2014, ഏപ്രിൽ 17, വ്യാഴാഴ്‌ച

കിറേനെക്കാരന്‍


ഗോല്‍ഗോഥയുടെ 
താഴ്‌വരകളില്‍ നിന്നു വളരെ ദൂരെ 
മരുഭൂമികള്‍ 
പുഷ്പിക്കുന്നതു 
വിയര്‍പ്പിന്റെ വിലയിലാണെന്ന് 
പാടിക്കൊണ്ടൊരാള്‍,
തന്റെ വയലില്‍ 
കള പറിക്കുന്നു ,
വെള്ളം തേവുന്നു ...
നെറ്റിയിലെ വിയര്‍പ്പൊപ്പുന്നു ..!!


എനിക്കയാളെ പിന്തുടരേണ്ടതുണ്ടെന്ന്,
കാഴ്ചകളുടെ കണിശത ഓര്‍മിപ്പിച്ചു ...
കുരിശേറ്റങ്ങളുടെ ആരവമൊഴിഞ്ഞ
ജീവിത കോണുകള്‍ മാത്രമായിരുന്നു
അയാളുടെ നടപ്പാതകള്‍ ...

എന്നിട്ടുമെത്ര വേഗമാണ് ,
ക്രിസ്തുവിന്‍റെ കുരിശു
ചുമക്കാന്‍ അയാള്‍
നിര്‍ബന്ധിതനായത്....!!

അത്രയേറെ ജനക്കൂട്ടത്തിനിടയില്‍
രണ്ടു കണ്ണുകള്‍ മാത്രമേ
താന്‍ കണ്ടുള്ളൂ എന്നാണയാള്‍
അന്ന് വൈകിട്ടത്തെ
അത്താഴ വേളയില്‍ എന്നോട് പറഞ്ഞത് ...!!

ഞാനപ്പോള്‍
നല്ല സമരിയാക്കാരന്‍റെ
ചേതമില്ലാത്ത
ഉപകാരകഥകളുടെ
കൂടാരത്തില്‍
നിന്നുമിറങ്ങി ...
കിറേനെക്കാരന്റെ
രക്തം പുരണ്ട വസ്ത്രങ്ങളിലും
തന്റെതല്ലാത്ത ഭാരത്താല്‍
താഴ്ന്നുപോയ തോളുകളിലും
താമസം തുടങ്ങിയിരുന്നു...!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ