഞ്ചരിച്ചില്ലെങ്കില്‍ ഞാന്‍ വെന്തു മരിച്ചുപോകും എന്നായിരുന്നു സര്‍പ്പത്തിന്റെ മറുപടി.
ജീവശാഖി ഊര്‍മിളയോട്‌ നമ്മുടെ അതേ സ്ഥിതിയിലൂടെയാണു മറ്റുള്ളവരും കടന്നു പോകുന്നത് എന്ന് കരുതരുത് എന്ന് പറഞ്ഞു , വിളഞ്ഞുനില്‍ക്കുന്ന ഒരു ഗോതമ്പുപാടം വരയ്ക്കാന്‍ അവശ്യപ്പെടുകയും ചെയ്തു.

2015, ഒക്‌ടോബർ 31, ശനിയാഴ്‌ച



മുളച്ചു  വരുന്ന സകലവൃക്ഷങ്ങളുടെയുമുള്ളില്‍  സമമായി തങ്ങിയിട്ടുള്ള സംഗീതമാണു  ഞാന്‍ 

2015, ഒക്‌ടോബർ 26, തിങ്കളാഴ്‌ച

വീണ്ടും പിറക്കുവാന്‍


നീ വെള്ളിചിതറുന്ന
നദിയായി ഒഴുകുന്നു
വസന്തം വരാത്തയെന്‍
വേരില്‍ പതിക്കുന്നു .
വക്കുതട്ടി തുറന്നു പോയാത്മാവിന്‍
പേരറിയാത്ത സുഗന്ധമായ്
പൂക്കുമ്പോഴെന്നില്‍
നീ തേന്‍തുള്ളികളായി
പുനര്‍ജ്ജനി നൂഴുന്നു
വേരുകള്‍ നെയ്തു ഞാന്‍
പൂമ്പാറ്റയാകുന്നു
തേന്‍ നുകര്‍ന്നെന്നില്‍
മധുരം പരക്കുന്നു

അകമേ പെരുക്കുന്ന
പ്രണയമൂറ്റി കൊളുത്തി നാം
സമാധി പുല്‍കുന്നു
പട്ടായ് പിറക്കുവാന്‍

2015, ഒക്‌ടോബർ 25, ഞായറാഴ്‌ച

മരിച്ചവരുടെ സുവിശേഷം


മരിച്ചവരുടെ  സുവിശേഷം
വായിക്കാന്‍  
ജീവനുള്ളവര്‍ക്കാവില്ല 

അക്ഷരങ്ങള്‍ക്കു  പകരം
മണല്‍ത്തരികളും ഉറുമ്പുകളും

ഈച്ചകള്‍  ഉറക്കെ  സംസാരിക്കും
നിങ്ങള്‍  കേട്ടാലുമില്ലെങ്കിലും

കരിഞ്ഞ മണം  കെടുത്താന്‍
ചന്ദനത്തിരികള്‍ 
ഊര്‍ദ്ധശ്വാസം വലിക്കും

അവര്‍ക്ക്  നേരെ  നോക്കരുത് 
അവരെ  തൊടരുത്
നിങ്ങളുടെ  സുവിശേഷം    പറഞ്ഞു 
വീണ്ടുമവരെ  പൊള്ളിക്കരുത്

മരിച്ചവരുടെ  സുവിശേഷം 
വായിക്കുമ്പോള്‍
അവര്‍ക്കടുത്തിരിക്കുന്നവരെപ്പോലെ
ജീവനുണ്ടായിരിക്കുകയേ  അരുത്

2015, ഒക്‌ടോബർ 24, ശനിയാഴ്‌ച

പുകഞ്ഞു പാറുന്നു


വെന്ത മുലകള്‍ 
ചുരന്നമ്മ നോക്കുമ്പോള്‍ 
കാക്കയെപ്പോലെ
കറുത്തു   കുഞ്ഞുങ്ങള്‍ 
ചൂടു  താങ്ങാതെ
തണുത്തു പോവുന്നു  

വാക്കറ്റുപോകുന്നയച്ഛന്‍റെ 
നോക്കിലെ തീയില്‍  
നിന്നൊരു  പൊരി  
പാറി  പറന്നു പോകുന്നു 

നിലാവിന്‍റെ  നിദ്രയില്‍  
ഭൂവിന്‍റെ  മുക്കണ്ണില്‍ 
വിത്തു കത്തുന്ന  
ഗന്ധം  പരന്നെന്റെ
സ്വഛഭാരത കൊടിക്കൂറ 
പുകഞ്ഞു  പാറുന്നു 

2015, ഒക്‌ടോബർ 23, വെള്ളിയാഴ്‌ച

2015, ഒക്‌ടോബർ 21, ബുധനാഴ്‌ച

തെറ്റിദ്ധാരണ


എന്‍റെ  ഭ്രാന്തിന്റെ  
കിണറ്റുകരയില്‍
സ്വന്തം  പ്രതിഫലനങ്ങളിലേക്ക്  
ഉറ്റുനോക്കുമ്പോള്‍  

കാലമറിയില്ല
ദേശമോര്‍മ്മ  വരാറില്ല 
ഉണക്കയിലയില്‍ 
ഒഴുകിനടക്കുന്ന 
ഉറുമ്പിനെ കാണുമ്പോഴാണ് 
ഞാനെവിടെയാണെന്നു
ചുറ്റും  നോക്കുക  

ഒരു  ഭാഷയും  
മനസിലാവാത്ത  നിമിഷങ്ങളില്‍ 
വാതില്‍  തുറന്നു പോയ 
ആത്മാവിനെ  തിരിച്ചു  വിളിക്കുമ്പോള്‍ 
അതു നിന്നില്‍കുടുങ്ങി  നിലവിളിക്കുന്നു .

ഞാന്‍  എത്ര  ജന്മങ്ങള്‍
ജനിച്ചിട്ടുണ്ടാവുമെന്നു 
അറിയാമെങ്കില്‍  പറഞ്ഞു തരിക 
മരണം  വെറുമൊരു  കൂടുമാറലാണെന്ന് 
അസ്വസ്ഥത ജനിപ്പിക്കുന്ന ഒരറിവുകൂടി
ഇല്ലായിരുന്നെങ്കില്‍  
ആത്മഹത്യ  ഒരവസാനമെന്നു  
ഞാന്‍ തെറ്റിദ്ധരിക്കുമായിരുന്നു 

2015, ഒക്‌ടോബർ 10, ശനിയാഴ്‌ച

ലിപികളില്ലാത്ത ഭാഷ

പാതി  മരിച്ച മഞ്ഞയിലകള്‍
താഴ്വരയിലാകെ പൊഴിഞ്ഞു   കിടന്നു .
ഇലകളില്ലാത്ത  ശിഖരങ്ങള്‍
ഉയരങ്ങളിലേക്ക്  കൈകളുയര്‍ത്തി  
നിശബ്ദം  നിന്നു . 

ഇടയ  പെണ്‍കുട്ടിയുടെ
ലിപികളില്ലാത്ത ഭാഷയുടെ
ഉച്ചാരണശുദ്ധിയില്‍
സന്ദേഹം അനുഭവപ്പെടാത്ത
ആടുകള്‍  കൂട്ടം  തെറ്റാതെ
ആലയിലേക്കു നടന്നു .
  
നിലാവിന്‍റെ നുറുങ്ങുകള്‍
ഒഴുകിവരും പോലെ
തിളക്കമാര്‍ന്നൊഴുകിയ  കുഞ്ഞരുവി
പാറക്കെട്ടുകള്‍ക്കിടയില്‍
വേരുകള്‍ കുരുങ്ങിപ്പോയ
മരത്തിന്റെ ചുവട്ടില്‍  എത്തിച്ചേര്‍ന്നതും
 അത്   അപ്പാടെ  പൂത്തു നിറഞ്ഞു .

 അരുവിയുടെ  ഉറവിടമായ
ചിറകുകള്‍  നഷ്ടപ്പെട്ടുപോയ
 ദൂതന്‍റെ  രണ്ടു  കണ്ണുകളിലേക്കവള്‍   .
 സഹതാപത്തോടെ  നോക്കി  ചോദിച്ചു

 ഈ  മഞ്ഞയിലയെന്താണ്   ഇത്ര  നേരത്തേ  മരിച്ചു പോയത് ?

 അയാള്‍  മന്ദഹാസത്തോടെ
ഇലയെ  നോക്കി .
അതൊരു  മഞ്ഞപൂമ്പാറ്റയായി
അവളുടെ  കൈയിലിരുന്നു  വിറച്ചു .

താഴ്വാരമാകെ
പൊഴിഞ്ഞ ഇലകള്‍  അപ്രത്യക്ഷമാകുകയും
മഞ്ഞ പൂമ്പാറ്റകള്‍ തുള്ളി  നിറയുകയും  ചെയ്തു .

മഞ്ഞയിലകളെ പ്പോലെ  മരിച്ചുപോകാന്‍അവള്‍ക്ക്  കൊതി  തോന്നി .

  മന്ദഹാസം പ്രതീക്ഷിച്ചു
അവള്‍ അയാളുടെ  ചുണ്ടുകളിലേക്ക്‌  നോക്കി .
ചിറകുകളെ  വീണ്ടെടുക്കണമെന്ന്  
ഓര്‍മിപ്പിച്ചു കൊണ്ട്
അയാള്‍ അവള്‍ക്കൊരു  ചുംബനം  നല്‍കി .

അന്നുമുതലിന്നോളം പൂക്കളും
ഇലകളും അരുവികളും
പൂമ്പാറ്റകളും ചുണ്ടുകളും
ചുംബനങ്ങളും  ചേര്‍ന്ന്
അവളുടെ ഭാഷയ്ക്കു
ലിപി  നിര്‍മ്മിച്ചുകൊണ്ടേയിരിക്കുന്നു

അവളോ , ഭാഷാസ്വരങ്ങളില്‍
ചിറകു തുന്നി ദൂതനൊപ്പം
പറന്നു കൊണ്ടേയിരിക്കുന്നു 

ചെറിയ വിളക്കുകള്‍


നിഴല്‍ നിശ്ചലമായി നീണ്ടുകിടന്നു
സായാഹ്നത്തിന്റെ വരവറിയിച്ചു .  
ഇലചൂടി നില്‍ക്കുന്ന മരങ്ങള്‍ക്കിടയില്‍
ചേക്കേറല്‍ എന്ന പേരില്‍
 അനവധി ഭാഷകളുടെ സങ്കലനം നടക്കുന്നു .

എന്നിലേക്കു വിഷാദത്തിന്‍റെ  അലകള്‍
രാവുടുത്തു വന്നു കയറി .
അവ സഞ്ചരിക്കുന്ന പാതകളില്‍
ചെറിയ വിളക്കുകള്‍ പോലെ
പ്രതീക്ഷകള്‍ വെളിച്ചം വിതറി നിന്നു . 

അടഞ്ഞുകിടക്കുന്ന ജാലകത്തിനുള്ളില്‍
ഒരു പക്ഷി ചിറകു തല്ലി വിളിച്ചു .
അവള്‍ക്കു പിറകില്‍
മരണത്തിന്‍റെ തിളങ്ങുന്ന കണ്ണുമായി
ഒരു പൂച്ച വാല്‍ ചലിപ്പിച്ചു

എനിക്കിവിടെയെങ്ങും
വേരുകളില്ലാ എന്ന്  ധ്വനിപ്പിക്കും  വിധം
ഞാന്‍ എന്നിലേക്കു നിവര്‍ന്നു നിന്നു ,
ആര്‍ക്കും  എന്നെ  
ജലത്തില്‍  രേഖപ്പെടുത്തുകയോ ,
ആകാശത്തില്‍  ഒട്ടിക്കുകയോ ,
ഭൂമിയില്‍  നട്ടുവയ്ക്കുകയോ ,
വായുവില്‍ കോര്‍ക്കുകയോ  ,
അഗ്നിയില്‍ വായിക്കുകയോ
ചെയ്യാന്‍  കഴിയും  വിധം  
ലോകത്തിന്‍റെ ഒത്തനടുക്ക്
ഞാന്‍  ഞാനായി  മാത്രം  നിന്നു .

ജാലകപ്പാളിയുടെ വിളുമ്പില്‍ 
ഉറക്കം  കൊടുത്ത്
ജീവന്‍  വാങ്ങുന്ന   കിളിയും
പ്രതീക്ഷയുടെ അടഞ്ഞ  കണ്ണുകളുമായി
വിശപ്പിന്റെ സുഷുപ്തിയില്‍
ആണ്ടുപോകുന്ന   പൂച്ചയും
ലോകത്തിലെ  ഇരുവിഭാഗങ്ങളുടെ
 പ്രതിനിധികളായി  എന്നെ   എതിരേറ്റു .

ഭയന്നു പറന്ന കിളിയുടെ
 പൊഴിഞ്ഞ ഒരു  തൂവലിനൊപ്പം
എന്നോ  ഓര്‍മയുടെ അകലങ്ങളിലേക്ക്
എടുത്തു വച്ച   സത്യസന്ധതയുടെ  
ചില പത്രത്താളുകള്‍ കൂടി  താഴേക്കു യാത്ര  വന്നു 

2015, ഒക്‌ടോബർ 5, തിങ്കളാഴ്‌ച

ഭാഷാനിഘണ്ടു


ഒന്നാം  ബഞ്ചിലിരുന്ന  
ആറുവയസുകാരിയോട്‌  
ദൈവം  ചോദിച്ചു ;

നിന്‍റെ  പര്‍ദ്ദയെവിടെ?

നരകത്തില്‍  
സ്വര്‍ഗ്ഗം  നടാന്‍  
ഉപ്പയ്ക്ക്  കൊടുത്തു 

ദൈവം  ഭാഷാനിഘണ്ടുവില്‍ 
പര്‍ദ്ദയുടെ  അര്‍ഥം
തിരുത്തിയെഴുതി

കൈയബദ്ധം =ആണിന്റെ  ലോകത്ത്  പെണ്ണിനേയും പെണ്ണിന്‍റെ ലോകത്ത്  ആണിനേയും  സൃഷ്ടിച്ചത് 
ഇതാരാണ്  ഈ  വാക്ക്  തിരുത്തിയത് ?

ചോദ്യത്തിനുത്തരമായി 
മൂന്നാം ബെഞ്ചില്‍  
നാലാമതിരുന്നവള്‍

ശ്വാസകോശം നിറയെ 
ചലിക്കുന്ന  മത്സ്യങ്ങളുമായി
കടലില്‍ നിന്ന്
 എഴുന്നേറ്റു  നിന്നു,
അവള്‍ക്കു  പക്ഷെ  പര്‍ദ്ദയുണ്ടായിരുന്നു 

കുട്ടികള്‍ക്ക്  സ്വര്‍ഗ്ഗത്തിലേക്കുള്ള  
വഴി തെറ്റാതിരിക്കാന്‍  
 ചോക്കളേറ്റ് വിതറാന്‍ 
പോകും  മുന്‍പേ  
ചോരയൊലിപ്പിച്ചു 
വന്നു കയറിയവനാല്‍  
 ഒരു  വാക്കുകൂടി  തിരുത്തപ്പെട്ടു 

ദൈവം =പോത്ത് 

2015, ഒക്‌ടോബർ 4, ഞായറാഴ്‌ച

ഒരു രാത്രി


പ്രാര്‍ത്ഥനാമുറിയിലെ
വെളുത്ത ദൈവങ്ങള്‍ക്കിടയില്‍
വെന്തു മരിച്ചവര്‍
കറുത്ത ദൈവങ്ങളായി പുക മണത്തു
എന്നിലെ പ്രാര്‍ത്ഥനകള്‍
ആരെയും അലട്ടാതെ
രാവിന്‍റെ കരളിലേക്ക്
കറുത്തു കറുത്തു ഒഴുകിപ്പോയി .
അവയ്ക്കൊരിക്കല്‍
വേരുകള്‍ മുളയ്ക്കുമായിരിക്കാം
അന്ന് പകലിനെ ചുറ്റിവരിഞ്ഞ്‌
ചോദ്യങ്ങളുടെ നാരുപടലമായി
വീണ്ടും വീണ്ടും വളര്‍ന്നുകൊണ്ടേയിരിക്കുമെന്ന്
പുതിയതായി ഉയര്‍ന്നു വരുന്ന
ഓരോ പ്രാര്‍ത്ഥനാലയങ്ങളും ഉറപ്പിച്ചു പറഞ്ഞു
.ചോദ്യങ്ങളുടെയും ഉത്തരങ്ങളുടെയും
ആവശ്യമില്ലാതെ
ചാക്രികത തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
പകലിന്റെ മരണത്തില്‍ നിന്നു രാത്രി പിറക്കുന്നു ,
കടല്‍ വീണ്ടും നെടുവീര്‍പ്പുകള്‍ അയച്ചു
മഴയെ കൈപ്പറ്റുന്നു .
പാരിജാതത്തിന്‍റെ ഗന്ധവുമായി
പാതിരാക്കാറ്റ് അലഞ്ഞു തിരിയുന്നു
വായിച്ചു തീര്‍ത്ത
മതഗ്രന്ഥങ്ങളില്‍ ദൈവങ്ങളെയുള്ളൂ
മനുഷ്യന്റെ ശബ്ദം നഷ്ടപ്പെട്ട
നിലവിളികള്‍ രേഖപ്പെടുത്താന്‍
പുരാതനഭാഷകളില്‍ പോലും ലിപികള്‍ ഉണ്ടായിരുന്നില്ല .
ഏകാന്തത ചുണ്ടോടടുപ്പിക്കുമ്പോള്‍
കുടിച്ചിറക്കാനാവാതെ കയ്പു കനച്ചിരിക്കുന്നു
എന്നിട്ടും
ഒരു പറ്റം പക്ഷികള്‍
മഞ്ഞുകാലത്തു പുഴയില്‍ കുളിക്കുന്ന
സ്വപ്നത്തിന്‍റെ പാതിയില്‍
ഏതോ ദേവാലയത്തിലെ പ്രാര്‍ത്ഥനാമണികള്‍
എന്നെയുണര്‍ത്തിക്കളഞ്ഞു.

മറവിയുടെ വാര്‍ഡുകള്‍


സ്വന്തമെന്നു കരുതിയിരുന്ന
പേരു തിരയുകയാണൊന്ന്‍ 

കലണ്ടറിലെ  
ചതുരക്കളങ്ങളില്‍ 
സമരസപ്പെട്ട്‌ മറ്റൊന്ന് 

വയസന്‍  സൂചികളില്‍ 
ആവര്‍ത്തന വിരസതയില്ലാതെ 
സമയത്തെ കണ്ടെടുക്കുന്നത്‌ 

മരിച്ചവര്‍ക്കുള്ള 
ഭക്ഷണമൊരുക്കിയൊന്ന്

എല്ലാം  മറക്കുന്നുവെന്ന് 
വ്യാകുലപ്പെട്ട് വിതുമ്പുന്നത്‌ 

അവസാന വാര്‍ഡില്‍ 
ഞാന്‍  സന്ദര്‍ശനം 
നടത്താറില്ല .

എന്നെ   മാത്രം  മറന്നുപോയവരെ 
അവിടെയാണ്  പ്രവേശിപ്പിച്ചിരിക്കുന്നത് 

2015, ഒക്‌ടോബർ 3, ശനിയാഴ്‌ച

ഒരു രാത്രി


പ്രാര്‍ത്ഥനാമുറിയിലെ
വെളുത്ത ദൈവങ്ങള്‍ക്കിടയില്‍
വെന്തു മരിച്ചവര്‍
കറുത്ത ദൈവങ്ങളായി പുക മണത്തു

എന്നിലെ  പ്രാര്‍ത്ഥനകള്‍ 
ആരെയും  അലട്ടാതെ 
രാവിന്‍റെ  കരളിലേക്ക് 
കറുത്തു കറുത്തു  ഒഴുകിപ്പോയി .

അവയ്ക്കൊരിക്കല്‍ 
വേരുകള്‍  മുളയ്ക്കുമായിരിക്കാം 
അന്ന് പകലിനെ  ചുറ്റിവരിഞ്ഞ്‌
ചോദ്യങ്ങളുടെ  നാരുപടലമായി 
വീണ്ടും  വീണ്ടും  വളര്‍ന്നുകൊണ്ടേയിരിക്കുമെന്ന്
പുതിയതായി  ഉയര്‍ന്നു വരുന്ന 
ഓരോ  പ്രാര്‍ത്ഥനാലയങ്ങളും  ഉറപ്പിച്ചു പറഞ്ഞു

.ചോദ്യങ്ങളുടെയും  ഉത്തരങ്ങളുടെയും 
ആവശ്യമില്ലാതെ 
ചാക്രികത  തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
പകലിന്റെ മരണത്തില്‍  നിന്നു  രാത്രി പിറക്കുന്നു ,
കടല്‍ വീണ്ടും  നെടുവീര്‍പ്പുകള്‍ അയച്ചു 
മഴയെ  കൈപ്പറ്റുന്നു .
പാരിജാതത്തിന്‍റെ  ഗന്ധവുമായി 
പാതിരാക്കാറ്റ് അലഞ്ഞു തിരിയുന്നു

വായിച്ചു  തീര്‍ത്ത 
മതഗ്രന്ഥങ്ങളില്‍  ദൈവങ്ങളെയുള്ളൂ
മനുഷ്യന്റെ  ശബ്ദം  നഷ്ടപ്പെട്ട 
നിലവിളികള്‍  രേഖപ്പെടുത്താന്‍ 
പുരാതനഭാഷകളില്‍  പോലും  ലിപികള്‍ ഉണ്ടായിരുന്നില്ല .

ഏകാന്തത ചുണ്ടോടടുപ്പിക്കുമ്പോള്‍
കുടിച്ചിറക്കാനാവാതെ കയ്പു കനച്ചിരിക്കുന്നു
എന്നിട്ടും
ഒരു  പറ്റം പക്ഷികള്‍ 
മഞ്ഞുകാലത്തു  പുഴയില്‍  കുളിക്കുന്ന 
സ്വപ്നത്തിന്‍റെ  പാതിയില്‍
ഏതോ  ദേവാലയത്തിലെ  പ്രാര്‍ത്ഥനാമണികള്‍ 
എന്നെയുണര്‍ത്തിക്കളഞ്ഞു.

2015, ഒക്‌ടോബർ 1, വ്യാഴാഴ്‌ച

ആരാവാം


കാല്‍ ചിലമ്പുകള്‍
കടലിരമ്പുന്ന താളം പോലെ

കണ്ണിണകള്‍
കല്‍ വിളക്കിന്റെ നാളം പോലെ ..

കൈവളകള്‍ 
കാറ്റിന്റെ വേഗം പോലെ ...

നിശ്വാസങ്ങള്‍
നിലാവിന്‍റെ പെയ്ത്തു പോലെ .. ..

നീര്‍ മിഴികള്‍
നീര്‍ചോലയുടെ ഒഴുക്കു പോലെ ..

നാള്‍വഴികള്‍
നന്മയുടെ തുരുത്ത് പോലെ ...