ഞാൻ എന്നോടു തന്നെ പന്തയം വയ്ക്കുന്നു,
ഞാനതിൽ വിജയിക്കുന്നുമുണ്ട്...!!!
വീടിനു പുറത്തുപോകരുതെന്ന്
നിയമം അനുശാസിക്കുന്ന
ഒരു കാലഘട്ടത്തിന്റെ,
കടുപ്പം നിറഞ്ഞ
നാളുകളിലൊന്നിലാണു
ഇതെഴുതപ്പെടുന്നതെന്ന സത്യം
വരും തലമുറയോ
കൊഴിഞ്ഞു പോയവരോ വിശ്വസിക്കുമോ?
ഇളം റോസ് നിറത്തിലുള്ള ഒരു പൂവിന്റെ
വിടർന്നു നിൽക്കുന്ന ദളങ്ങളിലൂടെയാണിപ്പോൾ
നിങ്ങളുടെ കണ്ണുകൾ സഞ്ചരിക്കുന്നത്..!!
തൊട്ടടുത്തുതന്നെ
ഓറഞ്ചു നിറത്തിലുള്ള പൂവുമുണ്ട്..
വേരുകളില്ലാതെ പൂക്കളെ
വരയ്ക്കുന്നതാണെനിക്കിഷ്ടം..!!
വേരുകൾ വേദനകളുടെ സ്വകാര്യതയാണു,
ഉത്തരവാദിത്വങ്ങളുടെ
പരുക്കൻ പ്രതലങ്ങൾ..!!!
നീലനിറത്തിൽ വെള്ള ഡെയ്സിപ്പൂക്കൾ
വരച്ചു ചേർത്ത
പൂപ്പാത്രത്തിൽ
രണ്ടുമൂന്നു നിറത്തിലുള്ള
പൂക്കളോടൊപ്പം
പച്ചയിലകളും ഞാൻ ചേർത്തു വയ്ക്കുന്നുണ്ട്.
ഞാൻ ജയിച്ചിരിക്കുന്നു.
വാക്കുകളിലൂടെ വരച്ചിരിക്കുന്നത്
ഒരു ചിത്രമാണോ?
ഒരുക്കിവച്ചൊരു പൂപ്പാത്രമാണൊ എന്നു
നിങ്ങളാലോചിച്ചു കൊണ്ടിരിക്കുകയാണു,
ഞാനോ,
കറുത്ത മഷിയിലെഴുതിയ അക്ഷരങ്ങളെ
ചുവന്ന നിറത്തിൽ വായിച്ചുകൊണ്ടിരിക്കുകയും..!!!!