2014, മാർച്ച് 30, ഞായറാഴ്‌ച

ചകിതയുടെ വേരുകള്‍


നീ എവിടുന്നാണ് വരുന്നത് ??
ചോദ്യത്തിനുത്തരമായി അവള്‍ തന്നെ തുറിച്ചു നോക്കുന്നതായി അയാള്‍ക്ക് തോന്നി .ആ തോന്നല്‍ അയാളെ നിശബ്ദനാക്കി. പതിനെട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പെന്ന പോലെ നിസ്സഹായനും..!!
വഴിതെറ്റിയാണെങ്കില്‍ പോലും ഈ ലൈബ്രറി ഹാളിലേക്ക് വരരുതായിരുന്നു എന്ന് അയാള്‍ക്കു തോന്നി . ആ വിശാലമായ ഹാള്‍ നിശബ്ദമായി സംസാരിച്ചുകൊണ്ടിരുന്നു .
ഓരോ ഷെല്‍ഫിലും നോട്ടമെത്തുമ്പോള്‍ അതിലിരിക്കുന്ന പുസ്തകങ്ങള്‍ ഒന്നിളകിയിരിക്കുകയും അവയ്ക്കുള്ളിലെ ആശയങ്ങള്‍ ദീര്‍ഘമായി നിശ്വസിക്കുകയും ചെയ്യുന്നത് പോലെ ..!!
അയാള്‍ മുഖം കുനിച്ച് കൈകളിലിരുന്ന ചെറിയ കവിതാ പുസ്തകത്തെ ഒന്നുകൂടി നോക്കി .''ചകിതയുടെ വേരുകള്‍ '' . മീരാദേവി .ഇ .എസ്.
ആദ്യ പേജുകള്‍ മറിച്ചു നോക്കുമ്പോള്‍ ..''നീ എവിടുന്നാണ് വരുന്നത് ''? എന്ന തലക്കെട്ട്‌ .
ബാക്കി വായിച്ചെടുക്കാന്‍ കഴിയുന്നില്ല . കണ്ണുകള്‍ എങ്ങും തങ്ങുന്നില്ല,
പുറത്തു ആരവം കേട്ടുതുടങ്ങി . അയാള്‍ വരാന്തയിലേക്ക് നോക്കി .
നീയെന്താ തനിച്ചു നില്‍ക്കുന്നത് വാടാ ..!!
കൂട്ടുകാര്‍ അയാളെ കൈകാട്ടി വിളിച്ചു . അയാള്‍ വീണ്ടും തിരിഞ്ഞ് ലൈബ്രറി ഹാളിലേക്ക് നോക്കി . അവള്‍ വായിക്കുന്നു . പുറത്തേക്ക് പോകണോ .അവളുടെ അരികിലേക്ക് നടക്കണോ എന്നറിയാതെ ഒരു നിമിഷം അവിടെ നിന്നു. അവള്‍ അയാളെ മുഖമുയര്‍ത്തി നോക്കുന്നതായി അയാള്‍ക്ക് തോന്നി . ആ തോന്നല്‍ അയാളെ നിസ്സഹായനാക്കി .
പ്രകാശന്‍ വന്നുവോ ? സുകുമാരന്‍ മാഷാണ് . അദേഹത്തെ കാണാന്‍ വേണ്ടിയാണ് ഇത്ര ദൂരം വന്നത് ..!!
തോളില്‍ തട്ടിക്കൊണ്ട് ചോദിച്ചു ;തനിക്കു സുഖമാണോ?
അതെയെന്നു തലയാട്ടുമ്പോള്‍ മേശ പ്പുറത്തേക്കു തിരികെ വച്ച പുസ്തകത്തിന്‍റെ അവസാന പേജുകള്‍ കാറ്റ് വന്നു തുറന്നു .....
അവസാന കവിതയുടെ തലക്കെട്ട് അയാള്‍ക്ക് വായിക്കാന്‍ കഴിഞ്ഞു ''ഹൃദയത്തില്‍ നിന്ന് ''
അവള്‍ വീണ്ടും തന്നെ നോക്കുന്നതായി അയാള്‍ക്ക് തോന്നി .ആ തോന്നല്‍ അയാളെ നിശബ്ദനാക്കി .കൂടുതല്‍ നിസ്സഹായനും ...!!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ