2014, മാർച്ച് 4, ചൊവ്വാഴ്ച

ജനാലതെക്കേ പറമ്പിലെ മാവിന്‍ കൊമ്പില്‍
അച്ഛനിന്നലെ ഊഞ്ഞാല് കെട്ടി
പുഴയ്ക്കു നേരെ തുറക്കുന്ന
അഴികളില്ലാത്ത ഒരു ജനാലയും ....

എത്ര കാലം കൊണ്ട് പറയുന്നു
അപ്പോഴൊക്കെ അച്ഛനോരോ കാരണങ്ങള്‍
ഒടുവിലൊരു ദേഷ്യത്തില്‍ കയര്‍ത്തു
''എനിക്കായൊരു ചങ്ങല പണിയു ''

നിറഞ്ഞ കണ്ണുകള്‍ക്ക്‌ മുന്‍പില്‍
ഞാന്‍ തോറ്റുകൊടുത്തു
നിലവറ തള്ളിത്തുറന്നു
ചോദ്യങ്ങളെ അവിടെയിട്ടു പൂട്ടി

ഭര്‍തൃഗൃഹത്തില്‍ മകളെ
കാണാനെത്തുമ്പോഴൊക്കെ
ആ നിലവറ തുറക്കപ്പെടുകയും
വാതിലടയ്ക്കാന്‍ കഴിയാതെ
ഞാന്‍ നെടുവീര്‍പ്പിടുകയും
അച്ഛന്‍ പിന്നെയെന്നും തോല്‍ക്കുകയും
ചെയ്തു കൊണ്ടിരുന്നു

ദുരൂഹമായ മരണത്തിന്‍റെ
ബാക്കിപത്രമായി
പേരക്കുട്ടിയെ നെഞ്ചോട്‌ ചേര്‍ത്തു
പിടിച്ചു തിരികെ നടന്നപ്പോഴേ
അച്ഛന്‍ തീരുമാനിച്ചിരുന്നു
ഒരു ഊഞ്ഞാലും
അഴികളില്ലാത്ത ഒരു ജനലും
അവളുടെ മുറിക്കു വേണമെന്ന്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ