2014, മാർച്ച് 11, ചൊവ്വാഴ്ച

ദിനം


അഞ്ചുകൊല്ലത്തിലൊരിക്കല്‍ 
വിരലുകളുടെ ദിനമുദിക്കും 
മനുഷ്യാവകാശദിനം ...!!

കല്ലറകള്‍ തുറന്നു 
കനത്ത കാവലില്‍ 
നാം വെയിലത്ത്‌ 
ഉറുമ്പുകളെ പോലെ നില്‍ക്കും ..!!

തൂങ്ങി മരിച്ചവര്‍
മരക്കൊമ്പുകളില്‍
നിന്നിറങ്ങി വരും ..!!
കൊണ്ടുപോകാന്‍
മരണസമയത്ത് മുഖത്തു കണ്ട
അതെ ഇളിച്ച ഭാവമുള്ളവര്‍ കാത്തുനില്‍ക്കും ...!!
അവകാശത്തിനു ശേഷം
തിരികെ കെട്ടിത്തൂക്കാനാരുമില്ലാതെ
നരച്ച കൊടികളിലവര്‍
തല കീഴായി തൂങ്ങിക്കിടക്കും ..!

റോഡില്‍ ചോരക്കഷണങ്ങളായവര്‍ക്കു
യാത്ര എളുപ്പമാണ് ,
തീവണ്ടി പ്പാളങ്ങളില്‍ ചിതറിപ്പോയവര്‍ക്ക്
തിരിച്ചുള്ള വഴിയറിയില്ല ;
അവരുമിവരും മാലിന്യക്കൂമ്പാരമെന്നറിയപ്പെടും .

(അടക്കിയവര്‍ക്ക് അവകാശമില്ലാത്തത് നന്നായി ;
അല്ലെങ്കില്‍ അവരുടെ കൈപ്പത്തികള്‍ വെട്ടി സൂക്ഷിക്കുകയോ
രണ്ടോ മൂന്നോ തവണ കൊല്ലപ്പെടുകയോ ചെയ്തേനെ !!!)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ