2015, ഫെബ്രുവരി 2, തിങ്കളാഴ്‌ച

ആരായിരുന്നു ഞാന്‍ ?

കൊഴിയുന്നയിലകളിഴ
ചേര്‍ന്നിടമൊരുക്കുന്നു 
ആളൊഴിഞ്ഞ മുറ്റത്തേതോ-
യിതള്‍ പൊഴിഞ്ഞ 
സംസ്കൃതി പിറക്കുന്നു

ഞാനൊറ്റയ്ക്കിരുട്ടു പൂക്കുമീ-
യിടനാഴികള്‍ താണ്ടുന്നു 
കാറ്റൊച്ച വയ്ക്കുന്നു 
മണല്‍ ചിരിക്കുന്നു
കരിയിലകള്‍ കരയുന്നു  
മടക്കം  കൊതിച്ചെന്റെ  
പൂര്‍വ്വജന്മത്തിന്നകത്തളങ്ങള്‍ 
 പാടുന്നു 

കിളി മൊഴിചൊല്ലിപ്പോയ  
പാടത്തെന്റെയാത്മാവു 
കത്തുന്നു പന്തമായ്
കാലം  വിളക്കു വയ്ക്കുന്നു
നാഗന്‍ പടം പൊഴിക്കുമീ  
അസ്ഥിത്തറകളില്‍ 

ആരായിരുന്നു ഞാന്‍ ?
ഹൃദയപൂര്‍വ്വം  കൊഴിഞ്ഞയിലകളില്‍
കാറ്റെഴുതിയ  പ്രണയമര്‍മ്മരങ്ങളെ 
വെയില്‍വരും മുന്നേ
പകര്‍ത്തിയെഴുതാന്‍  കൊതിച്ച  
ഇടനെഞ്ചിലിടവം  കണ്ട  പെണ്മ  
അക്ഷരങ്ങളെയെണ്ണിപ്പെറ്റയമ്മ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ