2014, മാർച്ച് 4, ചൊവ്വാഴ്ച

സ്വാതന്ത്ര്യം


രാത്രിയാകാന്‍ തുടങ്ങുന്നു
രാത്രിയാകാന്‍ തുടങ്ങുന്നു
സന്ധ്യയുടെ വദനം തുടുത്തിരിക്കുന്നു
അറബിക്കടലിന്റെ കരളും
അമ്മയുടെ കണ്ണും ഇന്നും ചുവന്നിരിക്കുന്നു
രാത്രിയാകാന്‍ തുടങ്ങുന്നു .

വാക്കിലും നോക്കിലും
ആത്മഹര്‍ഷത്തിലും
ദേശസ്നേഹത്തിന്‍റെ പൂണൂല്‍
ധരിച്ചു നീ
 ഒരു രക്ത രേണുവായസ്തമിച്ചു

നിശബ്ദസഞ്ചാരി
നിരാര്‍ദ്ര നേത്ര നിശാവിഹാരി
ചമയങ്ങളില്ലാതെ ചിലമ്പണിയുന്നവന്‍
ചായങ്ങളില്ലാത്ത ചിത്രകാരന്‍
നിന്നെയും കൂട്ടി കടന്നുപോയി

പ്രാണന്‍ പറിച്ചും പകുത്തും പകച്ചും
നീ കണ്ട സ്വാതന്ത്ര്യ സത്യസങ്കല്പങ്ങള്‍
മൂഡത  ചുറ്റി വിഷം വമിക്കെ
വെള്ള പുതച്ചു മരിച്ചു വീഴേ

അസ്തിത്വവും  അരിമണികളും  അരി 'കളില്‍
പഴുത്തും പഴകിയും പുഴുവരിച്ചും
വാക്കാല്‍ വിതച്ചും
വാക്കിലോളിച്ചും
വര്‍ത്തമാനത്തിന്റെ താക്കോല്‍ പഴുതുകളില്‍
ആത്മാഭിമാനം പണയപ്പെടുത്തിയും
കൊടിക്കൂറകള്‍ പാറവേ

വെറും ദിവാ സ്വപ്നത്തിന്‍
നേര്‍ത്ത തന്തുക്കളില്‍ ഞാന്‍ കാത്തു -
വച്ചോരാ ചുംബന പൂക്കളെന്‍ കൂട്ടുകാരാ
തിരികെ മടങ്ങുവാന്‍ വഴികളില്ലാതെ
വന്നു വിളിക്കാന്‍ വസന്തമില്ലാതെ
ആകാശമില്ലാതെ ഭൂമിയില്ലാതെ
മഴ കാത്തുറങ്ങുവാന്‍ മിഴികളില്ലാതെ
രാത്രിയാകാന്‍ തുടങ്ങുന്നു .....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ