2014, മാർച്ച് 4, ചൊവ്വാഴ്ച

യാത്രമഞ്ഞിന്റെ മലകള്‍ക്ക്
നിറമുണ്ട്
മരവിച്ച മനസിന്‍റെ
മണമുണ്ട്
മരണം വരിക്കുന്ന
മധുര സ്വപ്നങ്ങളെ
അഴുകാതെ കാക്കുമൊരു
ഹൃദയമുണ്ട്

ഇലകള്‍ കൊഴിഞ്ഞൊരു
മരമുണ്ട്
തണല്‍ തേടി അവനിലൊരു
കിളിയുണ്ട്
ഇനിയും വരാത്ത
വസന്ത കാലത്തിനായ്
ചൊടികളില്‍ മൂളാത്ത
പാട്ടുമുണ്ട്‌

മിഥ്യയാം പച്ചകള്‍
നെഞ്ചേറ്റി നില്‍ക്കുമൊരു
മണലിന്റെ ആരണ്യം
ചാരെയുണ്ട്
ചുഴലിയായ്പൊതിയുന്ന
കാറ്റിന്‍റെ കണ്ണുകളില്‍
ഒരു പിടി ചാരമായ് ഞാനുമുണ്ട്

യാത്ര പോകട്ടെ ഞാന്‍
മഞ്ഞിന്‍ ചുരം കടന്നി -
ല്ലാത്ത തണല്‍ ചൂടി
പതിയേ
യാത്ര പോകുന്നു ഞാന്‍
നിശാഗന്ധി പൂക്കാത്ത
നിഴലുകള്‍ ചരിക്കാത്ത
മരുഭൂവിന്‍റെ മാറിലായ്
തനിയേ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ