പരാജയത്തിന്‍റെ
ഒഴിയാത്ത കോപ്പകള്‍
ഏകാന്തതയില്‍
രുചിച്ചിറക്കുന്നവര്‍ക്കു മുന്നില്‍
അസാധ്യമായ
ചില സാധ്യതകള്‍
വിരുന്നുകാരായ് വരും ...!!
അവ ഹൃത്മദ്ധ്യരേഖയില്‍
നിന്നുമനന്തതയിലേക്ക്
നേര്‍ത്തൊരു വെള്ളിരേഖ വരയ്ക്കും
വാക്കിന്‍റെ ,വര്‍ത്തമാനങ്ങളുടെ
ഓര്‍മകളുടെ ,സ്വപ്നങ്ങളുടെ
ദാരിദ്ര്യം വടിയൂന്നി
ആ വഴിയിലൂടെ നടന്നു തുടങ്ങും...
കാലുഷ്യങ്ങളുടെ,
അമര്‍ഷങ്ങളുടെ ,
അമര്‍ത്തിച്ചവിട്ടലുകളേറ്റു-
വെള്ളിനൂലുകള്‍ മണ്ണിന്‍റെ നിറം വരിക്കും
ഭ്രാന്തനെന്ന വിളിയുടെ
കല്ലേറുദൂരത്തിനപ്പുറം
അവരിലാകാശം അതിരുകള്‍
നഷ്ടപ്പെട്ടു വളരും ..
കവിതകളില്‍ മുള്ളുകള്‍
കോര്‍ത്ത് കാലത്തിനെതിരെ
മറ്റൊരു കാലത്തിലിരിന്നു
ഒരിക്കലും വാടാത്ത സ്നേഹത്തിന്‍റെ
സുഗന്ധം മരിക്കാത്ത കഥകള്‍ ചേര്‍ത്ത്
നമുക്കു നേരെയവര്‍ കൈ നീട്ടും ..
അപ്പോള്‍ മാത്രം
മരങ്ങള്‍ ഇലപൊഴിക്കാത്ത
കാലങ്ങളിലൂടെ ,
കരിനാഗങ്ങളുടെ
ശീല്‍ക്കാരത്തിലൂടെ നാമവരെയറിയും.!!!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ