ഒരു ക്ഷാമകാലത്ത്
പ്രോമിത്യുസിനെ
കൊത്തിപ്പറിച്ച പക്ഷികളിലൊന്ന്‍
പ്രണയഹൃദയ പേശികളുടെ
തുണ്ടുകള്‍ തന്നെന്നെ വളര്‍ത്തി
പ്രണയം പകര്‍ന്നു വച്ച
രക്തമായ് നീയെന്നില്‍
നിറയും വരെ
ആ തുണ്ടുകള്‍ വളര്‍ന്നൊരു
ഹൃദയമായെന്നു പക്ഷി പറഞ്ഞില്ല
ഞാനുമറിഞ്ഞില്ല;
നിനക്കെന്നിലെക്കൊഴുകാതിരിക്കാന ോ
എനിക്കു തുടിക്കാതിരിക്കാനോ
ആവാത്ത വിധം പ്രണയപേശികള്‍
ശക്തിയാര്‍ജ്ജിച്ചിരിക്കുന്നു
എനിക്കിനിയൊരു മഞ്ഞുകാലത്തിലേക്ക്
തനിച്ചു നടന്നു പോകാനോ
നിനിക്കിനിയൊരു മഴ നിറകണ്ണുകളോടെ
നനയാനോ കഴിയാത്ത വിധം
നാമൊരു മിടിപ്പിന്റെ ഇരുഭാഗങ്ങളായിക്കുന്നു
ഞാന്‍ ഓരോ പ്രഭാതത്തിലും
ഇറ്റുവീഴുന്ന മഞ്ഞു തുള്ളിയായ്
കൊത്തിപ്പറിക്കുന്ന പ്രണയപേശിയുടെ
മരണവേദനയറിയുന്നു ,
നിന്നിലേക്കു വളരുന്ന ഹൃദയത്തിന്‍റെ
പൊള്ളയായ അകങ്ങളില്‍
ജീവിതവുമനുഭവിക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ