2014, ഏപ്രിൽ 19, ശനിയാഴ്‌ച

തണുപ്പ്


പോള്‍വിന്‍ , നോക്കൂ ....
അവയെല്ലാം നിന്റെ നരച്ച മുടി പോലെ തോന്നുന്നുവെനിക്ക്  .....എല്ലാം  വെളുത്ത്, മഞ്ഞുമൂടിക്കിടക്കുന്നു . .ഒന്നിനും നിറമില്ല ,വശ്യതയാര്‍ന്ന ആകാരഭംഗിയില്ല ....
മെല്ലിച്ച തന്റെ കൈകള്‍ കൊണ്ട് ചുളിഞ്ഞ അയാളുടെ കൈത്തലം തഴുകിക്കൊണ്ട് മരിയ പറഞ്ഞു . അവര്‍ രണ്ടുപേരും ചിരിച്ചു .
പിന്നെ തെല്ലുനേരം അവിടെയെങ്ങും ഘടികാരത്തിന്റെ  ചെറിയ സൂചി സമയത്തെ വലിച്ചിഴച്ച്കൊണ്ടുപോകുന്നതിന്റെ  നേരിയ  ശബ്ദം മാത്രമേ കേള്‍ക്കാനുണ്ടായിരുന്നുള്ളൂ.അതാകട്ടെ  ഒട്ടും തിരക്കുകൂട്ടാതെ , എന്നാല്‍  ക്ര്യത്യമായി തന്റെ ജോലി തുടര്‍ന്നുകൊണ്ടിരുന്നു ..!!
മരിയ, ഓര്‍മകളെ അക്ഷരങ്ങളുടെ  രൂപത്തില്‍ പത്രത്താളുകളില്‍ നിന്ന്  പെറുക്കിയെടുത്തു വായിക്കുകയാണ് . ഓ ! ദൈവമേ .ഈ  തണുപ്പില്‍  ഇന്നലെയും ആറു കുഞ്ഞുങ്ങള്‍  മരിച്ചു ....!!
''നിങ്ങളെന്തൊരു മനുഷ്യനാണ് , അവര്‍ പോള്‍വിന്‍റെ  നേര്‍ക്ക്‌  ക്രുദ്ധയായി  നോക്കി . ഞാനെത്ര കുപ്പായങ്ങള്‍ തുന്നി  വച്ചിരുന്നു , അവ കിട്ടിയിരുന്നെങ്കില്‍  ആ കുട്ടികള്‍ മരിക്കില്ലായിരുന്നു . നോക്കൂ  ആ  കബോര്‍ഡുകള്‍  നിറയെ  ഞാന്‍ തുന്നിയ കുപ്പായങ്ങളാണ് ''. കൈ ചൂണ്ടിയ ഭാഗത്തേക്ക് അവര്‍  തിരിഞ്ഞു നോക്കി .അവിടം ശൂന്യമായിരുന്നു .
ആരോടാണിതൊക്കെ  ഞാന്‍ പറയുന്നത്  ? ആരുണ്ട്‌  കേള്‍ക്കാന്‍  ....എങ്കിലും ആ  കുട്ടികള്‍ .......!!!
ക്ലോക്കില്‍  പതിനൊന്നടിച്ചു ....നിറം മങ്ങിയ ചുവരിലേക്ക്  അവര്‍ മുഖമുയര്‍ത്തി നോക്കി .അവിടെ  പോള്‍വിന്‍ എന്ന ദീര്‍ഘകായന്റെ ചിത്രം സ്വതവേയുള്ള  ഗാംഭീര്യം കൈവിടാതെ  അവര്‍ക്ക് നേരെ ആണിയില്‍  തൂങ്ങു ന്നുണ്ടായിരുന്നു .....
തുറന്നു കിടന്ന ജനാലക്കപ്പുറത്ത്  സൂര്യന്‍  തന്റെ  പരുഷമായ ആധിപത്യത്താല്‍ ഭൂമിയെ ഞെരിക്കുമ്പോഴും എന്നോ  അച്ചടിക്കപ്പെട്ട ആ  പത്രത്താളുകള്‍  മാത്രം അവരുടെ  ഓര്‍മയെ  പരീക്ഷിക്കാന്‍  ഇളകിപ്പറന്നു കൊണ്ടിരുന്നു ...!!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ