2014, മാർച്ച് 4, ചൊവ്വാഴ്ച

കടം കൊണ്ട ചിറകുകള്‍

പതിവുപോലെ അന്നും ജനാലയ്ക്ക് അരികില്‍ അവളുണ്ടായിരുന്നു .എന്നും പുലര്‍ച്ചെ വരും വാ തോരാതെ വിശേഷങ്ങള്‍ പറയും എന്റെ വാലാട്ടിക്കിളി .കൂട് മുതല്‍ കാടു വരെ അവളുടെ ചിലപ്പില്‍ നിന്നും ഞാന്‍ വായിച്ചെടുക്കും . എനിക്കിന്ന് നിന്‍റെ ചിറകുകള്‍ കടം തരുമോ ?എന്‍റെ ചോദ്യം അവള്‍ അമ്പരന്നു . എന്തിനു ? ഒരു മറുചോദ്യം , ഒന്ന് വീട് വരെ പോകാന്‍ ,കുഞ്ഞുങ്ങളെ ഒന്ന് കാണാന്‍ ,ഒരു നിമിഷത്തെ മൌനം ! പിന്നെ പറഞ്ഞു തരാം പക്ഷെ പകല്‍ തരില്ല .എന്റെ കുഞ്ഞുങ്ങള്‍ പട്ടിണിയാവും. ഞാന്‍ സമ്മതിച്ചു ..അന്ന് എനിക്ക് ആഹ്ലാദമായിരുന്നു ,രാത്രിയാവും അവരുറങ്ങി കഴിയും .സാരമില്ല ആരുമറിയാതെ ഒന്നുകാണാം ,നെറ്റിയില്‍ വീണ മുടിയിഴകള്‍ ഒന്നൊതുക്കി ഒരു മുത്തം ആ കുഞ്ഞിക്കവിളില്‍ നല്‍കണം , അങ്ങനെ യങ്ങനെ ....... സമയം സന്ധ്യയായി .അവള്‍ വന്നു .ആ ചിറകുകള്‍ ഞാന്‍ കടം കൊണ്ടു. ദൂരം വളരെയേറെ താണ്ടാനുണ്ട് .ഞാന്‍ പറന്നു തുടങ്ങി .ഇരുട്ടാണ്‌ , ഒന്നും വ്യക്തമല്ല , കടല്‍ത്തിരകള്‍ പാറയില്‍ തലതല്ലുന്നതും , പാതിരക്കാറ്റ്‌ വീശുന്നതും കേള്‍ക്കാം ....ഞാന്‍ പറന്നു പറന്നു ദൂരേക്ക് .......... നേരം പുലര്‍ന്നു തുടങ്ങി ..ഉഷ്ണക്കാറ്റു വീശുന്നു ,ഒപ്പം മരണത്തിന്‍റെ മടുപ്പിക്കുന്ന ഗന്ധവും ..എനിക്ക് നാട് തെറ്റി !!!!!!!! ഇവിടം വരണ്ടു കിടക്കുന്നു .വയറൊട്ടി , അസ്ഥിപഞ്ജര ങ്ങള്‍ ആയ കുഞ്ഞുങ്ങള്‍ ........ എന്‍റെ ആത്മാവ് ഉരുകിത്തുടങ്ങി .ചിറകുകള്‍ ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല അത് പക്ഷിയുടെതാ യിരുന്നല്ലോ . കുഞ്ഞുങ്ങളെ കാണാന്‍ കഴിഞ്ഞില്ല എന്നത് എന്നെ വേദനിപ്പിച്ചില്ല , അല്ലെങ്കിലും ഇവരും അവരും തമ്മില്‍ എനിക്കെന്തു വ്യത്യാസം ..... ഞാന്‍ തിരികെ പറന്നു തുടങ്ങി .വാലാട്ടിക്കിളിയുടെ കുഞ്ഞുങ്ങളുടെ കരച്ചില്‍ എനിക്ക് കേള്‍ക്കാമായിരുന്നു . ആത്മാവിന്‍റെ ഭാരം താങ്ങാന്‍ കഴിയാതെ ചിറകുകള്‍ തളര്‍ന്നു തുടങ്ങി ,അവ തിരികെ നല്‍കണം എന്ന ചിന്ത എന്നെ അലട്ടുകയാണെന്ന് ഞാന്‍ അറിഞ്ഞു . പെട്ടെന്ന് രണ്ടു മെല്ലിച്ച കരങ്ങള്‍ എന്‍റെ നേരെ നീണ്ടുവന്നു .അവ ഞാന്‍ തിരിച്ചറിഞ്ഞു .കല്‍ക്കട്ടയുടെ തെരുവിലെ സോമാലിയന്‍ കുഞ്ഞുങ്ങളെ നെഞ്ചോടു ചേര്‍ത്തുവച്ച അമ്മയുടെ കൈകള്‍ ........... ആ കൈകള്‍ക്കുള്ളില്‍ എനിക്കായി നീട്ടിയ രണ്ടു ചിറകുകള്‍ .അവയില്‍ ''കാരുണ്യം '' എന്ന് എഴുതിയിരുന്നു . ഇപ്പോള്‍ എന്‍റെ ആകാശ ങ്ങളില്‍ ചിറകു വിരിച്ചു ഞാന്‍ പറക്കാറുണ്ട് .അവ തളരാറില്ല , കാരണം ആത്മവിനറിയാം ..സോമാലിയന്‍ കുഞ്ഞുങ്ങളെ കണ്ടെത്താന്‍ ദൂരേക്ക്‌ പറക്കണ്ടതില്ല എന്ന് .....എന്‍റെ കുഞ്ഞുങ്ങളെ കാണാന്‍ വീടുവരെയും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ