2015, ഫെബ്രുവരി 2, തിങ്കളാഴ്‌ച

നമ്മുടെ കുട്ടികള്‍


വിത്തിനിട്ട വിള പെറുക്കി
നാം ചോറു വച്ചു.
ഊണു കഴിഞ്ഞു
വയലു കണ്ടോയെന്നു
മകനോട്...
ആണ്ട മരത്തിന്‍റെ
വേരു നാം പൊട്ടിച്ചു
തണലറിഞ്ഞോയെന്നു
മകളോട് ....
ആഴം കടക്കുവാന്‍ പാലം പണിതിട്ടു
പുഴ മുറിച്ചു
നീന്താനറിയുമോ
എന്നവരോട് ....
ജനാലയ്ക്കലേക്ക്
നീണ്ട കൊമ്പുകള്‍ വെട്ടി നാം
കിളിക്കൊഞ്ചല്‍
കേട്ടുവോയെന്ന്.....
ഇരുട്ടും മുന്‍പേ
വീടടച്ചിട്ടു,
സന്ധ്യ വന്നുപോയതറിഞ്ഞുവോ
നീയെന്ന്...
നമ്മുടെ കുറ്റബോധത്തെ
സഹതാപത്തില്‍ പൊതിഞ്ഞ്
പുശ്ചത്തില്‍ കോട്ടി
പരിഹാസമാക്കി
പുതിയ തലമുറയോട്
ഇതൊക്കെ നിങ്ങളുടെ
നഷ്ടങ്ങളാണത്രെ,,..!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ