2014, മാർച്ച് 30, ഞായറാഴ്‌ച

ചകിതയുടെ വേരുകള്‍


നീ എവിടുന്നാണ് വരുന്നത് ??
ചോദ്യത്തിനുത്തരമായി അവള്‍ തന്നെ തുറിച്ചു നോക്കുന്നതായി അയാള്‍ക്ക് തോന്നി .ആ തോന്നല്‍ അയാളെ നിശബ്ദനാക്കി. പതിനെട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പെന്ന പോലെ നിസ്സഹായനും..!!
വഴിതെറ്റിയാണെങ്കില്‍ പോലും ഈ ലൈബ്രറി ഹാളിലേക്ക് വരരുതായിരുന്നു എന്ന് അയാള്‍ക്കു തോന്നി . ആ വിശാലമായ ഹാള്‍ നിശബ്ദമായി സംസാരിച്ചുകൊണ്ടിരുന്നു .
ഓരോ ഷെല്‍ഫിലും നോട്ടമെത്തുമ്പോള്‍ അതിലിരിക്കുന്ന പുസ്തകങ്ങള്‍ ഒന്നിളകിയിരിക്കുകയും അവയ്ക്കുള്ളിലെ ആശയങ്ങള്‍ ദീര്‍ഘമായി നിശ്വസിക്കുകയും ചെയ്യുന്നത് പോലെ ..!!
അയാള്‍ മുഖം കുനിച്ച് കൈകളിലിരുന്ന ചെറിയ കവിതാ പുസ്തകത്തെ ഒന്നുകൂടി നോക്കി .''ചകിതയുടെ വേരുകള്‍ '' . മീരാദേവി .ഇ .എസ്.
ആദ്യ പേജുകള്‍ മറിച്ചു നോക്കുമ്പോള്‍ ..''നീ എവിടുന്നാണ് വരുന്നത് ''? എന്ന തലക്കെട്ട്‌ .
ബാക്കി വായിച്ചെടുക്കാന്‍ കഴിയുന്നില്ല . കണ്ണുകള്‍ എങ്ങും തങ്ങുന്നില്ല,
പുറത്തു ആരവം കേട്ടുതുടങ്ങി . അയാള്‍ വരാന്തയിലേക്ക് നോക്കി .
നീയെന്താ തനിച്ചു നില്‍ക്കുന്നത് വാടാ ..!!
കൂട്ടുകാര്‍ അയാളെ കൈകാട്ടി വിളിച്ചു . അയാള്‍ വീണ്ടും തിരിഞ്ഞ് ലൈബ്രറി ഹാളിലേക്ക് നോക്കി . അവള്‍ വായിക്കുന്നു . പുറത്തേക്ക് പോകണോ .അവളുടെ അരികിലേക്ക് നടക്കണോ എന്നറിയാതെ ഒരു നിമിഷം അവിടെ നിന്നു. അവള്‍ അയാളെ മുഖമുയര്‍ത്തി നോക്കുന്നതായി അയാള്‍ക്ക് തോന്നി . ആ തോന്നല്‍ അയാളെ നിസ്സഹായനാക്കി .
പ്രകാശന്‍ വന്നുവോ ? സുകുമാരന്‍ മാഷാണ് . അദേഹത്തെ കാണാന്‍ വേണ്ടിയാണ് ഇത്ര ദൂരം വന്നത് ..!!
തോളില്‍ തട്ടിക്കൊണ്ട് ചോദിച്ചു ;തനിക്കു സുഖമാണോ?
അതെയെന്നു തലയാട്ടുമ്പോള്‍ മേശ പ്പുറത്തേക്കു തിരികെ വച്ച പുസ്തകത്തിന്‍റെ അവസാന പേജുകള്‍ കാറ്റ് വന്നു തുറന്നു .....
അവസാന കവിതയുടെ തലക്കെട്ട് അയാള്‍ക്ക് വായിക്കാന്‍ കഴിഞ്ഞു ''ഹൃദയത്തില്‍ നിന്ന് ''
അവള്‍ വീണ്ടും തന്നെ നോക്കുന്നതായി അയാള്‍ക്ക് തോന്നി .ആ തോന്നല്‍ അയാളെ നിശബ്ദനാക്കി .കൂടുതല്‍ നിസ്സഹായനും ...!!!!

സിമ്പിള്‍ ലവ്

അദ്ധ്യായം 1
ആദ്യനഷ്ടം
........................

''തടവറയിലെ തണല്‍മരം '' ജെന്നി കെയ്റോയുടെ പുസ്തകം വായിക്കുകയായിരുന്നു ഞാന്‍ .സാങ്കല്പികമോ ? യാഥാര്‍ത്ഥ്യമോ എന്ന് തിരിച്ചറിയാന്‍ കഴിയാത്തവിധം ജീവിതത്തോട് അത്രമേല്‍ ഇഴചെര്‍ന്നിരുന്നു അതിലെ ഉള്ളടക്കവും ആഖ്യാനശൈലിയും .
കപ്പല്‍ യാത്രയുടെ വിരസതയകന്ന ഒരു ദിവസമാണിന്ന് .സമയം പത്തുമണി കഴിഞ്ഞിരിക്കുന്നു .വെയിലുണ്ടെങ്കിലും കടലില്‍ നിന്നും തണുത്ത കാറ്റും വീശുന്നുണ്ട്.ആകാശം തെളിഞ്ഞതാണ് . കപ്പലിന്‍റെ മുകള്‍ത്തട്ടില്‍ അധികം ആരും ഉണ്ടായിരുന്നില്ല .അലോസരങ്ങള്‍ ഇല്ലാതെ നിര്‍ബാധം എന്റെ വായന തുടര്‍ന്ന് കൊണ്ടേയിരുന്നു,

വായനക്കിടയില്‍ മയങ്ങിപ്പോയ എന്റെ കൈയില്‍ ൈനിന്നും പുസ്തകമൂര്‍ന്നു താഴേക്ക്‌ വീണു .
ഉണര്‍ന്നു നോക്കിയ എന്റെ മുന്നില്‍ ഒരു ചെറിയ പെണ്‍കുട്ടി നിന്നിരുന്നു .അവള്‍ താഴേക്ക്‌ കൈ ചൂണ്ടി .ഒരു കടലാസ് പറന്നു പോകുന്നു .വായിച്ചുകൊണ്ടിരുന്ന പുസ്തകത്തിന്റെ പേജാണോ ? അതോ മറ്റെന്തെങ്കിലും കുറിപ്പാണോ ? എന്ന് എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല . ഞാനും ആ കുട്ടിയും കൂടി താഴേക്ക്‌ നോക്കി നില്‍ക്കുമ്പോള്‍ പിന്നില്‍ നിന്നും ആരോ വിളിച്ചു .''എമി ''
ആ കുട്ടി പെട്ടെന്ന് തിരിഞ്ഞു മമ്മ എന്ന് വിളിച്ചുകൊണ്ടു ഓടിച്ചെന്നു . എന്റെ പുസ്തകത്തില്‍ നിന്നും എന്തോ താഴേക്ക്‌ പറന്നു പോയി എന്ന് പറഞ്ഞുകൊണ്ടു കൈ ചൂണ്ടി കാണിച്ചു .

അവര്‍ പൊക്കം കൂടിയ സുന്ദരിയായ ഒരു സ്ത്രീയായിരുന്നു . വലിയ കണ്ണുകള്‍ നിരീക്ഷണപാടവം
വിളിച്ചോതുന്നുണ്ടായിരുന്നു.മനോഹരമായി പുഞ്ചിരിച്ചു കൊണ്ട് അവര്‍ എന്റെ നേരെ കൈനീട്ടി .''മിഖാല്‍ മോഷെ''. ഞാനും പുഞ്ചിരിച്ചു കൊണ്ട് ഹസ്തദാനം ചെയ്തു . ''ഇസബെല്‍ ഫ്ലോറ. ''
അവര്‍ രണ്ടുപേരും കപ്പലിന്‍റെ താഴേക്ക്‌ പോയി .

എന്റെ ചിന്ത നഷ്ടപ്പെട്ട ആ പേപ്പറിനെ കുറിച്ചായിരുന്നു . പുസ്തകം മറിച്ചുനോക്കി അതിന്റെ പേജുകളൊന്നും പോയിട്ടില്ല എന്ന് ഉറപ്പു വരുത്തി .വെറുമൊരു കടലാസ് മാത്രമായിരുന്നോ അത് ? അതോ മറ്റെന്തിലും ? ശക്തിയായി വീശിത്തുടങ്ങിയ തണുത്ത കാറ്റ് എന്നെ ചിന്തയില്‍ നിന്നുണര്‍ത്തി .
മുറിയിലെത്തി ഫ്ലാസ്കില്‍ നിന്നും ഗ്ലാസിലേക്കു ചായ പകര്‍ന്നുകൊണ്ട് ഞാന്‍ പുറത്തേക്കു നോക്കി .കൈയില്‍ ഒരു പേപ്പറുമായി വൃത്തിയായി വേഷം ധരിച്ച ഒരു മനുഷ്യന്‍ കപ്പലിന്‍റെ മുകള്‍ത്തട്ടില്‍ നിന്നുകൊണ്ട് ആരെയോ തിരയുന്നുണ്ടായിരുന്നു .
ധൃതിയില്‍ ഓടിച്ചെന്നപ്പോഴേക്കും അവിടെയെങ്ങും ആരെയും കാണാത്തത് കൊണ്ട് അയാള്‍ തിരികെ പോയിക്കഴിഞ്ഞിരുന്നു ..........

അദ്ധ്യായം 2
ദ്വീപ്‌
.............

ഇവാനിയോ ദ്വീപില്‍ എത്തിയ ഉടനെ തന്നെ പ്രൊഫസര്‍ അലക്സ് മൈക്കില്‍ നെ ചെന്നു കണ്ടു ,അദേഹത്തോടൊപ്പം അവിടെ ഒരു മാസം ചിലവഴിക്കുകയായിരുന്നു എന്റെ ഉദ്ദേശ്യം . അദേഹം വളരെ സന്തോഷത്തോടെ എന്നെ സ്വീകരിച്ചു . പഠനത്തോടുള്ള എന്റെ താല്പര്യം അറിയാവുന്നത് കൊണ്ട് തന്റെ പ്രബന്ധങ്ങളുടെ ക്രോഡീകരണം പൂര്ത്തിയയാക്കാന്‍ അവിടേക്ക് എന്നെ ക്ഷണിക്കുകയായിരുന്നു .
എപ്പോഴും വെളുത്ത വസ്ത്രങ്ങള്‍ ധരിക്കാന്‍ ഇഷ്ടപ്പെടുന്ന ആളായിരുന്നു പ്രൊഫസര്‍ . പൊക്കം കുറഞ്ഞു തടിച്ചൊരു മനുഷ്യന്‍ . വിശാലമായ നെറ്റിയും തീക്ഷ്ണമായ കണ്ണുകളും . എന്തിനെയും അതിസൂക്ഷ്മം വിശകലനം ചെയ്തിരുന്ന അദേഹം എപ്പോഴും എന്തെങ്കിലും പുതിയ പരീക്ഷണനിരീക്ഷണങ്ങളില്‍ ഏര്പ്പെിട്ടുകൊണ്ടുമിരുന്നു .ഉച്ചയ്ക്ക് ശേഷം കാണാം എന്ന് പറഞ്ഞു അദേഹം എനിക്കായി ഒരുക്കിയിരുന്ന താമസസ്ഥലം കാണിച്ചു തന്നതിനു ശേഷം യാത്ര പറഞ്ഞു പുറത്തേക്ക് പോയി .

മ്യുസിയവും ലൈബ്രറിയും അടക്കമുള്ള വലിയൊരു കെട്ടിടമായിരുന്നു അത് .കരിങ്കല്ലുകളാല്‍ നിര്മിിതം .ഏതോ ഗതകാലപ്രൌഡിയെ ഓര്മിിപ്പിക്കും വിധം തലയുയര്ത്തി് നില്ക്കു ന്നു . പുറമേ നിന്ന് നോക്കുമ്പോള്‍ ചെറിയ മുറികള്‍ പോലെ തോന്നിക്കുമെങ്കിലും അടുക്കളയും കിടപ്പുമുറിയും സ്വീകരണമുറിയും ബാത്ത്റൂമുകളും ചേര്ന്ന്ോ ഓരോ കൊച്ചുവീടുകള്‍ ആയിരുന്നു അവയെല്ലാം .ഞാന്‍ പെട്ടിയും ബാഗും അകത്തു കൊണ്ട് വച്ചശേഷം പുറത്തേക്കിറങ്ങി . ആരുടേയും ശ്രദ്ധ ആകര്ഷി ക്കുന്ന അതിമനോഹരമായ ഒരു പൂന്തോട്ടം . അതില്‍ ആരെയും ശ്രദ്ധിക്കാതെ സ്വന്തം ജോലി ശ്രദ്ധാപൂര്വം് ചെയ്യുന്ന തോട്ടക്കാരന്‍ . എന്റെ ഓര്‍മകള്‍ വളരെ പെട്ടെന്ന് വീട്ടിലേക്കു ചേക്കേറാന്‍ ആ കാഴ്ച ധാരാളം മതിയായിരുന്നു .
(തുടരും )
അദ്ധ്യായം 3 .
................................
വീട്
............

കൈയില്‍  കളിപ്പാട്ടത്തിനു പകരം ചിത്രകഥ പുസ്തകവുമായി ഒരു കൊച്ചു പെണ്‍കുട്ടി പൂമ്പാറ്റയെ പോലെ പാറി നടക്കുന്നു ,ആ പൂന്തോട്ടത്തില്‍.  വിവിധ നിറങ്ങളില്‍ ധാരാളം പൂവുകള്‍ വിടര്‍ന്നു നില്‍ക്കുന്ന അതിന്റെ അതിരുകളില്‍ ബോഗന്‍ വില്ലകള്‍ പൂത്തു നില്‍ക്കുന്നു . ''ഫ്ലോറാ ''  മമ്മയുടെ വിളിയാണ് .
രണ്ടുനിലയുള്ള ആ വീട്ടില്‍ എനിക്കേറ്റം ഇഷ്ടം വായനാമുറിയും അതുകഴിഞ്ഞാല്‍ പൂന്തോട്ടവും ആണെന്ന് മമ്മയ്ക്കറിയാം .ഞങ്ങള്‍ ആ വീട്ടിലേക്കു താമസം വന്നത്  എനിക്ക്  രണ്ടു വയസുള്ളപ്പോഴാണ്‌.അതിനുശേഷം എത്രയോ  പുതിയ ചെടികള്‍ ഡാഡി കൊണ്ടുവന്നിരിക്കുന്നു . അതിലുമേറെ പുസ്തകങ്ങളും ആ വലിയ ശേഖരത്തിലേക്ക്  കൂട്ടി ചേര്‍ക്കപ്പെട്ടിരിക്കുന്നു .
അറിയപ്പെടുന്ന സൈക്യാട്രിസ്റ്റാണ് മമ്മ . എങ്കിലും എനിക്കൊപ്പം ചിലവഴിക്കാന്‍ എപ്പോഴും  സമയം കണ്ടെത്തുമായിരുന്നു . വളരെ തിരക്കുള്ള ബിസിനസ്സ് മാന്‍ ആയിരുന്നു എങ്കിലും ഡാഡിയും എന്റെ കാര്യങ്ങളൊന്നും മറന്നിരുന്നില്ല . ഒരു  ചെറിയ കുട്ടിക്ക് ഇത്രയേറെ പരിഗണന അവശ്യമുണ്ടോ എന്ന് പലപ്പോഴും എനിക്ക് തന്നെ തോന്നിയിട്ടുണ്ട് .വീട്  എന്റെ ലോകമായിരുന്നു .അക്കാര്യത്തില്‍ വളരെ ഭാഗ്യവതിയാണ്‌ ഞാന്‍ .
മുതിര്‍ന്നപ്പോഴും പഠന വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും  യാത്രകള്‍ പോകുന്നതിലും എനിക്ക്  സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിരുന്നു. ലിസയും  ഡാനിയേലും  ഫ്ലോറയ്ക്ക്  അമിത സ്വാതന്ത്ര്യമാണ് നല്‍കുന്നതെന്ന് വലിയമ്മ ളൂയിസാ മിക്കപ്പോഴും പറയാറുണ്ട് ,  അവരും  ഒരേയൊരു  മകളും ഞങ്ങളുടെ വീടിനു  അടുത്താണ് താമസിച്ചിരുന്നത് .  ഡാഡിയുടെ അകന്ന ബന്ധത്തില്‍ പെട്ട സ്ത്രീയായിരുന്നു  അവരെങ്കിലും മമ്മ വല്ലാത്തൊരു അടുപ്പം സൂക്ഷിച്ചിരുന്നത്  എനിക്കത്ര  ഇഷ്ടമുണ്ടയിരുന്നില്ല .
ഇവാനിയോസ്  ദ്വീപിലേക്കുള്ള യാത്രയുടെ  കാര്യത്തിലും  പതിവുപോലെ ആരും എതിര്‍പ്പ് പറഞ്ഞില്ല . മാത്രവുമല്ല , എല്ലാ സൌകര്യങ്ങളും ഒരുക്കി തരികയും ചെയ്തു . രണ്ടുപേരുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നു എങ്കിലും  സന്തോഷപൂര്‍വം തന്നെയാണ് അവരെന്നെ യാത്രയയച്ചത് .
                                                ....
ആരോ  സംസാരിക്കുന്ന  സ്വരം കേട്ട്  ഞാന്‍ തിരിഞ്ഞു നോക്കി , പ്രൊഫസര്‍ക്കൊപ്പം മറ്റൊരാളും കൂടി നടന്നുവരുന്നു .വേഷത്തില്‍ നിന്നും അദേഹം ഒരു ഡോക്ടര്‍ ആണെന്ന്  എനിക്കൂഹിക്കാന്‍ കഴിഞ്ഞു .
#############################################################################

അദ്ധ്യായം 4
...............................
വീഴ്ച
....................
''ഹായ്  ഇസബെല്‍  ഇത്  ഡോക്ടര്‍  ജോണ്‍'' പ്രൊഫസര്‍ പരിചയപ്പെടുത്തി . ഹായ്  ഡോക്ടര്‍ ഞാന്‍ അദേഹത്തെ അഭിവാദ്യം ചെയ്തു .
ഒറ്റ നോട്ടത്തില്‍ തന്നെ ആരുടേയും  ശ്രദ്ധയാകര്‍ഷിക്കാന്‍  കഴിയുന്ന  സുമുഖനായിരുന്നു  ഡോക്ടര്‍ ജോണ്‍. നല്ല ഉയരം  ,നീല നിറമുള്ള കണ്ണുകള്‍ . ഒരു  ചുളിവു പോലും വരുത്താതെ വൃത്തിയായി  ധരിച്ച വേഷം .നേര്‍ത്തൊരു പുഞ്ചിരിയോടെ അദേഹം ഹെലോ  പറഞ്ഞു .
''ഇസബെല്‍  ഫ്ലോറ  എന്റെ  അസിസ്റ്റന്റ്''  കുറച്ചു ദിവസങ്ങള്‍  ഇവിടെയുണ്ടാവും '' പ്രൊഫസര്‍ എന്നെ  പരിചയപ്പെടുത്തി .
പോയിട്ട്  അല്പം തിരക്കുണ്ടെന്നും  വീണ്ടും കാണാമെന്നും പറഞ്ഞു ഡോക്ടര്‍ ജോണ്‍ തന്റെ  കോട്ടിന്റെ  പോക്കറ്റില്‍   കൈകള്‍ തിരുകി .എന്തോ  ആലോചനയില്‍ മുഴുകി  വളരെ ധൃതിയില്‍ നടന്നുപോയി .
ഡോക്ടര്‍ ജോണ്‍  ഒരു  നല്ല മനുഷ്യനാണ് .ഉയര്‍ന്ന ബിരുദങ്ങള്‍ പല യൂണിവേര്‍‌സിറ്റികളില്‍ നിന്നും നല്ല നിലയില്‍ പാസ്സായിട്ടുണ്ട് . എന്നിട്ടും പലരും വരാന്‍ മടിക്കുന്ന ഈ  ദ്വീപില്‍  രോഗികളെ ശുശ്രുഷിക്കുന്നതതില്‍  അയാള്‍ ആത്മസംതൃപ്തി കണ്ടെത്തുന്നു. .ഭാര്യയും മകളുമടങ്ങുന്ന കൊച്ചു കുടുംബവും ഇവിടെത്തന്നെയാണ് താമസം .പ്രൊഫസറുടെ വാക്കുകള്‍  അദേഹത്തിന്  ഡോക്ടറോടുള്ള  താല്പര്യം വെളിവാക്കുന്നവയായിരുന്നു .
ഞങ്ങള്‍  നേരെ ഊണ് മുറിയിലേക്ക്  പോയി  .  വൈകുന്നേരത്തെ പതിവുള്ള ചായ കഴിച്ചതിനു ശേഷം അദേഹം  എനിക്ക്  ദ്വീപിനെ കുറിച്ച് ചെറിയ ഒരു  വിവരണം തന്നു .   ക്രോഡീകരണം നടത്തേണ്ട  വിഷയങ്ങളും അവയെ  സംബന്ധിക്കുന്ന  ചില  രേഖകളും  നല്‍കി .  എവിടെയോ  പോകാനുണ്ടെന്നും നാളെ ഉച്ചയ്ക്കുശേഷം കാണാമെന്നും പറഞ്ഞു . ഞങ്ങള്‍ പിരിഞ്ഞു
പകല്‍ സമയങ്ങളില്‍  അവിടം വൃത്തിയാക്കാനും ആഹാരം ഉണ്ടാക്കാനുമായി   ക്ലെയര്‍ എന്ന  പ്രായം ചെന്ന സ്ത്രീ വരാറുണ്ടായിരുന്നു. അവര്‍ എനിക്കുള്ള ഭക്ഷണം മുറിയില്‍  എത്തിച്ചിരുന്നു  .
സമയം  നാലുമണി  കഴിഞ്ഞതേയുള്ളൂ. വേനല്‍ക്കാലം ആയതിനാല്‍ സൂര്യനസ്തമിക്കാനും  ഇരുട്ട് പരക്കാനും രാത്രി എട്ടുമണി എങ്കിലും ആകും .അല്പദൂരം നടക്കാമെന്ന് കരുതി  ആ  പേപ്പറുകള്‍ മുറിയില്‍ വച്ചിട്ട്  ഞാന്‍ പുറത്തേക്കിറങ്ങി . സുഖകരമായ കാലാവസ്ഥയായിരുന്നു  . അല്പം അകലെ ഒരു  വലിയ മരവും അതിനു മുന്നില്‍  ഒരു  ചാരുബഞ്ചും കണ്ടു  അവിടെയിരിക്കാം എന്ന്  കരുതി മുന്നില്‍  പുല്‍ത്തകിടി പോലെ തോന്നിച്ച ഭാഗത്തേക്ക്‌   സാവധാനം   ചിന്തയില്‍  മുഴുകി  നടന്ന ഞാന്‍ പുല്ലുമൂടിക്കിടന്ന  ഒരു കുഴിയിലേക്ക്  പെട്ടെന്ന്  വീണുപോയി .
-----------------------------------------------------------------------------------------------------------------------
അദ്ധ്യായം  5
ഒരു  രാത്രി
..........................................
പെട്ടെന്നുണ്ടായ വീഴ്ചയില്‍  ഞാന്‍ ഭയന്ന് നിലവിളിച്ചു .
.  മരത്തിന്റെ  വേരുകള്‍ പൊതിഞ്ഞ ഒരു കുഴിയാണ്  അതെന്നു  ഒറ്റനോട്ടത്തില്‍    മനസിലായി .  എഴുന്നേറ്റു മുകളിലേക്ക് നോക്കിയപ്പോള്‍ കുറഞ്ഞത്‌  മൂന്നാള്‍ താഴ്ചയുള്ള കുഴിയിലാണ്  വീണതെന്ന്  സാവധാനം ഞാന്‍ മനസിലാക്കി . വേരുകളില്‍ പിടിച്ചു  മുകളിലേക്ക്  കയറാനുള്ള  ശ്രമം വിഫലമാകുന്തോറും എന്നില്‍  ഭയം വര്‍ധിച്ചു  .  ഉച്ചത്തില്‍  വിളിച്ചുകൊണ്ടെയിരുന്നെങ്കിലും ആരെങ്കിലും  കേള്‍ക്കാനുള്ള സാധ്യത വിരളമായിരുന്നു .
മുഖത്തിന്റെ ഒരു വശം വേരുകളില്‍ ഉരഞ്ഞു ചോര വരുന്നുണ്ടായിരുന്നു . കൈമുട്ടുകളും മുറിഞ്ഞിരുന്നു .  ഇതൊരു  ഇടത്താവളം ആണെങ്കില്‍ ഇനിയും താഴ്ചയിലേക്ക്  വീണുപോകാനുള്ള സാധ്യതയുമുണ്ടായിരുന്നു . ശരീരം മുഴുവന്‍ വിറയ്ക്കുന്നതായി  എനിക്കനുഭവപ്പെട്ടു . വളരെ  ബലമുള്ള വേരുകള്‍ ഭിത്തിയില്‍ പറ്റിയിരിക്കുന്നത്  പാമ്പുകളെ പോലെ തോന്നിച്ചു . സമയം രാത്രിയായിക്കൊണ്ടിരുന്നു ,തല്‍ഫലമായി  കുഴിയിലെ കാഴ്ചകള്‍ മങ്ങിത്തുടങ്ങി . വള്ളി പടര്‍പ്പുകള്‍ക്കിടയില്‍ ഇഴജന്തുക്കളുടെ സാന്നിദ്ധ്യവും തള്ളിക്കളയാന്‍ ആവുമായിരുന്നില്ല .
കൈകള്‍ കൊണ്ട്  ചുറ്റുമുള്ള കാടുപടലങ്ങള്‍ വകഞ്ഞു മാറ്റിയപ്പോള്‍ ഒരു  ചവിട്ടു കല്ല്‌ എന്റെ ശ്രദ്ധയില്‍പെട്ടു. മുകളിലേക്കുള്ള വഴി ആയിരിക്കും എന്ന്  കരുതി ഞാന്‍ അതിലേക്കു കയറാന്‍ ശ്രമിച്ചു . രണ്ടുകൈകള്‍ കൊണ്ടും മുകള്‍ ഭാഗത്തെ വലിയ വേരുകളില്‍ മുറുകെ പിടിച്ചു കൊണ്ട് ഞാന്‍ കാലുകള്‍ അതിലെക്കെടുത്തു വച്ചു  .പെട്ടെന്ന് ഞാന്‍ കയറിയ കല്ല്‌  ഭാരം നിമിത്തം വലത്തേക്ക്  തിരിഞ്ഞു .
ഒരുനിമിഷം !!
താഴെ നിന്നും വലിയൊരു ശബ്ദം കേട്ടു.  അടിയില്‍ ഉണ്ടായിരുന്ന പാറ ഒരു വശത്തേക്ക്  നീങ്ങുന്നു .മരവള്ളിയില്‍ തൂങ്ങിക്കിടന്ന ഞാന്‍   കൈവിട്ടു താഴേക്ക്‌ പതിച്ചു . വീഴ്ചയില്‍  എവിടെയോ  ചെന്നു  തല ശക്തമായി  ഇടിച്ചു  ,   മരണത്തിലേക്ക് പോകുകയാണെന്ന്  ഉള്ളിലിരുന്നു  ആരോ  പറഞ്ഞു .എന്റെ  ബോധം നഷ്ടമായിപ്പോകുന്നത്  ഞാന്‍ അറിഞ്ഞു .
--------------------------------------------------------------------------------------------------
അദ്ധ്യായം 6
ഒരു  പുതിയ വഴി
.....................................................
സൂര്യകിരണങ്ങള്‍ മുഖത്തുപതിച്ചു പൊള്ളിത്തുടങ്ങിയപ്പോള്‍  ഞാനുണര്‍ന്നു , എന്റെ  തൊണ്ട  വറ്റിവരണ്ടിരുന്നു. ഞാനെവിടെയാണെന്നും  എന്താണ് സംഭവിച്ചതെന്നും ഓര്‍ത്തെടുക്കാന്‍ അല്പനേരം വേണ്ടിവന്നു . ഞാന്പിടഞ്ഞെണീറ്റ് ചുറ്റും നോക്കി ഒരു  വശത്തായി ഒരാള്‍ക്ക്  കഷ്ടിച്ച്  കടന്നുപോകാവുന്ന ഒരു  പാത .ഒരുപക്ഷെ  പണ്ടെങ്ങോ  യുദ്ധകാര്യങ്ങള്‍ക്കായി  സൃഷ്ടിക്കപ്പെട്ട ഒരു  ഒളിത്താവളത്തിലേക്കുള്ള വഴിയാവാം .എന്തായാലും മുകളിലേക്കു കയറി രക്ഷപ്പെടുക എന്നത് അസാധ്യമായതിനാല്‍ ആ ഇരുണ്ട വഴിയിലൂടെ  മുന്നോട്ടു പോകാന്‍  തീരുമാനിച്ചു .  ഓരോ  ചുവടും ശ്രദ്ധാപൂര്‍വം വച്ച് ഞാന്‍നടന്നു .  അത്  ചെന്നെത്തുന്നത്  കരിങ്കല്ലില്‍  തീര്‍ത്ത ഒരു  മതിലിനുള്ളിലായിരുന്നു . അവിടെ  ചെറിയ  ഒരു  പഴയ വീടും ഉണ്ടായിരുന്നു . ആരെങ്കിലും കണ്ടേക്കും എന്ന് വിചാരിച്ചു അതിനടുത്തേക്ക്  നടന്നു . ആരെയും കണ്ടില്ല . വീടിന്റെ  വാതില്‍ തുറന്നു കിടന്നിരുന്നു . അതിനുള്ളില്‍ കൂടി കടന്നല്ലാതെ  അപ്പുറത്തെത്താന്‍ കഴിയില്ലായിരുന്നു . ഞാന്‍ പതിയെ  അതിലേക്ക്  കടന്നു .  ആരോ അവിടെ  താമസിക്കുന്നു എന്ന്  വ്യക്തമായിരുന്നു . എന്നാല്‍  അവിടമാകെ വൃത്തിഹീനമായി മാറാല പിടിച്ചു കിടന്നിരുന്നു.  ഒരു  കൂജയില്‍  നിറച്ച് വച്ചിരുന്ന വെള്ളം ഞാന്‍ ആര്‍ത്തിയോടെ  കുടിച്ചു .  വെറും രണ്ടു മുറികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ . രണ്ടും കടന്നല്ലാതെ പുറത്തിറങ്ങാന്‍  കഴിയില്ലായിരുന്നു. ഒരു  മുറി  ആരോ  കിടപ്പ് മുറിയായി ഉപയോഗിക്കുന്നു  എന്ന്  മനസിലായി . മറ്റേ  മുറിയില്‍  ഒരു ഷെല്‍ഫും അതില്‍  മൂന്ന് പുസ്തകങ്ങളും  ഭിത്തിയില്‍  വളരെ പഴക്കം തോന്നിക്കുന്ന ഒരു കുടുംബ ഫോട്ടോയും  മാത്രമേ ഉണ്ടായിരുന്നുള്ളൂ .  രണ്ടു  പുരുഷന്മാരും ഒരു സ്ത്രീയും അവരുടെ കൈയില്‍  ഒരു  കുഞ്ഞും , പുരുഷന്മാരുടെ മുഖം ഒരുപോലെ ആയിരുന്നു . ഇരട്ടകള്‍ ആണെന്ന്  വ്യക്തം . പുറത്തേക്കുള്ള  വാതിലില്‍  എത്തിയപ്പോഴേക്കും  രണ്ടു  കണ്ണുകള്‍ എന്നെ തുറിച്ചു നോക്കുന്നതാണ് കണ്ടത് .
അതയാള്‍ ആയിരുന്നു  . മുഷിഞ്ഞ വേഷം ധരിച്ച പ്രൊഫസറുടെ തോട്ടക്കാരന്‍ .  എന്നെ  ആ സ്ഥിതിയില്‍ കണ്ടിട്ടും അയാള്‍ ഒന്നും ചോദിക്കുകയോ  പറയുകയോ  ചെയ്തില്ല . എന്നെക്കൂട്ടി  കൊണ്ടുപോയി  താമസ സ്ഥലത്ത് എത്തിച്ച ശേഷം യാതൊരു  ഭാവഭേദവും കൂടാതെ  ആ  മനുഷ്യന്‍  തിരിച്ചു പോയി .
-------------------------------------------------------------------------------------------------------------------
അദ്ധ്യായം 7
......................
ഇവാനിയോസിന്റെ കഥ
........................................................

മുഖത്തും  കൈകളിലും ഉണ്ടായിരുന്ന മുറിവുകള്‍ വൃത്തിയാക്കി മരുന്ന് വച്ച് തന്നുകൊണ്ട്  ക്ലെയര്‍ അയാളെക്കുറിച്ച്   പറഞ്ഞു . ഏകദേശം ഇരുപതു  വര്‍ഷങ്ങള്‍ക്കു  മുന്പ് പട്ടാളക്കാരായ   രണ്ടു  സഹോദരങ്ങള്‍ ഈ ദ്വീപില്‍  വന്നു  ഒളിച്ചുതാമസിച്ചു . ആര്‍ക്കും തിരിച്ചറിയാന്‍ കഴിയാത്ത രൂപ സാദൃശ്യം ഉണ്ടായിരുന്നു അവര്‍ക്ക് . ഇവാനിയോസും  ഇറാനിമോസും  കൂടെ  ഇറാനിമോസിന്‍റെ ഭാര്യയും ഒരു  കുഞ്ഞും . ഒടുവില്‍  അവര്‍ ഭയപ്പെട്ടിരുന്ന പട്ടാളഭരണകൂടം  ഇറാനിമോസിനെ  പിടിച്ചു കൊണ്ടുപോയി  തടവിലാക്കി .
അതിനുശേഷം ഏതാണ്ട് ഒന്നര വര്‍ഷത്തോളം  അയാളുടെ  ഭാര്യയെയും കുഞ്ഞിനേയും ഇവാനിയോസ്  സംരക്ഷിച്ചു .  അയാളെ   വധശിക്ഷയ്ക്ക്  വിധിച്ചതറിഞ്ഞു കൈക്കുഞ്ഞുമായി ഭര്‍ത്താവിനെ കാത്തിരുന്ന  ആ സ്ത്രീയുടെ  മനോനില തെറ്റി   .    ഒരുപാടു  ചികിത്സ കള്‍ക്കും  മരുന്നുകള്‍ക്കും  ശേഷം  അവരെ  ആ കുഞ്ഞിനോടൊപ്പം ആശുപത്രിയില്‍ ആക്കേണ്ടി  വന്നു .  അവര്‍ക്കായി പണം സമ്പാദിക്കാന്‍  പല  തൊഴിലുകളും അദേഹം ചെയ്തു . ഒരു  ഗാര്‍ഡിന്റെ ജോലി മുതല്‍  തോട്ടപ്പണി  വരെ .  പിന്നെയെപ്പോഴോ  അയക്കുന്ന പണം കൈപ്പറ്റാന്‍ ആളില്ലാതെ തിരികെയെത്താന്‍  തുടങ്ങിയത് മുതല്‍ ആരോടും  അധികം മിണ്ടാതെ ചിരിക്കാതെ ഈ  മനുഷ്യന്‍ ഇവിടെ വസിക്കുന്നു . ദ്വീപിന്‍റെ ഓരോ  അണുവും അയാള്‍ക്കറിയാം . ആര്‍ക്കും എന്ത് സഹായവും ഏതു സമയത്തും അയാള്‍ ചെയ്തുകൊടുക്കും . അങ്ങിനെയാണ്  ദ്വീപിനു  അയാളുടെ  പേരായി തീര്‍ന്നത് ..എങ്കിലും ഇന്നുവരെ ഇവാനിയോസിന്‍റെ  താമസ സ്ഥലം ആര്‍ക്കും അറിഞ്ഞുകൂടായിരുന്നു .
അവരുടെ വാക്കുകള്‍  അദേഹത്തിലെ നല്ല മനുഷ്യനെ എന്റെയുള്ളില്‍  കോറിയിടാന്‍  പര്യാപ്തമായിരുന്നു . അയാളോട്  കൂടുതല്‍ അടുക്കണം എന്നും  സംസാരിക്കണമെന്നും ഞാനാഗ്രഹിച്ചു . പക്ഷെ  ഇവാനിയോസ് ആരോടും അടുക്കുന്ന  പ്രകൃതമായിരുന്നില്ല .
''കരയുന്നവര്‍ക്കൊപ്പം കരയുക , ചിരിക്കുന്നവര്‍ക്കൊപ്പം ചിരിക്കുക ,ചിന്തിക്കുന്നവര്‍ക്കൊപ്പം ചിന്തിക്കുക , തര്‍ക്കിക്കുന്നവരോടോപ്പം  തര്‍ക്കികുക ,മൗനമവലംബിക്കുന്നവരോടോത്തു  മൗനമായിരിക്കുക , അങ്ങനെ മറ്റുള്ളവരെ നേടാം '' എന്ന്  ഡാഡി പറയാറുള്ളത്  എനിക്കോര്‍മ വന്നു .
വൈകുന്നേരങ്ങളില്‍  ക്ലെയറിന്റെ കൈകളില്‍ നിന്നും ചായ വാങ്ങിക്കൊടുക്കുകയും അയാള്‍ക്കൊപ്പം  വെറുതെയിരിക്കുകയും ചെയ്യുക  ഞാന്‍ ശീലമാക്കി .ആ വീട്  ഒരിക്കല്‍ കൂടി  സന്ദര്‍ശിക്കണ മെന്ന  ആഗ്രഹം  എന്റെയുള്ളില്‍  വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു .
................................................................................................................................................
അദ്ധ്യായം 8
..............................
പ്രണയ ലേഖനങ്ങള്‍
...............................................................

ഒരാഴ്ചത്തെ അവധിക്കു ശേഷം ദ്വീപിലേക്ക്  തിരികെ ചെല്ലുമ്പോള്‍   ഡോക്ടര്‍ ജോണ്‍ പറഞ്ഞാണ്  അറിഞ്ഞത്  , ഇവാനിയോസ് മരിച്ചു എന്ന് .  ഒരു നൊമ്പരം മനസിനെ മഥിച്ചു. അവിടെ പോകണം എന്നുള്ള എന്റെ അഗ്രഹം അതുപോലെ തന്നെ നിലനിന്നിരുന്നു .എങ്കിലും തനിച്ചു പോകുവാന്‍ ഭയം തോന്നി  . ദ്വീപിലെ  മ്യുസിയം ഡോക്ടറിന്റെ സംരക്ഷണയിലായിരുന്നു.  അവിടെ  കണ്ട  ചിത്രത്തെക്കുറിച്ച് അദേഹത്തോട്  പിറ്റേന്ന്  ഞാന്‍ സംസാരിച്ചു .ഞങ്ങള്‍  അതെടുക്കാന്‍ പോകാന്‍ തീരുമാനിച്ചു .സത്യത്തില്‍  അവിടെ കണ്ട  പുസ്തകങ്ങള്‍ എടുക്കുക  എന്നതായിരുന്നു എന്റെ ലക്ഷ്യം .അതുകൊണ്ട് തന്നെ ഞാന്‍  മുന്‍പേ  നടന്നു  . അവിടെക്കണ്ട മൂന്നു  പുസ്തകങ്ങളില്‍  ഒന്ന് ഒരു  ഡയറി ,മറ്റൊന്ന്  കുറച്ചു കത്തുകള്‍ അടുക്കി വച്ച ബുക്ക്‌ ,പിന്നൊന്ന് ഒരു  പ്രാര്‍ത്ഥനാ  പുസ്തകം ഇവയായിരുന്നു .ഡയറിയും കത്തുകളും ഡോക്ടര്‍  കാണാതെ ഞാന്‍ എന്റെ ബാഗില്‍ ഒളിപ്പിച്ചു . ഭിത്തിയില്‍ ഉണ്ടായിരുന്ന  വലിയ ചിത്രം ഇളക്കിയെടുത്തു   മ്യുസിയത്തിലേക്ക് കൊണ്ടുപോവുകയും ചെയ്തു .
ആ ഡയറിയുടെ  ആദ്യഭാഗം നനഞ്ഞും പൊടിഞ്ഞും വായിക്കാന്‍ കഴിയാതെ ആയിരുന്നു .അവസാന രണ്ടു പേജുകള്‍ മാത്രമേ വായിച്ചെടുക്കാന്‍ കഴിഞ്ഞുള്ളൂ . ഇവാനിയോസിന്  അസുഖം ഇടയ്ക്കിടെ കൂടുന്നുവെന്നും  കുഞ്ഞിനേയും കൊണ്ട് അയാള്‍ക്കൊപ്പം താമസിക്കുക ദുഷ്കരം ആണെന്നും അതില്‍  എഴുതിയിരുന്നു.താമസിയാതെ ഒരു  വഴി  കണ്ടെത്തും എന്നും കുറിച്ചിരുന്നു . അതില്‍ നിന്നും ക്ലെയര്‍ പറഞ്ഞതു പോലെ അസുഖം ആ സ്ത്രീക്ക്  അല്ലായിരുന്നു എന്നും ഇവിടെ നിന്നും രക്ഷപെടാന്‍ അവര്‍ കണ്ടെത്തിയ ഒരു മാര്‍ഗം മാത്രമാണ് അതെന്നും  ഞാന്‍ ഊഹിച്ചു . ആ  കത്തുകള്‍, അവ കവിത പോലെ കുറിക്കപ്പെട്ടിരുന്ന അതിസുന്ദരങ്ങളായ പ്രണയ ലേഖനങ്ങള്‍ ആയിരുന്നു .അതിന്‍റെ അവസാനം അവരുടെ പേരുമുണ്ടായിരുന്നു ''ലീഷേ സാമുവല്‍ '
എന്റെ ഒരു മാസത്തെ പഠനം അവസാനിച്ചു ഞാന്‍ തിരികെ പോകുകയാണ്  എന്നറിഞ്ഞ  ഡോക്ടര്‍  എന്നെയും പ്രൊഫസറെയും ഒരു  വൈകുന്നേരം ഒരു വിരുന്നിനു ക്ഷണിച്ചു .ഞങ്ങള്‍ സന്തോഷത്തോടെ  പോയി . ആ കുടുംബം ഞങ്ങളെ കാത്തിരിക്കുകയായിരുന്നു. ഡോക്ടറുടെ  ഭാര്യയെ എവിടെയോ കണ്ട ഒരോര്‍മ തോന്നി . അവര്‍  പുഞ്ചിരിയോടെ  ചോദിച്ചു ''ഇസബെല്‍  അല്ലെ ?
പെട്ടെന്ന് എനിക്കും അവരെ ഓര്മ വന്നു .അന്ന് കപ്പലില്‍ വച്ച് ഞാന്‍ കണ്ടിരുന്നു അവരെ ഒപ്പം ആ കൊച്ചു കുട്ടിയേയും . അവരുടെ പെരുമാറ്റം ഡോക്ടറില്‍ അത്ഭുതം ജനിപ്പിച്ചു .എന്നെ കണ്ട കാര്യം മിഖാല്‍ പറഞ്ഞു . അല്‍പ നേരം ആലോചിച്ചിരുന്ന ശേഷം അദേഹം അകത്തേക്ക് പോയി .ഒരു കടലാസുമായി മടങ്ങി വന്നു . എനിക്ക് നേരെ നീട്ടി .അന്ന് നഷ്ടപ്പെട്ട കടലാസ്
അതില്‍ ഒരു  അഡ്രസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ

ജെന്നി  കെയ്റോ
രൈയിനിംഗ് വാല്ലി
വെസ്റ്റ്  യാന്‍ ''
        .............................................................................................................................
വീട്ടില്‍ എത്തി  രണ്ടാഴ്ചയ്ക്ക് ശേഷം ഒരു ദിവസം
മുറ്റത്തു  നില്‍ക്കുകയായിരുന്ന ഞാന്‍ വലിയൊരു ശബ്ദം കേട്ടകത്തെക്ക് ഓടിച്ചെന്നു....അലമാരയുടെ മുകളില്‍ നിന്നും എന്തോ  എടുക്കാന്‍ സ്ടൂളിന്റെ മുകളില്‍ കയറിയ മമ്മ താഴെ  വീണു കിടക്കുന്നു .  നെറ്റി പൊട്ടി  ചോര വരുന്നുണ്ട് ..ഞാന്‍ വേഗം തൂവാലകൊണ്ട് തുടച്ചു . താങ്ങിയെഴുന്നെല്പിച്ചു  കാറില്‍ കൊണ്ടിരുത്തി .ആശുപത്രിയിലേക്ക് കൊണ്ടുപോയി . സാരമായ പരിക്കില്ല എന്നും വിശ്രമം ആവശ്യമാണ്എന്നും ഡോക്ടര്‍ പറഞ്ഞു . ഡാഡിയോട്  ഫോണ്‍ വിളിച്ചു  പറഞ്ഞ ശേഷം ഞാന്‍ തന്നെ മമ്മയും കൊണ്ട്  തിരികെയും വണ്ടിയോടിച്ചു  വീട്ടിലെത്തി .
ഞങ്ങള്‍ എത്തിയപ്പോള്‍ ഡാഡി വീട്ടില്‍ എത്തിയിരുന്നു . പപ്പാ കൈയിരുന്ന പൊതി  എനിക്ക് നേരെ നീട്ടി .ഒരു  പുസ്തകം ആയിരുന്നു അത് ''സിമ്പിള്‍ ലവ് ''

മമ്മയെ  കൊണ്ടുപോയി  കിടത്തിയ ശേഷം ഞാന്‍   മുകളിലേക്ക് പോയി  . മമ്മ വീണപ്പോള്‍ കുറെ ഫയലുകളും  പേപ്പറുകളും അവിടെ ചിതറി വീണിരുന്നു ..എല്ലാം അടുക്കി വയ്ക്കുന്നതിനിടയില്‍   തുറന്നുവീണു പോയ ഒരു  നീല ഫയല്‍ ഞാന്‍ കണ്ടു . അതിന്റെ  അവസാന പേജു  വ്യക്തമായി കാണാമായിരുന്നു ...അതൊരു സമ്മത പത്രം ആയിരുന്നു
''രണ്ടു  വയസുള്ള ഇസബെല്‍ ഫ്ലോറ  എന്ന എന്റെ മകളെ  നിരുപാധികം ഏല്പിക്കുന്നു എന്നും ഇനി മേലില്‍ യാതൊരുവിധ അവകാശവാദവും ഉന്നയിക്കില്ല എന്നും അതില്‍ എഴുതിയിരുന്നു .
എന്ന്  ലീഷേ സാമുവല്‍ ''

എന്റെ  കൈയിലിരുന്നു  ആ  പേപ്പര്‍ വിറച്ചു .  ഇരുപതു വര്‍ഷം നീണ്ട ഒരു  നാടകത്തില്‍  അഭിനയിക്കുകയായിരുന്നു  ഞാനെന്നു എനിക്ക് തോന്നിപ്പോയി .ഡാഡി മുകളിലേക്ക് കയറി വരുന്ന ശബ്ദം കേട്ടു. എന്നെയും കൈയിലിരുന്ന  കടലാസും കണ്ട  അദേഹം  സ്തബ്ദനായി  നിന്ന്  പോയി  .പിന്നെയൊന്നും മിണ്ടാതെ  യഥാസ്ഥാനത്ത് വച്ച്   എന്‍റെ മുഖം തുടച്ചു . എന്നെയും കൂട്ടി  താഴേക്ക്‌  പോയി .

കൈകളും കാലുകളും വിറയ്ക്കുന്നതുപോലെ  എനിക്ക്  തോന്നി ..ഞാന്‍ കണ്ണടച്ചു  കിടന്നു . കട്ടിലിന്റെ  അരികില്‍  ആ പുസ്തകം ഉണ്ടായിരുന്നു .സിമ്പിള്‍ ലവ് .അതെടുത്തു വെറുതെ മറിച്ചുനോക്കുമ്പോള്‍ ഇവാനിയോസിന്റെ കണ്ണുകള്‍ തെളിഞ്ഞു വരുന്നതായി എനിക്ക് തോന്നി .കാരണം അതിലെ  ഓരോ  വരികളും എനിക്ക് പരിചിതമായിരുന്നു .  അവ  ആ വീട്ടില്‍ നിന്ന് കിട്ടിയ  കത്തുകളുടെ  പുസ്തക രൂപമായിരുന്നു .പേജുകളുടെ  അവസാനം ഞാനാ പേര്  തിരഞ്ഞു ലീഷേ ..!! പക്ഷെ  ഞാന്‍ കണ്ടത്  മറ്റൊന്നായിരുന്നു ..ജെന്നി  കെയ്റോ ..!!
പിറ്റേന്ന്   ..ഞങ്ങള്‍  മൂവരും  ഒരുമിച്ചു ഒരു  യാത്ര പോയി .
വല്ലാത്ത  ശാന്തത  കളിയാടുന്ന  സ്ഥലം . ഒരു  ചെറിയ വീട് .  ഉള്ളില്‍  കട്ടിലില്‍  അസ്ഥിപഞ്ജരം പോലെ ഒരു  ശരീരം . ..
''നീ  വരുമെന്ന്  എനിക്കറിയാമായിരുന്നു ''  പതിഞ്ഞ സ്വരം ...ഒപ്പം രണ്ടു മിഴിനീര്‍ തുള്ളികളും ...എന്റെ  കൈത്തലം അമര്‍ത്തി പിടിച്ചു കൊണ്ട് അടുത്തുണ്ടായിരുന്ന ടീപോയില്‍  നിന്നും അവരൊരു ഡയറി എടുത്തു എനിക്ക് തന്നു .. മനോഹരമായ കൈയക്ഷരത്തില്‍ അതില്‍  കുറിച്ചിരുന്നു ''സിമ്പിള്‍ ലവ് ''. അതില്‍ നിന്നും  ഇവാനിയോസിന്റെ ചുമരിലെ ചിത്രത്തിന്‍റെ ചെറിയൊരു പതിപ്പ്  താഴേക്ക്‌ വീണു ......!!

ജെന്നി  കെയ്റോയുടെ   മൃതസംസ്കാരം  കഴിഞ്ഞു വീട്ടിലേക്കു   മടങ്ങുമ്പോള്‍ ഞങ്ങള്‍ക്കിടയിലെ മൗനം നേര്‍ത്തു നേര്‍ത്തു ഇല്ലാതാവുന്നുണ്ടായിരുന്നു . ഒപ്പം  പുതിയ കഥകളിലേക്ക്  ഞാന്‍ നടന്നു തുടങ്ങുകയും .......!!!

2014, മാർച്ച് 28, വെള്ളിയാഴ്‌ച

കടല്‍ക്കിഴവി

ശവങ്ങളെ പ്രസവിക്കുകയും ,
ജീവനുള്ളവയെ ഗര്‍ഭത്തില്‍  പേറുകയും 
ഭൂമിയെ പാലൂട്ടുകയും
ചെയ്യുന്ന കിഴവിയാണ് കടല്‍ ;

2014, മാർച്ച് 24, തിങ്കളാഴ്‌ച

പ്രണയം


പ്രശാന്തമായ ആത്മാവിന്‍റെ
നിശബ്ദതയെ ഭേദിക്കാന്‍
ഒരു യുദ്ധകാഹളത്തിനുമാകുന്നില്ല ..!

ആയിരം ജനപദങ്ങള്‍ക്ക്
നടുവിലുമതിന്റെ ഏകാന്തത
പ്രശോഭിതമായിരിക്കുന്നു ...

സ്ഥിരശരീരിയായിരിക്കുമ്പോളെന്ന പോലെ
ചെറു  കാറ്റിന്റെ
ആന്ദോളനത്തിലും
ധ്യാനനിര്‍ലീനമാകുന്നു ..

പ്രണയത്തിന്റെ
നേര്‍ത്ത സുതാര്യസ്തരമതിന്റെയതിര്‍ത്തി
കടന്നുവരുന്നു

പിന്നെ പൊടുന്നനേ ,
ഒന്നിനോടൊപ്പം മറ്റൊന്ന് കൂടി
കട്ടപിടിച്ച മൗനം കുടിക്കുന്നു ....

ചരിത്രരേഖകളില്‍
അത്രമേല്‍ വ്യക്തമായി
ആ മൗനത്തിന്‍റെ
ആരവങ്ങള്‍ കുറിയ്ക്കപ്പെടുന്നു..!!!

2014, മാർച്ച് 21, വെള്ളിയാഴ്‌ച

ഔട്ട്‌ ലൈന്‍


ഏകദേശരൂപം 
വരയ്ക്കാമെന്നെയുള്ളൂ ,..
പ്രണയമെന്ന് 
വിളിക്കുകയുമാവാം ..!!!
വീണ്ടുമടയാളപ്പെടുത്താന്‍
ശ്രമിക്കുമ്പോഴും ..
ഔട്ട്‌ ലൈന്‍ മാത്രമേ ആവുന്നുള്ളൂ 

എഴുതാന്‍ ഒരുങ്ങുമ്പോഴേക്കും
ലിപികളിലാത്ത ഭാഷയിലേക്ക്
വഴുതി മാറി ..
കാണിച്ചു കൊടുക്കാമെന്ന്
കൈ നീട്ടുമ്പോള്‍
നിറങ്ങളില്ലാത്ത മഴവില്ല് പോലെ
നിശബ്ദമായി ...

സ്വരങ്ങളിലില്ല ..!!
സ്വപ്നങ്ങളിലുമില്ല
എങ്കിലുമോരോ
നിശ്വാസവും പിന്നേയുമെപ്പോഴും
കാലമെഴുതിയ ഔട്ട്‌ ലൈന്‍
ഹൃദയത്തോടു ചേര്‍ത്തു
കടുപ്പിച്ചുകൊണ്ടേയിരിക്കും..!!!

2014, മാർച്ച് 17, തിങ്കളാഴ്‌ച

ച്ഛായ


വായിക്കുന്ന കഥാപാത്രങ്ങള്‍ക്കെല്ലാം 
എന്റെ ച്ഛായതന്നെ .
പറയാന്‍ എന്തൊക്കെയോ 
ബാക്കിയാക്കുന്നവര്‍..!!

അപ്പോഴും ,
കടന്നുപോയ കാലത്തിന്‍റെ 
ചില്ലയില്‍ ഞാന്‍
പച്ചപ്പു കാണുന്നു ..!!

അന്നെന്ന പോലെയിന്നും
ഉറക്കെ സംസാരിക്കുന്നു,
എപ്പോഴും ചിരിക്കുന്നു .
കൌതുകത്തിലും
കാര്യത്തിലും കുസൃതിയാകുന്നു .


പ്രജകളില്ലാത്ത രാജ്യത്തിന്റെ
ചുരുണ്ട മുടിയുള്ള
രാജകുമാരിയായിരിക്കെ .
സ്വയം നാടുകടത്തപ്പെട്ടു
ദ്വീപിന്‍റെ ഏകാധിപതിയുമാകുന്നു.!!

പകലടക്കങ്ങള്‍


പുലരിയുടെ കണ്ണുകള്‍ 
കാഴ്ചയെത്തും മുന്‍പേ 
തിരുമ്മിയടയ്ക്കണം ..

നട്ടുച്ചയുടെ 
മൂക്കിലും ചെവിയിലും 
ശബ്ദഗന്ധങ്ങളെത്താതെ 
പഞ്ഞി വയ്ക്കണം ...
വാക്കുകള്‍ വിരിയാതെ
താടി കൂട്ടി കെട്ടണം !!

വൈകുന്നെരത്തിന്‍റെ
കാല്‍ വിരലുകള്‍
യാത്രതിരിക്കാനോരുങ്ങുംമുന്‍പേ
ചേര്‍ത്തു ബന്ധിക്കണം ..!!

സന്ധ്യക്ക് മുന്‍പേ
ഓര്‍മകള്‍ക്ക് തീ കൊടുക്കണം !!

രാത്രികളില്‍
ആ ചിതയില്‍ നിന്ന്
വെട്ടം കൊള്ളുകയോ ,
ചൂട് കായുകയോ ആവാം ..!!

ഏകാന്തതയുടെ
കുടത്തിലാണല്ലോ..!!
സ്വപ്നങ്ങളുടെയും
ജീവിതത്തിന്റെയും
ചിതാഭസ്മം !!!

കവിയോട്

കവിയോട്

പ്രതീക്ഷിക്കരുതാരെയും 
നിനക്ക് പിറകെ ഒറ്റയാനുണ്ടാവില്ല !!
പൊടിക്കാറ്റു പോലെയോ ,
കടലിരമ്പമായോ 
അവര്‍ വരും പോകും .....!!

നീ 

മണല്‍ക്കൂനകളില്‍ നിന്ന്
പുഴയെ കണ്ടെത്തേണ്ടവന്‍ .!!
ചാരത്തില്‍ നിന്ന്
കനല്‍ ചൂടറിയേണ്ടവന്‍

പൊഴിഞ്ഞൊരു തൂവലില്‍ നിന്ന്
കാട്ടുരാജാവിന്റെ രാജ്യത്തേയോ ,
ചിറകുമുറിഞ്ഞ കിളിക്കുഞ്ഞിനെയോ
വേര്‍തിരിക്കേണ്ടവൻ!!

വാള്‍ത്തലപ്പുകളിലെ
ചോരയുള്ള കിണറുകളെക്കുറിച്ച്
വരും തലമുറയോട്
ഉറക്കെ പറയേണ്ടവന്‍

ഒരു നിലവിളിയില്‍ നിന്ന്
അമ്മ പെങ്ങന്മാരെ ,
ആണ്‍പെണ്‍ ഭേദങ്ങളെ
ഇളക്കിയെടുക്കേണ്ടവന്‍

ഏകാന്തതയെന്ന മരത്തില്‍
മൗനമെന്ന കൂട്ടില്‍ വസിക്കുക !!
മൂങ്ങയുടെ കണ്ണുകളും
നായയുടെ ഘ്രാണശക്തിയുമുള്ളവനാകുക...

ഇലപൊഴിച്ച മരത്തില്‍
വസന്തത്തെ തിരയുക !!
ചലനവേഗങ്ങളെ
വാല്‍മീകത്തിലടയ്ക്കുക !!

ക്രിസ്തുവിനെയെന്നപോലെ
അവര്‍ നിന്നെ നോക്കും
"ഇവനാ തച്ചന്റെ മകനല്ലേ ?"
കൃഷ്ണനെയെന്നപോലെ പുച്ഛിക്കും
"വെറുമൊരു കാലിച്ചെറുക്കന്‍"

നിനക്ക് ബുദ്ധന്റെ മൗനമണിയാം
നാറാണത്ത്‌ ഭ്രാന്തനെപ്പോലെ
ജീവിതത്തെ ഉരുട്ടിവിടാം ..
കൈവശമൊന്നു മില്ലെങ്കില്‍
നഷ്ട ഭയമെന്തിന്?

എന്റെ വാക്കുകള്‍
ഫണം വിടര്‍ത്തി
നിങ്ങളോടു ചീറ്റിയെങ്കില്‍
ക്ഷമിക്കുക ..!!
പണ്ടെന്നോ കാടു കേറിയ
പൂച്ചയാണ് ഞാന്‍
പുലിയുടെ കാല്‍ പാടുകളായി
തോന്നിക്കുന്നുവെന്നേയുള്ളൂ ..!!!

2014, മാർച്ച് 15, ശനിയാഴ്‌ച

കവിത


കണ്ണുകളിലൂടെയൊഴുകാന്‍
വിതുമ്പുമരുവിയെ
ഹൃത്തിലേക്കു
വഴി തിരിച്ചു
ചിന്തകള്‍ കൊണ്ട്
തെപ്പിക്കൊരുമ്പോള്‍
കൈക്കുടന്നയിലെപ്പോഴോ
വാക്കുകള്‍ പിറക്കുന്നു ...!!

ഞാനത് കുടത്തില്‍
ശേഖരിക്കുന്നു ...!!
കുടമുടഞ്ഞു വരികള്‍ പിറക്കുന്നു ..!!
വരികളിലൊരു മരം കിളിര്‍ക്കുന്നു ...
കവിത പൂക്കുന്നു

2014, മാർച്ച് 14, വെള്ളിയാഴ്‌ച

ഒരു പുറം


ഗുഹാവാസിയായ 
മുത്തശ്ശിയെപ്പോലെ 
ഗ്രാമ്യ മഴ ..!!

നൂറുകഥകളെ 
ഒരു വായ്ത്താരിയിലൊഴുക്കും ..!!

തടവുചാടിയവന്‍റെ
സ്വാതന്ത്ര്യമേയുള്ളൂ
നഗരമഴയ്ക്ക്‌ ..!!

തെരുവുകളില്‍ പതിച്ച്
അഴുക്കുചാലുകളിലടിയും ..!!

അനാഥമായൊരു മേഘമൗനമാണ് കവി !!!

നീയെന്ന ഔന്നത്യത്തില്‍ നിന്ന്
ഞാനെന്ന പ്രണയത്തിലേക്ക്
ഭയാനകമായി നിപതിക്കും വരെ ..!!

2014, മാർച്ച് 12, ബുധനാഴ്‌ച

ലീഷേ


നിറം മങ്ങിയ
വസ്ത്രങ്ങളണിഞ്ഞു
പോകുന്ന തുഴക്കാരി !!
വെള്ളിച്ചെതുമ്പലുകളുള്ള
വ്യാളിയുടെ കൂട്ടുകാരി !!
മാന്ത്രികപേന കൊണ്ട്
അവന്‍ വരച്ച
ഓളമിളകുന്ന
ചിത്രത്തിലേക്ക്
ഒന്നേ നോക്കിയുള്ളൂ ......!!
ഞാനുമിപ്പോള്‍
നിനക്കൊപ്പം കടലിലാണ് ...!!

2014, മാർച്ച് 11, ചൊവ്വാഴ്ച

ദിനം


അഞ്ചുകൊല്ലത്തിലൊരിക്കല്‍ 
വിരലുകളുടെ ദിനമുദിക്കും 
മനുഷ്യാവകാശദിനം ...!!

കല്ലറകള്‍ തുറന്നു 
കനത്ത കാവലില്‍ 
നാം വെയിലത്ത്‌ 
ഉറുമ്പുകളെ പോലെ നില്‍ക്കും ..!!

തൂങ്ങി മരിച്ചവര്‍
മരക്കൊമ്പുകളില്‍
നിന്നിറങ്ങി വരും ..!!
കൊണ്ടുപോകാന്‍
മരണസമയത്ത് മുഖത്തു കണ്ട
അതെ ഇളിച്ച ഭാവമുള്ളവര്‍ കാത്തുനില്‍ക്കും ...!!
അവകാശത്തിനു ശേഷം
തിരികെ കെട്ടിത്തൂക്കാനാരുമില്ലാതെ
നരച്ച കൊടികളിലവര്‍
തല കീഴായി തൂങ്ങിക്കിടക്കും ..!

റോഡില്‍ ചോരക്കഷണങ്ങളായവര്‍ക്കു
യാത്ര എളുപ്പമാണ് ,
തീവണ്ടി പ്പാളങ്ങളില്‍ ചിതറിപ്പോയവര്‍ക്ക്
തിരിച്ചുള്ള വഴിയറിയില്ല ;
അവരുമിവരും മാലിന്യക്കൂമ്പാരമെന്നറിയപ്പെടും .

(അടക്കിയവര്‍ക്ക് അവകാശമില്ലാത്തത് നന്നായി ;
അല്ലെങ്കില്‍ അവരുടെ കൈപ്പത്തികള്‍ വെട്ടി സൂക്ഷിക്കുകയോ
രണ്ടോ മൂന്നോ തവണ കൊല്ലപ്പെടുകയോ ചെയ്തേനെ !!!)

2014, മാർച്ച് 7, വെള്ളിയാഴ്‌ച

അവരും നാമും


പരാജയത്തിന്‍റെ
ഒഴിയാത്ത കോപ്പകള്‍ 
ഏകാന്തതയില്‍ 
രുചിച്ചിറക്കുന്നവര്‍ക്കു മുന്നില്‍ 
അസാധ്യമായ 
ചില സാധ്യതകള്‍ 
വിരുന്നുകാരായ് വരും ...!!


അവ ഹൃത്മദ്ധ്യരേഖയില്‍
നിന്നുമനന്തതയിലേക്ക്
നേര്‍ത്തൊരു വെള്ളിരേഖ വരയ്ക്കും


വാക്കിന്‍റെ ,വര്‍ത്തമാനങ്ങളുടെ
ഓര്‍മകളുടെ ,സ്വപ്നങ്ങളുടെ
ദാരിദ്ര്യം വടിയൂന്നി
ആ വഴിയിലൂടെ നടന്നു തുടങ്ങും...

കാലുഷ്യങ്ങളുടെ,
അമര്‍ഷങ്ങളുടെ ,
അമര്‍ത്തിച്ചവിട്ടലുകളേറ്റു-
വെള്ളിനൂലുകള്‍ മണ്ണിന്‍റെ നിറം വരിക്കും

ഭ്രാന്തനെന്ന വിളിയുടെ
കല്ലേറുദൂരത്തിനപ്പുറം
അവരിലാകാശം അതിരുകള്‍
നഷ്ടപ്പെട്ടു വളരും ..


കവിതകളില്‍ മുള്ളുകള്‍
കോര്‍ത്ത്‌ കാലത്തിനെതിരെ
മറ്റൊരു കാലത്തിലിരിന്നു
ഒരിക്കലും വാടാത്ത സ്നേഹത്തിന്‍റെ
സുഗന്ധം മരിക്കാത്ത കഥകള്‍ ചേര്‍ത്ത്
നമുക്കു നേരെയവര്‍ കൈ നീട്ടും ..

അപ്പോള്‍ മാത്രം
മരങ്ങള്‍ ഇലപൊഴിക്കാത്ത
കാലങ്ങളിലൂടെ ,
കരിനാഗങ്ങളുടെ
ശീല്‍ക്കാരത്തിലൂടെ നാമവരെയറിയും.!!!!

ഒളിച്ചോട്ടങ്ങള്‍


ഒരു ലോഹക്കഷണത്തില്‍ 
മറ്റൊരു ലോകത്തിന്റെ 
വര്‍ണം പൂശിയെന്നെ ബന്ധിച്ച നാള്‍ ..
മുതല്‍ ഞാനനാഥയാകുന്നു ..!!

പൊക്കിള്‍ക്കൊടിയുടെ 
നേരിയ നാരുകളില്‍
കുരുങ്ങുമ്പോള്‍
വീണ്ടുമാശ്രയമറ്റവളാകുന്നു ..

പണിയെടുക്കുമ്പോള്‍
അടിമയാകുന്നു ...
അവസാന പ്രതീക്ഷയെയും
ഒരുരുള ചോറ് നല്‍കി
ഞാന്‍ യാത്രയാക്കുന്നു

സുബോധമൊരു മാറാപ്പായി
തോളില്‍ തൂങ്ങുന്നു ..
ഓരോ സ്വപ്നങ്ങളിലും
ഇരുട്ടില്‍ അകലേക്ക്‌
തുഴയുമ്പോള്‍ .....!!
ഞാന്‍ ഭ്രാന്തിയുമാകുന്നു..!!

സമാധാനം വിളിക്കുമ്പോള്‍
അവസരങ്ങളില്‍
ഞാനെന്നെ സമര്‍പ്പിക്കുന്ന
 നിമിഷങ്ങളില്‍
അഭയാര്‍ഥിയുമായിപ്പോകുന്നു ,,..!!

ഒടുവിലെന്നോ ..
കണ്ണീരുപ്പില്‍ കുതിര്‍ന്നു
ചങ്ങലകള്‍ തുരുമ്പിച്ചടര്‍ന്നു
രക്ഷനേടുമ്പോള്‍ ...

ഏതര്‍ത്ഥത്തിലും
ജീവിതം തളിര്‍ത്തു പൂത്തു
കൊഴിയുന്നു
ആത്മാവിന്റെ അനിര്‍വചനീയമായ
സംതൃപ്തിയോടെ ...!!!

വീടിപ്പോള്‍ സ്വപ്നഭൂമികയല്ല ;
ചുമരുകളാല്‍ ചുറ്റപ്പെട്ട
അനിവാര്യമായ അഭയകേന്ദ്രമാകുന്നു ..!!

2014, മാർച്ച് 4, ചൊവ്വാഴ്ച

സ്വാതന്ത്ര്യം


രാത്രിയാകാന്‍ തുടങ്ങുന്നു
രാത്രിയാകാന്‍ തുടങ്ങുന്നു
സന്ധ്യയുടെ വദനം തുടുത്തിരിക്കുന്നു
അറബിക്കടലിന്റെ കരളും
അമ്മയുടെ കണ്ണും ഇന്നും ചുവന്നിരിക്കുന്നു
രാത്രിയാകാന്‍ തുടങ്ങുന്നു .

വാക്കിലും നോക്കിലും
ആത്മഹര്‍ഷത്തിലും
ദേശസ്നേഹത്തിന്‍റെ പൂണൂല്‍
ധരിച്ചു നീ
 ഒരു രക്ത രേണുവായസ്തമിച്ചു

നിശബ്ദസഞ്ചാരി
നിരാര്‍ദ്ര നേത്ര നിശാവിഹാരി
ചമയങ്ങളില്ലാതെ ചിലമ്പണിയുന്നവന്‍
ചായങ്ങളില്ലാത്ത ചിത്രകാരന്‍
നിന്നെയും കൂട്ടി കടന്നുപോയി

പ്രാണന്‍ പറിച്ചും പകുത്തും പകച്ചും
നീ കണ്ട സ്വാതന്ത്ര്യ സത്യസങ്കല്പങ്ങള്‍
മൂഡത  ചുറ്റി വിഷം വമിക്കെ
വെള്ള പുതച്ചു മരിച്ചു വീഴേ

അസ്തിത്വവും  അരിമണികളും  അരി 'കളില്‍
പഴുത്തും പഴകിയും പുഴുവരിച്ചും
വാക്കാല്‍ വിതച്ചും
വാക്കിലോളിച്ചും
വര്‍ത്തമാനത്തിന്റെ താക്കോല്‍ പഴുതുകളില്‍
ആത്മാഭിമാനം പണയപ്പെടുത്തിയും
കൊടിക്കൂറകള്‍ പാറവേ

വെറും ദിവാ സ്വപ്നത്തിന്‍
നേര്‍ത്ത തന്തുക്കളില്‍ ഞാന്‍ കാത്തു -
വച്ചോരാ ചുംബന പൂക്കളെന്‍ കൂട്ടുകാരാ
തിരികെ മടങ്ങുവാന്‍ വഴികളില്ലാതെ
വന്നു വിളിക്കാന്‍ വസന്തമില്ലാതെ
ആകാശമില്ലാതെ ഭൂമിയില്ലാതെ
മഴ കാത്തുറങ്ങുവാന്‍ മിഴികളില്ലാതെ
രാത്രിയാകാന്‍ തുടങ്ങുന്നു .....

പരേതാത്മാക്കളുടെ മുറി



പാടത്തിനു തീ പിടിപ്പിച്ച
പന്തത്തിന്റെ ആത്മാവ്
ഇപ്പോഴും നീറി പ്പുകയുന്നു

നീതിയില്ലാത്ത ന്യായവിധിയുടെ
ശബ്ദം മുഴക്കിയ ഗവല്‍
നിശബ്ദം കരയുന്നു

തെളിവെടുക്കാതെ തടവിലിട്ടവനെ
കാത്തുപോന്ന ഇരുമ്പഴികള്‍
തറയില്‍ മരവിച്ചിരിക്കുന്നു

ഞാനീ മുറിക്കു
കാവലിരിക്കുന്നു
ഇനിയോരാത്മാവും
മുട്ടിവിളിക്കാതെയിരിക്കാന്‍

രാത്രിയിലെപ്പോഴോ
വെന്തു മരിച്ച രണ്ടു കുട്ടികളുടെ
മേല്പതിച്ച മണ്ണെണ്ണ തുള്ളികളുടെ
ആത്മാവ് അലറിവിളിച്ചു വന്നു
എന്നെക്കടന്നു മുറിയില്‍ കയറി വാതിലടച്ചു

കണ്ണുകളെ ഇറുക്കിയടച്ചിട്ടും
വെറുമൊരു കാഴ്ചക്കാരി
മാത്രമാകുന്നു ഞാന്‍

നിലാവിലൊളിക്കുന്ന നിഴലുകള്‍



നിഴലിനൊരു മോഹം
നിലാവിലേക്കു യാത്ര പോകണം

നിദ്രയില്‍ നിന്നും നിദ്രയിലെക്കു
വഴുതുന്ന മനസിനെ തൊട്ടുണര്‍ത്തി
കണ്ണുകളിലേക്കു മുല്ലപ്പൂക്കളെ
വേരോടെ പറിച്ചു നട്ടു.

മഞ്ഞുതുള്ളികള്‍ നേര്‍ത്തരാഗത്തില്‍
ചേര്‍ത്തു തുന്നിയ നീളനുടുപ്പിട്ടു.....
മിന്നാമിനുങ്ങിന്റെ വെളിച്ചം
പാദുകമായണിഞ്ഞു

ഒലിവിലകള്‍ വഴി പറഞ്ഞു .....
നിറമില്ലാത്ത ,നിശബ്ദമായ
മിനാരങ്ങളില്ലാത്ത ,മൃദുവായ
ചന്ദനം പാകിയ ഒരിടവഴി

നീയെന്‍റെ നെറ്റിയില്‍ പതിച്ച
പ്രണയ ചുംബനങ്ങളില്‍
ഭാരമലിഞ്ഞു ഞാന്‍ മെല്ലെയുയര്‍ന്നു..
പൊടുന്നനെ ഒരു നക്ഷത്രം
കൈ നീട്ടി എന്നെ തൊട്ടു

പ്രകാശ വര്‍ഷങ്ങളിലൂടെ
പുതുമയറിഞ്ഞൊരു സഞ്ചാരം
ഉയരത്തിലെത്തുമ്പോള്‍
പൂര്‍ണ ചന്ദ്രന്‍ പാതിയായിരുന്നു

നിഴല്‍ പറയുകയാണ്‌
മാഞ്ഞുപോയ പകുതിയിലുണ്ടത്രേ ,
ഇടയ്ക്കിടെ മരിച്ചുപോകുന്ന
സ്വപ്നങ്ങളുടെ കൂട്ടുകാര്‍

തിരികെ മടങ്ങും മുന്‍പേ
അമ്പിളിക്കലയാണ് പഠിപ്പിച്ചത്
അഴലുകളെ നിനവില്‍ സൂക്ഷിക്കാന്‍
നിറമില്ലാതെ ചിരിക്കാനും

അല്ലെങ്കിലും ആരെങ്കിലും
കാണാറുണ്ടോ ?
ചന്ദ്രബിംബത്തിന്റെ
നിഴല്‍ പകുതികള്‍ !!!!
അഥവാ കളങ്കമില്ലാതെയൊരു പൂന്തിങ്കള്‍ !!!!!

അമ്മയും ഞാനും



പുല്ലുമേഞ്ഞോരാ
വീടിന്‍റെ ഇറയത്തു
ഇറ്റുവീഴും മഴതുള്ളികള്‍
പോലെയാണമ്മ തന്‍ കണ്ണുനീര്‍
കുഞ്ഞിളം കൈകളാലോപ്പവെ
കുട്ടിയുടുപ്പിന്‍റെ കാഴ്ചയില്‍

ഓടു മേയവേ
മഴനൂലു പോലെയായ്
തോരാതെ പെയ്യുന്നവ
പാവാടപ്രായത്തിന്‍ മിഴികളില്‍
ഷീറ്റിട്ടകാലത്തു
കൈത്തോടായണപൊട്ടി
നെഞ്ചകം നീറ്റുന്നോരോടമായി

ഞാനും വളര്‍ന്നു
വേളിയായ്
വീടിന്നു വാര്‍ക്കയായി
യാത്ര പറഞ്ഞു ഞാന്‍ പിരിയവേ
ആരുമേ കേള്‍ക്കാതെ
കാണാതെ ഇനിയമ്മ
പിന്നാമ്പുറത്തൊരു പുഴയാവുന്നു

യാത്ര



മഞ്ഞിന്റെ മലകള്‍ക്ക്
നിറമുണ്ട്
മരവിച്ച മനസിന്‍റെ
മണമുണ്ട്
മരണം വരിക്കുന്ന
മധുര സ്വപ്നങ്ങളെ
അഴുകാതെ കാക്കുമൊരു
ഹൃദയമുണ്ട്

ഇലകള്‍ കൊഴിഞ്ഞൊരു
മരമുണ്ട്
തണല്‍ തേടി അവനിലൊരു
കിളിയുണ്ട്
ഇനിയും വരാത്ത
വസന്ത കാലത്തിനായ്
ചൊടികളില്‍ മൂളാത്ത
പാട്ടുമുണ്ട്‌

മിഥ്യയാം പച്ചകള്‍
നെഞ്ചേറ്റി നില്‍ക്കുമൊരു
മണലിന്റെ ആരണ്യം
ചാരെയുണ്ട്
ചുഴലിയായ്പൊതിയുന്ന
കാറ്റിന്‍റെ കണ്ണുകളില്‍
ഒരു പിടി ചാരമായ് ഞാനുമുണ്ട്

യാത്ര പോകട്ടെ ഞാന്‍
മഞ്ഞിന്‍ ചുരം കടന്നി -
ല്ലാത്ത തണല്‍ ചൂടി
പതിയേ
യാത്ര പോകുന്നു ഞാന്‍
നിശാഗന്ധി പൂക്കാത്ത
നിഴലുകള്‍ ചരിക്കാത്ത
മരുഭൂവിന്‍റെ മാറിലായ്
തനിയേ

ആശംസകള്‍



മഞ്ഞുതുള്ളികള്‍ തൂവിയ
പൂക്കള്‍ സമ്മാനിച്ചു
രാത്രികളാണ് പുലരിയെ
വരവേല്‍ക്കാറുള്ളത്

അനുഭവങ്ങളുടെ നര വീണ
ചിന്തകളാണ്
എനിക്കിന്നലെയൊരു
ബാല്യകാലം നേര്‍ന്നത്

വൈകി വന്നൊരു പ്രണയമാണ്
അവളുടെ തൂലികയില്‍
ചിറകായ് മുളച്ചു
ആശംസ കളായ് വിരിഞ്ഞത്

ഒരു വാര്‍ത്ത



ഇന്നലെ ഉച്ചയ്ക്ക്
ദൈവത്തിന്‍റെ നരച്ച താടിക്ക്
തീ പിടിച്ചു .
കാരണം അറിവായിട്ടില്ല

ആകാശ വും ഭൂമിയും
ഇന്നലെ അവിടുന്നുമായി
കൂടിക്കാഴ്ച നടത്തിയിരുന്നത്രേ
അപ്പോള്‍ മുതല്‍ ദൈവം
മൌനിയായിരുന്നു

എണ്ണയും ധാതുലവണങ്ങളും
കനകവുംഅന്യമായി
പോകാതിരിക്കാനാണ്‌
ഭൂമിയെ വിഭജിക്കാതെയിരുന്നത്
പക്ഷി മൃഗാദികളുടെ
മേല്‍ അധികാരവും
ഫലമൂലാദികളും നല്‍കിയത്
സ്നേഹം മൂലവും

മാരിവില്ലും മഴയും
അമ്പിളിയും നക്ഷത്രങ്ങളും
മറച്ചു പിടിക്കാതെയിരുന്നത്
വായുവും ജലവും
ശുദ്ധമായി ലഭിക്കട്ടെ
എന്നുകരുതിയും
ഇന്നിപ്പോള്‍ എല്ലാം
......................

ആറടി മണ്ണിലേക്കെത്തും മുന്‍പേ
എന്തെല്ലാം സ്വരുക്കൂട്ടുന്നു
നേടാന്‍ ഉള്ളതു മറ്റെന്തോ .....
ഈവക ചിന്തകളുടെ
ഷോര്‍ട്ട് സര്‍ക്യുട്ട്ആണ്
അഗ്നിബാധയ്ക്ക് കാരണമായത്‌
എന്നാണു പ്രാഥമിക നിഗമനം
ആ വഴി കാറ്റ്
കടന്നുപോയിരുന്നു എന്നൊരു
ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

ഒറ്റക്കൊലുസ്


തപ്തസ്വപ്നങ്ങളുടെ
സംസ്കാര വേളയില്‍
ബലിച്ചോറു തിന്നുന്നു
ജീവിതപക്ഷികള്‍

അണിയുവാനാവാത്തോരോറ്റ-
ക്കൊലുസുപോല്‍
പുഞ്ചിരി ചിമിഴില്‍
തപസു ചെയ്യുന്നു ഞാന്‍

ജനാല



തെക്കേ പറമ്പിലെ മാവിന്‍ കൊമ്പില്‍
അച്ഛനിന്നലെ ഊഞ്ഞാല് കെട്ടി
പുഴയ്ക്കു നേരെ തുറക്കുന്ന
അഴികളില്ലാത്ത ഒരു ജനാലയും ....

എത്ര കാലം കൊണ്ട് പറയുന്നു
അപ്പോഴൊക്കെ അച്ഛനോരോ കാരണങ്ങള്‍
ഒടുവിലൊരു ദേഷ്യത്തില്‍ കയര്‍ത്തു
''എനിക്കായൊരു ചങ്ങല പണിയു ''

നിറഞ്ഞ കണ്ണുകള്‍ക്ക്‌ മുന്‍പില്‍
ഞാന്‍ തോറ്റുകൊടുത്തു
നിലവറ തള്ളിത്തുറന്നു
ചോദ്യങ്ങളെ അവിടെയിട്ടു പൂട്ടി

ഭര്‍തൃഗൃഹത്തില്‍ മകളെ
കാണാനെത്തുമ്പോഴൊക്കെ
ആ നിലവറ തുറക്കപ്പെടുകയും
വാതിലടയ്ക്കാന്‍ കഴിയാതെ
ഞാന്‍ നെടുവീര്‍പ്പിടുകയും
അച്ഛന്‍ പിന്നെയെന്നും തോല്‍ക്കുകയും
ചെയ്തു കൊണ്ടിരുന്നു

ദുരൂഹമായ മരണത്തിന്‍റെ
ബാക്കിപത്രമായി
പേരക്കുട്ടിയെ നെഞ്ചോട്‌ ചേര്‍ത്തു
പിടിച്ചു തിരികെ നടന്നപ്പോഴേ
അച്ഛന്‍ തീരുമാനിച്ചിരുന്നു
ഒരു ഊഞ്ഞാലും
അഴികളില്ലാത്ത ഒരു ജനലും
അവളുടെ മുറിക്കു വേണമെന്ന്

വാക്കുകളുടെ വേദന



കണ്ണീരില്‍ മുങ്ങിയ
വാക്കുകളുടെ
നിലവിളി
ആരും കേട്ടില്ല

മൌനമെന്ന കയറില്‍
പിടഞ്ഞത്
ആരും കണ്ടുമില്ല

മരണം സ്ഥിരീകരിച്ച്
അടക്കം ചെയ്തപ്പോഴും
ദുരൂഹമെന്നാരും
കരുതിയില്ല

വീണ്ടും തൊണ്ടയില്‍
കുരുങ്ങും വരെ
അവയുടെ വേദന
ഞാനുമൊരിക്കലുമോര്‍ത്തില്ല

അഭയം


മരിച്ചു ജീവിക്കുന്നവരുടെയുള്ളിലും
ജീവിതത്തിനു വേണ്ടി മരിച്ചവരുടെ
കല്ലറകളിലും സ്വര്‍ണം പൂക്കുന്നതു
ഞാന്‍ കാണുന്നു ..

അതിനാലെന്റെ സ്വപ്നങ്ങള്‍ക്കു കാവലില്ല
അവ സ്വര്‍ഗത്തിലേക്കുള്ള വഴിയില്‍
നക്ഷത്രക്കണ്ണുകളില്‍ കുടിയിരിക്കുന്നു ..

ഇണപ്രാക്കള്‍ അഗ്നിച്ചിറകുകളുരുമ്മുന്നു
പ്രിയ കൂട്ടുകാരാ വരിക
എന്‍റെ ഹൃദയം പങ്കു വച്ചതില്‍
നിനക്കുള്ള ഓഹരി
പ്രോമിത്യുസിന്റെ തടവറയാണ് . !!

വളരുന്ന കരളും കൊത്തിപ്പറിക്കുന്ന പ്രണയവും

നിന്‍റെ ചോദ്യങ്ങള്‍ക്കരികിലും
ദൈവാലയബലിപീഠത്തിനുമുന്‍പിലും
ഞാന്‍ മൌനം കുടിച്ചിറക്കുന്നു
ദ്വിഭാഷി വേണ്ടാത്ത എന്‍റെ അഭയ സ്ഥാനങ്ങള്‍
അവ മാത്രം !!!!

വായന

വായന ................. കരിമഷി പടര്‍ന്ന് അവ്യക്തമായ അക്ഷരങ്ങളും .. തുറക്കും മുമ്പേ അടഞ്ഞ അധ്യായങ്ങളും സംവാദം .................... എന്‍റെ മിഴികള്‍ നിന്നിലെ നിറങ്ങളോട് നീയെന്ന രാഗത്തോട്‌ എന്നിലെ സ്വരങ്ങളും .. അനന്തരഫലം .......................... നിസ്സംഗതയായി നീയെന്നിലും പ്രളയമായ് ഞാന്‍ നിന്നിലും പരിണമിച്ചത്‌ ..

കച്ചവടം

ആരവങ്ങള്‍ക്കിടയില്‍ ഓര്‍മകളെ തൂക്കിവിറ്റു.
ലാഭം ...........
നഷ്ടബോധമില്ലാതെ പോയത് 
നഷ്ടം 
..........
കരയാന്‍ മറന്നത്.

നഷ്ടപ്പെട്ട ചങ്ങലകള്‍

അരുത് .. അതിലേ പോകരുത് .. ഒരു തേങ്ങിക്കരച്ചില്‍ . അല്ല ഒരു പൊട്ടിച്ചിരി , ഭ്രാന്തമായ ജല്പനങ്ങള്‍ , സ്നേഹ സാന്ദ്രമായ അന്വേഷണങ്ങള്‍ ആരും തുറക്കാതെ പോയ മനസിന്‍റെ ഇരുളടഞ്ഞ ഇടനാഴികള്‍ തുറക്കാന്‍ ശ്രമിക്കുമ്പോള്‍ കര കര ശബ്ദത്തോടെ വീണ്ടും വീണ്ടും അടഞ്ഞുപോകുന്ന ഇരുമ്പുവാതിലുകള്‍ .. ഒരു മഴവില്ല് ,നീലാകാശം .. വെള്ളച്ചാട്ടങ്ങള്‍ .പുല്‍മേടുകള്‍ പൂവനങ്ങള്‍ ,നിറയെ തുമ്പികള്‍ കണ്ണുകള്‍ മൂടി മഞ്ഞുകണങ്ങളും നിങ്ങള്‍ക്കറിയാമോ ? അവിടെ വിരുന്നു വരാറുണ്ട് മാലാഖമാര്‍ വാനമ്പാടികള്‍ പാടാറുണ്ട് . നിളയില്‍ നീന്താറുണ്ട് ഞാന്‍ മരങ്ങള്‍ താരാട്ടാറുണ്ട് അരുത് അതിലേ പോകരുത് അവ തുറക്കപ്പെടാത്ത വാതിലുകളാണ് വീണ്ടും വീണ്ടും കര കര ശബ്ദത്തോടെ അടഞ്ഞുപോകുന്ന മനസിന്‍റെ ഇരുമ്പുവാതിലുകള്‍

നിശ

ഞാന്‍ നിശ നിന്‍റെ പ്രിയതമ .. നിന്നിലെ നിദ്രയുടെ ആഴമളന്ന് സ്വപ്നാടനങ്ങള്‍ തന്‍ തോണി തുഴഞ്ഞവള്‍...,.... നീറും നേരിപ്പോടില്‍ നിദ്ര വെടിഞ്ഞവള്‍ തായമ്പകയുടെ താളം മറന്ന്‍... തോരാത്ത കണ്ണീരു കാറ്റായ് തുടച്ചവള്‍...., വീശി വിയര്‍പ്പാറ്റി താരാട്ടായ്‌ തീര്ന്നവള്‍....,.. ആത്മരാഗത്തിന്റെ താപമറിഞ്ഞവള്‍..,.. ആത്മരോദന വേവുമറിഞ്ഞവള്‍.. ഞാന്‍ നിശ നിന്‍റെ പ്രിയതമ

മഞ്ഞുകാലം

മഞ്ഞു കാലമാകും ഞാന്‍ നിന്നില്‍ പെയ്തിറങ്ങും .. കരളില്‍ കുളിരുനിറഞ്ഞു തണുപ്പില്‍ മുങ്ങിയുറയും നീ ... മൂടല്‍ മഞ്ഞാണിപ്പോള്‍ തമ്മിലറിയാതെ ..... കുളിരു കരളില്‍ നിറഞ്ഞു .. തണുപ്പിലുറയുന്നു ഞാന്‍ .. നിന്‍റെ ചൂടില്‍ ഉരുകിയിറങ്ങി .... ഒഴുകി യോഴുകി എങ്ങുമെത്താതെ.... ഞാന്‍ നിന്‍റെ മാത്രം മഞ്ഞുകാലം ...

ഓര്‍മപ്പെയ്ത്ത്

പെരുമഴക്കാലങ്ങളില്‍ .... നിലാവ് നിറമില്ലാതെ പെയ്യുമ്പോള്‍ വള്ളിപ്പടര്‍പ്പിലൂടെത്തുന്ന തണുത്ത കാറ്റില്‍ തട്ടി ... ഇലത്തുമ്പിലെ മഴത്തുള്ളികള്‍ മണ്ണില്‍ പതിച്ചത് ... നിന്‍റെ കാലൊച്ചയെന്നു കരുതി .... ഉണര്‍ന്നു പോയിട്ടുണ്ട് ഞാന്‍ .. നിന്‍റെ സഞ്ചാരം കപ്പലിലായിരുന്നല്ലോ ... ഞാന്‍ പുഴ നീന്തുകയും ..... വിളറി വെളുത്തുപോയ രാവുകളും .. ഇരുണ്ടു പോയ പകലുകളും അവയുടെ സ്പന്ദനങ്ങളറിയാന്‍ ജീവിക്കാതെ പോയ ജീവിതത്തിന്‍റെ ഇടനാഴികളില്‍ മൌനമായി നടക്കണം .. നിന്‍റെ നെടു നിശ്വാസങ്ങള്‍ .. എന്നില്‍ വെറും ഇലയനക്കങ്ങളായി പരിണമിക്കുമ്പോള്‍ ..... ഓര്‍മപ്പെയ്ത്താവുകയാണ് നീ .. എന്‍റെ മിഴിത്തുള്ളികളും മൊഴിത്തുള്ളികളും .. വെറും മഴത്തുള്ളികളായി പോയതിന്‍റെ ഓര്‍മപ്പെയ്ത്ത്

നീ

കുഞ്ഞേ .. കരയില്ല ഞാന്‍ നിനക്കുവേണ്ടി .. കണ്ണീര്‍ ബാക്കിയില്ല .. ''ഗാസ''കള്‍ എന്നെ അലട്ടാറില്ല .. മനസെന്നെ മരവിച്ചു പോയി നിദ്രയുടെ ഒടുക്കത്തിലോ ,തുടക്കത്തിലോ .. നിറമില്ലാത്ത സ്വപ്നങ്ങളില്‍ പടരുകയാണ് ചുവപ്പ് .. എന്നെ കുലുക്കിയുണര്‍ത്തുന്നു.. നിന്‍റെ അടഞ്ഞ കണ്ണുകള്‍ കുഞ്ഞേ !!!!! നീയെന്‍റെ ഉറക്കം കെടുത്തുന്നു ..!!!

കടം കൊണ്ട ചിറകുകള്‍

പതിവുപോലെ അന്നും ജനാലയ്ക്ക് അരികില്‍ അവളുണ്ടായിരുന്നു .എന്നും പുലര്‍ച്ചെ വരും വാ തോരാതെ വിശേഷങ്ങള്‍ പറയും എന്റെ വാലാട്ടിക്കിളി .കൂട് മുതല്‍ കാടു വരെ അവളുടെ ചിലപ്പില്‍ നിന്നും ഞാന്‍ വായിച്ചെടുക്കും . എനിക്കിന്ന് നിന്‍റെ ചിറകുകള്‍ കടം തരുമോ ?എന്‍റെ ചോദ്യം അവള്‍ അമ്പരന്നു . എന്തിനു ? ഒരു മറുചോദ്യം , ഒന്ന് വീട് വരെ പോകാന്‍ ,കുഞ്ഞുങ്ങളെ ഒന്ന് കാണാന്‍ ,ഒരു നിമിഷത്തെ മൌനം ! പിന്നെ പറഞ്ഞു തരാം പക്ഷെ പകല്‍ തരില്ല .എന്റെ കുഞ്ഞുങ്ങള്‍ പട്ടിണിയാവും. ഞാന്‍ സമ്മതിച്ചു ..അന്ന് എനിക്ക് ആഹ്ലാദമായിരുന്നു ,രാത്രിയാവും അവരുറങ്ങി കഴിയും .സാരമില്ല ആരുമറിയാതെ ഒന്നുകാണാം ,നെറ്റിയില്‍ വീണ മുടിയിഴകള്‍ ഒന്നൊതുക്കി ഒരു മുത്തം ആ കുഞ്ഞിക്കവിളില്‍ നല്‍കണം , അങ്ങനെ യങ്ങനെ ....... സമയം സന്ധ്യയായി .അവള്‍ വന്നു .ആ ചിറകുകള്‍ ഞാന്‍ കടം കൊണ്ടു. ദൂരം വളരെയേറെ താണ്ടാനുണ്ട് .ഞാന്‍ പറന്നു തുടങ്ങി .ഇരുട്ടാണ്‌ , ഒന്നും വ്യക്തമല്ല , കടല്‍ത്തിരകള്‍ പാറയില്‍ തലതല്ലുന്നതും , പാതിരക്കാറ്റ്‌ വീശുന്നതും കേള്‍ക്കാം ....ഞാന്‍ പറന്നു പറന്നു ദൂരേക്ക് .......... നേരം പുലര്‍ന്നു തുടങ്ങി ..ഉഷ്ണക്കാറ്റു വീശുന്നു ,ഒപ്പം മരണത്തിന്‍റെ മടുപ്പിക്കുന്ന ഗന്ധവും ..എനിക്ക് നാട് തെറ്റി !!!!!!!! ഇവിടം വരണ്ടു കിടക്കുന്നു .വയറൊട്ടി , അസ്ഥിപഞ്ജര ങ്ങള്‍ ആയ കുഞ്ഞുങ്ങള്‍ ........ എന്‍റെ ആത്മാവ് ഉരുകിത്തുടങ്ങി .ചിറകുകള്‍ ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല അത് പക്ഷിയുടെതാ യിരുന്നല്ലോ . കുഞ്ഞുങ്ങളെ കാണാന്‍ കഴിഞ്ഞില്ല എന്നത് എന്നെ വേദനിപ്പിച്ചില്ല , അല്ലെങ്കിലും ഇവരും അവരും തമ്മില്‍ എനിക്കെന്തു വ്യത്യാസം ..... ഞാന്‍ തിരികെ പറന്നു തുടങ്ങി .വാലാട്ടിക്കിളിയുടെ കുഞ്ഞുങ്ങളുടെ കരച്ചില്‍ എനിക്ക് കേള്‍ക്കാമായിരുന്നു . ആത്മാവിന്‍റെ ഭാരം താങ്ങാന്‍ കഴിയാതെ ചിറകുകള്‍ തളര്‍ന്നു തുടങ്ങി ,അവ തിരികെ നല്‍കണം എന്ന ചിന്ത എന്നെ അലട്ടുകയാണെന്ന് ഞാന്‍ അറിഞ്ഞു . പെട്ടെന്ന് രണ്ടു മെല്ലിച്ച കരങ്ങള്‍ എന്‍റെ നേരെ നീണ്ടുവന്നു .അവ ഞാന്‍ തിരിച്ചറിഞ്ഞു .കല്‍ക്കട്ടയുടെ തെരുവിലെ സോമാലിയന്‍ കുഞ്ഞുങ്ങളെ നെഞ്ചോടു ചേര്‍ത്തുവച്ച അമ്മയുടെ കൈകള്‍ ........... ആ കൈകള്‍ക്കുള്ളില്‍ എനിക്കായി നീട്ടിയ രണ്ടു ചിറകുകള്‍ .അവയില്‍ ''കാരുണ്യം '' എന്ന് എഴുതിയിരുന്നു . ഇപ്പോള്‍ എന്‍റെ ആകാശ ങ്ങളില്‍ ചിറകു വിരിച്ചു ഞാന്‍ പറക്കാറുണ്ട് .അവ തളരാറില്ല , കാരണം ആത്മവിനറിയാം ..സോമാലിയന്‍ കുഞ്ഞുങ്ങളെ കണ്ടെത്താന്‍ ദൂരേക്ക്‌ പറക്കണ്ടതില്ല എന്ന് .....എന്‍റെ കുഞ്ഞുങ്ങളെ കാണാന്‍ വീടുവരെയും

സാധ്യതകള്‍


ചിന്തയുടെ ,
വരള്‍ച്ച കാടു കയറുമ്പോള്‍ ;
രണ്ടു സാധ്യതകള്‍ അവശേഷിക്കുന്നു ..!!

മെല്ലിച്ച കരങ്ങള്‍ കൊണ്ട് 
പച്ചയുടെ സമൃദ്ധിയെ 
മെല്ലെ മെല്ലെ വരള്‍ച്ച വിഴുങ്ങുകയോ ....!!

കാടിന്‍റെയുള്ളിലെ
കാല്‍പനികത
കിനിഞ്ഞിറങ്ങി
തണുപ്പില്‍ മുങ്ങി
വരള്‍ച്ച മരിക്കുകയോ ...!!

2014, മാർച്ച് 3, തിങ്കളാഴ്‌ച

ഭവാന്‍


സ്വച്ഛശീതള
സായാഹ്നത്തിലെപ്പോഴും
വന്നെത്തിടുന്നതെങ്ങു നിന്നോ ഭവാന്‍..!!

സഹ്യന്‍റെ പച്ചയാം 
സ്വപ്നങ്ങളില്‍ നിന്നോ ?
പിച്ചവച്ചെന്നില്‍ തുളുമ്പി 
നില്‍ക്കുന്നു നീ ..!!

ഹിമവാന്റെയുള്ളിലെ
ധവളശ്വാസത്തിന്‍റെ
ഊഷ്മളതാപമോ ?
എന്നിലേകുന്നു നീ ...!!

മന്ദമെന്നളകങ്ങളെ
ചൊടിപ്പിച്ചു ..
സ്മൃതികളില്‍
സ്നേഹ സൌഗന്ധികം വിരിയിച്ചു
മെല്ലെയെങ്ങോ മറഞ്ഞു പോം
മാരുതാ ....!!!

ഉര്‍വരശ്വാസനാളങ്ങളില്‍
പ്രാണനായ് നിറയുന്ന നിന്നെ ഞാന്‍
സ്നേഹിതായെന്നുരയ്ക്കട്ടെ..!!
ആത്മസ്നേഹിതാ എന്നുരയ്ക്കട്ടെ...!!

2014, മാർച്ച് 1, ശനിയാഴ്‌ച

കവിക്കൂട്ട്


പ്രിയമുള്ള കവി 
നിന്റെ ചങ്കിന്‍ കൂടില്‍ നിന്നുമിറ്റുവീഴുന്ന 
പ്രണയത്തിന്‍റെ തേന്‍ തുള്ളികള്‍ 
എനിക്ക് തരിക ...

നീ കുടിക്കുന്ന
വിശപ്പിന്റെ വിഷ ക്കുപ്പി 
എനിക്കുവേണ്ടിയും തുറക്കുക ...

ഭ്രാന്തനാം കവി 
നീയണിയുന്ന
ചങ്ങലയുടെ പൂട്ടായി 
എന്നെയും കൂട്ടുക..!!