2014, മാർച്ച് 30, ഞായറാഴ്‌ച

സിമ്പിള്‍ ലവ്

അദ്ധ്യായം 1
ആദ്യനഷ്ടം
........................

''തടവറയിലെ തണല്‍മരം '' ജെന്നി കെയ്റോയുടെ പുസ്തകം വായിക്കുകയായിരുന്നു ഞാന്‍ .സാങ്കല്പികമോ ? യാഥാര്‍ത്ഥ്യമോ എന്ന് തിരിച്ചറിയാന്‍ കഴിയാത്തവിധം ജീവിതത്തോട് അത്രമേല്‍ ഇഴചെര്‍ന്നിരുന്നു അതിലെ ഉള്ളടക്കവും ആഖ്യാനശൈലിയും .
കപ്പല്‍ യാത്രയുടെ വിരസതയകന്ന ഒരു ദിവസമാണിന്ന് .സമയം പത്തുമണി കഴിഞ്ഞിരിക്കുന്നു .വെയിലുണ്ടെങ്കിലും കടലില്‍ നിന്നും തണുത്ത കാറ്റും വീശുന്നുണ്ട്.ആകാശം തെളിഞ്ഞതാണ് . കപ്പലിന്‍റെ മുകള്‍ത്തട്ടില്‍ അധികം ആരും ഉണ്ടായിരുന്നില്ല .അലോസരങ്ങള്‍ ഇല്ലാതെ നിര്‍ബാധം എന്റെ വായന തുടര്‍ന്ന് കൊണ്ടേയിരുന്നു,

വായനക്കിടയില്‍ മയങ്ങിപ്പോയ എന്റെ കൈയില്‍ ൈനിന്നും പുസ്തകമൂര്‍ന്നു താഴേക്ക്‌ വീണു .
ഉണര്‍ന്നു നോക്കിയ എന്റെ മുന്നില്‍ ഒരു ചെറിയ പെണ്‍കുട്ടി നിന്നിരുന്നു .അവള്‍ താഴേക്ക്‌ കൈ ചൂണ്ടി .ഒരു കടലാസ് പറന്നു പോകുന്നു .വായിച്ചുകൊണ്ടിരുന്ന പുസ്തകത്തിന്റെ പേജാണോ ? അതോ മറ്റെന്തെങ്കിലും കുറിപ്പാണോ ? എന്ന് എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല . ഞാനും ആ കുട്ടിയും കൂടി താഴേക്ക്‌ നോക്കി നില്‍ക്കുമ്പോള്‍ പിന്നില്‍ നിന്നും ആരോ വിളിച്ചു .''എമി ''
ആ കുട്ടി പെട്ടെന്ന് തിരിഞ്ഞു മമ്മ എന്ന് വിളിച്ചുകൊണ്ടു ഓടിച്ചെന്നു . എന്റെ പുസ്തകത്തില്‍ നിന്നും എന്തോ താഴേക്ക്‌ പറന്നു പോയി എന്ന് പറഞ്ഞുകൊണ്ടു കൈ ചൂണ്ടി കാണിച്ചു .

അവര്‍ പൊക്കം കൂടിയ സുന്ദരിയായ ഒരു സ്ത്രീയായിരുന്നു . വലിയ കണ്ണുകള്‍ നിരീക്ഷണപാടവം
വിളിച്ചോതുന്നുണ്ടായിരുന്നു.മനോഹരമായി പുഞ്ചിരിച്ചു കൊണ്ട് അവര്‍ എന്റെ നേരെ കൈനീട്ടി .''മിഖാല്‍ മോഷെ''. ഞാനും പുഞ്ചിരിച്ചു കൊണ്ട് ഹസ്തദാനം ചെയ്തു . ''ഇസബെല്‍ ഫ്ലോറ. ''
അവര്‍ രണ്ടുപേരും കപ്പലിന്‍റെ താഴേക്ക്‌ പോയി .

എന്റെ ചിന്ത നഷ്ടപ്പെട്ട ആ പേപ്പറിനെ കുറിച്ചായിരുന്നു . പുസ്തകം മറിച്ചുനോക്കി അതിന്റെ പേജുകളൊന്നും പോയിട്ടില്ല എന്ന് ഉറപ്പു വരുത്തി .വെറുമൊരു കടലാസ് മാത്രമായിരുന്നോ അത് ? അതോ മറ്റെന്തിലും ? ശക്തിയായി വീശിത്തുടങ്ങിയ തണുത്ത കാറ്റ് എന്നെ ചിന്തയില്‍ നിന്നുണര്‍ത്തി .
മുറിയിലെത്തി ഫ്ലാസ്കില്‍ നിന്നും ഗ്ലാസിലേക്കു ചായ പകര്‍ന്നുകൊണ്ട് ഞാന്‍ പുറത്തേക്കു നോക്കി .കൈയില്‍ ഒരു പേപ്പറുമായി വൃത്തിയായി വേഷം ധരിച്ച ഒരു മനുഷ്യന്‍ കപ്പലിന്‍റെ മുകള്‍ത്തട്ടില്‍ നിന്നുകൊണ്ട് ആരെയോ തിരയുന്നുണ്ടായിരുന്നു .
ധൃതിയില്‍ ഓടിച്ചെന്നപ്പോഴേക്കും അവിടെയെങ്ങും ആരെയും കാണാത്തത് കൊണ്ട് അയാള്‍ തിരികെ പോയിക്കഴിഞ്ഞിരുന്നു ..........

അദ്ധ്യായം 2
ദ്വീപ്‌
.............

ഇവാനിയോ ദ്വീപില്‍ എത്തിയ ഉടനെ തന്നെ പ്രൊഫസര്‍ അലക്സ് മൈക്കില്‍ നെ ചെന്നു കണ്ടു ,അദേഹത്തോടൊപ്പം അവിടെ ഒരു മാസം ചിലവഴിക്കുകയായിരുന്നു എന്റെ ഉദ്ദേശ്യം . അദേഹം വളരെ സന്തോഷത്തോടെ എന്നെ സ്വീകരിച്ചു . പഠനത്തോടുള്ള എന്റെ താല്പര്യം അറിയാവുന്നത് കൊണ്ട് തന്റെ പ്രബന്ധങ്ങളുടെ ക്രോഡീകരണം പൂര്ത്തിയയാക്കാന്‍ അവിടേക്ക് എന്നെ ക്ഷണിക്കുകയായിരുന്നു .
എപ്പോഴും വെളുത്ത വസ്ത്രങ്ങള്‍ ധരിക്കാന്‍ ഇഷ്ടപ്പെടുന്ന ആളായിരുന്നു പ്രൊഫസര്‍ . പൊക്കം കുറഞ്ഞു തടിച്ചൊരു മനുഷ്യന്‍ . വിശാലമായ നെറ്റിയും തീക്ഷ്ണമായ കണ്ണുകളും . എന്തിനെയും അതിസൂക്ഷ്മം വിശകലനം ചെയ്തിരുന്ന അദേഹം എപ്പോഴും എന്തെങ്കിലും പുതിയ പരീക്ഷണനിരീക്ഷണങ്ങളില്‍ ഏര്പ്പെിട്ടുകൊണ്ടുമിരുന്നു .ഉച്ചയ്ക്ക് ശേഷം കാണാം എന്ന് പറഞ്ഞു അദേഹം എനിക്കായി ഒരുക്കിയിരുന്ന താമസസ്ഥലം കാണിച്ചു തന്നതിനു ശേഷം യാത്ര പറഞ്ഞു പുറത്തേക്ക് പോയി .

മ്യുസിയവും ലൈബ്രറിയും അടക്കമുള്ള വലിയൊരു കെട്ടിടമായിരുന്നു അത് .കരിങ്കല്ലുകളാല്‍ നിര്മിിതം .ഏതോ ഗതകാലപ്രൌഡിയെ ഓര്മിിപ്പിക്കും വിധം തലയുയര്ത്തി് നില്ക്കു ന്നു . പുറമേ നിന്ന് നോക്കുമ്പോള്‍ ചെറിയ മുറികള്‍ പോലെ തോന്നിക്കുമെങ്കിലും അടുക്കളയും കിടപ്പുമുറിയും സ്വീകരണമുറിയും ബാത്ത്റൂമുകളും ചേര്ന്ന്ോ ഓരോ കൊച്ചുവീടുകള്‍ ആയിരുന്നു അവയെല്ലാം .ഞാന്‍ പെട്ടിയും ബാഗും അകത്തു കൊണ്ട് വച്ചശേഷം പുറത്തേക്കിറങ്ങി . ആരുടേയും ശ്രദ്ധ ആകര്ഷി ക്കുന്ന അതിമനോഹരമായ ഒരു പൂന്തോട്ടം . അതില്‍ ആരെയും ശ്രദ്ധിക്കാതെ സ്വന്തം ജോലി ശ്രദ്ധാപൂര്വം് ചെയ്യുന്ന തോട്ടക്കാരന്‍ . എന്റെ ഓര്‍മകള്‍ വളരെ പെട്ടെന്ന് വീട്ടിലേക്കു ചേക്കേറാന്‍ ആ കാഴ്ച ധാരാളം മതിയായിരുന്നു .
(തുടരും )
അദ്ധ്യായം 3 .
................................
വീട്
............

കൈയില്‍  കളിപ്പാട്ടത്തിനു പകരം ചിത്രകഥ പുസ്തകവുമായി ഒരു കൊച്ചു പെണ്‍കുട്ടി പൂമ്പാറ്റയെ പോലെ പാറി നടക്കുന്നു ,ആ പൂന്തോട്ടത്തില്‍.  വിവിധ നിറങ്ങളില്‍ ധാരാളം പൂവുകള്‍ വിടര്‍ന്നു നില്‍ക്കുന്ന അതിന്റെ അതിരുകളില്‍ ബോഗന്‍ വില്ലകള്‍ പൂത്തു നില്‍ക്കുന്നു . ''ഫ്ലോറാ ''  മമ്മയുടെ വിളിയാണ് .
രണ്ടുനിലയുള്ള ആ വീട്ടില്‍ എനിക്കേറ്റം ഇഷ്ടം വായനാമുറിയും അതുകഴിഞ്ഞാല്‍ പൂന്തോട്ടവും ആണെന്ന് മമ്മയ്ക്കറിയാം .ഞങ്ങള്‍ ആ വീട്ടിലേക്കു താമസം വന്നത്  എനിക്ക്  രണ്ടു വയസുള്ളപ്പോഴാണ്‌.അതിനുശേഷം എത്രയോ  പുതിയ ചെടികള്‍ ഡാഡി കൊണ്ടുവന്നിരിക്കുന്നു . അതിലുമേറെ പുസ്തകങ്ങളും ആ വലിയ ശേഖരത്തിലേക്ക്  കൂട്ടി ചേര്‍ക്കപ്പെട്ടിരിക്കുന്നു .
അറിയപ്പെടുന്ന സൈക്യാട്രിസ്റ്റാണ് മമ്മ . എങ്കിലും എനിക്കൊപ്പം ചിലവഴിക്കാന്‍ എപ്പോഴും  സമയം കണ്ടെത്തുമായിരുന്നു . വളരെ തിരക്കുള്ള ബിസിനസ്സ് മാന്‍ ആയിരുന്നു എങ്കിലും ഡാഡിയും എന്റെ കാര്യങ്ങളൊന്നും മറന്നിരുന്നില്ല . ഒരു  ചെറിയ കുട്ടിക്ക് ഇത്രയേറെ പരിഗണന അവശ്യമുണ്ടോ എന്ന് പലപ്പോഴും എനിക്ക് തന്നെ തോന്നിയിട്ടുണ്ട് .വീട്  എന്റെ ലോകമായിരുന്നു .അക്കാര്യത്തില്‍ വളരെ ഭാഗ്യവതിയാണ്‌ ഞാന്‍ .
മുതിര്‍ന്നപ്പോഴും പഠന വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും  യാത്രകള്‍ പോകുന്നതിലും എനിക്ക്  സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിരുന്നു. ലിസയും  ഡാനിയേലും  ഫ്ലോറയ്ക്ക്  അമിത സ്വാതന്ത്ര്യമാണ് നല്‍കുന്നതെന്ന് വലിയമ്മ ളൂയിസാ മിക്കപ്പോഴും പറയാറുണ്ട് ,  അവരും  ഒരേയൊരു  മകളും ഞങ്ങളുടെ വീടിനു  അടുത്താണ് താമസിച്ചിരുന്നത് .  ഡാഡിയുടെ അകന്ന ബന്ധത്തില്‍ പെട്ട സ്ത്രീയായിരുന്നു  അവരെങ്കിലും മമ്മ വല്ലാത്തൊരു അടുപ്പം സൂക്ഷിച്ചിരുന്നത്  എനിക്കത്ര  ഇഷ്ടമുണ്ടയിരുന്നില്ല .
ഇവാനിയോസ്  ദ്വീപിലേക്കുള്ള യാത്രയുടെ  കാര്യത്തിലും  പതിവുപോലെ ആരും എതിര്‍പ്പ് പറഞ്ഞില്ല . മാത്രവുമല്ല , എല്ലാ സൌകര്യങ്ങളും ഒരുക്കി തരികയും ചെയ്തു . രണ്ടുപേരുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നു എങ്കിലും  സന്തോഷപൂര്‍വം തന്നെയാണ് അവരെന്നെ യാത്രയയച്ചത് .
                                                ....
ആരോ  സംസാരിക്കുന്ന  സ്വരം കേട്ട്  ഞാന്‍ തിരിഞ്ഞു നോക്കി , പ്രൊഫസര്‍ക്കൊപ്പം മറ്റൊരാളും കൂടി നടന്നുവരുന്നു .വേഷത്തില്‍ നിന്നും അദേഹം ഒരു ഡോക്ടര്‍ ആണെന്ന്  എനിക്കൂഹിക്കാന്‍ കഴിഞ്ഞു .
#############################################################################

അദ്ധ്യായം 4
...............................
വീഴ്ച
....................
''ഹായ്  ഇസബെല്‍  ഇത്  ഡോക്ടര്‍  ജോണ്‍'' പ്രൊഫസര്‍ പരിചയപ്പെടുത്തി . ഹായ്  ഡോക്ടര്‍ ഞാന്‍ അദേഹത്തെ അഭിവാദ്യം ചെയ്തു .
ഒറ്റ നോട്ടത്തില്‍ തന്നെ ആരുടേയും  ശ്രദ്ധയാകര്‍ഷിക്കാന്‍  കഴിയുന്ന  സുമുഖനായിരുന്നു  ഡോക്ടര്‍ ജോണ്‍. നല്ല ഉയരം  ,നീല നിറമുള്ള കണ്ണുകള്‍ . ഒരു  ചുളിവു പോലും വരുത്താതെ വൃത്തിയായി  ധരിച്ച വേഷം .നേര്‍ത്തൊരു പുഞ്ചിരിയോടെ അദേഹം ഹെലോ  പറഞ്ഞു .
''ഇസബെല്‍  ഫ്ലോറ  എന്റെ  അസിസ്റ്റന്റ്''  കുറച്ചു ദിവസങ്ങള്‍  ഇവിടെയുണ്ടാവും '' പ്രൊഫസര്‍ എന്നെ  പരിചയപ്പെടുത്തി .
പോയിട്ട്  അല്പം തിരക്കുണ്ടെന്നും  വീണ്ടും കാണാമെന്നും പറഞ്ഞു ഡോക്ടര്‍ ജോണ്‍ തന്റെ  കോട്ടിന്റെ  പോക്കറ്റില്‍   കൈകള്‍ തിരുകി .എന്തോ  ആലോചനയില്‍ മുഴുകി  വളരെ ധൃതിയില്‍ നടന്നുപോയി .
ഡോക്ടര്‍ ജോണ്‍  ഒരു  നല്ല മനുഷ്യനാണ് .ഉയര്‍ന്ന ബിരുദങ്ങള്‍ പല യൂണിവേര്‍‌സിറ്റികളില്‍ നിന്നും നല്ല നിലയില്‍ പാസ്സായിട്ടുണ്ട് . എന്നിട്ടും പലരും വരാന്‍ മടിക്കുന്ന ഈ  ദ്വീപില്‍  രോഗികളെ ശുശ്രുഷിക്കുന്നതതില്‍  അയാള്‍ ആത്മസംതൃപ്തി കണ്ടെത്തുന്നു. .ഭാര്യയും മകളുമടങ്ങുന്ന കൊച്ചു കുടുംബവും ഇവിടെത്തന്നെയാണ് താമസം .പ്രൊഫസറുടെ വാക്കുകള്‍  അദേഹത്തിന്  ഡോക്ടറോടുള്ള  താല്പര്യം വെളിവാക്കുന്നവയായിരുന്നു .
ഞങ്ങള്‍  നേരെ ഊണ് മുറിയിലേക്ക്  പോയി  .  വൈകുന്നേരത്തെ പതിവുള്ള ചായ കഴിച്ചതിനു ശേഷം അദേഹം  എനിക്ക്  ദ്വീപിനെ കുറിച്ച് ചെറിയ ഒരു  വിവരണം തന്നു .   ക്രോഡീകരണം നടത്തേണ്ട  വിഷയങ്ങളും അവയെ  സംബന്ധിക്കുന്ന  ചില  രേഖകളും  നല്‍കി .  എവിടെയോ  പോകാനുണ്ടെന്നും നാളെ ഉച്ചയ്ക്കുശേഷം കാണാമെന്നും പറഞ്ഞു . ഞങ്ങള്‍ പിരിഞ്ഞു
പകല്‍ സമയങ്ങളില്‍  അവിടം വൃത്തിയാക്കാനും ആഹാരം ഉണ്ടാക്കാനുമായി   ക്ലെയര്‍ എന്ന  പ്രായം ചെന്ന സ്ത്രീ വരാറുണ്ടായിരുന്നു. അവര്‍ എനിക്കുള്ള ഭക്ഷണം മുറിയില്‍  എത്തിച്ചിരുന്നു  .
സമയം  നാലുമണി  കഴിഞ്ഞതേയുള്ളൂ. വേനല്‍ക്കാലം ആയതിനാല്‍ സൂര്യനസ്തമിക്കാനും  ഇരുട്ട് പരക്കാനും രാത്രി എട്ടുമണി എങ്കിലും ആകും .അല്പദൂരം നടക്കാമെന്ന് കരുതി  ആ  പേപ്പറുകള്‍ മുറിയില്‍ വച്ചിട്ട്  ഞാന്‍ പുറത്തേക്കിറങ്ങി . സുഖകരമായ കാലാവസ്ഥയായിരുന്നു  . അല്പം അകലെ ഒരു  വലിയ മരവും അതിനു മുന്നില്‍  ഒരു  ചാരുബഞ്ചും കണ്ടു  അവിടെയിരിക്കാം എന്ന്  കരുതി മുന്നില്‍  പുല്‍ത്തകിടി പോലെ തോന്നിച്ച ഭാഗത്തേക്ക്‌   സാവധാനം   ചിന്തയില്‍  മുഴുകി  നടന്ന ഞാന്‍ പുല്ലുമൂടിക്കിടന്ന  ഒരു കുഴിയിലേക്ക്  പെട്ടെന്ന്  വീണുപോയി .
-----------------------------------------------------------------------------------------------------------------------
അദ്ധ്യായം  5
ഒരു  രാത്രി
..........................................
പെട്ടെന്നുണ്ടായ വീഴ്ചയില്‍  ഞാന്‍ ഭയന്ന് നിലവിളിച്ചു .
.  മരത്തിന്റെ  വേരുകള്‍ പൊതിഞ്ഞ ഒരു കുഴിയാണ്  അതെന്നു  ഒറ്റനോട്ടത്തില്‍    മനസിലായി .  എഴുന്നേറ്റു മുകളിലേക്ക് നോക്കിയപ്പോള്‍ കുറഞ്ഞത്‌  മൂന്നാള്‍ താഴ്ചയുള്ള കുഴിയിലാണ്  വീണതെന്ന്  സാവധാനം ഞാന്‍ മനസിലാക്കി . വേരുകളില്‍ പിടിച്ചു  മുകളിലേക്ക്  കയറാനുള്ള  ശ്രമം വിഫലമാകുന്തോറും എന്നില്‍  ഭയം വര്‍ധിച്ചു  .  ഉച്ചത്തില്‍  വിളിച്ചുകൊണ്ടെയിരുന്നെങ്കിലും ആരെങ്കിലും  കേള്‍ക്കാനുള്ള സാധ്യത വിരളമായിരുന്നു .
മുഖത്തിന്റെ ഒരു വശം വേരുകളില്‍ ഉരഞ്ഞു ചോര വരുന്നുണ്ടായിരുന്നു . കൈമുട്ടുകളും മുറിഞ്ഞിരുന്നു .  ഇതൊരു  ഇടത്താവളം ആണെങ്കില്‍ ഇനിയും താഴ്ചയിലേക്ക്  വീണുപോകാനുള്ള സാധ്യതയുമുണ്ടായിരുന്നു . ശരീരം മുഴുവന്‍ വിറയ്ക്കുന്നതായി  എനിക്കനുഭവപ്പെട്ടു . വളരെ  ബലമുള്ള വേരുകള്‍ ഭിത്തിയില്‍ പറ്റിയിരിക്കുന്നത്  പാമ്പുകളെ പോലെ തോന്നിച്ചു . സമയം രാത്രിയായിക്കൊണ്ടിരുന്നു ,തല്‍ഫലമായി  കുഴിയിലെ കാഴ്ചകള്‍ മങ്ങിത്തുടങ്ങി . വള്ളി പടര്‍പ്പുകള്‍ക്കിടയില്‍ ഇഴജന്തുക്കളുടെ സാന്നിദ്ധ്യവും തള്ളിക്കളയാന്‍ ആവുമായിരുന്നില്ല .
കൈകള്‍ കൊണ്ട്  ചുറ്റുമുള്ള കാടുപടലങ്ങള്‍ വകഞ്ഞു മാറ്റിയപ്പോള്‍ ഒരു  ചവിട്ടു കല്ല്‌ എന്റെ ശ്രദ്ധയില്‍പെട്ടു. മുകളിലേക്കുള്ള വഴി ആയിരിക്കും എന്ന്  കരുതി ഞാന്‍ അതിലേക്കു കയറാന്‍ ശ്രമിച്ചു . രണ്ടുകൈകള്‍ കൊണ്ടും മുകള്‍ ഭാഗത്തെ വലിയ വേരുകളില്‍ മുറുകെ പിടിച്ചു കൊണ്ട് ഞാന്‍ കാലുകള്‍ അതിലെക്കെടുത്തു വച്ചു  .പെട്ടെന്ന് ഞാന്‍ കയറിയ കല്ല്‌  ഭാരം നിമിത്തം വലത്തേക്ക്  തിരിഞ്ഞു .
ഒരുനിമിഷം !!
താഴെ നിന്നും വലിയൊരു ശബ്ദം കേട്ടു.  അടിയില്‍ ഉണ്ടായിരുന്ന പാറ ഒരു വശത്തേക്ക്  നീങ്ങുന്നു .മരവള്ളിയില്‍ തൂങ്ങിക്കിടന്ന ഞാന്‍   കൈവിട്ടു താഴേക്ക്‌ പതിച്ചു . വീഴ്ചയില്‍  എവിടെയോ  ചെന്നു  തല ശക്തമായി  ഇടിച്ചു  ,   മരണത്തിലേക്ക് പോകുകയാണെന്ന്  ഉള്ളിലിരുന്നു  ആരോ  പറഞ്ഞു .എന്റെ  ബോധം നഷ്ടമായിപ്പോകുന്നത്  ഞാന്‍ അറിഞ്ഞു .
--------------------------------------------------------------------------------------------------
അദ്ധ്യായം 6
ഒരു  പുതിയ വഴി
.....................................................
സൂര്യകിരണങ്ങള്‍ മുഖത്തുപതിച്ചു പൊള്ളിത്തുടങ്ങിയപ്പോള്‍  ഞാനുണര്‍ന്നു , എന്റെ  തൊണ്ട  വറ്റിവരണ്ടിരുന്നു. ഞാനെവിടെയാണെന്നും  എന്താണ് സംഭവിച്ചതെന്നും ഓര്‍ത്തെടുക്കാന്‍ അല്പനേരം വേണ്ടിവന്നു . ഞാന്പിടഞ്ഞെണീറ്റ് ചുറ്റും നോക്കി ഒരു  വശത്തായി ഒരാള്‍ക്ക്  കഷ്ടിച്ച്  കടന്നുപോകാവുന്ന ഒരു  പാത .ഒരുപക്ഷെ  പണ്ടെങ്ങോ  യുദ്ധകാര്യങ്ങള്‍ക്കായി  സൃഷ്ടിക്കപ്പെട്ട ഒരു  ഒളിത്താവളത്തിലേക്കുള്ള വഴിയാവാം .എന്തായാലും മുകളിലേക്കു കയറി രക്ഷപ്പെടുക എന്നത് അസാധ്യമായതിനാല്‍ ആ ഇരുണ്ട വഴിയിലൂടെ  മുന്നോട്ടു പോകാന്‍  തീരുമാനിച്ചു .  ഓരോ  ചുവടും ശ്രദ്ധാപൂര്‍വം വച്ച് ഞാന്‍നടന്നു .  അത്  ചെന്നെത്തുന്നത്  കരിങ്കല്ലില്‍  തീര്‍ത്ത ഒരു  മതിലിനുള്ളിലായിരുന്നു . അവിടെ  ചെറിയ  ഒരു  പഴയ വീടും ഉണ്ടായിരുന്നു . ആരെങ്കിലും കണ്ടേക്കും എന്ന് വിചാരിച്ചു അതിനടുത്തേക്ക്  നടന്നു . ആരെയും കണ്ടില്ല . വീടിന്റെ  വാതില്‍ തുറന്നു കിടന്നിരുന്നു . അതിനുള്ളില്‍ കൂടി കടന്നല്ലാതെ  അപ്പുറത്തെത്താന്‍ കഴിയില്ലായിരുന്നു . ഞാന്‍ പതിയെ  അതിലേക്ക്  കടന്നു .  ആരോ അവിടെ  താമസിക്കുന്നു എന്ന്  വ്യക്തമായിരുന്നു . എന്നാല്‍  അവിടമാകെ വൃത്തിഹീനമായി മാറാല പിടിച്ചു കിടന്നിരുന്നു.  ഒരു  കൂജയില്‍  നിറച്ച് വച്ചിരുന്ന വെള്ളം ഞാന്‍ ആര്‍ത്തിയോടെ  കുടിച്ചു .  വെറും രണ്ടു മുറികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ . രണ്ടും കടന്നല്ലാതെ പുറത്തിറങ്ങാന്‍  കഴിയില്ലായിരുന്നു. ഒരു  മുറി  ആരോ  കിടപ്പ് മുറിയായി ഉപയോഗിക്കുന്നു  എന്ന്  മനസിലായി . മറ്റേ  മുറിയില്‍  ഒരു ഷെല്‍ഫും അതില്‍  മൂന്ന് പുസ്തകങ്ങളും  ഭിത്തിയില്‍  വളരെ പഴക്കം തോന്നിക്കുന്ന ഒരു കുടുംബ ഫോട്ടോയും  മാത്രമേ ഉണ്ടായിരുന്നുള്ളൂ .  രണ്ടു  പുരുഷന്മാരും ഒരു സ്ത്രീയും അവരുടെ കൈയില്‍  ഒരു  കുഞ്ഞും , പുരുഷന്മാരുടെ മുഖം ഒരുപോലെ ആയിരുന്നു . ഇരട്ടകള്‍ ആണെന്ന്  വ്യക്തം . പുറത്തേക്കുള്ള  വാതിലില്‍  എത്തിയപ്പോഴേക്കും  രണ്ടു  കണ്ണുകള്‍ എന്നെ തുറിച്ചു നോക്കുന്നതാണ് കണ്ടത് .
അതയാള്‍ ആയിരുന്നു  . മുഷിഞ്ഞ വേഷം ധരിച്ച പ്രൊഫസറുടെ തോട്ടക്കാരന്‍ .  എന്നെ  ആ സ്ഥിതിയില്‍ കണ്ടിട്ടും അയാള്‍ ഒന്നും ചോദിക്കുകയോ  പറയുകയോ  ചെയ്തില്ല . എന്നെക്കൂട്ടി  കൊണ്ടുപോയി  താമസ സ്ഥലത്ത് എത്തിച്ച ശേഷം യാതൊരു  ഭാവഭേദവും കൂടാതെ  ആ  മനുഷ്യന്‍  തിരിച്ചു പോയി .
-------------------------------------------------------------------------------------------------------------------
അദ്ധ്യായം 7
......................
ഇവാനിയോസിന്റെ കഥ
........................................................

മുഖത്തും  കൈകളിലും ഉണ്ടായിരുന്ന മുറിവുകള്‍ വൃത്തിയാക്കി മരുന്ന് വച്ച് തന്നുകൊണ്ട്  ക്ലെയര്‍ അയാളെക്കുറിച്ച്   പറഞ്ഞു . ഏകദേശം ഇരുപതു  വര്‍ഷങ്ങള്‍ക്കു  മുന്പ് പട്ടാളക്കാരായ   രണ്ടു  സഹോദരങ്ങള്‍ ഈ ദ്വീപില്‍  വന്നു  ഒളിച്ചുതാമസിച്ചു . ആര്‍ക്കും തിരിച്ചറിയാന്‍ കഴിയാത്ത രൂപ സാദൃശ്യം ഉണ്ടായിരുന്നു അവര്‍ക്ക് . ഇവാനിയോസും  ഇറാനിമോസും  കൂടെ  ഇറാനിമോസിന്‍റെ ഭാര്യയും ഒരു  കുഞ്ഞും . ഒടുവില്‍  അവര്‍ ഭയപ്പെട്ടിരുന്ന പട്ടാളഭരണകൂടം  ഇറാനിമോസിനെ  പിടിച്ചു കൊണ്ടുപോയി  തടവിലാക്കി .
അതിനുശേഷം ഏതാണ്ട് ഒന്നര വര്‍ഷത്തോളം  അയാളുടെ  ഭാര്യയെയും കുഞ്ഞിനേയും ഇവാനിയോസ്  സംരക്ഷിച്ചു .  അയാളെ   വധശിക്ഷയ്ക്ക്  വിധിച്ചതറിഞ്ഞു കൈക്കുഞ്ഞുമായി ഭര്‍ത്താവിനെ കാത്തിരുന്ന  ആ സ്ത്രീയുടെ  മനോനില തെറ്റി   .    ഒരുപാടു  ചികിത്സ കള്‍ക്കും  മരുന്നുകള്‍ക്കും  ശേഷം  അവരെ  ആ കുഞ്ഞിനോടൊപ്പം ആശുപത്രിയില്‍ ആക്കേണ്ടി  വന്നു .  അവര്‍ക്കായി പണം സമ്പാദിക്കാന്‍  പല  തൊഴിലുകളും അദേഹം ചെയ്തു . ഒരു  ഗാര്‍ഡിന്റെ ജോലി മുതല്‍  തോട്ടപ്പണി  വരെ .  പിന്നെയെപ്പോഴോ  അയക്കുന്ന പണം കൈപ്പറ്റാന്‍ ആളില്ലാതെ തിരികെയെത്താന്‍  തുടങ്ങിയത് മുതല്‍ ആരോടും  അധികം മിണ്ടാതെ ചിരിക്കാതെ ഈ  മനുഷ്യന്‍ ഇവിടെ വസിക്കുന്നു . ദ്വീപിന്‍റെ ഓരോ  അണുവും അയാള്‍ക്കറിയാം . ആര്‍ക്കും എന്ത് സഹായവും ഏതു സമയത്തും അയാള്‍ ചെയ്തുകൊടുക്കും . അങ്ങിനെയാണ്  ദ്വീപിനു  അയാളുടെ  പേരായി തീര്‍ന്നത് ..എങ്കിലും ഇന്നുവരെ ഇവാനിയോസിന്‍റെ  താമസ സ്ഥലം ആര്‍ക്കും അറിഞ്ഞുകൂടായിരുന്നു .
അവരുടെ വാക്കുകള്‍  അദേഹത്തിലെ നല്ല മനുഷ്യനെ എന്റെയുള്ളില്‍  കോറിയിടാന്‍  പര്യാപ്തമായിരുന്നു . അയാളോട്  കൂടുതല്‍ അടുക്കണം എന്നും  സംസാരിക്കണമെന്നും ഞാനാഗ്രഹിച്ചു . പക്ഷെ  ഇവാനിയോസ് ആരോടും അടുക്കുന്ന  പ്രകൃതമായിരുന്നില്ല .
''കരയുന്നവര്‍ക്കൊപ്പം കരയുക , ചിരിക്കുന്നവര്‍ക്കൊപ്പം ചിരിക്കുക ,ചിന്തിക്കുന്നവര്‍ക്കൊപ്പം ചിന്തിക്കുക , തര്‍ക്കിക്കുന്നവരോടോപ്പം  തര്‍ക്കികുക ,മൗനമവലംബിക്കുന്നവരോടോത്തു  മൗനമായിരിക്കുക , അങ്ങനെ മറ്റുള്ളവരെ നേടാം '' എന്ന്  ഡാഡി പറയാറുള്ളത്  എനിക്കോര്‍മ വന്നു .
വൈകുന്നേരങ്ങളില്‍  ക്ലെയറിന്റെ കൈകളില്‍ നിന്നും ചായ വാങ്ങിക്കൊടുക്കുകയും അയാള്‍ക്കൊപ്പം  വെറുതെയിരിക്കുകയും ചെയ്യുക  ഞാന്‍ ശീലമാക്കി .ആ വീട്  ഒരിക്കല്‍ കൂടി  സന്ദര്‍ശിക്കണ മെന്ന  ആഗ്രഹം  എന്റെയുള്ളില്‍  വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു .
................................................................................................................................................
അദ്ധ്യായം 8
..............................
പ്രണയ ലേഖനങ്ങള്‍
...............................................................

ഒരാഴ്ചത്തെ അവധിക്കു ശേഷം ദ്വീപിലേക്ക്  തിരികെ ചെല്ലുമ്പോള്‍   ഡോക്ടര്‍ ജോണ്‍ പറഞ്ഞാണ്  അറിഞ്ഞത്  , ഇവാനിയോസ് മരിച്ചു എന്ന് .  ഒരു നൊമ്പരം മനസിനെ മഥിച്ചു. അവിടെ പോകണം എന്നുള്ള എന്റെ അഗ്രഹം അതുപോലെ തന്നെ നിലനിന്നിരുന്നു .എങ്കിലും തനിച്ചു പോകുവാന്‍ ഭയം തോന്നി  . ദ്വീപിലെ  മ്യുസിയം ഡോക്ടറിന്റെ സംരക്ഷണയിലായിരുന്നു.  അവിടെ  കണ്ട  ചിത്രത്തെക്കുറിച്ച് അദേഹത്തോട്  പിറ്റേന്ന്  ഞാന്‍ സംസാരിച്ചു .ഞങ്ങള്‍  അതെടുക്കാന്‍ പോകാന്‍ തീരുമാനിച്ചു .സത്യത്തില്‍  അവിടെ കണ്ട  പുസ്തകങ്ങള്‍ എടുക്കുക  എന്നതായിരുന്നു എന്റെ ലക്ഷ്യം .അതുകൊണ്ട് തന്നെ ഞാന്‍  മുന്‍പേ  നടന്നു  . അവിടെക്കണ്ട മൂന്നു  പുസ്തകങ്ങളില്‍  ഒന്ന് ഒരു  ഡയറി ,മറ്റൊന്ന്  കുറച്ചു കത്തുകള്‍ അടുക്കി വച്ച ബുക്ക്‌ ,പിന്നൊന്ന് ഒരു  പ്രാര്‍ത്ഥനാ  പുസ്തകം ഇവയായിരുന്നു .ഡയറിയും കത്തുകളും ഡോക്ടര്‍  കാണാതെ ഞാന്‍ എന്റെ ബാഗില്‍ ഒളിപ്പിച്ചു . ഭിത്തിയില്‍ ഉണ്ടായിരുന്ന  വലിയ ചിത്രം ഇളക്കിയെടുത്തു   മ്യുസിയത്തിലേക്ക് കൊണ്ടുപോവുകയും ചെയ്തു .
ആ ഡയറിയുടെ  ആദ്യഭാഗം നനഞ്ഞും പൊടിഞ്ഞും വായിക്കാന്‍ കഴിയാതെ ആയിരുന്നു .അവസാന രണ്ടു പേജുകള്‍ മാത്രമേ വായിച്ചെടുക്കാന്‍ കഴിഞ്ഞുള്ളൂ . ഇവാനിയോസിന്  അസുഖം ഇടയ്ക്കിടെ കൂടുന്നുവെന്നും  കുഞ്ഞിനേയും കൊണ്ട് അയാള്‍ക്കൊപ്പം താമസിക്കുക ദുഷ്കരം ആണെന്നും അതില്‍  എഴുതിയിരുന്നു.താമസിയാതെ ഒരു  വഴി  കണ്ടെത്തും എന്നും കുറിച്ചിരുന്നു . അതില്‍ നിന്നും ക്ലെയര്‍ പറഞ്ഞതു പോലെ അസുഖം ആ സ്ത്രീക്ക്  അല്ലായിരുന്നു എന്നും ഇവിടെ നിന്നും രക്ഷപെടാന്‍ അവര്‍ കണ്ടെത്തിയ ഒരു മാര്‍ഗം മാത്രമാണ് അതെന്നും  ഞാന്‍ ഊഹിച്ചു . ആ  കത്തുകള്‍, അവ കവിത പോലെ കുറിക്കപ്പെട്ടിരുന്ന അതിസുന്ദരങ്ങളായ പ്രണയ ലേഖനങ്ങള്‍ ആയിരുന്നു .അതിന്‍റെ അവസാനം അവരുടെ പേരുമുണ്ടായിരുന്നു ''ലീഷേ സാമുവല്‍ '
എന്റെ ഒരു മാസത്തെ പഠനം അവസാനിച്ചു ഞാന്‍ തിരികെ പോകുകയാണ്  എന്നറിഞ്ഞ  ഡോക്ടര്‍  എന്നെയും പ്രൊഫസറെയും ഒരു  വൈകുന്നേരം ഒരു വിരുന്നിനു ക്ഷണിച്ചു .ഞങ്ങള്‍ സന്തോഷത്തോടെ  പോയി . ആ കുടുംബം ഞങ്ങളെ കാത്തിരിക്കുകയായിരുന്നു. ഡോക്ടറുടെ  ഭാര്യയെ എവിടെയോ കണ്ട ഒരോര്‍മ തോന്നി . അവര്‍  പുഞ്ചിരിയോടെ  ചോദിച്ചു ''ഇസബെല്‍  അല്ലെ ?
പെട്ടെന്ന് എനിക്കും അവരെ ഓര്മ വന്നു .അന്ന് കപ്പലില്‍ വച്ച് ഞാന്‍ കണ്ടിരുന്നു അവരെ ഒപ്പം ആ കൊച്ചു കുട്ടിയേയും . അവരുടെ പെരുമാറ്റം ഡോക്ടറില്‍ അത്ഭുതം ജനിപ്പിച്ചു .എന്നെ കണ്ട കാര്യം മിഖാല്‍ പറഞ്ഞു . അല്‍പ നേരം ആലോചിച്ചിരുന്ന ശേഷം അദേഹം അകത്തേക്ക് പോയി .ഒരു കടലാസുമായി മടങ്ങി വന്നു . എനിക്ക് നേരെ നീട്ടി .അന്ന് നഷ്ടപ്പെട്ട കടലാസ്
അതില്‍ ഒരു  അഡ്രസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ

ജെന്നി  കെയ്റോ
രൈയിനിംഗ് വാല്ലി
വെസ്റ്റ്  യാന്‍ ''
        .............................................................................................................................
വീട്ടില്‍ എത്തി  രണ്ടാഴ്ചയ്ക്ക് ശേഷം ഒരു ദിവസം
മുറ്റത്തു  നില്‍ക്കുകയായിരുന്ന ഞാന്‍ വലിയൊരു ശബ്ദം കേട്ടകത്തെക്ക് ഓടിച്ചെന്നു....അലമാരയുടെ മുകളില്‍ നിന്നും എന്തോ  എടുക്കാന്‍ സ്ടൂളിന്റെ മുകളില്‍ കയറിയ മമ്മ താഴെ  വീണു കിടക്കുന്നു .  നെറ്റി പൊട്ടി  ചോര വരുന്നുണ്ട് ..ഞാന്‍ വേഗം തൂവാലകൊണ്ട് തുടച്ചു . താങ്ങിയെഴുന്നെല്പിച്ചു  കാറില്‍ കൊണ്ടിരുത്തി .ആശുപത്രിയിലേക്ക് കൊണ്ടുപോയി . സാരമായ പരിക്കില്ല എന്നും വിശ്രമം ആവശ്യമാണ്എന്നും ഡോക്ടര്‍ പറഞ്ഞു . ഡാഡിയോട്  ഫോണ്‍ വിളിച്ചു  പറഞ്ഞ ശേഷം ഞാന്‍ തന്നെ മമ്മയും കൊണ്ട്  തിരികെയും വണ്ടിയോടിച്ചു  വീട്ടിലെത്തി .
ഞങ്ങള്‍ എത്തിയപ്പോള്‍ ഡാഡി വീട്ടില്‍ എത്തിയിരുന്നു . പപ്പാ കൈയിരുന്ന പൊതി  എനിക്ക് നേരെ നീട്ടി .ഒരു  പുസ്തകം ആയിരുന്നു അത് ''സിമ്പിള്‍ ലവ് ''

മമ്മയെ  കൊണ്ടുപോയി  കിടത്തിയ ശേഷം ഞാന്‍   മുകളിലേക്ക് പോയി  . മമ്മ വീണപ്പോള്‍ കുറെ ഫയലുകളും  പേപ്പറുകളും അവിടെ ചിതറി വീണിരുന്നു ..എല്ലാം അടുക്കി വയ്ക്കുന്നതിനിടയില്‍   തുറന്നുവീണു പോയ ഒരു  നീല ഫയല്‍ ഞാന്‍ കണ്ടു . അതിന്റെ  അവസാന പേജു  വ്യക്തമായി കാണാമായിരുന്നു ...അതൊരു സമ്മത പത്രം ആയിരുന്നു
''രണ്ടു  വയസുള്ള ഇസബെല്‍ ഫ്ലോറ  എന്ന എന്റെ മകളെ  നിരുപാധികം ഏല്പിക്കുന്നു എന്നും ഇനി മേലില്‍ യാതൊരുവിധ അവകാശവാദവും ഉന്നയിക്കില്ല എന്നും അതില്‍ എഴുതിയിരുന്നു .
എന്ന്  ലീഷേ സാമുവല്‍ ''

എന്റെ  കൈയിലിരുന്നു  ആ  പേപ്പര്‍ വിറച്ചു .  ഇരുപതു വര്‍ഷം നീണ്ട ഒരു  നാടകത്തില്‍  അഭിനയിക്കുകയായിരുന്നു  ഞാനെന്നു എനിക്ക് തോന്നിപ്പോയി .ഡാഡി മുകളിലേക്ക് കയറി വരുന്ന ശബ്ദം കേട്ടു. എന്നെയും കൈയിലിരുന്ന  കടലാസും കണ്ട  അദേഹം  സ്തബ്ദനായി  നിന്ന്  പോയി  .പിന്നെയൊന്നും മിണ്ടാതെ  യഥാസ്ഥാനത്ത് വച്ച്   എന്‍റെ മുഖം തുടച്ചു . എന്നെയും കൂട്ടി  താഴേക്ക്‌  പോയി .

കൈകളും കാലുകളും വിറയ്ക്കുന്നതുപോലെ  എനിക്ക്  തോന്നി ..ഞാന്‍ കണ്ണടച്ചു  കിടന്നു . കട്ടിലിന്റെ  അരികില്‍  ആ പുസ്തകം ഉണ്ടായിരുന്നു .സിമ്പിള്‍ ലവ് .അതെടുത്തു വെറുതെ മറിച്ചുനോക്കുമ്പോള്‍ ഇവാനിയോസിന്റെ കണ്ണുകള്‍ തെളിഞ്ഞു വരുന്നതായി എനിക്ക് തോന്നി .കാരണം അതിലെ  ഓരോ  വരികളും എനിക്ക് പരിചിതമായിരുന്നു .  അവ  ആ വീട്ടില്‍ നിന്ന് കിട്ടിയ  കത്തുകളുടെ  പുസ്തക രൂപമായിരുന്നു .പേജുകളുടെ  അവസാനം ഞാനാ പേര്  തിരഞ്ഞു ലീഷേ ..!! പക്ഷെ  ഞാന്‍ കണ്ടത്  മറ്റൊന്നായിരുന്നു ..ജെന്നി  കെയ്റോ ..!!
പിറ്റേന്ന്   ..ഞങ്ങള്‍  മൂവരും  ഒരുമിച്ചു ഒരു  യാത്ര പോയി .
വല്ലാത്ത  ശാന്തത  കളിയാടുന്ന  സ്ഥലം . ഒരു  ചെറിയ വീട് .  ഉള്ളില്‍  കട്ടിലില്‍  അസ്ഥിപഞ്ജരം പോലെ ഒരു  ശരീരം . ..
''നീ  വരുമെന്ന്  എനിക്കറിയാമായിരുന്നു ''  പതിഞ്ഞ സ്വരം ...ഒപ്പം രണ്ടു മിഴിനീര്‍ തുള്ളികളും ...എന്റെ  കൈത്തലം അമര്‍ത്തി പിടിച്ചു കൊണ്ട് അടുത്തുണ്ടായിരുന്ന ടീപോയില്‍  നിന്നും അവരൊരു ഡയറി എടുത്തു എനിക്ക് തന്നു .. മനോഹരമായ കൈയക്ഷരത്തില്‍ അതില്‍  കുറിച്ചിരുന്നു ''സിമ്പിള്‍ ലവ് ''. അതില്‍ നിന്നും  ഇവാനിയോസിന്റെ ചുമരിലെ ചിത്രത്തിന്‍റെ ചെറിയൊരു പതിപ്പ്  താഴേക്ക്‌ വീണു ......!!

ജെന്നി  കെയ്റോയുടെ   മൃതസംസ്കാരം  കഴിഞ്ഞു വീട്ടിലേക്കു   മടങ്ങുമ്പോള്‍ ഞങ്ങള്‍ക്കിടയിലെ മൗനം നേര്‍ത്തു നേര്‍ത്തു ഇല്ലാതാവുന്നുണ്ടായിരുന്നു . ഒപ്പം  പുതിയ കഥകളിലേക്ക്  ഞാന്‍ നടന്നു തുടങ്ങുകയും .......!!!

1 അഭിപ്രായം: