2014, ഏപ്രിൽ 24, വ്യാഴാഴ്‌ച

ജിവിതം കഥയാകുമ്പോള്‍


 തുലാമഴ,
തുമ്പിക്കൈവണ്ണത്തില്‍ പെയ്തുകൊണ്ടിരുന്നു.
ശക്തിയായി വീശിയ കാറ്റില്‍ ജനാല തുറന്നടഞ്ഞു . ''ചേച്ചീ അതൊന്നടയ്ക്കാമോ?'' വായിച്ചുകൊണ്ടിരുന്ന പുസ്തകത്തില്‍ നിന്ന് തലയുയര്‍ത്താതെ തന്നെ ഞാന്‍ ചോദിച്ചു.

''ശരി കുഞ്ഞേ'' .. ഹോ ! എന്തൊരു മഴയാണിത് ..!!
തോളില്‍ കിടന്ന തോര്‍ത്തില്‍ കൈ തുടച്ചുകൊണ്ട് അവര്‍ അടുക്കളയില്‍ നിന്നും വന്നു ജനല്‍പ്പാളികള്‍ ചേര്‍ത്തടച്ചു. കാറ്റില്‍ അഴിച്ചിട്ട അവരുടെ മുടി പാറിപ്പറക്കുന്ന കാഴ്ച എന്നില്‍ അസ്വസ്ഥതയുളവാക്കി.
സമയം നോക്കാന്‍ അറിയാത്തവര്‍ വാച്ച് കെട്ടുന്നത് പോലെയോ, എഴുതാന്‍ അറിയാത്ത ഒരാള്‍ എപ്പോഴും പേന കൊണ്ട് നടക്കുന്നത് പോലെയോ ആണ് പ്രായമുള്ള ആ സ്ത്രീ പ്രായക്കുറവ് തോന്നിക്കാന്‍ മുടി ഫാഷനില്‍ കെട്ടുന്നതെന്നു എനിക്കു തോന്നി! ഏകദേശം പത്തു വര്‍ഷം മുമ്പ് മുപ്പതുകളുടെ ആരംഭത്തില്‍ തന്നെ ഞാന്‍ മുടി കെട്ടിവച്ചു ശീലിച്ചിരുന്നു.

ഇവിടെ രണ്ടുദിവസം തങ്ങണം എന്ന് ആഗ്രഹം പറഞ്ഞപ്പോള്‍ അമ്മ കൂടെ അയച്ചതാണ് അവരെ, ആള്‍ത്താമസം ഇല്ലാതെ കിടക്കുന്ന വീടാണ്. ഒറ്റയ്ക്ക് പോകണ്ട എന്ന അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് അവരെ കൂടെക്കൂട്ടിയത്. അത് നന്നായി എന്ന് ഇപ്പോള്‍ തോന്നുന്നു.

ഈ മഴയും കാറ്റും തമ്മില്‍ മത്സരിക്കുകയാണെന്ന് തോന്നിപ്പോകുന്നു ..!!
ഉച്ചയ്ക്ക് ഊണ് കഴിച്ച ശേഷം ഒന്നു കിടക്കാം എന്ന് കരുതി മുകളിലെ ഒറ്റമുറിയിലേക്ക് പോകാന്‍ കോണി കയറിയപ്പോള്‍ കൈയിലിരുന്ന ഫോണ്‍ ശബ്ദിച്ചു...
ഓ ! ഇത് ആ പബ്ലീഷര്‍ ആണ്!

''ഹലോ ''

'' ഹലോ മാഡം നമസ്കാരം ''
''പറയൂ സര്‍!''
'' പുതിയ പുസ്തകത്തിന്റെ എഡിറ്റിംഗ് പൂര്‍ത്തിയായി; പിന്നെ മാഡത്തിന്‍റെ ജീവിതകഥ ഒരു പുസ്തകമാക്കണം എന്ന ആഗ്രഹം ഞങ്ങള്‍ക്കുണ്ട്‌; സഹകരിക്കണം!''

ഞാന്‍ ചിരിച്ചു
''ആലോചിക്കാം '' എങ്കില്‍ ശരി 'ഫോണ്‍ കട്ട്‌ ചെയ്തു ഞാന്‍ കിടക്കയില്‍ ഇരുന്നു. ജീവിതം എപ്പോഴാണ് കഥയാവുന്നത്? അവിശ്വസനീയമായി എന്തെങ്കിലുമൊക്കെ സംഭവിക്കുമ്പോഴല്ലേ? അവയെല്ലാം ആരെ വിശ്വസിപ്പിക്കാനാണ് ശ്രമിക്കേണ്ടത്? അതുകൊണ്ടുള്ള ഗുണമെന്താണ്? അഥവാ അങ്ങനെ ഒന്നെഴുതിയാല്‍ത്തന്നെ എന്തൊക്കെ എനിക്ക് മറച്ചുവയ്ക്കേണ്ടി വരും? സത്യസന്ധമല്ലാതെ എഴുതാനാണെങ്കില്‍ കെട്ടുകഥകള്‍ ഉണ്ടാക്കിയാല്‍ പോരെ?

ബാല്യവും കൌമാരവും ചൂഷണങ്ങളുടെ കാലമായിരുന്നു ; അല്ലലോ അലച്ചിലോ, ദാരിദ്ര്യമോ ഉണ്ടായിരുന്നില്ല. ദുര്‍ബ്ബലവിഭാഗങ്ങള്‍ക്ക് ചൂഷണത്തിന് ഇരയാവേണ്ടിവരിക മാത്രമല്ല, അവ മറച്ചുവയ്ക്കേണ്ട ബാധ്യത കൂടി ഉണ്ടാവുന്നു . സ്വയം ചെയ്യുന്ന തെറ്റുകള്‍ ഒരു എഴുത്തുകാരനോ, എഴുത്തുകാരിക്കോ സമൂഹത്തിനു മുന്‍പില്‍ ഏറ്റുപറയാന്‍ ധൈര്യം ഉണ്ടായിയെന്നു വരും, പക്ഷെ തനിക്കു നേരിടേണ്ടി വന്ന വിപത്തുകളെ, അതും പ്രിയപ്പെട്ടവരില്‍ നിന്ന് ഉണ്ടായവ അവര്‍ മറച്ചു വയ്ക്കും ..

തന്റെ നെഞ്ചിനു നേരെ വരുന്ന വെടിയുണ്ടയെ ധീരതയോടെ നേരിടുന്ന ഒരു പട്ടാളക്കാരന്‍ സ്വന്തം കുടുംബത്തിനു നേര്‍ക്ക്‌ നീളുന്ന കത്തിമുനകളില്‍ പരിഭ്രാന്തനാകുന്നത് പോലെയാണത് .!!

ചിന്തകള്‍ വലനെയ്തു കഴിഞ്ഞു , ഇനിയതില്‍ കുരുങ്ങി പിടയുന്ന വെറുമൊരു ഇരമാത്രമാണ് ഞാന്‍ .. ഞാന്‍ എഴുന്നേറ്റു താഴേക്ക്‌ പോയി. ഉറങ്ങുന്ന ചേച്ചിയെ ശല്യം ചെയ്യാതെ കാപ്പിയിട്ടു. അതുമായി ജനാലയ്ക്കരുകില്‍ പോയി നിന്നു. മഴ തോര്‍ന്നിരുന്നു ... ജനാലകള്‍ തുറന്നപ്പോള്‍ ഇലകളില്‍ നിന്ന് മഴത്തുള്ളികള്‍ പതിക്കുന്നതിന്റെ നേരിയ ശബ്ദം കേട്ടു തുടങ്ങി . .

21 മത്തെ വയസില്‍ വിവാഹിതയാവുന്നത് വരെ, ജീവിതത്തെ പരിശ്രമം കൊണ്ട് നേരിട്ട് മനോഹരമാക്കാമെന്നു തന്നെ ഞാന്‍ വിശ്വസിച്ചിരുന്നു .വിവാഹം എന്നല്ല ഏതു കാര്യത്തിലും സ്വപ്നങ്ങളെക്കാള്‍ മുന്‍തൂക്കം ഞാന്‍ യാഥാര്‍ത്ഥ്യബോധത്തിന് നല്‍കി . അതുകൊണ്ടാണ് , നഴ്സിംഗ് കോഴ്സ് തിരഞ്ഞെടുത്തു എത്രയും വേഗം ജോലിക്ക് പോയിത്തുടങ്ങിയത്

അരക്ഷിതാവസ്ഥയുടെ കയത്തിലേക്ക് ഞാന്‍ എറിയപ്പെട്ടത് വിവാഹത്തിന്‍റെ പിറ്റേന്ന് ആയിരുന്നു. ഒരു പുതിയ വീട്, പുതിയ ആളുകള്‍, ഇന്നലെ താലികെട്ടിയ അപരിചിതനായ ഒരാള്‍ക്കൊപ്പം ഞാന്‍ അവിടേക്ക് ചെന്നു കയറി.

'' നിന്റെ വീട് പോലെയൊന്നും അല്ല ഇത് . ഇവിടിത്ര സൌകര്യങ്ങള്‍ ഒക്കെയേ ഉണ്ടാവൂ, വേണെങ്കില്‍ സഹിച്ചാ മതി . ' എന്നോടായിരുന്നു ആ സംസാരം . ഞാനൊന്നു പതറി. എന്റെ തല കുനിഞ്ഞു.
അവരുടെ ലോകം, ഞാന്‍ ഒറ്റ; എന്തെങ്കിലും രഹസ്യമായി ചോദിക്കുകയോ പറയുകയോ ചെയ്താല്‍ എല്ലാവരോടുമായി അത് പറഞ്ഞു എന്നെ പരിഹസിക്കുക ഭര്‍ത്താവിന്‍റെ ശീല മാണെന്ന് താമസിക്കാതെ എനിക്ക് മനസിലായി. ഞാന്‍ മിണ്ടാതായി.
മൃഗങ്ങളുടെ ജന്മവാസനപോലെ രാത്രികള്‍ കടന്നു പോയി . അതെന്നെ കൂടുതല്‍ ഒറ്റപ്പെടുത്തി. ദിവസം മുഴുവന്‍ അവര്‍ കൂട്ടംചേര്‍ന്ന് എന്നെ കുറ്റപ്പെടുത്തി .
അയാള്‍, എന്റെ ഭര്‍ത്താവ്‌ പ്രഭാതം മുതല്‍ സന്ധ്യവരെ അന്യസ്ത്രീകളെ പ്രശംസിച്ചു. എന്റെ കുറ്റങ്ങള്‍ കൂടിവന്നു . എന്റെ കരളില്‍ ഉണങ്ങാത്ത മുറിവുകളില്‍ നിന്ന് രക്തം പ്രവഹിച്ചു കൊണ്ടിരുന്നു . ..

ഓരോ ദിവസവും ഞാന്‍ പ്രതീക്ഷിച്ചു . ഇല്ല മാറ്റങ്ങള്‍ ഉണ്ടായില്ല. ഞാന്‍ അയാളുടെ ഭാര്യയാണെന്നു ആരോടും പറയരുതെന്ന് അയാള്‍ ആക്രോശിച്ചു.  എന്നെ അപമാനമായി അയാള്‍ കരുതി. എന്റെ കൂടെ എവിടെയും പോകാന്‍ അയാള്‍ ഇഷ്ടപ്പെട്ടില്ല, നിര്‍ഭാഗ്യവശാല്‍ എവിടെയെങ്കിലും പോകേണ്ടിവന്നാല്‍ അതിന്റെ ദേഷ്യം തീര്‍ക്കാന്‍ എന്നെക്കൊണ്ട് ഇരട്ടി പണിയെടുപ്പിച്ചു. പോകുന്ന വഴികളില്‍ മുഴുവന്‍ ചീത്തവിളിച്ചു. അങ്ങനെയിരിക്കെ ഞാന്‍ ഗര്‍ഭിണിയായി. സ്നേഹത്തിന്‍റെ പുതിയ രൂപം പ്രതീക്ഷിച്ച എന്നെ അയാള്‍ അവജ്ഞയോടെ നോക്കി. .

വിവാഹം കഴിഞ്ഞു  ദിവസങ്ങള്‍ക്കുള്ളില്‍ പറമ്പിലും പാടത്തും ഞാന്‍ പണി ചെയ്തു തുടങ്ങിയിരുന്നു . എന്റെ ചിലവില്‍ സുഖിച്ചു കഴിയാമെന്നു നീ വ്യമോഹിക്കണ്ട എന്ന വാക്കുകളുടെ ആവര്‍ത്തനം അത്രമേല്‍ ദുസ്സഹമായിരുന്നു. കുഞ്ഞ്‌ ജനിച്ചു കഴിഞ്ഞപ്പോള്‍ ഞാനും അവളും കഴിക്കുന്ന ഓരോ മണി ചോറും എനിക്ക് കണ്ണീരിന്‍റെ കയ്പ്പ് നിറഞ്ഞതായി. ഞാന്‍ വീണ്ടും ഗര്‍ഭിണിയായായതോടു കൂടി എന്റെ യാതനകള്‍ അതിരില്ലാതായി. എന്നെ എത്ര കഷ്ടപ്പെടുത്താമോ അത്രയും അമ്മയും മകനും ചേര്‍ന്ന് ചെയ്തു. എനിക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയാതായി. പലിശയ്ക്ക് കടം വാങ്ങി എന്നെ കെട്ടിച്ചയച്ച വീട്ടുകാരുടെ കഷ്ടപ്പാടുകള്‍ മറന്നു ഞാന്‍ അവിടേക്ക് പോയി .


.എങ്കിലും ആര്‍ക്കും ഒരു ഭാരം ആവരുതെന്ന ആഗ്രഹത്തോടെ വീണ്ടും ഞാന്‍ ആ നരകത്തിലേക്ക് മടങ്ങി. വീണ്ടും വീണ്ടും പ്രശ്നങ്ങള്‍ , ജോലിഭാരം , എന്റെ കുഞ്ഞിനെ കൊതിതീരെ എടുക്കാന്‍ പോലും എനിക്ക് കഴിഞ്ഞില്ല. പകല്‍ പറമ്പിലെ പണികള്‍, പിന്നെ വീട്ടിലെ പണികള്‍, വൈകുന്നേരം മദ്യപിച്ചെത്തുന്ന അയാളുടെ മര്‍ദ്ദനം. മരണം എത്തിയിരുന്നെങ്കിലെന്നു ഞാന്‍ ആശിച്ച നാളുകള്‍ ...

രണ്ടാമത് മകന്‍ ജനിച്ചതോടെ എന്റെ കണ്ണീരിന്‍റെയളവു കടല്‍പോലെ വര്‍ദ്ധിച്ചു. ഓരോ നേരത്തെ ആഹാരത്തിനും ഞാന്‍ പഴി കേട്ടു, കുഞ്ഞുങ്ങള്‍ക്ക് രോഗമുണ്ടാവുമ്പോള്‍ അയാളുടെ പോക്കറ്റില്‍ നിന്ന് എനിക്ക് മോഷ്ടിക്കേണ്ടി വന്നു. . വല്ലപ്പോഴും വീട്ടില്‍ നിന്ന് വാങ്ങിത്തരുന്ന പുതിയ വസ്ത്രങ്ങള്‍ ആഡംബരം പോലെ ധരിച്ചു . കുഞ്ഞുങ്ങള്‍ക്ക് മരുന്ന് വാങ്ങാന്‍ മോഷ്ടിക്കുന്ന പണത്തിനു ഞാന്‍ പ്രഹരമേറ്റു. കഴിവതും അവരെ എന്റെ വീട്ടില്‍ തന്നെ നിര്‍ത്താന്‍ ഞാന്‍ ശ്രമിച്ചു .പണികള്‍ ചെയ്യുമ്പോള്‍ അവരെ നോക്കാന്‍ ആരും ഉണ്ടായിരുന്നില്ല .മാത്രമല്ല അവര്‍ അവിടെ സന്തോഷത്തോടെയിരിക്കുന്നുവെന്നു ഞാന്‍ ആശ്വസിച്ചു . എന്റെ ജീവിതം നരകതുല്യമായിരുന്നു . ഏതോ ശത്രുവിനോടെന്ന പോലെ അയാള്‍ എന്നോട് പെരുമാറി .സന്തോഷമല്ല ,അല്പം സ്വസ്ഥത ഞാന്‍ അതിയായി ആഗ്രഹിച്ചു ... എന്റെ പ്രാര്‍ത്ഥന പുസ്തകങ്ങള്‍ കണ്ണീരില്‍ കുതിര്‍ന്നു ....

''എന്ത് പറഞ്ഞാലും നീ എന്റേതല്ലേ വാവേ ..... ഫോണ്‍ ചിലച്ചതാണ് ,

''ഹലോ അമ്മെ '' ''എന്താ എന്റെ കുട്ടീ ഇത് , ഒറ്റയ്ക്ക് ജീവിച്ചു നിനക്ക് മതിയായില്ലേ ?? ഇനിയും വേണോ ഇത് ? ഇപ്പൊ എന്തിനാ അവിടേക്ക് പോയത് നീയ്യ്??''
''ഞാന്‍ നാളെ വരില്ലേ അമ്മെ , പിന്നെന്താ ?''

''നിന്റെയിഷ്ടം പോലെ നടക്കട്ടെ , ഞാനെന്തു പറയാനാ . മോള് വിളിച്ചിരുന്നു , അവളും അവനും സുഖായിരിക്കുന്നു .''
''ശരിയമ്മേ ''
അമ്മ പറഞ്ഞത് നേരാണ് വിദേശത്തു  ജോലിക്ക്  പോയ   കഴിഞ്ഞ നീണ്ട പന്ത്രണ്ടു വര്‍ഷങ്ങള്‍ തനിച്ചായിരുന്നു .

എന്റെ പ്രതീക്ഷകള്‍ പിന്നെയും തളിര്‍ത്തു .പണം കൊടുത്തു സ്നേഹം വാങ്ങാമെന്നു ഞാന്‍ തെറ്റിദ്ധരിച്ചു. അയാള്‍ പഴയ പല്ലവി പുതിയ രൂപത്തില്‍ ആവര്‍ത്തിച്ചു .എല്ലാവരെയും കേള്‍ക്കെ നന്നായി സംസാരിച്ചു ആരും കേള്‍ക്കാതെ നീ ജോലി ചെയ്തു പണം ഉണ്ടാക്കി കൊണ്ട് വന്നു സ്ഥലമോ വീടോ വാങ്ങി ജീവിച്ചോ .ഞാന്‍ ഇടയ്ക്ക് വന്നു കണ്ടോളാം ഇതായിരുന്നു അയാളുടെ നിലപാട് . ഞാന്‍ എന്നെ തന്നെ വെറുത്തു . അതുവരെ ജീവിതത്തോട് സന്ധിചെയ്ത ഞാന്‍ പിന്നീട് സമരം പ്രഖ്യാപിച്ചു .സന്ധിയില്ലാസമരം.

കുട്ടികള്‍ മുതിര്‍ന്നു .അവരിപ്പോള്‍ വിദേശത്ത് പഠിക്കുന്നു . അവര്‍ സുഖായിരിക്കുന്നു എന്നാണ് അമ്മയിപ്പോള്‍ പറഞ്ഞത് .കണ്ടു കൊതി തീരാത്ത എന്റെ കുഞ്ഞുങ്ങള്‍ ......

''കുഞ്ഞേ വെള്ളം ചൂടായി '' ചേച്ചിയാണ് .
എങ്കില്‍ ഞാന്‍ കുളിച്ചിട്ടു വരാം ..ചേച്ചി ചായ കുടിച്ചോളൂ! ഞാന്‍ പോയി കുളിച്ചു വന്നു .ചായ കൊണ്ടുവന്നു വച്ചപ്പോഴേക്കും ചേച്ചി പറഞ്ഞു .. കുഞ്ഞേ അദ്ദേഹം വിളിച്ചിരുന്നു .വൈകുന്നേരം കുട്ടികളെയും കൂട്ടി വരുന്നുണ്ടത്രേ ...!!

ഞാന്‍ അമ്പരന്നു .ഇതെന്താ ഇത്ര പെട്ടെന്ന് ഇങ്ങനെയൊരു തീരുമാനം? ഞാന്‍ ഫോണ്‍ എടുത്തു ഡയല്‍ ചെയ്തു ,
''ഹലോ ''
''ഹലോ , ഞാന്‍ വിളിച്ചിരുന്നു , നീനയും റോയിച്ചനും എത്തിയിട്ടുണ്ട് .അവര്‍ക്ക് അങ്ങോട്ട്‌ വരണമെന്ന് നിര്‍ബന്ധം .സമയം നാലു മണി അല്ലേ ആയുള്ളൂ.. .ഒരു എട്ടൊന്‍പതുമണി ആകുമ്പോ ഞങ്ങള്‍ അങ്ങോട്ടെത്തിയെക്കാം .''

''ഹലോ അച്ചായാ ,ഇവിടെ നല്ല മഴയാണല്ലോ ....''

''സാരമില്ല കൊച്ചേ, കാറിലല്ലിയോ വരുന്നേ .പിന്നെന്താ ??''
'ശരി '' ''എന്നലായ്ക്കോട്ടേ '' ''എന്നതാ ചേച്ചി കറിയുള്ളത് ? അത്താഴത്തിനു അവരും കാണുമല്ലോ''...

''മീന്‍ വാങ്ങാം കുഞ്ഞേ , അതൊന്നും കാര്യാക്കണ്ട ,അദ്ദേഹം നല്ല മനുഷ്യനാ അല്ലെ ?''

''അതെ ചേച്ചീ '' അവര്‍ക്ക് കൂടുതലൊന്നും ചോദിയ്ക്കാന്‍ ഇടനല്‍കാതെ ഞാന്‍ എണീറ്റു. പുറത്തു മഴയ്ക്കുള്ള വട്ടംകൂട്ടുന്നുണ്ട്; കാറ്റും കുറവല്ല.

ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയ ശേഷം അമ്മ നിര്‍ബന്ധിച്ചു .മോളെ ഒരു വിവാഹം ... ഞാന്‍ സമ്മതിച്ചില്ല .പക്ഷെ അമ്മ പറഞ്ഞുകൊണ്ടേയിരുന്നു .സാമ്പത്തികമായി നീ സുരക്ഷിതയാണ് , പക്ഷെ , സാമൂഹ്യ സുരക്ഷ എന്നൊന്ന് കൂടിയുണ്ട് ...! ഞാനിത്ര കാലം നിന്നെ പ്രതി വേദനിച്ചു ,എന്റെ കണ്ണടയും മുന്‍പ് എനിക്ക് സമാധാനം വേണം ...''

 ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ ആയിരുന്നു . അതുകൊണ്ട് തന്നെ അമ്മ അദേഹത്തോട് എന്നെ നിര്‍ബന്ധിക്കാന്‍ അവശ്യപ്പെട്ടുകൊണ്ടിരുന്നു . അദ്ദേഹം വിഭാര്യന്‍ ആയിരുന്നു ; രണ്ടു കുട്ടികള്‍ നീനയും റോയിയും എന്റെ കുട്ടികളെക്കാള്‍ മൂത്തവര്‍ ... ഒരിക്കല്‍ അദേഹം എന്നോട് ചോദിച്ചു: ''നിനക്കെന്നെ വിവാഹം കഴിച്ചു കൂടെ ? എനിക്കാദ്യം ദേഷ്യമാണ് തോന്നിയത് .ഞങ്ങള്‍ അത്ര അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നു .പക്ഷെ അമ്മയുടെ അലട്ടലില്‍ നിന്ന് രക്ഷപെടാന്‍ ഒരു മാര്‍ഗ്ഗം കൂടിയാണ് അതെന്നു എനിക്ക് തോന്നി . ഞാനൊരു നിബന്ധന വച്ചു. ഇപ്പോള്‍ എന്ന പോലെ തന്നെ നമുക്കിനിയും സുഹൃത്തുക്കളായി തുടരാം , വിവാഹം മറ്റുള്ളവരുടെ കണ്ണില്‍ മാത്രം . അദേഹം സമ്മതിച്ചു. അങ്ങനെ രണ്ടു വര്‍ഷം മുന്പ് . അത് നടന്നു . ഒരു വിവാഹം ..

മുറ്റത്ത്‌ വണ്ടി ഹോണ്‍ അടിക്കുന്ന ശബ്ദം കേട്ട് ഞാനിറങ്ങി ചെന്നു . അദേഹം , നീന, മൂന്നു കൂട്ടുകാരികള്‍, റോയി, അഞ്ചാറ് ആണ്‍ കുട്ടികള്‍ ....

ഞാന്‍ ചിരിച്ചു ...''കേറി വാ '' അവര്‍ വന്ന വഴിക്ക് തന്നെ ആഹാരം കഴിച്ചിരുന്നു .ചേച്ചി എല്ലാവര്‍ക്കും കാപ്പി കൊടുത്തു . . പുറത്തു മഴ തകര്‍ത്തു തുടങ്ങിയിരുന്നു . ആണ്‍കുട്ടികള്‍ക്കു ഹാളില്‍ സോഫയിലും മറ്റും കിടക്കാനുള്ള സൌകര്യം ഒരുക്കി .

മുകളിലെ മുറിയില്‍ നിന്ന് ഒരു ചെറിയ കിടക്ക എടുക്കാം എന്ന് കരുതി മുകളിലേക്കു പോയ എന്റെ പിറകെ നീന കയറി വന്നു . ''അമ്മെ ഇത് നോക്കു , അവള്‍ എന്തിന്റെയൊക്കെയോ സര്‍ട്ടിഫിക്കറ്റുകള്‍ കട്ടിലില്‍ നിരത്തി വച്ച് പറഞ്ഞു തുടങ്ങി .... ''മിടുക്കി .ഞാന്‍ അവളുടെ നെറ്റിയില്‍ ഉമ്മ വച്ചു . അവളെന്നെ ചുറ്റിപ്പിടിച്ചു. അമ്മയിനി താഴേയ്ക്ക് വരണ്ട , പുതപ്പൊക്കെ ഞാന്‍ കൊണ്ടുപോയ്ക്കൊള്ളാം . അവള്‍ എല്ലാം എടുത്തു പെറുക്കി മുറി ചാരി പോയിക്കഴിഞ്ഞു .

ഞാന്‍ എന്ത് ചെയ്യണം എന്നറിയാതെ നിന്നു. അദേഹം കട്ടിലില്‍ ഇരിക്കാന്‍ എന്നോട് ആംഗ്യം കാണിച്ചു . ഞാന്‍ ഇരുന്നു . ''ഇന്നും ആ പബ്ലിഷര്‍ വിളിച്ചു . എന്തൊക്കെയോ ചോദിച്ചു നിനക്കതു എഴുതിക്കൂടെ ? '' ആ സ്വരത്തില്‍ ശാസന കൂടിയുണ്ടായിരുന്നു .
ഞാനൊന്നും പറഞ്ഞില്ല . ''കിടന്നോളൂ ,എനിക്ക് അല്പം വായിക്കാനുണ്ട് .വെളിച്ചം ബുദ്ധിമുട്ടാവില്ലല്ലോ''?
''ഇല്ല ''
ഞാന്‍ ആ കട്ടിലിന്റെ ഒരരികില്‍ കിടന്നു . ഉറങ്ങാന്‍ കഴിയില്ലെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു .കഴിഞ്ഞ കുറേവര്‍ഷങ്ങളായി രാത്രിയില്‍ തെളിയുന്ന അരണ്ടവെളിച്ചത്തിലേക്കു ഭൂതകാലം കയറി നില്‍ക്കും .ഭാവികാലമപ്പോള്‍ പുറത്തെ ഇരുള്‍ പുതച്ചുറങ്ങും .. വര്‍ത്തമാനകാലം എന്റെ കണ്ണില്‍ മിഴിച്ചിരിക്കും . ഞാനതിനെ വായനയിലോ എഴുത്തിലോ കുരുക്കിയിടും . എട്ടോ അതിലേറെയോ വര്‍ഷങ്ങള്‍ ആയിരിക്കുന്നു ഈ പതിവ് തുടങ്ങിയിട്ട് ...

ഒരു മയക്കത്തിന് ശേഷം ഞാനുണര്‍ന്നു . വായിച്ച പുസ്തകം നെഞ്ചിലേക്ക് ചാഞ്ഞിരിക്കുന്നു. കണ്ണട മുഖത്ത് തന്നെയുണ്ട്‌ . പതിയെ എണീറ്റ്‌ അവയെല്ലാം മാറ്റി വച്ച ശേഷം പുതപ്പെടുത്തു പുതപ്പിച്ചു.ലൈറ്റ് അണച്ച് ഞാന്‍ ജനലിന്റെ അരികിലേക്ക് നീങ്ങി.

എനിക്കെന്തോ പതിവില്ലാതെ സങ്കടം തോന്നി .കരയുന്ന ശീലം കടല്ലിന്നക്കരെ കളഞ്ഞു പോയിരുന്നു .എന്റെ കണ്ണുകള്‍ നിറഞ്ഞു കവിളുകളെ പൊള്ളിച്ചു .ഞാന്‍ നിന്ന നില്പില്‍ നിന്ന് അനങ്ങിയില്ല.
പുതച്ചിരുന്ന ഷാള്‍ മൂടിയിരുന്ന കൈകള്‍ കവിളിണകളെ ആശ്വസിപ്പിക്കാന്‍ ഒരുങ്ങും മുന്‍പേ .... എന്റെ തോളില്‍ ഒരു കൈത്തലം പതിഞ്ഞു .എന്നെ ബലമായി തിരിച്ചു നിര്‍ത്തി . പരാജയപ്പെട്ട പോരാളിയെപ്പോലെ ഞാന്‍ തല കുനിച്ചു . പൂമ്പാറ്റക്കള്‍ക്കിടയില്‍ കളിച്ചു കൊണ്ട് നിന്ന ഒരു കുട്ടി കാല്‍ വഴുതി സങ്കടങ്ങളുടെ കിണറ്റിലേക്കു വീണുപോയ അവസ്ഥയിലായിരുന്നു ഞാനപ്പോള്‍ ....!! അദ്ദേഹമെന്നെ നെഞ്ചോടു ചേര്‍ത്തുനിര്‍ത്തി . ഞാനൊരു സങ്കടപ്പുഴയായിയോഴുകി.
''എത്രകാലമായി നീയിങ്ങനെ മതി ഇനി മതി" അദേഹം എന്റെ മൂര്‍ദ്ധാവില്‍ ചുണ്ടുകള്‍ പതിപ്പിച്ചു .
വലതു കൈ കൊണ്ടെന്നെ ചുറ്റിപ്പിടിച്ചു ,ഇടതു കൈകൊണ്ട് എന്റെ മുഖം മെല്ലെയുയര്‍ത്തി .ആ കണ്ണുകളിലേക്ക് നോക്കാന്‍ ഞാന്‍ ധൈര്യപ്പെട്ടില്ല, ഞാന്‍ പതിയെ മിഴികള്‍ ഉയര്‍ത്തി നോക്കി , ഒരു നിമിഷം ....!!

ശ്വാസത്തിനു വേണ്ടി ഞാനൊന്നു പിടയും വരെ ഒരു ദീര്‍ഘ ചുംബനം അദേഹം എന്റെ ചുണ്ടുകളില്‍ അര്‍പ്പിച്ചു .
രാത്രിയുടെ ഏതോ യാമങ്ങളില്‍ എന്റെ മുകളില്‍ ഞാന്‍ പ്രതിഷ്ഠിച്ചിരുന്ന കനത്ത മഞ്ഞുപാളിയുരുകി ഞാന്‍ സ്വതന്ത്രയായി . നീണ്ട കാലയളവിനു ശേഷം രാത്രിയുടെ അഗാധതയിലേക്ക് എന്റെ ബോധതലം ആഴ്ന്നു പോയി . പുതിയ സൂര്യന്റെ ചൂടിലേക്ക് ഉണരാനായി ഞാന്‍ അതിഗാഡമായി ഉറങ്ങി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ