2020, ജൂലൈ 14, ചൊവ്വാഴ്ച

സുഷി

സുഷി വിൽക്കുന്നൊരാളെ വഴിയരികിൽ
വച്ച്‌ പരിചയപ്പെടുകയുണ്ടായി,
അയാളുടെ ചിരിയിൽ 
ഞാൻ വിഷാദമന്വേഷിക്കുന്നുവെന്ന്
അയാൾക്കു തോന്നിയിരിക്കണം

സുഷിയുടെ പുളിപ്പും ചവർപ്പും നിറഞ്ഞ
റെസിപ്പി പോലെ ജീവിതം തോന്നാറുണ്ടെന്നും
പുഴുക്കുത്തുകൾ വീണ പച്ചക്കറി
പാചകത്തിനുപയോഗിക്കാത്തതു പോലെ
അവയെ മാറ്റിവയ്ക്കാറുണ്ടെന്നും 
അയാൾ പറഞ്ഞു.

വിഷരഹിത പച്ചക്കറിപോലെ
വിഷരഹിത വാക്കുകളെ
സമ്മാനിച്ചതിനു ഞാൻ നന്ദി പറഞ്ഞു.

അയാൾ എന്നു ഞാൻ പറഞ്ഞത്‌ 
ഒരു സ്ത്രീയെക്കുറിച്ചായിരുന്നു,
വിഷരഹിതമായിരിക്കാൻ വേണ്ടി
അങ്ങനെ പറഞ്ഞെന്നു മാത്രം !!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ