2015, നവംബർ 30, തിങ്കളാഴ്‌ച

മോഷ്ടിക്കപ്പെട്ട ഗ്രാമം


അന്നൊരു ഞായറാഴ്ചയായിരുന്നു .പള്ളിയില്‍ ഒത്തുകൂടിയിരുന്ന ജനങ്ങളോട് അച്ചന്‍ നോമ്പുകാലത്തെക്കുറിച്ചും പാപബോധത്തെക്കുറിച്ചും പശ്ചാത്താപ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതിനെപ്പറ്റിയും പ്രസംഗിച്ചു കൊണ്ടിരുന്നു .നോമ്പുകാലത്തു എല്ലാവരും എല്ലാ ദിവസവും പള്ളിയില്‍ എത്തണമെന്നും അല്ലാത്ത പക്ഷം അത് ദൈവനിഷേധം ആയിരിക്കുമെന്നും ഓര്‍മിപ്പിച്ചു .
പള്ളിക്ക് വെളിയില്‍ യജമാനന്റെ പാദുകസംരക്ഷണാര്‍ത്ഥം ഇരുന്ന ആഫി തനിക്കു വരാന്‍ പോകുന്ന അധിക ജോലി ഭാരത്തെക്കുറിച്ചു ചിന്തിച്ചു കൊണ്ടിരുന്നു .നോമ്പുകാലങ്ങളില്‍ അലാസിന്‍ കൂടുതല്‍ സമയവും പള്ളിയില്‍ ആയിരിക്കും .പക്ഷെ ദിവസം തോറുമുള്ള ജോലിയില്‍ കുറവുവരാന്‍ അയാള്‍ അനുവദിച്ചിരുന്നില്ല . നോമ്പുകാല പ്രായശ്ചിത്തം എന്ന നിലയ്ക്ക് പ്രഭാതമണി നേരത്തേ ശബ്ദിക്കുകയും ചെയ്യും .
കരുണയെക്കുറിച്ചുള്ള ക്രിസ്തുവിന്റെ വചനങ്ങള്‍ പള്ളിയ്ക്കകത്ത് ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ ,
തണുപ്പുകാലത്തിന്റെ വരവറിയിച്ചു കൊണ്ടെത്തിയ കാറ്റില്‍ നിന്നു രക്ഷനേടാന്‍ തന്റെ കീറിയ വസ്ത്രത്തിലേക്ക്‌ ആ ചെറിയ ശരീരത്തെ ആഫി ഒന്നുകൂടി ചുരുട്ടിവച്ചു .കഴിഞ്ഞ മഴക്കാലത്ത് മണ്ണിടിഞ്ഞു മൂടിപ്പോയ ചെറിയ മണ്‍കുടിലിന്റെ ഓര്‍മ്മയില്‍ അവന്‍റെ കണ്ണുകള്‍ നിറഞ്ഞു .
ആഫി മനസാണ് പ്രധാനം ,അതിനെ ഒന്നിനും അടിയറവു വയ്ക്കരുത് . അമ്മ പറയാറുള്ള വാക്കുകള്‍ അവനോര്‍ത്തു .പക്ഷേ വിശപ്പും തണുപ്പും അനുഭവിക്കുന്ന ശരീരം പലപ്പോഴും മനസിനെ ജയിച്ചു നിന്നു .
മരണാനന്തരജീവിതത്തില്‍ പുണ്യം നിറയ്ക്കാനായി ചെയ്യേണ്ടവയും വര്‍ജ്ജിക്കേണ്ടവയും എന്താണെന്ന് അച്ചന്‍ വിശ്വാസികള്‍ക്ക് വ്യക്തമാക്കുകയായിരുന്ന സമയത്ത് പട്ടികടിച്ചുകൊണ്ടോടിയ അലാസിന്റെ തുകല്‍ ചെരുപ്പിന് വേണ്ടി ആഫി
അതിനെ കല്ലെറിയുകയായിരുന്നു .
കല്ലേറു കൊണ്ട പട്ടി ചെരുപ്പുപേക്ഷിച്ച് ഓടിപ്പോയി .പക്ഷെ ചെരിപ്പിന്റെ വള്ളികള്‍ പൊട്ടി അത് ഉപയോഗശൂന്യമായിരുന്നു.
ചെരുപ്പു സൂക്ഷിക്കാന്‍ കഴിയാത്തതിന് ആഫിക്ക് കിട്ടിയ ശിക്ഷ ആഹാരമില്ല എന്നതായിരുന്നു . അവന്റെ അശ്രദ്ധയാണ്‌ പട്ടി ചെരുപ്പെടുക്കാന്‍ കാരണം എന്ന് മോസ്കിന്‍ സാക്ഷ്യം പറയുകയുംചെയ്തു .അന്ന് രാത്രി വിശന്നിരുന്ന ആഫിയോടു മോസ്കിന്റെ വക സാരോപദേശമുണ്ടായിരുന്നു , അലാസിന്‍ തല കുലുക്കി ചിരിച്ചു കൊണ്ടിരുന്നു .രാത്രി ആഫിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല


പുലര്‍ച്ചെ തന്റെ മണല്‍ ഘടികാരം നോക്കി സമയം ഉറപ്പു വരുത്തിയാണ് മോസ്കിന്‍ പള്ളിമേടയിലേക്ക് വന്നത് . പതിവിനു വിപരീതമായി നിലത്തിഴഞ്ഞു കിടന്ന വലിയ കയര്‍ കണ്ടു അയാള്‍ മുകളിലേക്ക് നോക്കി അവിടെ മുറിഞ്ഞ കയറിന്റെ മറ്റേ അഗ്രം ഞാന്നു കിടന്നു ,മോസ്കിന്റെ നിലവിളി കേട്ട്സേവ്യറച്ചനും കുശിനിക്കാരന്‍ റോബിനോവും ഓടിയെത്തി .പള്ളിമണി മോഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നവര്‍ക്ക് മനസിലായി
. നരച്ച പുരികങ്ങള്‍ ഉയര്‍ത്തി വളരെ ശ്രദ്ധയോടെ പതിയെ നടക്കുകയും കുറച്ചു മാത്രം സംസാരിക്കുകയും ചെയ്യുന്ന അച്ചന്‍ ഏറെ വര്‍ഷങ്ങളായി ആ ഗ്രാമത്തിന്‍റെ ആത്മീയ ആവശ്യങ്ങള്‍ ഒരു മുടക്കവും കൂടാതെ നിറവേറ്റുന്നതില്‍ ശ്രദ്ധിച്ചു പോന്നു
.സേവ്യറച്ചന്‍ ഒന്നും പറയാതെ പള്ളിയുടെ അകത്തേക്ക് മടങ്ങിപ്പോയി . കുശിനിക്കാരന്‍ മോസ്കിനെയും കൂട്ടി പള്ളിമുറിയിലേക്കും പോയി
,
പച്ച നിറഞ്ഞ ശാന്തവും സുന്ദരവുമായിരുന്ന ആ ഗ്രാമത്തിന്‍റെ കേന്ദ്രബിന്ദു അതിന്‍റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്തിരുന്ന ചെറിയ പള്ളിയായിരുന്നു . വിശ്വാസികളുടെയും അവിശ്വാസികളുടെയും കുടുംബങ്ങളുടെ ജീവിതചര്യ തന്നെ നിയന്ത്രിക്കുന്നതില്‍ ആ ആരാധനാലയം ഭരണകൂടസംവിധാനങ്ങളെ വെല്ലുവിളിച്ചു നിന്നു .
രണ്ടു നേരവും മുഴങ്ങുന്ന മണിയൊച്ച അവരുടെ പ്രവൃത്തിദിനങ്ങളെ ക്രമീകരിച്ചു . ഇറച്ചി വെട്ടുകാരനും മില്ലുടമയും കൃഷിക്കാരനും തൊഴിലാളികളും കച്ചവടക്കാരനുമെല്ലാം അതൊരു അലിഖിത നിയമം പോലെ അനുസരിച്ചു പോന്നു
.മോഷ്ടിക്കപ്പെട്ട മണിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഭീതി ഉളവാക്കുന്നതായിരുന്നു . ഗ്രാമത്തിന്‍റെ ഭാഗ്യമായിരുന്നത്രേ കൊത്തുപണികള്‍ ഉള്ള ആ വലിയ പള്ളിമണി ,
ഇരുപതു കൊല്ലം മുന്പ് ഏതോ തദേശീയനായ നാവികന്‍ പള്ളിക്കു സമ്മാനിച്ച മണിയെപ്പറ്റി അതുവരെ കേള്‍ക്കാതിരുന്ന പുതിയ അദ്ഭുത കഥകള്‍ രണ്ടു ദിവസം കൊണ്ടു പ്രചരിച്ചു തുടങ്ങി .
പിശാചുക്കളെ ദൂരെ നിര്‍ത്തിയിരുന്നത് ആ മണിയുടെ മുഴക്കങ്ങള്‍ ആയിരുന്നെന്നും ഇനി നിര്‍ഭാഗ്യങ്ങള്‍ വന്നുചേരുമെന്നും ഓരോരുത്തര്‍ ആശങ്കപ്പെട്ടു തുടങ്ങി .ആകെ ഗ്രാമം ഇളകിവശായി

മണിമുഴക്കങ്ങള്‍ ഇല്ലാതെ ഗ്രാമം കൂടുതല്‍ നിശബ്ദമായി തോന്നിച്ചു . പുലര്‍ച്ചെയും വൈകുന്നേരങ്ങളിലും പള്ളിയിലേക്ക് ആളുകള്‍ വരുന്നത് കുറഞ്ഞു തുടങ്ങി . പ്രാര്‍ത്ഥനപുസ്തകങ്ങളിലും പള്ളിയുടെ ചുവരുകള്‍ക്കുള്ളിലും കുരുങ്ങിപ്പോയ തന്റെ ജീവിതത്തിന്‍റെ ശബ്ദം അപ്രതക്ഷ്യമായ ആ മണിയുടെ അത്ര പോലും പ്രാധാന്യം ഇല്ലാത്ത ഒന്നായിരുന്നു എന്ന് ചിന്തിച്ച് സേവ്യറച്ചന്‍ നെടുവീര്‍പ്പിട്ടു .
വര്‍ഷങ്ങള്‍ക്കു മുന്പ് ഈ ഗ്രാമത്തിലേക്ക് വന്ന നാളുകള്‍ ഓര്‍മ്മിച്ചെടുക്കാന്‍ അദേഹം ശ്രമിച്ചു . വലിയ മാറ്റങ്ങളൊന്നും കാലത്തിനു മുന്നേ അവിടെ വരുത്താന്‍ തനിക്കു കഴിഞ്ഞില്ലെന്നു തിരിച്ചറിഞ്ഞ ദിവസം കുമ്പസരിക്കാന്‍ തന്റെ അടുക്കല്‍ വന്നു മുട്ടുകുത്തിയ റോബിനോവിന്റെ കൈകള്‍ അദേഹം ചുംബിച്ചു .
കുമ്പസാരത്തിനു പരിഹാരമാണ് എന്ന് കരുതി റോബിനോവ് കേട്ട വാക്കുകള്‍ ഇതായിരുന്നു ''പുസ്തങ്ങള്‍ സൂക്ഷിക്കണം ; പുസ്തകങ്ങളെ സൂക്ഷിക്കുകയും വേണം .''
വരാന്‍ പോകുന്ന മഴക്കാലത്തിനു മുന്പ് പള്ളിമുറികളില്‍ സൂക്ഷിച്ചിരുന്ന വലിയ പുസ്തക ശേഖരം പള്ളിയിലേക്ക് മാറ്റി വയ്ക്കാനുള്ള അച്ചന്റെ നിര്‍ദ്ദേശം ആയിരുന്നു അത് . 
റോബിനോവ് തന്റെ അധിക ജോലികള്‍ക്കായി ആഫിയെ ഒപ്പം കൂട്ടി . 

പരീക്ഷീണിതനും കോപാകുലനുമായ മോസ്കിനെ ആഫിക്ക്  ഭയമായിരുന്നു .അയാള്‍ കോപം കൊണ്ടു വിറയ്ക്കുകയും മോഷ്ടാവിനെ നിരന്തരം ശപിക്കുകയും ചെയ്തുകൊണ്ടിരുന്നു . മുടിയാകെ പാറിപ്പറന്ന് അയാള്‍ ഒരു ഭ്രാന്തനെ അനുസ്മരിപ്പിച്ചു .
മണല്‍ത്തരികള്‍ ഊര്‍ന്നു വീഴുന്ന ഘടികാരത്തെ നോക്കി ,തലയ്ക്കു കൈ താങ്ങി മോസ്കിന്‍ എല്ലായ്പ്പോഴും ഇരുന്നു . മണി നഷ്ടപ്പെട്ടതുമുതല്‍ അയാള്‍ അംഗവൈകല്യം വന്നതുപോലെ ദുഖിതനായി കാണപ്പെട്ടു . അയാളുടെ ഏക ജോലി സമയാസമയങ്ങളില്‍ മണി മുഴക്കുക എന്നത് മാത്രമായിരുന്നു ,ബാക്കി നേരങ്ങളില്‍ സേവ്യര്‍ അച്ചനൊപ്പം പരികര്‍മ്മങ്ങള്‍ക്ക് സഹായിക്കുക, പള്ളി വക ഇടങ്ങളില്‍ പണിയെടുക്കുന്നവരെ സന്ദര്‍ശിക്കുക ,നാടു ചുറ്റി നടന്നു എല്ലാവരെയും ഉപദേശിക്കുക ഇതൊക്കെയായിരുന്നു അയാള്‍ ചെയ്തിരുന്നത്
പണിയെടുക്കേണ്ടാത്ത ഒരു മടുപ്പിലേക്ക് ആ സാഹചര്യം അയാളെ തള്ളിവിട്ടു , സേവ്യറച്ചന്റെ മരണവും കൂടി ആയപ്പോള്‍ അയാള്‍ എല്ലാവര്‍ക്കുമിടയില്‍ ഒറ്റപ്പെട്ടവനെപ്പോലെ അലഞ്ഞു നടന്നു . ദിവസവും മുടങ്ങാതെ അയാള്‍ മണി കെട്ടിയിട്ടിരുന്ന കയറിന്റെ അരികില്‍ വന്നു നില്‍ക്കുമായിരുന്നു .
കുശിനിക്കാരന്‍ വന്നു വിളിക്കുമ്പോള്‍ അയാള്‍ക്കൊപ്പം പോയി ആഹാരം കഴിക്കും . ഒന്നും മിണ്ടാതെ അല്‍പ നേരം പള്ളിമേടയാകെ ചുറ്റി നടക്കും .പിന്നെ എങ്ങോട്ടെന്നില്ലാതെ ഇറങ്ങിപ്പോകും . 
മോസ്കിന്‍ പകലുകളെക്കാള്‍ രാത്രികളെ ഭയപ്പെടാന്‍ തുടങ്ങിയത് മുതല്‍ മണല്‍ ഊര്‍ന്നു വീഴുന്നത്‌ പൂര്‍ത്തിയാകും മുന്‍പേ ഘടികാരം തിരിച്ചു വച്ചുതുടങ്ങി .തല്‍ഫലമായി സമയം നിശ്ചയമില്ലാതെ ഏതു നേരത്തും പള്ളിയുടെ മുറ്റത്ത്‌ എവിടെയെങ്കിലും പൊട്ടിയ കയറിലേക്ക് നോക്കിയിരിക്കുന്ന അയാളെ ആര്‍ക്കും കാണാമെന്നായി .
ഉറക്കമില്ലാത്ത ചുവന്ന കണ്ണുകളും നിസ്സംഗമായ നോട്ടവും ഒന്നിലും ശ്രദ്ധയില്ലാത്ത ഭാവവും ഒക്കെ ചേര്‍ന്ന് പഴയ മോസ്കിന്റെ ച്ഛായ പോലും അയാള്‍ക്ക് നഷ്ടപ്പെട്ടു . ഗ്രാമത്തിലേക്ക് വിരുന്നു വന്ന നിര്ഭാഗ്യങ്ങളില്‍ ഒന്നാണ് അതെന്നു ഗ്രാമീണര്‍ വിലയിരുത്തി .
ഈ നില തുടര്‍ന്നാല്‍ അയാളുടെ മാനസിക നില തെറ്റിയേക്കും എന്ന് തോന്നിയ കുശിനിക്കാരന്‍ റോബിനോവ് അയാളെ തന്റെ സഹായത്തിനു വിളിച്ചു . വളരെ പുലര്‍ച്ചെ ഉണരുകയും ധാരാളം ജോലികള്‍ ചെയ്യുകയും ചെയ്തിരുന്ന അയാള്‍ക്കൊപ്പമുള്ള ജീവിതം മോസ്കിനെ തിരക്കുള്ളവനാക്കി മാറ്റി .
സാവധാനം നഷ്ടപ്പെട്ടുപോയ പള്ളിമണിയെ അയാള്‍ മറന്നു തുടങ്ങി ,അയാള്‍ക്കൊപ്പം ആ ഗ്രാമമാകെ മണി മുഴക്കങ്ങളെയും മറന്നു .
പള്ളി മണി മോഷ്ടിക്കപ്പെട്ടതില്‍ ഗ്രാമവാസികള്‍ക്ക് വിഷമം തോന്നിയെങ്കിലും അക്ഷരാര്‍ത്ഥത്തില്‍ അതവരെ വിഷമിപ്പിച്ചത് ജോലിയുടെയും കൂലിയുടെയും കാര്യത്തിലായിരുന്നു . പള്ളി മണി മുഴങ്ങുമ്പോള്‍ ജോലി തുടങ്ങുകയും വീണ്ടും അത് മുഴങ്ങുമ്പോള്‍ ജോലി അവസാനിപ്പിക്കുകയും നിശ്ചിതമായ കൂലി വാങ്ങുകയും ചെയ്യുകയായിരുന്നു അവരുടെ രീതി .അതിനാണിപ്പോള്‍ ചലനം സംഭവിച്ചിരിക്കുന്നത്‌ ,ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കാന്‍ അവര്‍ കൂടിയാലോചന തുടങ്ങി .ഒടുവില്‍ കുശിനിക്കാരന്‍ മുന്നോട്ടു വച്ച ഒരാശയം എല്ലാവര്ക്കും സ്വീകാര്യമായി തോന്നി .
കൊയ്യുന്നവര്‍ക്ക് കറ്റയുടെ എണ്ണം അനുസരിച്ചു കൂലി കൊടുക്കുക , മില്ലില്‍ ജോലി ചെയ്യുന്നവര്‍ക്ക് അതിന്‍റെ തൂക്കം നോക്കി കൂലി നല്‍കുക . ആ രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടു നീങ്ങിയപ്പോള്‍ കൂലിക്കാര്‍ക്ക് കൂടുതല്‍ കൂലി ലഭിച്ചു തുടങ്ങി ,
ഉടമസ്ഥര്‍ക്ക് കൂടുതല്‍ കൂലി നല്‍കി ആളുകളെ കൂടുതല്‍ സമയം പണിയെടുപ്പിക്കാം എന്നും വന്നു . ആളുകള്‍ കൂടുതല്‍ കഠിനാധ്വാനികളായി മാറി .തുകല്‍ കൊണ്ടുപോകാന്‍ എത്തുന്ന വണ്ടിയില്‍ നിന്നും ഗ്രാമീണര്‍ ആവശ്യമുള്ള സാധനങ്ങള്‍ ഓരോ തവണയും പറഞ്ഞു വിട്ടു വാങ്ങിത്തുടങ്ങി . അവരുടെ വീടുകളും ജനാലകളും കൂടുതല്‍ ഉറപ്പുള്ളതായി.
കമ്പിളിപ്പുതപ്പുകളും മിനുമിനുത്ത വസ്ത്രങ്ങളും അവരുടെ തണുപ്പകറ്റി. മഞ്ഞു കാലത്ത് ഉണ്ടാകുന്ന പല രോഗങ്ങളും അവരില്‍ നിന്നും അകന്നു നിന്നു . കുട്ടികളും വൃദ്ധരും കൂടുതല്‍ നന്നായി സംരക്ഷിക്കപ്പെട്ടു ,
സേവ്യറച്ചന്‍റെ മരണശേഷം കുശിനിക്കാരന് നിര്‍ദ്ദേശങ്ങള്‍ നല്കാന്‍ ആരുമുണ്ടായിരുന്നില്ല .പ്രത്യേകിച്ചൊരു ജോലിയും ചെയ്യേണ്ടതായ ആവശ്യവും ഇല്ലായിരുന്നു എങ്കിലും അയാള്‍ തന്റെ ജോലിക്കൊരു മാറ്റവും വരുത്തിയില്ല . മുടങ്ങാതെ പള്ളി വൃത്തിയാക്കുക , പള്ളിവക പറമ്പും കാര്യങ്ങളും ക്ര്യത്യമായി നോക്കുക , അടുക്കള കാര്യങ്ങള്‍ ചെയ്യുക ഇവ ആയിരുന്നു അയാള്‍ ചെയ്തിരുന്നത് .
. അയാള്‍ പുലര്‍ച്ചെ ഉണര്‍ന്നു ആഹാരം ഉണ്ടാക്കി അതുമായി ഗ്രാമത്തിലെക്കിറങ്ങി .ഇടയ്ക്കിടെ ജീവിതത്തിന്റെ ബുദ്ധിമുട്ടുകള്‍ പറഞ്ഞു അച്ചനെ കാണാന്‍ എത്തുന്നവരുടെ വീടുകള്‍ അയാള്‍ക്കറിയാമായിരുന്നു .
കാലുകളുടെ സ്വാധീനം നഷ്‌ടമായ ലീസ, ബുദ്ധിമാന്ദ്യമുള്ള രണ്ടു കുട്ടികളെ പോറ്റുന്ന മരിയ ,
ആരും നോക്കാനില്ലാതെ കിടക്കുന്ന അലക്സാണ്ടര്‍ മുത്തശ്ശന്‍ ഇങ്ങനെ നീണ്ടുപോകുന്നു ആ നിര . അയാള്‍ക്കൊപ്പം ആഫിയും മോസ്കിന്റെ സഹായവും കൂടി ആയപ്പോള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ അതിരുകള്‍ക്കപ്പുറത്തേക്കു വളര്‍ന്നു .

പള്ളിമണിയുടെ തിരോധാനത്തില്‍ ഏറെ സന്തോഷിച്ചത്‌ ആഫി എന്ന അനാഥ ബാലന്‍ തന്നെയായിരുന്നു . റോബിനോവിനൊപ്പമുള്ള ജീവിതം അവനു പുതിയ വാതിലുകള്‍ സമ്മാനിച്ചു ,
അലാസിന്റെ കടത്തിണ്ണയിലെ ചെറിയ മൂലയില്‍ നിന്നും കൂലിയില്ലാത്ത ജോലികളില്‍ നിന്നും
അവനു പഠിക്കാനും വായിക്കാനും അവസരങ്ങള്‍ തുറന്നു കിട്ടി .വിത്തുകള്‍ ഉറങ്ങിക്കിടന്ന ഭൂമിക്കു മുകളില്‍ പെയ്ത മഴ പോലെ ആ സാഹചര്യം അതിവേഗം ഫലം ഉത്പാദിപ്പിച്ചു തുടങ്ങി
.ആഫി റോബിനോവിന്റെ വളര്‍ത്തു പുത്രനായി അറിയപ്പെട്ടു .വയോധികനായ വൈദികന്‍ നഷ്ടബോധത്തോടെ ചുംബിച്ച കൈകളില്‍ പിടിച്ച് ആഫി അവകാശബോധത്തോടെ ജീവിതത്തിലേക്ക് നടന്നു .
മോസ്കിനോടുള്ള അവന്റെ ഭയത്തിന്റെ കാരണം അറിയാവുന്ന ഏക വ്യക്തിയായിരുന്നു റോബിനോവ് ,
മോസ്കിന്‍ പള്ളിമണിയെക്കുറിച്ച് സംസാരിക്കുമ്പോഴോക്കെ അവര്‍ പരസ്പരം നോക്കും . വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ആ രാത്രിയിലേക്ക് ഓര്‍മ്മകള്‍ എത്തി നോക്കും
വിശന്നിരുന്ന ആഫിയെ ഉപദേശിക്കുക വഴി അവന്റെ വിശ പ്പിനെ മാത്രമല്ല , കോപത്തെക്കൂടി ആളിക്കത്തികുകയാണ് മോസ്കിന്‍ ചെയ്തത് .അന്ന് രാത്രി മഞ്ഞു മൂടിക്കിടന്ന ഇരുട്ടില്‍ ആഫി പള്ളിമേടയെ ലക്ഷ്യമാക്കി നടന്നു .അവന്റെ കൈയില്‍ ചെറിയൊരു കത്തിയുമുണ്ടായിരുന്നു കൊത്തുപണികള്‍ ഉള്ള വലിയ മണിയെ കയറില്‍ നിന്നു കത്തി കൊണ്ടു വേര്‍പെടുത്തിയ പ്പോഴേക്കും ആ പന്ത്രണ്ടു കാരന്‍ തളര്‍ന്നിരുന്നു , അവന്റെ പിടുത്തം വിട്ട് വലിയൊരു ശബ്ദത്തോടെ അത് താഴേക്കു പതിച്ചു .ഓടിയെത്തിയ റോബിനോവ് എന്തുചെയ്യണം എന്നറിയാതെ നിന്നു . അനാഥനായ ആ ബാലനെ മോഷ്ടാവ് എന്ന് മുദ്ര കുത്തിയാല്‍ ഉണ്ടാകാന്‍ പോകുന്ന ഭവിഷ്യത്തുകള്‍ അയാളുടെ മുന്നില്‍ ഒരു നിമിഷം തെളിഞ്ഞു . മറ്റാരും എത്തും മുന്‍പേ സെമിത്തേരിയുടെ മൂലയിലെ ഒരു കല്ലറയില്‍ അതിനെ ഉരുട്ടിയിട്ട് അയാള്‍ സ്ലാബ് കൊണ്ടു കല്ലറ മൂടി . അങ്ങനെ അവര്‍ക്കിടയില്‍ ആ രഹസ്യം ഒരു പുതിയ ബന്ധം സൃഷ്ടിച്ചു

. പള്ളിയില്‍ അടുക്കിവച്ചിരുന്ന പുസ്തകങ്ങള്‍ വായിക്കാന്‍ വൈകുന്നേരങ്ങളില്‍ ഓരോരുത്തരായി അവിടേക്ക് വന്നു തുടങ്ങി . കുശിനിക്കാരന്‍ മോസ്കിനോടു പറഞ്ഞ് അവിടെയൊരു പലകമേല്‍ ഒരു വാചകം എഴുതി വച്ചു . ''നിശബ്ദത പാലിക്കുക ''
നിശബ്ദരായി അവിടെ വന്നുപോകുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരുന്നു . യുവജനങ്ങള്‍ കൂടുതല് ഊര്‍ജ്ജസ്വലരായി . വൈകുന്നേരങ്ങളില്‍ അവര്‍ വായന ശാല സന്ദര്‍ശി ക്കുകയും വിവിധ വിഷയങ്ങളെ ക്കുറിച്ചു ചര്‍ച്ച നടത്തുകയും ചെയ്തു .അങ്ങനെ പുതിയ പല പദ്ധതികളും അവര്‍ക്കിടയില്‍ രൂപം കൊണ്ടു . അതിലൊന്ന് സംഘം ചേര്‍ന്ന് നടത്താവുന്ന തുകല്‍ കച്ചവടം ആയിരുന്നു .നഗരത്തിലേക്ക് തുകല്‍ കൊണ്ടുപോകാന്‍ വാഹനങ്ങള്‍ വാങ്ങപ്പെട്ടു . നഗരത്തില്‍ പോയി വരുന്നവര്‍ പുതിയ സാമഗ്രികളുടെ കച്ചവടം ഗ്രാമത്തില്‍ ആരംഭിക്കുകയും ചെയ്തു .ക്രമേണ ഗ്രാമം മുഖം മിനുക്കിത്തുടങ്ങി . നഷ്ടപ്പെട്ടു പോയ മണിയെ ക്കുറിച്ചു ആകെ സംസാരിച്ചിരുന്നത് മോസ്കിന്‍ മാത്രമായിരുന്നു , അതാവട്ടെ അവിശ്വസനീയമായ ഏതോ കെട്ടു കഥ പോലെ യുവാക്കള്‍ കരുതുകയും ചെയ്തു .
വിദൂരഭാവിയില്‍ വിസ്മരിക്കപ്പെട്ടു പോകാവുന്ന അനേകം മതാചാരങ്ങളുടെ പ്രതിനിധി എന്നവണ്ണം ആഫിയാല്‍ മോഷ്ടിക്കപ്പെട്ട് റോബിനോവിനാല്‍ മറയ്ക്കപ്പെട്ട് സേവ്യറച്ചന്റെ കുമ്പസാരരഹസ്യങ്ങളില്‍ കുരുങ്ങി ആ വലിയ പള്ളിമണി കാലങ്ങളായി നിശബ്ദമായി വെളുത്ത കോളാമ്പിപ്പൂക്കളാല്‍ ചുറ്റപ്പെട്ടു സെവ്യറച്ച ന്‍റെ കല്ലറയുടെ അടുത്ത അറയില്‍ അഞ്ജാതവിശ്രമം കൊണ്ടു .


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ